കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്.മറ്റ് രണ്ട് കുറ്റങ്ങള്‍ക്ക് 10 വര്‍ഷം തടവും ഏഴ് വര്‍ഷം തടവു ശിക്ഷയുമാണ് പ്രതിക്ക് ലഭിക്കുന്നത്. 17 വര്‍ഷത്തെ തടവ് ശിക്ഷയ്‌ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്.പ്രതിയുടെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്നും പ്രതിയെ ഒഴിവാക്കിയത്.കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് കണ്ടെത്തിയത്. 87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. പണം മാത്രം ലക്ഷ്യമാക്കി വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം. 2020 മേയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്. 2020 മാർച്ച് രണ്ടിന് അണലിയെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്‌ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മൂർഖന്റെ കടിയേറ്റത്.പാമ്പ് കടിയേറ്റുള്ള സാധാരണ മരണമെന്ന് ലോക്കൽ പോലീസ് എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാകുന്നത് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി കൊല്ലം റൂറൽ എസ്പിയെ സമീപിച്ചതോടെയാണ്. സംസ്ഥാനത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്. വിധി പ്രസ്ഥാവം കേള്‍ക്കാന്‍ ഉത്രയുടെ സഹോദരന്‍ വിഷു, അന്വേഷണ ഉദ്യോഗസ്ഥന്‍ എ അശോക് എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. ഉത്രയുടെ അച്ഛന്‍ വിജയസേനനും കോടതിയില്‍ എത്തിയിരുന്നു. കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്.
ഓട്ടോ നിർത്തിയില്ല;രക്ഷപെടാൻ ഓട്ടോയില്‍നിന്ന് ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്; ഡ്രൈവര്‍ കസ്റ്റഡിയില്‍
കാസര്‍കോട്: പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോയ രണ്ട് വിദ്യാര്‍ഥിനികള്‍ ഓട്ടോയില്‍ നിന്ന് ചാടി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ പ്രസ് ക്ലബ് ജങ്ഷനില്‍ നിന്ന് മേൽപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിലാണ് വിദ്യാര്‍ഥിനികള്‍ ചെമ്മനാട്ടേക്ക് കയറിയത്.ചെമ്മനാട് എത്തിയപ്പോള്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്ന് കുട്ടികള്‍ ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ യൂനിഫോം ധരിക്കാത്തതിനാല്‍ മേല്പറമ്പിലേക്കായിരിക്കുമെന്ന് കരുതിയാണ് ഓട്ടോ നിര്‍ത്താതിരുന്നതെന്ന് പൊലീസ് കസ്റ്റഡിയിലുള്ള ഡ്രൈവര്‍ മൊഴി നല്‍കി.
ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍; പുതിയ ഹോവര്‍ ബൈക്കുകള്‍ പുറത്തിറക്കി കോറിറ്റ്;ലൈസന്‍സ് ആവശ്യമില്ല
മുംബൈ: കൗമാരക്കാര്‍ക്ക് നിരത്തുകളില്‍ പായാന്‍ പുതിയ ഇലക്‌ട്രിക് ഹോവര്‍ ബൈക്ക് പുറത്തിറക്കി കോറിറ്റ്. ഈ മാസം അവസാനത്തോടെ ബൈക്ക് ഇന്ത്യയിലെ നിരത്തുകളില്‍ ഇറക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനത്താണ് ഹോവര്‍ ആദ്യം നിരത്തിലിറങ്ങുക.പിന്നീട് മുംബൈ, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങളില്‍ ബൈക്ക് പുറത്തിറക്കും. ഹോവര്‍ സ്വന്തമാക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് 1,100 രൂപയ്‌ക്ക് അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം കോറിറ്റ് ഒരുക്കിയിട്ടുണ്ട്.74,999 രൂപയാണ് വണ്ടിയുടെ പ്രാരംഭ വില. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 69,999 രൂപയ്‌ക്ക് ഹോവര്‍ ലഭിക്കുന്നതാണ്. നവംബര്‍ 25 മുതല്‍ വണ്ടിയുടെ വിതരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 250 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള രണ്ട് സീറ്റര്‍ ഇലക്‌ട്രിക് ബൈക്കാണിത്.ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ചുവപ്പ്, മഞ്ഞ, പിങ്ക്, പർപ്പിൾ, നീല, കറുപ്പ്, എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലാണ് ബൈക്ക് പുറത്തിറക്കുന്നത്.യുവതലമുറയ്‌ക്കായി പ്രത്യേകം രൂപ കല്പന ചെയ്ത വണ്ടിയാണിത്. 25 കിലോമീറ്ററാണ് ബൈക്കിന്റെ ഉയര്‍ന്ന വേഗത. ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ സാധിക്കുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്.50 വര്‍ഷത്തേയ്ക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി. രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മധുസൂദന റാവു ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.എയർപോർട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ നിലവിലുണ്ട്. നിലവിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.നിലവിലുള്ള 300 ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇവിടെ തുടരാമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.അതിന് ശേഷം ഇവർ എയർപോർട്ടിന്റെ ഭാഗമാകുകയോ എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് മാറുകയോ ചെയ്യണം. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേര് മാറ്റേണ്ടതില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതിനെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. നമ്മുടെ വിമാനത്താവളം മികച്ച രീതിയിൽ പ്രവർത്തിക്കണമെന്നത് തിരുവനന്തപുരം നിവാസികളുടെ എക്കാലത്തേയും ആഗ്രഹമാണെന്നും അവിടെ ജോലി ചെയ്യുന്നവർക്ക് ഒരു മെച്ചപ്പെട്ട ഓഫർ ആണ് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നും ശശി തരൂർ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്;അറസ്റ്റിലായത് ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിൽ പോയ ബിജുവിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. കല്ലറയിൽ നിന്നാണ് ശ്രീകാര്യം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോർപറേഷൻ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിൽ നിന്നായി 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയിരുന്നു. കേസിൽ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ പിടികൂടാനുണ്ട്. ഇവർ ഒളിവിലാണെന്നാണ് വിവരം.
