തിരുവനന്തപുരം:സംസ്ഥാനത്തുമഴകുറയുന്നതിൽ ആശങ്ക ഉണ്ടെന്നു വൈദ്യുതി മന്ത്രി എം.എം മണി.അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നതു വൈദ്യുതോല്പാദനത്തെ ബാധിച്ചിട്ടുണ്ട്.മഴ കുറവാണെങ്കിലും ഈ വര്ഷം പവർകട്ട് ഉണ്ടാകില്ല.വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി മറ്റു മാർഗങ്ങൾ തേടുമെന്നും മന്ത്രി പറഞ്ഞു.വരും ആഴ്ചകളിൽ സംസ്ഥാനത്തു കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.
നേഴ്‌സുമാർ നടത്തിവന്ന സമരം പിൻവലിച്ചു
തൃശൂർ:വേതന വർദ്ധനവ് ആവശ്യപ്പെട്ടു തൃശ്ശൂരിലെ നേഴ്‌സുമാർ നടത്തിവന്ന സമരം പിൻവലിച്ചു.മന്ത്രിമാരായ എ.സി മൊയ്‌ദീൻ,വി.എസ് സുനിൽ കുമാർ എന്നിവർ ഇടപെട്ടു നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. സമരം നടത്തിയ ആശുപത്രിയിലെ നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും.വേതന വർദ്ധനവ് നടപ്പാക്കുന്നത് വരെ ഇടക്കാല ആശ്വാസം നൽകാനാണ് തീരുമാനം.
കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ
ശ്രീകണ്ഠപുരം:കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.പയ്യാവൂർ വില്ലജ് ഓഫീസറും ചെങ്ങളായി സ്വദേശിയുമായ എം.പി സൈദ് ആണ് വിജിലൻസിന്റെ പിടിയിലായത്.പൈസക്കരിയിലെ പള്ളിയമാക്കൽ അജിത് കുമാറിനോട് കൈക്കൂലി വാങ്ങുമ്പോഴാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി എ.വി പ്രദീപും സംഘവും ഇയാളെ പിടികൂടിയത്.അജിത്കുമാറിന്റെ കുടുംബസ്വത്തിലുള്ള ഒന്നരയേക്കർ സ്ഥലത്തിന് പട്ടയം നൽകുന്നതിന് ശുപാർശ ചെയ്യുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു ഒന്നരവർഷമായി അജിത്തിനെ ഇയാൾ വട്ടംകറക്കുകയായിരുന്നു.ഇതേ തുടർന്ന് അജിത് വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു.അരലക്ഷം രൂപയ്ക്കു ഇടപാട് ഉറപ്പിച്ചശേഷം പൈസക്കരി റോഡിൽ നിന്ന് പണം വാങ്ങുന്നതിനിടയിലാണ് ഇയാൾ വിജിലൻസ് പിടിയിലായത്.മൂന്നു ദിവസമായി ഇയാൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.തുടർന്ന് വിജിലൻസ് വില്ലജ് ഓഫീസിൽ പരിശോധന നടത്തി.തലശ്ശേരി വിജിലൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.കൈക്കൂലി വാങ്ങിയ വില്ലജ് ഓഫീസറെ പിടികൂടിയ ഉദ്യോഗസ്ഥർക്ക് വിജിലൻസ് ഡയറക്ടർ ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചു.
