ശ്രീകണ്ഠപുരം ∙ എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കമ്യൂണിറ്റി ഹാളിൽ രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ ജില്ലയിലെ 11 ബ്രാഞ്ചുകളിൽ നിന്നായി 800 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് രാജേഷ് ഖന്ന, നേതാക്കളായ കെ.മധു, ടി.മോഹൻകുമാർ, കെ.സുധാകരൻ, കെ.വി.അബ്ദുൽ റഷീദ് എ.ഉണ്ണിക്കൃഷ്ണൻ, എം.പി.ഷനിജ് എന്നിവർ അറിയിച്ചു. ഇന്ന് 10നു വിമുക്തഭട ഹാളിൽ ജില്ലാ പ്രസിഡന്റ് രാജേഷ് ഖന്ന പതാക ഉയർത്തും.11.30നു നടക്കുന്ന ജില്ലാ കൗൺസിൽ യോഗം നഗരസഭ ചെയർമാൻ പി.പി.രാഘവൻ ഉദ്ഘാടനം ചെയ്യും.നാളെ 10നു സമ്മേളനം കെ.സി.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ പ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി മുഖ്യാതിഥിയായിരിക്കും. എസ്എസ്എൽ സി, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ യൂണിയൻ അംഗങ്ങളുടെ മക്കൾക്ക് പുരസ്കാരം നൽകും. 11.30നു നടക്കുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.രവികുമാർ ഉദ്ഘാടനം ചെയ്യും.
മൂന്നാറിലെ റെവന്യൂ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം:ദേവികുളം സബ്‌കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റത്തിനു പിന്നാലെ മൂന്നാറിലെ റെവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മരവിപ്പിച്ചു.മന്ത്രി ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.സബ് കളക്ടറെ നീക്കിയതിനു പിന്നാലെ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ റെവന്യൂ വകുപ്പ് ശേഖരിച്ചിരുന്നു.എന്നാൽ സ്ഥലം മാറ്റം വിവാദമായതോടെയാണ് ഉത്തരവ് മരവിപ്പിച്ചത്
കോഴിക്കോട് വിദ്യാർത്ഥി കുത്തേറ്റു മരിച്ചു
കോഴിക്കോട്:മടവൂർ മക്കാം സെന്ററിന് സമീപം വിദ്യാർത്ഥി കുത്തേറ്റു മരിച്ചു.വയനാട് സ്വദേശി അബ്ദുൽ മജീദാണ് മരിച്ചത്.അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ദിലീപ് ഒരു ദിവസം കൂടി പോലീസ് കസ്റ്റഡിയിൽ തുടരും
അങ്കമാലി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ കസ്റ്റഡി കാലാവധി ഒരു ദിവസത്തേക്ക് കൂടി നീട്ടി.ശനിയാഴ്ച വൈകിട്ട് അഞ്ചു മണിവരെയാണ് ദിലീപിനെ പൊലീസിന് കസ്റ്റഡിയിൽ ലഭിക്കുക.കസ്റ്റഡി നീട്ടണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.നടന്നത് ഗുരുതരമായ കുറ്റകൃത്യം ആണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.ആവശ്യമെങ്കിൽ കേസ് ഡയറി ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.പോലീസിനെ സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്,കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ഇന്ന് രാവിലെ പതിനൊന്നു മണിക്ക് ദിലീപിനെ കോടതിയിൽ ഹാജരാക്കും.ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.ഇന്ന് പ്രോസിക്യൂഷൻ വാദം കേട്ട ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയിൽ വിധി പറയുക.നേരത്തെ നടന്ന പ്രതിഭാഗം വാദത്തിൽ അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞിരുന്നു.പത്തു ശാസ്ത്രീയ തെളിവുകളും അഞ്ചു ദൃക്‌സാക്ഷി മൊഴികളും നിരത്തുന്ന പോലീസ് അത് ഉറപ്പാക്കാനുള്ള ചോദ്യം
ചെയ്യൽ ഇന്നലെയും നടത്തിയിരുന്നു.ഇന്ന് അന്വേഷണം സംബന്ധിച്ച നിർണായക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.സംഭവത്തിൽ നേരത്തെ ചോദ്യം ചെയ്ത ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും നാദിര്ഷയെയും ഇന്ന് കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ട്.
സൌദിയില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം കൊണ്ടുവരാന്‍ നടപടി തുടങ്ങി
ജിദ്ദ:ഇന്നലെ സൌദി അറേബ്യയിലെ നജ്റാനില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജിദ്ദ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.ദക്ഷിണ സൌദിയിലെ നജ്റാനില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ അഗ്നിബാധയിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. വര്‍ക്കല സ്വദേശി ബൈജു രാഘവന്‍, മലപ്പുറം വള്ളിക്കുന്ന് സ്വദേശി ശ്രീജിത്ത് ശ്രീനിവാസന്‍, കടക്കാവൂര്‍ സ്വദേശി സത്യന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ ഉള്‍പ്പെടെ 10 ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചു.മൂന്ന് മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിച്ചാണ് സംസ്കരിക്കുക എന്നാണ് അറിയുന്നത്. പോസ്റ്റമോര്‍ട്ടം, ഡിഎന്‍എ പരിശോധന എന്നിവ കൂടാതെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നാണ് വിവരം. അടുത്ത ബന്ധുക്കളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ കോണ്‍സുലേറ്റ് മറ്റ് നടപടികള്‍ ആരംഭിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ട്, പോലീസ് റിപ്പോര്‍ട്ട് എന്നിവ കൂടി ലഭിച്ചാല്‍ നടപടികള്‍ എളുപ്പത്തിലാകും. അതേസമയം പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആറ് പേരില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് ആക്രമിക്കപ്പെട്ട നടി
കൊച്ചി:നടന്‍ ദിലീപുമായി തനിക്ക് യാതൊരു വസ്തു, പണം ഇടപാടുകളുമില്ലെന്ന് ആക്രമിക്കപ്പെട്ട നടി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.ഇത് അന്വേഷണോദ്യോഗസ്ഥര്‍ക്ക് അന്വേഷിച്ച് തൃപ്തിപ്പെട്ടാല്‍ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറുമാണ്. പോലീസിനോട് ഒരാളുടെ പേര് പോലും താന്‍ പറഞ്ഞിട്ടില്ലെന്നും ചാനലില്‍ വന്നിരുന്ന് വിശദീകരിക്കാനുള്ള മാനസികാവസ്ഥയിലല്ലാത്തതുകൊണ്ടാണ് വീണ്ടും ഇത്തരമൊരു കുറിപ്പ് പുറത്തിറക്കുന്നതെന്നും നടി പറഞ്ഞു.ഒരു കുറ്റവാളിയും രക്ഷപെടാൻ പാടില്ല.സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ താൻ പോസ്റ്റുചെയ്തതല്ലെന്നും നടി വ്യക്തമാക്കി.തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കില്‍ അതെത്രയും പെട്ടന്ന് പുറത്തു വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതും എത്രയും പെട്ടെന്ന് തെളിയട്ടെ-നടി കുറിപ്പില്‍ പറഞ്ഞു.
സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്:ചാത്തമംഗലത്ത് ഒൻപതു പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.കെ.കെ. ജനാർദനനാണ് അറസ്റ്റിലായത്.കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഏഴിമല എൽ.പി സ്കൂളിലാണ് സംഭവം.മിഠായി നൽകി കുട്ടികളെ ജനാർദനൻ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.പലപ്പോഴായാണ് കുട്ടികൾ പീഡനത്തിനിരയായത്.ചൈൽഡ്‌ലൈനും രക്ഷിതാക്കളും നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ലോറിയില്‍നിന്ന് വിദേശമദ്യവും പാൻ ഉൽപന്നങ്ങളും പിടിച്ചു
കണ്ണൂർ സിറ്റി: മരക്കാർകണ്ടിയിൽ ലോറിത്തൊഴിലാളികൾ തമ്മിലുണ്ടായ കയ്യേറ്റം അന്വേഷിക്കാനെത്തിയ പൊലീസ് ലോറിയുടെ കാബിനിൽ നിന്ന് 57 കുപ്പി വിദേശമദ്യവും നിരോധിത പാൻ ഉൽപന്നങ്ങളും പിടിച്ചെടുത്തു. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഡ്രൈവർ നാഗേന്ദ്രൻ (42), ക്ലീനർ സിന്ധ (27) എന്നിവരെ അറസ്റ്റ് ചെയ്തു.ചരക്കുകയറ്റാനെത്തിയ ഇരുവരും തമ്മിൽ മദ്യത്തെ ചൊല്ലി വാക്കേറ്റമുണ്ടായതിനെ തുടർന്നു നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഗംഗയിൽ മാലിന്യം നിക്ഷേപിച്ചാൽ അൻപതിനായിരം രൂപ പിഴ
ന്യൂഡൽഹി:ഗംഗ നദിയുടെ 500 മീറ്റർ ചുറ്റളവിൽ മാലിന്യം നിക്ഷേപിക്കുന്നത് ഹരിത ട്രൈബ്യുണൽ നിരോധിച്ചു.നിരോധനം ലംഘിച്ചാൽ 50,000 രൂപവരെ പിഴ ഈടാക്കുമെന്നും ട്രൈബ്യുണലിന്റെ ഉത്തരവിൽ പറയുന്നു.ഗംഗയ്ക്കു ചുറ്റുമുള്ള നൂറു മീറ്റർ പ്രദേശം നോൺ ഡെവെലപ്മെന്റൽ സോൺ ആയി പ്രഖ്യാപിക്കണമെന്നും ട്രൈബ്യുണൽ വ്യക്തമാക്കി. ലോകത്തു ഏറ്റവുമധികം മാലിന്യം വഹിക്കുന്ന നദികളിലൊന്നാണ് ഗംഗ.