തിരുവനന്തപുരം:സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് അർധരാത്രി മുതൽ അടച്ചിടും. പെട്രോൾ ഉൽപ്പന്നങ്ങളുടെ വിലമാറ്റത്തിൽ സുതാര്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. പെട്രോളിയം ഡീലേഴ്‌സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പമ്പുകൾ അടച്ചിട്ട് 24 മണിക്കൂറാണ് സമരം നടത്തുന്നത്.
സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരികൾ;കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നു
പാലക്കാട്:കോഴിയിറച്ചി കിലോയ്ക്ക് 87 രൂപയ്ക്ക് വിൽക്കണമെന്ന സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വ്യാപാരികൾ കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നു.തിങ്കളാഴ്ച മുതൽ കോഴി വ്യാപാരികൾ കടകളടച്ച് സമരം ആരംഭിച്ചതോടെയാണ് കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നത്.നിലവിലുള്ള മൊത്തം കോഴികളെയും തമിഴ്‌നാട്ടിൽ വിൽക്കാനാണ് വ്യാപാരികളുടെ തീരുമാനം.87 രൂപയ്ക്കു വിൽപ്പന നടത്താനാകില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോഴിവ്യാപാരികൾ.ഇന്നലെ രാത്രിമുതലാണ് തൃശൂർ,പാലക്കാട് ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിലെ പൊള്ളാച്ചി,നാമക്കൽ എന്നിവിടങ്ങളിലേക്ക് കോഴികളെ കൊണ്ടുപോയത്.തമിഴ്‌നാട്ടിലെ ഫാമുകളിൽ ഉത്പാദനം കുറഞ്ഞതോടെയാണ് കേരളത്തിൽ നിന്നുള്ള കോഴികൾക്ക് അവിടെ ഡിമാൻഡ് കൂടിയത്.കേരളത്തിൽ നിന്നും കൊണ്ടുവരുന്ന കോഴികൾ കിലോയ്ക്ക് 110 രൂപ വരെ നൽകിയാണ് തമിഴ്‌നാട്ടിലെ വ്യാപാരികൾ വാങ്ങുന്നത്.കിലോയ്ക്ക് 150-170 രൂപയ്ക്കാണ് തമിഴ്‌നാട്ടിൽ ചില്ലറവിൽപ്പന നടക്കുന്നത്. കേരളത്തിൽ ഉല്പാദന ചെലവ് കൂടിയെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ 85 രൂപയാണ് ഉല്പാദന ചെലവ്.അതിനാൽ 87 രൂപയ്ക്കു വിൽപ്പന സാധിക്കില്ലെന്നും അടിസ്ഥാനവില 100 രൂപയെങ്കിലും ആക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ദമ്പതികളെ വീട്ടിനുള്ളിൽ വിഷം കഴിച്ചു മരിച്ചനിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്:ദമ്പതികളെ വീട്ടിനുള്ളിൽ വിഷം കഴിച്ചു മരിച്ചനിലയിൽ കണ്ടെത്തി.കോളിച്ചാൽ എരിഞ്ഞിലംകോട് ഭജനമഠത്തിനു സമീപത്തെ ദിവാകരന്റെ മകൻ സുനിൽ(32),ഭാര്യ ജയലക്ഷ്മി(27) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കടബാധ്യതയെ തുടർന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ദമ്പതികൾ മരിച്ചു കിടക്കുന്ന വിവരം ആറു വയസ്സുകാരനായ മകൻ ദേവാനന്ദ് ആണ് അയൽവാസികളെ അറിയിക്കുന്നത്. തുടർന്ന് അയൽവാസികളെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുവെച്ച് വിഷക്കുപ്പികൾ പോലീസ് കണ്ടെടുത്തു.ഒൻപതു വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ദമ്പതികളും കുട്ടിയും മാത്രമായിരുന്നു വീട്ടിൽ താമസം.ട്രാവൽ ഏജൻസിയിൽ ജോലിക്കാരനായിരുന്നു സുനിൽ.
കണ്ണൂർ കോർപറേഷൻ പരിധിയിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കും
കണ്ണൂർ:കോർപറേഷൻ പരിധിയിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ. ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും പൊതുജനാരോഗ്യത്തിനും ബുദ്ധിമുട്ടാകും വിധത്തിലുള്ള എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണ് ഡിസാസ്റ്റർ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.ഇതുവരെയായി 100ൽ അധികം അനധികൃത സ്ഥാപനങ്ങൾ ഒഴിപ്പിച്ചു. 320 ഓളം അനധികൃത സ്ഥാപനങ്ങൾ കോർപറേഷൻ പരിധിയിലുണ്ടെന്നാണ് കണക്ക്.അനധികൃത സ്ഥാപനങ്ങളിലെ വസ്തുക്കൾ ഏറ്റെടുക്കുകയാണ് പതിവെങ്കിലും മാനുഷികപരിഗണന വച്ച് ഇവ വിട്ടുകൊടുക്കാനാണ് തീരുമാനം.റോഡിലേക്കു തള്ളി നിൽക്കും വിധത്തിലുള്ള സ്ഥാപനങ്ങളുടെ ബോർഡുകളും നീക്കാൻ നിർദേശമുണ്ട്.ചെറിയ സ്റ്റാളിനെന്ന പേരിൽ അംഗീകാരം നേടി പഴം, പച്ചക്കറി, സ്റ്റേഷനി അടക്കം വിൽപന നടത്തും വിധത്തിൽ പിന്നീട് സ്റ്റാളുകൾ വിപുലപ്പെടുത്തുകയാണ് പതിവ്. പ്രത്യക്ഷത്തിൽ സ്ഥാപനത്തിന് അംഗീകാരമുണ്ടെങ്കിലും ഇതിന്റെ ചുവട് പിടിച്ചാണ് ഇത്തരത്തിൽ വിപുലമായി കച്ചവടം നടത്തുന്നത്.അംഗീകാരമില്ലാതെ തട്ടുകടകൾ കൂണുകൾ പോലെയാണ് നഗരത്തിൽ പ്രവർത്തിക്കുന്നത്. അംഗീകാരമുള്ള തട്ടുകടകൾക്കും ഇത്തരം തട്ടുകടകൾ ഭീഷണിയാണ്.തട്ടിക്കൂട്ടിയുണ്ടാക്കുന്ന തട്ടുകടകളാകട്ടെ പ്രവർത്തിക്കുന്നത് തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലും.പലവിധ രോഗങ്ങൾക്കും ഇത്തരം തട്ടുകടകൾ കാരണമാകുന്നു.കോർപറേഷൻ ആരോഗ്യവകുപ്പ് നേതൃത്വത്തിലാണ് തട്ടുകടകൾ ഒഴിപ്പിക്കുന്നത്.ഒരുമാസം കൊണ്ട് ഘട്ടംഘട്ടമായി അനധികൃത കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കാനാണ് ശ്രമം.
തൊഴിലുറപ്പ് കുടിശ്ശിക ഈയാഴ്ച്ച മുതൽ ലഭിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലിക്കുടിശ്ശിക ഈയാഴ്ച്ചമുതൽ കിട്ടിത്തുടങ്ങും.കഴിഞ്ഞ വർഷം മുതലുള്ള കുടിശ്ശികയാണ് അനുവദിച്ചത്.ഇതിലേക്കായി 750.05 കോടിരൂപ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുവദിച്ചു.തൊഴിലുറപ്പ് വേതനം കേന്ദ്രം നേരിട്ട് ബാങ്കുകളിലൂടെയാണ് നൽകുന്നത്.ഏഴുമാസത്തെ കുടിശ്ശിക പൂർണമായും അനുവദിച്ചത് തൊഴിലാളികക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.കുടിശ്ശിക ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരത്തിലായിരുന്നു തൊഴിലാളികൾ.ഇതിൽ പ്രതിഷേധിച്ച് പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.
റേഷൻ മുൻഗണനാ പട്ടികയ്ക്കുള്ള മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കുന്നു
തിരുവനന്തപുരം:ഭക്ഷ്യഭദ്രത നിയമമനുസരിച്ചുള്ള റേഷൻ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്തുന്നു.സിവിൽ സപ്ലൈസ്,പട്ടികജാതി,തദ്ദേശം,ആരോഗ്യം എന്നീ വകുപ്പുകളുടെ ഡയറക്ടര്മാരടങ്ങുന്ന സമിതിയെ ഇതിനായി നിയോഗിച്ചു കഴിഞ്ഞു.റേഷൻ മുൻഗണനാ പട്ടികയിൽ നിന്നും അർഹരായ നിരവധിപേർ ഒഴിവായതിനെ തുടർന്നാണ് നടപടി.ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ നിർദേശം നൽകി.ഭിന്നലൈംഗികർ ഉൾപ്പെടെയുള്ളവർക്ക് മാർക്ക് നൽകിയാണ് പരിഷ്‌ക്കാരം.വിദേശത്തു ജോലിയുണ്ടെങ്കിൽ അതും കൃത്യമായി രേഖപ്പെടുത്തണം.കഴിഞ്ഞ വർഷം നവംബറിൽ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ അനർഹർ കടന്നുകൂടിയിരുന്നു.പട്ടികയ്‌ക്കെതിരെ ഇതുവരെ പതിനഞ്ചുലക്ഷത്തോളം പരാതി ലഭിച്ചു.ഇതുകൂടാതെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്.ഇവ പരിഹരിക്കാതെ പുതുക്കിയ റേഷൻ കാർഡ് വിതരണം ചെയ്യാനാകില്ല എന്ന ഘട്ടമെത്തിയതോടെയാണ് അനർഹരെ കണ്ടെത്താൻ മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കുന്നത്.
ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്;ടിന്റു ലൂക്കയ്‌ക്ക് ഓട്ടം പൂർത്തിയാക്കാനായില്ല
ഭുവനേശ്വർ:ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എട്ടാം സ്വർണം നേടി മുന്നേറ്റം തുടരുന്നു.വനിതകളുടെ 800 മീറ്ററിൽ സ്വർണ പ്രതീക്ഷയുമായി ട്രാക്കിലിറങ്ങിയ ടിന്റു ലൂക്കയ്‌ക്ക് മത്സരം പൂർത്തിയാക്കാനായില്ല.മത്സരം പൂർത്തിയാക്കാനാവാതെ ടിന്റു പിന്മാറിയതോടെ ഇന്ത്യയുടെ തന്നെ അർച്ചന ആദവ് ഈ ഇനത്തിൽ സ്വർണ്ണം നേടി.ചാംപ്യൻഷിപ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്ത്യ മെഡൽ നേട്ടത്തിൽ ഒന്നാമതാണ്.ഇതോടെ ഇന്ത്യ എട്ടു സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവും നേടി.
മൂന്ന് ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ
ചെന്നൈ:സമുദ്രാതിർത്തി ലംഘിച്ച മൂന്ന് ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ.ഇവരുടെ ബോട്ടും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തു.പാക് കടലിടുക്കിൽ ശ്രീലങ്കൻ അതിർത്തിക്കുള്ളിൽ കയറി അനധികൃതമായി മൽസ്യബന്ധനം നടത്തി എന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.ഈ വര്ഷം ഇതിനു മുൻപും ഇന്ത്യയിൽ നിന്നുള്ള മൽസ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.ജൂലൈ 6 ന് ഇന്ത്യയിൽ നിന്നുള്ള എട്ട് മൽസ്യ തൊഴിലാളികളെ സമാനമായ രീതിയിൽ ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു.
ക്യാൻസർ ബാധിച്ച പാക് യുവതിക്ക് സഹായവുമായി സുഷമ സ്വരാജ്
ന്യൂഡൽഹി:ക്യാൻസർ ബാധിച്ച പാക് യുവതിക്ക് സഹായവുമായി ഇന്ത്യ.മികച്ച ചികിത്സ നേടുന്നതിനായി ഇന്ത്യ സന്ദർശിക്കുവാനുള്ള സഹായമാണ് പാകിസ്ഥാൻ യുവതിയായ ഫൈസ തൻവീറിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്.ഗാസിയാബാദിലെ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് തൻവീർ ചികിത്സ തേടുന്നത്.ഇതിനായി പത്തു ലക്ഷം രൂപയും അവർ നൽകിയിരുന്നു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസ്സി തൻവീറിന്റെ മെഡിക്കൽ വിസ തള്ളിയിരുന്നു.ഇതേതുടർന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്ന് തൻവീറിന് അനുമതി നൽകിയിരിക്കുന്നത്.തന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു തൻവീർ സുഷമ സ്വരാജുമായി ട്വിറ്ററിൽ ബന്ധപ്പെടുകയായിരുന്നു.
ധനമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം; ചൊവ്വാഴ്ച കടയടപ്പ് സമരം
ആലപ്പുഴ: ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചര്‍ച്ച പരാജയം.ഇതോടെ വ്യാപാരികള്‍ ചൊവ്വാഴ്ച നടത്താനിരുന്ന സമരവുമായി മുന്നോട്ട് പോവും.സമരം പിന്‍വലിക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് ടി.നസിറുദ്ദീന്‍ പ്രതികരിച്ചു.കേരളത്തില്‍ ജി.എസ്.ടി നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് നസിറുദ്ദീന്‍ പറഞ്ഞു.87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ കോഴി കച്ചടവക്കാരും സമരത്തിലാണ്.