കണ്ണൂർ: മിനിമം വേതനം കൂട്ടാത്തതിൽ പ്രതിഷേധിച്ചു ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക്. കണ്ണൂർ ധനലക്ഷ്മി, ആശിർവാദ്, കൊയിലി, സ്പെഷ്യാലിറ്റി,തളിപ്പറമ്പ് ലൂർദ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാരാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജോലിക്കു ഹാജരാകാതെ സമരം നടത്തുന്നത്. ആശുപത്രികളിൽ അടിയന്തര സാഹചര്യമുണ്ടായാൽ നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ സമരപ്പന്തലിൽ അഞ്ചു വീതം പേരെ സജ്ജമാക്കിയാണ് സമരം.അതേസമയം നഴ്സുമാർ അഞ്ചു മുതൽ ജില്ലയിലെ നാല് ആശുപത്രികളിൽ കൂടി സമരം തുടങ്ങും.പയ്യന്നൂരിലെ സബ, അനാമയ, കണ്ണൂരിലെ അശോക, കിംസ്റ്റ് എന്നീ ആശുപത്രികളിലാണ് സമരം ആരംഭിക്കുന്നത്.നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു കഴിഞ്ഞു. പുതുതായി രോഗികളെ കിടത്തിചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ല.
കാറിനു മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം
പെരുമ്പാവൂർ:കാറിനു മുകളിലേക്ക് ആൽമരം വീണ് യുവാവിന് ദാരുണാന്ത്യം.കുറുപ്പംപടി പുത്തന്‍കുടി വീട്ടില്‍ ബേസില്‍ (24) ആണ് മരിച്ചത്.മറ്റു രണ്ടു സുഹൃത്തുക്കൾ കൂടി കാറിലുണ്ടായിരുന്ന.എന്നാൽ അവർ ഇറങ്ങിയോടിയതിനെ തുടർന്ന് രക്ഷപ്പെട്ടു.രാത്രി ശക്തമായ മഴയില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് നാട്ടുകാര്‍ തുരുത്തിയില്‍ വേട്ടക്കരന്‍ കാവിന് പരിസരത്തേക്ക് ഓടിയെത്തിയത്. ക്ഷേത്രത്തിനു മുന്നിലായി റോഡരികില്‍ നിന്ന കൂറ്റന്‍ ആല്‍മരം കടപുഴകി വീണത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും അതിനുള്ളില്‍ കുടുങ്ങിപ്പോയ കാര്‍ പിന്നീടാണ് കണ്ടത്.മരം വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടുകയും വൈദ്യുതിക്കാലുകള്‍ മറിയുകയും ചെയ്തിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് പെട്ടെന്ന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കി കാറിന്റെ വാതില്‍ പൊളിച്ച് ബേസിലിനെ പുറത്തെടുത്ത് പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് പള്‍സര്‍ സുനി ദിലീപിന്‍റെ മാനേജരെ വിളിച്ചു
കൊച്ചി:നടിയെ ആക്രമിച്ചതിന് തൊട്ടുമുന്‍പുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. നടിയെ ആക്രമിച്ചതിന് തൊട്ട് മുന്‍പ് നാല് നമ്പറുകളിലേക്കാണ് സുനി വിളിച്ചത്. അതിലൊന്ന് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയുടേതാണ്. അപ്പുണ്ണിയുടെ ഫോണില്‍ നിന്ന് പള്‍സര്‍ സുനിയെയും വിളിച്ചിട്ടുണ്ട്. ദിലീപാണ് തിരിച്ചുവിളിച്ചതെന്ന് അപ്പുണ്ണി നേരത്തെ നടന്ന ചോദ്യംചെയ്യലില്‍ പൊലീസിനോട് പറഞ്ഞെന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.26 ഫോൺനമ്പറുകളാണ് പോലീസിന് സംശയം ഉണ്ടായിരുന്നത്.ഇതിൽ നിന്നാണ് നാലു നമ്പറുകൾ കണ്ടെത്തിയത്.
കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ഒരാഴ്ചക്കുള്ളിൽ പെൻഷൻ വിതരണം ചെയ്യും
തിരുവനതപുരം:പെൻഷനില്ലാതെബുദ്ധിമുട്ടിലായ കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ഒരാഴ്ചക്കുള്ളിൽ പെൻഷൻ വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.പെൻഷൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് നിരവധി പേരാണ് ബുദ്ധിമുട്ടിലായത്.പെൻഷൻ തുക കൃത്യമായി ലഭിക്കുന്ന രീതിഓണക്കാലത്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.മുടങ്ങിക്കിടക്കുന്ന മുഴുവൻ സംസ്ഥാന സർവീസും പുനരാരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം കെ.എസ്.ർ.ടി.സി യിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മഹാരാഷ്ട്ര ബാങ്കിൽ നിന്നും വായ്‌പ്പാ എടുക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്.
വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
കണ്ണൂർ:ഇന്നലെ വൈകിട്ടോടെ അഴിക്കോട് അയനിവയൽ കുളത്തിൽ ബന്ധുക്കളോടൊപ്പം നീന്താനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.പള്ളിക്കുന്ന് എടച്ചേരി ടി.സി മുക്കിലെ ഹിഷാം ആണ് മരിച്ചത്.പ്ലസ് ടു പാസ്സായ ഹിഷാം കണ്ണൂർ എം.ടി.എം സ്കൂൾ വിദ്യാർത്ഥിയായിരുന്നു.കുളത്തിൽ നീന്തുന്നതിനിടെ അവശതയിൽ മുങ്ങിപ്പോയ ഹിഷാമിനെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും വളപട്ടണം പോലീസും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്.കണ്ണൂർ എ.കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇടച്ചേരിയിലെ ഹിഷാം വില്ലയിലെ മഹമ്മൂദിന്റെയും ഷാഹിമത്തിന്റെയും ഏക മകനാണ് മരിച്ച ഹിഷാം.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രക്കല്ലുകൾ കാണാതായി
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രക്കല്ലുകൾ കാണാതായതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.എട്ടു വജ്ര കല്ലുകളാണ് കാണാതായത്.ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഭഗവാന്റെ നാമത്തിന്റെ ഭാഗമായ എട്ട് വജ്രങ്ങളാണ് കാണാതെപോയതെന്നാണ് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം അറിയിച്ചിരിക്കുന്നത്.എൺപതു വർഷം പഴക്കമുള്ളവയാണ് കാണാതെ പോയ വജ്രങ്ങൾ.രണ്ടു വർഷം മുൻപ് വജ്രങ്ങളും കാണാതായെങ്കിലും ക്ഷേത്രം അധികാരികൾ ഇത് മറച്ചു വെച്ചു.വജ്രങ്ങൾക്കു കേടുപാടുണ്ടായെന്നു രേഖപ്പെടുത്തി.എന്നാൽ വജ്രങ്ങൾ നഷ്ട്ടപ്പെട്ട സംഭവത്തിൽ പോലീസ് കേസ് എടുത്തിരുന്നുവെന്നും അന്നത്തെ ഭരണ സമിതി കേസിന്റെ പുരോഗതി വിലയിരുത്തുന്നതിൽ വീഴ്ച വരുത്തിയെന്നുമാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വിശദീകരിക്കുന്നത്.
