കണ്ണൂർ:കണ്ണൂർ,കാസർകോഡ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ സമരം തുടരുന്നു.നാളെ മുതൽ ആരംഭിക്കാനിരുന്ന സമരം യു.എൻ.എ മാറ്റിവെച്ചെങ്കിലും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സമരത്തിൽ ഉറച്ചു നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് യു.എൻ.എ സമരം മാറ്റി വെച്ചത്.അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അടുത്ത ദിവസം മുതൽ മറ്റു ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കും.ഐ.എൻ.എ യുടെ സമരം സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഗൂഢാലോചന ദിലീപിൽ മാത്രം ചുമത്തി പോലീസ് പഴുതുകളടയ്ക്കുന്നു
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിൽ മാത്രം ഗൂഢാലോചന കുറ്റം ചുമത്തി പോലീസ് പഴുതുകളടയ്ക്കുന്നു.കൊട്ടെഷൻ നൽകിയത് ദിലീപ് നേരിട്ടാണെന്ന നിലയിലാണ് പോലീസ് കുറ്റപത്രം തയ്യാറാക്കുന്നതെന്നാണ് സൂചന.ഇപ്പോൾ കേസിൽ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രം അനുസരിച്ച് രണ്ടാം പ്രതിയാകും.ദിലീപിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാത്ത പോലീസ് കിട്ടിയ തെളിവുകൾ കൂട്ടിയിണക്കാനുള്ള ശ്രമത്തിലാണ്.ദിലീപിന് അനുകൂലമായി സമൂഹ മാധ്യമങ്ങളിൽ നടത്തിയ ആസൂത്രിത പ്രചാരണവും കുറ്റപത്രത്തിന്റെ ഭാഗമായേക്കും.
സ്കൂളിൽ നിന്നുമുള്ള മലിനജലം പരിസര മലിനീകരണം നടത്തുന്നെന്ന് നാട്ടുകാരുടെ ആരോപണം
കാസർകോഡ്:മാലിന്യത്തിനെതിരെ പരിപാടികള്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം തന്നെ പരിസരത്തുണ്ടാക്കുന്നത് ഗുരുതരമായ മാലിന്യ പ്രശ്‌നം. കാസര്‍കോട് പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളാണ് പരിസര മലിനീകരണം ഉണ്ടാക്കുന്നത്. സ്‌കൂളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മലിന ജലം കാരണം ഏറെ ദുരിതം അനുഭവിക്കുകയാണ് പരിസരവാസികള്‍.സംസ്ഥാന പട്ടിക വര്‍ഗ വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കം മച്ചിനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നാണ് മലിനജലം ഒലിച്ചിറങ്ങുന്നത്.2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളിൽ മാലിന്യ സംസ്കരണത്തിന് ഇതുവരെയായി ശാസ്ത്രീയ സംവിധാനം ഒരുക്കിയിട്ടില്ല. ശുചിത്വ മിഷന്‍ രൂപരേഖ തയ്യാറാക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. 370 വിദ്യാര്‍ഥികളും 50 അധ്യാപകരുമാണ് സ്ഥാപനത്തിലുള്ളത്. മലിനജലം കെട്ടികിടക്കുന്നത് ഇവരുടെ ആരോഗ്യത്തിനും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിലെ പ്രതി പിടിയിൽ
പത്തനംതിട്ട:പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിലെ പ്രതി സജിലിനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം മുതൽ ഒളിവിലായിരുന്ന സജിലിനെ കടമ്മനിട്ടയിലുള്ള പെൺകുട്ടിയുടെ വീടിനടുള്ള റബ്ബർ തോട്ടത്തിലെ അടഞ്ഞു കിടക്കുന്ന വീട്ടിൽ നിന്നും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.പെൺകുട്ടിയുടെ ദേഹത്ത് നിന്നും സജിലിനും പൊള്ളലേറ്റിരുന്നു.60 ശതമാനത്തോളം പൊള്ളലേറ്റ സജിലിനെ പത്തനംതിട്ട ജനറൽ ആശുപതിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ സജിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ആഡംബര ബസ് വാടകയ്‌ക്കെടുത്തു സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി
ആലപ്പുഴ:ആഡംബര ബസ് വാടകയ്‌ക്കെടുത്തു സർവീസ് നടത്താനുള്ള പദ്ധതിയുമായി കെ.എസ്.ആർ.ടി.സി.പുതിയ പദ്ധതി പ്രകാരം അന്തർ സംസ്ഥാന റൂട്ടുകളിൽ ആഡംബര ബസുകൾ വാടകയ്‌ക്കെടുത്തു സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നത്.ഇത് സംബന്ധിച്ച് മൾട്ടി ആക്സിൽ ബസുകൾ നിർമിക്കുന്ന വോൾവോ,സ്‌കാനിയ എന്നീ കമ്പനികളുമായി കെ.എസ്.ആർ.ടി.സി അധികൃതർ ചർച്ച നടത്തി.ഡ്രൈവർ,മറ്റു ജീവനക്കാർ എന്നിവരെ ഉൾപ്പെടെയാണ് ഈ കമ്പനികൾ കെ.എസ്.ആർ.ടി.സി ക്കു വാടകയ്ക്ക് നൽകുക.കെ.എസ്.ആർ.ടി.സി യുടെ കണ്ടക്റ്റർക്കായിരിക്കും സർവീസിന്റെ പൂർണ ചുമതല.ഓടുന്ന കിലോമീറ്ററിനനുസരിച്ച് ബസുകളുടെ വാടക നൽകാനാണ് കെ.എസ്.ആർ.ടി.സി യുടെ തീരുമാനം. അറ്റകുറ്റപണികൾ,ടോൾ,പെർമിറ്റ് തുടങ്ങിയവ സ്വകാര്യ ബസ് കമ്പനികളുടെ ചുമതലയായിരിക്കും.ബെംഗളൂരു,ചെന്നൈ,മംഗളൂരു,മണിപ്പാൽ,സേലം,മധുര,എന്നീ റൂട്ടുകളിലാണ് ആദ്യം പരീക്ഷണ സർവീസ് നടത്തുക.ലാഭകരമെന്നു കണ്ടാൽ മറ്റു റൂട്ടുകളിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് അധികൃതരുടെ നീക്കം.
കാവ്യയടക്കം കൂടുതല്‍ താരങ്ങളെ ചോദ്യം ചെയ്യും
വിദ്യാര്‍ഥിസംഘട്ടനം: കെ.എസ്.യു. നേതാവിന് ഗുരുതര പരിക്ക്
നഴ്സുമാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു
തൃശൂർ:സ്വകാര്യ ആശുപത്രി നഴ്‌സുമാർ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു.തൃശ്ശൂരിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ബുധനാഴ്ച വരെ സമരം മാറ്റി വെക്കുകയാണെന്നു യു.എൻ.എ അറിയിച്ചു.ഹൈക്കോടതി നിർദേശത്തിന്റെയും മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും മാനിച്ച് സമരം മാറ്റി വെക്കുന്നു എന്നാണ് നഴ്‌സുമാരുടെ സംഘടന അറിയിച്ചത്.ബുധനാഴ്ച നടക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യു.എൻ.എ അറിയിച്ചു.സമരം നിർത്തിവെച്ചാൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
ദിലീപിന് ജാമ്യമില്ല;വീണ്ടും ജയിലിലേക്ക്
അങ്കമാലി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.ദിലീപിനെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. അദ്ദേഹത്തെ ആലുവ സബ്‌ജയിലിലേക്കു കൊണ്ടുപോകും.ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ആക്രമിക്കപ്പെട്ട നടിക്കെതിരെ ദിലീപ് നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി പൊതുസമൂഹം ശക്തമായി നിലയുറപ്പിച്ചപ്പോൾ ദിലീപ് നടത്തിയ നടിക്കെതിരെയുള്ള പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ വാദിച്ചത്.ദിലീപ് കസ്റ്റഡിയിലായിരിക്കുമ്പോഴും അദ്ദേഹത്തിന് അനുകൂലമായി സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രചാരണം നടക്കുന്നു.അപ്പോൾ അദ്ദേഹം പുറത്തിറങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്നും പ്രോസിക്യൂഷൻ വാദിച്ചു.അതിനിടെ ദിലീപിന്റെ രണ്ടു ഫോണുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.ശാസ്ത്രീയ പരിശോധനക്കായാണ് ഫോണുകൾ കൈമാറിയതെന്നും പോലീസിനെ ഏൽപ്പിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടും എന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു.
കെഎസ്ആർടിസിയില്‍ ഡ്യൂട്ടി പരിഷ്കാരം ഇന്ന് മുതല്‍, ഡബിള്‍ ഡ്യൂട്ടി ഷെഡ്യൂളുകള്‍ കുറച്ചു
തിരുവനന്തപുരം:കെഎസ്ആർടിസിയിലെ ഓപറേറ്റിങ് വിഭാഗത്തില്‍ പുതിയ ഡ്യൂട്ടി പാറ്റേണ്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഡബിള്‍ ഡ്യൂട്ടിയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്തിരുന്നിടത്ത് ഇനി മുതല്‍ ഒറ്റ ഡ്യൂട്ടിയായി. ആഴ്ചയില്‍ ആറു ദിവസവും ജോലിക്കെത്തണം. തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം വകവെക്കാതെയാണ് ജോലി സമയത്തില്‍ സമൂലമായ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പുതിയ ഡ്യൂട്ടി പാറ്റേണ്‍ പ്രകാരം 7000 രൂപയിൽ താഴെ വരുമാനമുള്ള ഷെഡ്യൂളുകളിലെ ജീവനക്കാരുടെ സിംഗിൾ ഡ്യൂട്ടി സമയം എട്ടരമണിക്കൂറായി ഉയർത്തി. ആറര മണിക്കൂർ ഒരു ഡ്യൂട്ടിയായും അതു കഴിഞ്ഞ് ബസ് ഓടിക്കുന്നുണ്ടെങ്കിൽ മണിക്കൂറിന് 200 രൂപ വീതം അധിക വേതനവും നൽകും.മറ്റു സർവീസുകൾക്ക് ആറര മണിക്കൂർ ഒരു ഡ്യൂട്ടിയായും 10 മണിക്കൂർ ഒന്നര ഡ്യൂട്ടിയായും 13 മണിക്കൂർ രണ്ടു ഡ്യൂട്ടിയായും 19.5 മണിക്കൂർ മൂന്നു ഡ്യൂട്ടിയായും ക്രമീകരിച്ചു. പ്രതിദിന വരുമാനം 8000 രൂപമുതൽ 10000 വരെയുള്ള ഓർഡിനറി ഡബിൾ ഡ്യൂട്ടികള്‍ ഒന്നര ഡ്യൂട്ടിയായി. 12000 രൂപവരെ വരുമാനമുള്ള ഷെഡ്യൂളുകൾ ഒരു മാസത്തിനകം വരുമാനം വർധിപ്പിച്ചില്ലെങ്കിൽ ഒന്നര ഡ്യൂട്ടിയിലേയ്ക്കു മാറ്റും. ഡ്യൂട്ടി പാറ്റേണ്‍ നിലനിർത്താൻ ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചു നഷ്ടം വരുത്തിയാൽ യൂണിറ്റ് അധികാരികളിൽ നിന്ന് നഷ്ടം ഈടാക്കുമെന്നും എംഡി എം.ജി.രാജമാണിക്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കോര്‍പറേഷനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. എന്നാല്‍ ഭരണാനുകൂല തൊഴിലാളി സംഘടനകളുള്‍പ്പെടെ കടുത്ത പ്രതിഷേധത്തിലാണ്. എഐടിയുസി ആഗസ്റ്റ് രണ്ടിന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.