ക്വാറിയിലേക്കുള്ള ദൂരപരിധി കുറച്ചു
തിരുവനന്തപുരം:പൂട്ടിപോയ രണ്ടായിരത്തിലധികം ക്വാറികൾക്ക് തുറന്നു പ്രവർത്തിക്കാൻ അവസരമൊരുക്കി കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ ഭേദഗതി മന്ത്രിസഭാ അംഗീകരിച്ചു.ജനവാസ കേന്ദ്രങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ക്വാറിയിലേക്കുള്ള ദൂരപരിധി അമ്പതു മീറ്ററാക്കി കുറച്ചു.കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഇത് നൂറു മീറ്റർ ആയിരുന്നു.ഇതേ തുടർന്ന് രണ്ടായിരത്തിലധികം ക്വാറികൾ പ്രവർത്തനം നിർത്തി.ഇവയിൽ നിന്നുമുള്ള പ്രവർത്തനം നിലച്ചതോടെ നിർമാണ സാധനങ്ങളുടെ വില കൂടി.ഇതിനെ തുടർന്നാണ് നടപടി പുനഃപരിശോധിക്കാൻ മന്ത്രിസഭാ തീരുമാനിച്ചത്.കേന്ദ്ര സർക്കാർ 2016-ൽ പുറപ്പെടുവിച്ച ചട്ടങ്ങളിലും മറ്റുസംസ്ഥാനങ്ങളിലെ ചട്ടങ്ങളിലും ദൂരപരിധി 50 മീറ്റർ ആയി നിജപ്പെടുത്തി.പറ പൊട്ടിക്കാനുള്ള അനുമതിയുടെ കാലാവധി 5 വർഷമായും കൂട്ടി.
ആര്‍.എസ്.എസ്. നേതാവിന്റെ വീടിനുനേരേ ബോംബേറ്
ഡൽഹിയിൽ ഭർത്താവു ഭാര്യയെ കുത്തിക്കൊന്നു
ന്യൂഡൽഹി: ഡൽഹിയിലെ ദിൽഷാദ് ഗാർഡനിൽ ഭർത്താവു ഭാര്യയെ കുത്തിക്കൊന്നു.ബിനോദ് ബിഷ്ട് എന്നയാളാണ് തന്റെ ഭാര്യ രേഖയെ അതിക്രൂരമായി കുത്തിക്കൊന്നത്.അക്രമം തടയാൻ ചെന്ന മകനെയും ഇയാൾ കുത്തി പരിക്കേൽപ്പിച്ചു.ഒരു കാറ്ററിംഗ് കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്ന ബിനോദിനു ഭാര്യയെ നേരത്തെ സംശയം ഉണ്ടായിരുന്നു.രേഖയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പലപ്പോഴും ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു.പതിവുപോലെ ബുധനാഴ്ച രാവിലെ ജോലി കഴിഞ്ഞെത്തിയ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും പെട്ടെന്ന് ബാഗിൽ നിന്നും കത്തിയെടുത്തു അവരെ കുത്തുകയായിരുന്നു.അമ്മയുടെ നിലവിളി കേട്ട് മൂത്തമകൻ വിനീത് ഓടിയെത്തുമ്പോൾ കാണുന്നത് അച്ഛന്റെ കുത്തേറ്റു പിടയുന്ന അമ്മയെയാണ്.തടയാൻ ശ്രമിച്ച വിനീതിനും കുത്തേറ്റു.നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും ബിനോദ് രക്ഷപ്പെട്ടിരുന്നു.രേഖയെയും വിനീതിനെയും അയൽക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രേഖയുടെ ജീവൻ രക്ഷിക്കാനായില്ല.
കർണാടകയിൽ 50000 രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളി
ബംഗളൂരു:കർണാടകയിൽ 50000 രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തീരുമാനം.മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കാർഷിക കടങ്ങൾ എഴുതി തള്ളാനുള്ള തീരുമാനം നിയമസഭയിൽ പ്രഖ്യാപിച്ചത്.ജൂൺ ഇരുപതു വരെ എടുത്ത വായ്പകളാണ് ഇങ്ങനെ എഴുതിത്തള്ളുക.ഇതോടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന നാലാമത്തെ സംസ്ഥാനമായി കർണാടക മാറി.സംസ്ഥാനത്തെ 22 ലക്ഷം കർഷകർക്ക് തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന വരൾച്ച കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.
പുതുവൈപ്പിനിലെ ഐ.ഓ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം:പുതുവൈപ്പിനിലെ ഐ.ഓ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ദേശിയ തലത്തിൽ പ്രാധാന്യമുള്ള പദ്ധതിയാണിത്.ജനങ്ങളുടെ ആശങ്ക സർക്കാർ ഗൗരവമായി കാണുന്നുണ്ട്.എന്നാൽ അതിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കില്ല.പദ്ധതി ഉപേക്ഷിച്ചാൽ അതുനൽകുന്ന സന്ദേശം നെഗറ്റീവായിരിക്കും.ഇപ്പോൾ ഈ പദ്ധതിയുമായി ബന്ധപെട്ടു ജനങ്ങളുടെ ആശങ്കക്ക് അടിസ്ഥാനമൊന്നും കാണുന്നില്ല.പാരിസ്ഥിതിക അനുമതിയിൽ പറഞ്ഞ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ല എന്നതാണ് ആക്ഷേപം.അത് പരിശോധിക്കാൻ സംവിധാനം ഒരുക്കും.അത് പരിശോധിക്കും വരെ നിർമാണം നിർത്തണമെന്ന് ഐ.ഓ.സി യോട് അഭ്യർത്ഥിച്ചിട്ടുണ്ട്.അവർ അത് അംഗീകരിച്ചിട്ടുണ്ട്.അതുവരെ തുടർ പ്രവർത്തനങ്ങൾ നിർത്തി വെക്കും.സമരസമിതിയും ഇതിനോട് സഹകരിക്കും-മുഖ്യമന്ത്രി വ്യക്തമാക്കി.
അസാധുവാക്കിയ 1000,500 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ കേന്ദ്രം വീണ്ടും അവസരമൊരുക്കുന്നു
ന്യൂഡൽഹി:അസാധുവാക്കിയ 1000,500 രൂപ നോട്ടുകൾ റിസേർവ് ബാങ്കിന് കൈമാറാൻ ബാങ്കുകൾക്കും ജില്ലാ സഹകരണ ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും വീണ്ടും അവസരം.ഒരു മാസത്തിനുള്ളിൽ ഇവരുടെ കൈവശമുള്ള പഴയ നോട്ടുകൾ കൈമാറിയാൽ പുതിയ നോട്ടുകൾ നല്കുമെന്നറിയിച്ചു കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി.ബാങ്കുകൾക്കും പോസ്റ്റോഫീസുകൾക്കും ഡിസംബർ മുപ്പത്തിനുള്ളിൽ ശേഖരിച്ച നോട്ടുകളും സഹകരണ ബാങ്കുകൾക്ക് നവംബർ പതിനാലിനകം ശേഖരിച്ച നോട്ടുകളുമാണ് കൈമാറാൻകഴിയുക.കോടിക്കണക്കിനു രൂപയുടെ അസാധുവാക്കിയ നോട്ടുകൾ സ്വകാര്യ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും കെട്ടികിടക്കുന്ന സാഹചര്യത്തിൽ വിപണിയിൽ കടുത്ത നോട്ട് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം.അസാധുവാക്കിയ നോട്ടുകൾ ഇതുവരെ നിക്ഷേപിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
അനില്‍ കുംബ്ലെ രാജിവെച്ചു
മുംബൈ:അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തു നിന്നു അനില്‍ കുംബ്ലെ രാജിവെച്ചു. ജൂണ്‍ 23 ന് ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പരമ്പരക്കായി ഇന്ത്യന്‍ ടീം ഇന്ന് തിരിച്ചെങ്കിലും ടീമിനൊപ്പം കുംബ്ലെയുണ്ടായിരുന്നില്ല.കുംബ്ലെക്കെതിരെ നായകന്‍ വിരാട് കൊഹ്‍ലി അടക്കമുള്ള ഏതാനും താരങ്ങള്‍ രംഗത്തുവന്നിരുന്നുവെന്നും കുംബ്ലെ പരിശീലക സ്ഥാനത്തു തുടരുന്നതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ബിസിസിഐയുടെ ഉപദേശക സമിതിയായ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ത്രയം കുംബ്ലെ – കൊഹ്‍ലി കലഹത്തിന് തിരശീലയിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതുകൂടാതെ നായകന്റെ നിലപാടിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും സൂചനകളുണ്ടായിരുന്നു. ഇതോടെ ഏറെക്കുറെ താന്‍ പുറത്താകുമെന്ന ഘട്ടത്തിലാണ് കുംബ്ലെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.