സി.പി.എം പ്രവർത്തകന് വെട്ടേറ്റു
പാലക്കാട്:പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. സി.പി.എം പ്രവർത്തകനായ അബ്ദുൽ റഷീദിനാണ് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റത്.അക്രമത്തിൽ പ്രതിഷേധിച്ച് വല്ലപ്പുഴ പഞ്ചായത്തിൽ സി.പി.എം ഇന്ന് ഹർത്താലിന് ആഹ്വാനം നൽകി.അക്രമത്തിനു പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് സി.പി.എം ആരോപിച്ചു.കൈക്കും തലയ്ക്കും പരിക്കേറ്റ അബ്ദുൽ റഷീദിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നടിയെ ആക്രമിച്ച കേസ്;അറസ്റ്റ് ഉടൻ ഉണ്ടായേക്കും
കൊച്ചി:കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് സൂചന.നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ഇതിന്റെ ആധികാരികത ഉറപ്പാക്കാനുള്ള പരിശോധനയിലാണ് പോലീസ്.നടി ഉപദ്രവിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏല്പിച്ചു എന്നൊക്കെയാണ് സുനി ആദ്യം പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ മെമ്മറി കാർഡ് തന്റെ കൂട്ടുപ്രതി വഴി കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിൽ ഏല്പിച്ചു എന്ന് സുനി മൊഴി നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഈ സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തിയിരുന്നു.മെമ്മറി കാർഡ് കണ്ടെത്തിയതായി പോലീസ് പറഞ്ഞിട്ടില്ല.എന്നാൽ ദൃശ്യങ്ങൾ പോലീസിന് കിട്ടിയതായി സമ്മതിക്കുന്നുണ്ട്.കേസന്വേഷണം വേഗത്തിലാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദേശിച്ചു.കേസ് ഡയറി പരിശോധിച്ച അദ്ദേഹം അന്വേഷണം ഇഴയുന്നതിൽ അതൃപ്തി രേഖപ്പെടുത്തി.അന്വേഷണ ചുമതല ദിനേന്ദ്ര കശ്യപിനും മേൽനോട്ടം എ.ഡി.ജി.പി ബി.സന്ധ്യക്കുമായിരിക്കും.തെളിവുകൾ ലഭിച്ചാൽ പ്രതിസ്ഥാനത്തു ഏത് ഉന്നതനായാലും അറസ്റ്റ് ചെയ്യാം എന്നും പോലീസ് മേധാവി നിർദ്ദേശിച്ചു.
യു.എ.ഇ കടലിൽ നൂറോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു
ദുബായ്:ഇരുപത്തിരണ്ടോളം കപ്പലുകളിലായി നൂറോളം ഇന്ത്യക്കാർ കടലിൽ കുടുങ്ങി കിടക്കുകയാണെന്ന് റിപ്പോർട്ട്.സഹായം ആവശ്യപ്പെട്ട് നാവികർ ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ സഹായം തേടിയെന്നാണ് സൂചന.കടലിൽ കുടുങ്ങിയ നാവികരുടെ നിരവധി കോളുകൾ ലഭിച്ചതായി ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.എന്നാൽ ഇപ്പോൾ പരിഗണിക്കുന്നത് ഇരുപത്തി രണ്ടു കപ്പലുകളിലെ നാവികരെയാണ്.ദീർഘ കാലമായി ഇവർക്ക് ശമ്പളമോ ഭക്ഷണമോ വെള്ളമോ ഇന്ധനമോ ലഭിക്കാറില്ലെന്നു നാവികർ പരാതി നൽകിയിട്ടുണ്ട്.ശമ്പളകുടിശ്ശിക ലഭിച്ചാൽ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുകയാണ് ഇവരിൽ ഭൂരിഭാഗവും തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കോൺസുലർ കപ്പൽ ഉടമകളുമായും ഏജന്റുമാരുമായും ബന്ധപ്പെട്ടുവരികയാണ്.കഴിഞ്ഞ ഏതാനും നാളുകളായി 36 നാവികരെ നാട്ടിലേക്കു അയക്കാൻ കോൺസുലേറ്റിനു സാധിച്ചിട്ടുണ്ട്.
തെന്മലയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു
കൊല്ലം:തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനു സമീപം കയത്തിൽ രണ്ടുപേർ മുങ്ങി മരിച്ചു.തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രൻ,ഇസാക്കി മുത്തു എന്നിവരാണ് മരിച്ചത്.സുരക്ഷമുന്നറിയിപ്പ് അവഗണിച്ച് കയത്തിൽ ഇറങ്ങിയവരാണ് അപകടത്തിൽ പെട്ടത്.കാലവർഷത്തിൽ വെള്ളച്ചാട്ടത്തിലെ ഒഴുക്ക് ശക്തമായതിനെ തുടർന്ന് ഈ ഭാഗത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല.