കണ്ണൂർ: നഗരമധ്യത്തില്‍ വന്‍ പുകയില ഉല്‍പന്ന വേട്ട. 15 ലക്ഷം രൂപ വില വരുന്ന 2500 കിലോയിലേറെ പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.മട്ടന്നൂര്‍ ഉളിയില്‍ സ്വദേശി പാറമ്മല്‍ അബ്ദുല്‍ റഷീദ്(48), ചെറുവത്തൂര്‍ സ്വദേശി പടിഞ്ഞാറെ വീട്ടില്‍ വിജയന്‍ (64) എന്നിവരാണ് പിടിയിലായത്.കണ്ണൂര്‍ കാല്‍ടെക്‌സിന് സമീപമുള്ള മാളിന് പിറകുവശത്തുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം.കാറില്‍വെച്ച് പുകയില ഉല്‍പന്നങ്ങളുമായി അബ്ദുല്‍ റഷീദിനെ (48) പിടികൂടിയതിനുശേഷം നടത്തിയ തുടര്‍ പരിശോധനയിലാണ് വന്‍ പുകയില ശേഖരം പിടിച്ചെടുത്തത്. ഹാന്‍സ്, കൂള്‍ലിപ്, മധു എന്നിവയാണ് വില്‍പന നടത്തുന്നത്. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.സി. ആനന്ദകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വാഹനവും പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച ഗോഡൗണും പരിശോധിച്ചപ്പോഴാണ് ഉല്‍പന്നങ്ങള്‍ പിടികൂടിയത്.പ്രിവന്‍റിവ് ഓഫിസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, എം.കെ. സന്തോഷ്, എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ. ബിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
മോൻസനെതിരെ പരാതി നൽകിയവർ ഫ്രോഡുകളാണെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പരാതിക്കാരൻ
കൊച്ചി: മോൻസനെതിരെ പരാതി നൽകിയവർ ഫ്രോഡുകളാണെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പരാതിക്കാരൻ.അനൂപ് അഹമ്മദാണ് ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. മോൻസനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ശ്രീനിവാസന്റെ പരാമർശം.ടിപ്പു സുൽത്താന്റേതെന്ന് മോൻസൻ അവകാശപ്പെട്ട സിംഹാസനത്തിൽ ഇരിക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മോൻസൻ തട്ടിപ്പ് കാരനാണെന്ന് അറിഞ്ഞില്ല. പുരാവസ്തു ശേഖരം ഉണ്ടെന്ന് അറിഞ്ഞാണ് മോൻസന്റെ മ്യൂസിയത്തിൽ പോയത്. അവിടെ വെച്ച് പുരാവസ്തുക്കളെ കുറിച്ചല്ല സംസാരിച്ചത്. തന്റെ അസുഖത്തെ കുറിച്ചാണ്. മോൻസന്റെ നിർദ്ദേശപ്രകാരം ഒരു ആയൂർവേദ ആശുപത്രിയിൽ പോയിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.
മില്‍മയുടെ ടാങ്കര്‍ ലോറി തലകീഴായി തോട്ടിലേക്കു മറിഞ്ഞു; 7,900 ലിറ്റർ പാല്‍ നഷ്ടമായി
കോടഞ്ചേരി: ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടെ പാല്‍ ശേഖരിച്ച് പോയ മില്‍മയുടെ ടാങ്കര്‍ ലോറി താഴ്ചയിലേക്കു മറിഞ്ഞു. മൈക്കാവ് കൂടത്തായി റോഡില്‍ ഇടലോറ മൃഗാശുപത്രിക്കു സമീപമുള്ള തോട്ടിലേക്കാണ് മറിഞ്ഞത്.ടാങ്കറിലെ 7,900 ലിറ്ററോളം പാല്‍ ഒഴുകിപ്പോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയില്‍, പൂളവള്ളി, മൈക്കാവ് എന്നിവിടങ്ങളിലെ സൊസൈറ്റികളില്‍ നിന്ന് പാല്‍ ശേഖരിച്ച ശേഷം കുന്ദമംഗലത്തേക്ക് പോകുമ്പോഴാണ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതാണ് അപകട കാരണം.ഒലിച്ച് പോയ 7,900 ലീറ്റര്‍ പാലിന് 4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സ്കൂൾ തുറക്കൽ;കുട്ടികൾക്ക് സ്കൂളിലെത്താൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം;ബാച്ചുകളാക്കി തിരിച്ച് ക്ലാസുകള്‍ ക്രമീകരിക്കണമെന്ന് മാര്‍ഗരേഖ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോൾ കുട്ടികളെ ബാച്ചുകളാക്കി തിരിച്ച് ക്ലാസുകള്‍ ക്രമീകരിക്കണമെന്ന് മാര്‍ഗരേഖ. ആദ്യ ബാച്ചിനു തിങ്കള്‍ മുതല്‍ ബുധന്‍ വരെയും രണ്ടാമത്തെ ബാച്ചിനു വ്യാഴം മുതല്‍ ശനി വരെയുമായിരിക്കും ക്ലാസുകള്‍. ഇരു ബാച്ചുകളിലെയും കുട്ടികളെ തമ്മില്‍ ഇടപഴകാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന രീതിയില്‍ ബയോബബിള്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗരേഖയിൽ നിര്‍ദേശമുണ്ട്. 1 മുതൽ 7 വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബര്‍ ഒന്നിനു തുറക്കുക. 8, 9 ക്ലാസുകള്‍ നവംബര്‍ 15 മുതലാണ് ആരംഭിക്കുക. ആഴ്ചയില്‍ ആറുദിവസം ക്ലാസ്സുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാകും ക്ലാസ്സുകള്‍ ഉണ്ടാകുക. കുട്ടികള്‍ക്കു സ്കൂളുകളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാണ്.ഒരു ക്ലാസിനെ രണ്ടായി വിഭജിക്കണം. ക്ലാസിലെ പകുതി പേരെ ഒരുസമയം പ്രവേശിപ്പിക്കാം. ഒരു പ്രദേശത്തു നിന്നു വരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചില്‍ ഉള്‍പ്പെടുത്തണമെന്നും ആയിരത്തിലേറെ കുട്ടികളുള്ള സ്കൂളുകളില്‍ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് സ്കൂളില്‍ വരുന്ന രീതിയില്‍ വേണം ക്രമീകരണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു. ഓരോ ബാച്ചും തുടര്‍ച്ചയായി മൂന്ന് ദിവസം (കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ രണ്ട് ദിവസം) സ്കൂളില്‍ വരണം.കുട്ടികള്‍ക്കു കോവിഡ് ബാധിച്ചാല്‍ ബയോ ബബ്ളില്‍ ഉള്ളവരെല്ലാം ക്വാറന്റെെനില്‍ പോകണം. മുന്നൊരുക്കങ്ങള്‍ക്കായി എല്ലാ അധ്യാപകരും തിങ്കളാഴ്ച മുതല്‍ സ്കൂളുകളിലെത്തണം.
കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലറ്റ്;ചര്‍ച്ച തുടരുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു.കെഎസ്‌ആര്‍ടിസി ഡിപ്പോകളും സ്റ്റാന്‍ഡുകളും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഔട്ട്‌ലറ്റിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഡിപ്പോകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഈ സാഹചര്യത്തിൽ തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിഞ്ഞുവെന്നായിരുന്നു കണക്കാക്കിയിരുന്നത്.അതേസമയം കെഎസ്‌ആര്‍ടിസി ഗ്രാമവണ്ടികള്‍ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപനം നടത്തി. 150 കിലോമീറ്ററാണ് ഗ്രാമവണ്ടി സര്‍വീസ് നടത്തുക. ഒരു പഞ്ചായത്തില്‍ ഇത്രയും ദൂരപരിധി ഇല്ലെങ്കില്‍ സമീപ പഞ്ചായത്തുകളുമായി ചേര്‍ന്ന് സര്‍വീസ് നടത്താം. സ്വകാര്യ വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാം.കെഎസ്‌ആര്‍ടിസി നിലവില്‍ നല്‍കുന്ന എല്ലാ ഇളവുകളും ഗ്രാമവണ്ടികളിലും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസിയിലെ ഇപ്പോഴത്തെ ടിക്കററ് നിരക്ക് തന്നെയായിരിക്കും ഗ്രാമവണ്ടികളിലെന്നുമെന്നും മന്ത്രി വ്യക്തമാക്കി.