ഉത്ര വധക്കേസ്;കേരളം കാത്തിരുന്ന ശിക്ഷാവിധി ഇന്ന്
കൊല്ലം:ഉത്ര വധക്കേസിൽ കോടതി ഇന്ന് ശിക്ഷ പ്രഖ്യാപിക്കും.കേസിൽ ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജ് എസ് കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണു വിധി പറയുക. സ്വർണാഭരണങ്ങൾക്ക് വേണ്ടി സ്വന്തം ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിചിത്രവും പൈശാചികവും ദാരുണവും എന്നാണ് ഉത്ര വധക്കേസിനെപ്പറ്റി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയോട് പറഞ്ഞത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വാദിച്ച പ്രോസിക്യൂഷൻ പ്രതിയ്‌ക്ക് വധശിക്ഷ നൽകണമെന്നും വാദിച്ചു. തുടർന്നാണ് വിധിപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവെച്ചത്.വാദം കോടതി അംഗീകരിച്ചാല്‍ പ്രതിക്ക് വധശിക്ഷ ലഭിച്ചേക്കും. സൂരജിനെതിരെ ചുമത്തിയ കൊലപാതകം (വകുപ്പ് 302), കൊലപാതകശ്രമം (307), വിഷം നല്‍കി പരിക്കേല്‍പ്പിക്കുക (328), തെളിവുകള്‍ നശിപ്പിക്കുക (201)എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.രാജ്യത്ത കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്ര കേസുണ്ട്. രാജ്യത്ത് ഇതിനു മുൻപ് രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. എന്നാൽ രണ്ട് കേസുകളിലും തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വിട്ടയയ്‌ക്കുകയായിരുന്നു. എന്നാൽ ഉത്ര വധക്കേസിൽ എല്ലാ തെളിവുകളും സൂരജിന് എതിരായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉത്രയുടെ കുടുംബവും.
സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 106 മരണം;12,490 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 106 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 26,448 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7353 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 382പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,490 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1211, കൊല്ലം 781, പത്തനംതിട്ട 1309, ആലപ്പുഴ 370, കോട്ടയം 753, ഇടുക്കി 608, എറണാകുളം 2088, തൃശൂര്‍ 1286, പാലക്കാട് 735, മലപ്പുറം 1049, കോഴിക്കോട് 1235, വയനാട് 320, കണ്ണൂര്‍ 590, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് രോഗമുക്തിയായത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു;ഏത് പ്രതിസന്ധിയും നേരിടാൻ പോലീസ് തയ്യാറായിരിക്കണമെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി ഡിജിപി അനിൽകാന്ത്. ഏത് പ്രതിസന്ധിഘട്ടവും നേരിടാൻ പോലീസ് തയ്യാറായിരിക്കണമെന്നും കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അത്തരത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കണമെന്നും ഡിജിപി നിർദേശിച്ചു.അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെ.സി.ബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി.താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അനില്‍കാന്ത് പറഞ്ഞു.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട്, എന്നീ ജില്ലകളിലെ നദികളിൽ എല്ലാം ജല നിരപ്പ് ഉയർന്നു. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്നാണ് സംസ്ഥാനത്ത് അതിശക്തമായ മഴ അനുഭവപ്പെടുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ഒന്നര കിലോയോളം സ്വർണ്ണവുമായി യുവാവ് പിടിയിൽ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നര കിലോയോളം സ്വർണ്ണവുമായി യുവാവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കുറ്റ്യാടി സ്വദേശി ഇസ്മയിലാണ് സ്വർണ്ണവുമായി അറസ്റ്റിലായത്.വിപണിയിൽ 71 ലക്ഷം രൂപ വിലവരുന്ന 1492 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റ്‌റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.
ആശങ്ക വേണ്ട; സംസ്ഥാനത്ത് പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം:ആശങ്ക വേണ്ടെന്നും സംസ്ഥാനത്ത് പ്രളയസാധ്യത ഇല്ലെന്നും ദുരന്തനിവാരണ അതോറിട്ടി.ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണര്‍ ഡോ.എ കൗശികന്‍ മാധ്യമങ്ങളോട് പറഞ്ഞു.മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്ഥാനത്തെത്തിയിട്ടുണ്ട്.അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പലയിടത്തും നദികളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്. വീടുകളില്‍ വെള്ളം കയറി.ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച്ച ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ്.