പുരാവസ്തു സാമ്പത്തിക തട്ടിപ്പ്;മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി:പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും 1.72 കോടി രൂപ തട്ടിയെന്ന കേസിലുമാണ് മോണ്‍സന്‍ ജാമ്യാപേക്ഷ നല്‍കിയത്. ആരോപണങ്ങള്‍ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നായിരുന്നു മോണ്‍സന്റെ വാദം. അനൂപ്, ഷമീര്‍ എന്നിവരില്‍നിന്നാണ് ഇയാള്‍ 10 കോടി രൂപ തട്ടിയത്. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞാണ് പാലാ സ്വദേശി രാജീവനില്‍നിന്നും 1.72 കോടി രൂപ ഇയാള്‍ തട്ടിയെടുത്തത്. മോന്‍സണിനെതിരേ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മോണ്‍സന് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വന്നത് ചികില്‍സയ്ക്കാണെന്ന് മോണ്‍സന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. ചികില്‍സ കഴിഞ്ഞ് അന്നുതന്നെ മടങ്ങുകയായിരുന്നു പതിവെന്നും മോണ്‍സന്‍ പറഞ്ഞു. ഈമാസം 20 വരെയാണ് മോണ്‍സന്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി.
ഇന്ധന വില വർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വിലയും
തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വിലയും.രണ്ടാഴ്ചക്കിടെ 20 രൂപയോളമാണ് പച്ചക്കറികൾക്ക് വര്‍ധിച്ചത്. ദിനേനെ വര്‍ധിച്ചു വരുന്ന പെട്രോള്‍ ഡീസല്‍ വിലയും സാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണമാകുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച 20 രൂപക്ക് വില്‍പ്പന നടത്തിയിരുന്ന തക്കാളിക്ക് ഇന്നത്തെ വില 60 രൂപയാണ്. 22, 23 രൂപക്ക് വില്‍പ്പന നടത്തിയിരുന്ന ഉള്ളി ഇന്ന് 40 രൂപക്ക് വില്‍പ്പന നടത്തേണ്ട അവസ്ഥയാണ് കച്ചവടക്കാര്‍ക്ക്.തക്കാളി, ഉള്ളി കൂടാതെ പയറിനും വില വര്‍ധിച്ചിട്ടുണ്ട്. 50 രൂപക്കാണ് പയര്‍ വില്‍പ്പന നടത്തുന്നത്. കേരളത്തിലേക്ക് തക്കാളി എത്തികൊണ്ടിരുന്നത് കര്‍ണാടകയിലെ മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ കേരളത്തിലേക്ക് തക്കാളിയെത്തിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നുമാണ്. കര്‍ണാടകയില്‍ മഴ കാരണം കൃഷി കുറഞ്ഞതും തക്കാളി ഉല്‍പാദിപ്പിക്കാന്‍ സാധിക്കാത്തതും വില കൂടാന്‍ കാരണമായി.പൂണെയില്‍ നിന്നുമാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. മഴകാരണം പൂണെയിലും ഉള്ളി ലഭ്യത കുറഞ്ഞത് കാരണം വില കൂടാന്‍ കാരണമായെന്നാണ് മൊത്തകച്ചവടക്കാര്‍ പറയുന്നത്. കൂടാതെ സമീപ സംസ്ഥാനങ്ങളിലേക്ക് പച്ചക്കറി കയറ്റിവിടുന്നത് മൂലം കേരളത്തിലേക്കുള്ള പച്ചക്കറി ലഭ്യത കുറഞ്ഞ് വരികയാണ്. ഇതും വില കൂടാന്‍ കാരണമായെന്നാണ് കച്ചവടക്കാര്‍ പറയുന്നു ഉരുളക്കിഴങ്ങിനും വില കൂടുതലാണ്. 25 രൂപയാണ് ഉരുളക്കിഴങ്ങിന്റെ വില. പച്ചക്കറികള്‍ക്ക് പുറമെ ചുവന്ന പരിപ്പ്, പഞ്ചസാര, കോഴിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 100 രൂപയാണ് ചുവന്ന പരിപ്പിന്റെ വില. പഞ്ചസാരക്ക് 42 രൂപയും.സാധനങ്ങളുടെ വില വര്‍ധനവ് മൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ചെറുകിട കച്ചവടക്കാരും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കച്ചവടം ചെയ്യുന്നവരുമാണ്. പച്ചക്കറികള്‍ക്കും, അനാദി സാധനങ്ങള്‍ക്കും വില വര്‍ധിച്ചതോടെ ഹോട്ടല്‍ റസ്‌റ്റോറന്റ് മേഖലയലും പ്രതിസന്ധിയിലായിരിക്കുകയാണ്. പെട്ടെന്ന് സാധനങ്ങളുടെ വില കൂട്ടുകയെന്നത് പ്രയാസമാണ്.വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ ഹോട്ടല്‍ അടച്ചിടേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും ഹോട്ടലുടമകൾ പറഞ്ഞു.
ഐ.എ.എസ് പാസ്സാവാനായി ജോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം കഴിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റതായി പരാതി
കണ്ണൂര്‍: ഐ.എ.എസ് പാസ്സാവാനായി ജോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കിക്കുടിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റതായി പരാതി.കണ്ണൂര്‍ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന്‍ ചന്ദാണ് കണ്ണാടിപ്പറമ്ബ് സ്വദേശിയായ ജോത്സ്യനെതിരെ കണ്ണവം പോലീസില്‍ പരാതി നല്‍കിയത്.വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നല്‍കി 11,75,000 രൂപ വാങ്ങിയതായാണ് പരാതി.വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കല്‍ മൂഹൂര്‍ത്തം നോക്കാനായാണ് മൊബിന്‍ ചന്ദ് ആദ്യമായി ജോത്സ്യനെ സമീപിക്കുന്നത്. തുടര്‍ന്ന് വാഹനാപകടത്തില്‍ മൊബന്‍ചന്ദ് മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ജോത്സ്യന്‍ ഇയാളുടെ ഭാര്യയെയും മറ്റു ബന്ധുക്കളെയും വിശ്വസിപ്പിക്കുകയും ആദിവാസികളില്‍ നിന്ന് ലഭിക്കുന്ന ഗരുഡ രത്‌നം പത്തെണ്ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.ഇതിന് പുറമേ ഭാവിയില്‍ മകന്‍ IAS പരീക്ഷ പാസ്സാവാനായി തങ്കഭസ്മം കഴിപ്പിക്കണമെന്നും വീട്ടില്‍ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും ജോത്സ്യനെന്ന് പറയപ്പെടുന്ന ഇയാള്‍ പറയുകയായിരുന്നു.
വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം: വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തി കൊലപ്പെടുത്തി.നഗരസഭയിലെ ഓഫീസ് അറ്റൻഡർ ഷിബുവാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ നഗരസഭ ജീവനക്കാരൻ തന്നെയായ രഞ്ചിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.രാജാജി നഗറില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നീങ്ങിയത്. ഷിബുവിന്റെ തലക്ക് സ്‌ക്രൂ ഡ്രൈവറുപയോഗിച്ച് കുത്തിപരിക്കേല്‍പ്പിച്ച ശേഷം രഞ്ജിത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കന്റോണ്‍മെന്റ് പോലീസ് പ്രതിയെ പിന്നീട് പിടികൂടി.പരിക്കേറ്റ ഷിബുവിനെ പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷിബുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് സിറോപ്രിവലൻസ് പഠനം പൂർത്തിയായതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സിറോപ്രിവലൻസ് പഠനം പൂർത്തിയായതായി ആരോഗ്യമന്ത്രി വീണ ജോർജ്.ഒരു വ്യക്തിയുടെ ശരീരത്തിൽ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് പ്രതിരോധ ശക്തി കണ്ടെത്തുകയാണ് സിറോപ്രിവലൻസിലൂടെ ചെയ്യുന്നത്. നിലവിൽ സംസ്ഥാനത്ത് സിറോപ്രിവലൻസ് പഠനം നടത്തിയതിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് വരികയാണ്. പ്രാഥമിക റിപ്പോർട്ട് പൂർത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.സിറോപ്രിവലൻസിലൂടെ കണ്ടെത്തുന്ന പ്രതിരോധം രണ്ട് രീതിയിലൂടെയാണ് സംഭവിക്കുന്നത്. ഒന്ന് കൊറോണ പിടിപ്പെട്ട് കഴിഞ്ഞാൽ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയിലൂടെയും മറ്റൊന്ന് വാക്‌സിനേഷനിലൂടെയും. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ 93 ശതമാനം പേരും സ്വീകരിച്ച സാഹചര്യത്തിലും രണ്ടാം തരംഗത്തിൽ നിരവധി പേർക്ക് രോഗം ബാധിച്ചതിനാലും കൂടുതൽ പേർക്ക് പ്രതിരോധം കൈവരിച്ചിരിക്കാനാണ് സാധ്യത.രോഗം വന്നാലും പലർക്കും ഗുരുതരമാകാത്തത് വാക്‌സിൻ സ്വീകരിച്ചതിനാലാണ്. കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ കവചമാണ് വാക്‌സിൻ. അതിനാൽ ഗുരുതരമായ അലർജികൾ ഉള്ളവർ ഒഴികെ മറ്റാരും കുത്തിവെയ്‌പ്പെടുക്കാൻ വിമുഖത കാണിക്കരുതെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.