തിരുവനന്തപുരം:തലസ്ഥാനത്ത് വൻ കഞ്ചാവുവേട്ട.16 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി ആണ്ടിസ്വാമി പോലീസ് പിടിയിലായത്.സിറ്റി പോലീസ് കമ്മീഷണറുടെ സ്കാഡും പേരൂർക്കട പോലീസും ചേർന്നാണ് പിടികൂടിയത്.
നഴ്‌സുമാരുടെ സമരത്തെ നേരിടാൻ നഴ്സിംഗ് വിദ്യാർത്ഥികളെ ഇറക്കും
കണ്ണൂർ:സംസ്ഥാനത്തു തുടരുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നേരിടാൻ നഴ്സുമാർക്ക് പകരം നഴ്സിംഗ് വിദ്യാർത്ഥികളെ ഇറക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സമരത്തിൽ നിന്നും യു.എൻ.എ പിന്മാറിയെങ്കിലും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കണ്ണൂർ,കാസർകോഡ്,തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരുന്നു.തുടർന്ന് ഇന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും ഇവർ നിലപാടിൽ ഉറച്ചു നിന്നതോടെ കർശന നിലപാടെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ നഴ്സിംഗ് സ്കൂളുകളിൽ നിന്നായി 150 വിദ്യാർത്ഥികളെ 10 സ്വകാര്യ ആശുപത്രികളിലെത്തിക്കാനാണ് തീരുമാനം.കൂടാതെ ഇങ്ങനെ വിദ്യാർത്ഥികളെ എത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി നൽകാനും കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.അതേസമയം സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും ജനകീയ സമിതി രൂപീകരിച്ച് മുന്നോട്ട് പോകുമെന്നുമാണ് നഴ്‌സുമാരുടെ നിലപാട്.
ദിലീപിനെയും പൾസർ സുനിയെയും ഷൂട്ടിങ് ലൊക്കേഷനിൽ കണ്ട രണ്ടുപേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും പള്‍സര്‍ സുനിയേയും ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് കണ്ടവരുടെ മൊഴിയെടുത്തു. തൃശ്ശൂര്‍ സ്വദേശികളായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കാലടി മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.ഇവരെ പറ്റി കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ദിലീപ് സിനിമയായ ജോർജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽ വെച്ച് സുനി ദിലീപിനെ കണ്ടതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു.ഈ ലൊക്കേഷനിലുണ്ടായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കേസിൽ ഏറെ നിർണായകമായ മൊഴിയാണ് ഇതെന്നാണ് വിവരം.
ദിലീപിന്റെ വെബ്സൈറ്റ് അപ്രത്യക്ഷമായി
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും അപ്രത്യക്ഷമായി. ദിലീപ് ഓണ്‍ലൈന്‍ ( www.dileeponline.com) എന്ന സൈറ്റാണ് ഇന്നലെ മുതല്‍ അപ്രത്യക്ഷമായത്. ദിലീപിന്റെ വെബ്സൈറ്റിനെക്കുറിച്ച ഗൂഗിള്‍ നല്‍കുന്ന വിശദീകരണവും ഞെട്ടിപ്പിക്കും. മലയാളം ക്രിമിനല്‍ ദിലീപിന്റെ വെബ്സൈറ്റ് എന്നാണ് ഇതോടൊപ്പമുള്ള കുറിപ്പ്.ദിലീപിന്റെ അറസ്റ്റോടെ അദ്ദേഹത്തിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ പിആര്‍ കമ്പനികള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ഇത്തരമൊരു പണി നല്‍കിയിരിക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ താരത്തിന്റെ ആളുകള്‍ തന്നെയാണ് നിര്‍ത്തിയതെന്നാണ് സൂചന.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് വിദേശത്തേക്ക് കടത്തിയതായി സംശയം
കൊച്ചി:നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് വിദേശത്തേക്ക് കടത്തിയതായി പൊലീസിന് വിവരം ലഭിച്ചതായി സൂചന.കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിച്ച മെമ്മറി കാർഡ് ഇവിടെ നിന്ന് ദിലീപ് ഏറ്റുവാങ്ങുകയായിരുന്നു .ഇവിടെ നിന്ന് അമേരിക്കയിലേക്ക് കടത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്തതോടെയാണ് മെമ്മറി കാർഡ് അമേരിക്കയിലേക്ക് കടത്തിയതായി സൂചന ലഭിച്ചത്.ഇതോടെ അമേരിക്കയിൽ ദിലീപ് യാത്ര ചെയ്ത സ്ഥലങ്ങളിലും ബന്ധപ്പെട്ട വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങാനാണ് പോലീസ് ഒരുങ്ങുന്നത്.
പോലീസ് ക്ലബ്ബിലെത്താൻ കഴിയില്ലെന്ന് കാവ്യ,പറയുന്നിടത്തു വരാമെന്നു പോലീസ്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്.ഇതിനായി ആലുവ പോലീസ് ക്ലബ്ബിലെത്താൻ കാവ്യക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.എന്നാൽ തനിക്കു പോലീസ് ക്ലബ്ബിലെത്താൻ കഴിയില്ലെന്നാണ് കാവ്യയുടെ നിലപാട്.നേരത്തെ ഫോൺ വഴിയും ആലുവയിലെ വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പോലീസ് ക്ലബ്ബിൽ ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഹാജരാകാൻ കഴിയില്ല എന്ന് കാവ്യ അറിയിച്ചിരുന്നു.എന്നാൽ ഇപ്പോഴത്തെ നോട്ടീസിൽ തനിക്കു മാധ്യമങ്ങളുടെ മുന്നിൽ കൂടി പോലീസ് ക്ലബ്ബിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്.ഇത് തന്നെ കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും കാവ്യ പറയുന്നു.മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തിൽ തന്റെ മൊഴിയെടുക്കാമെന്നാണ് കാവ്യയുടെ നിലപാട്.ഇതിനെ തുടർന്ന് കാവ്യ ആവശ്യപ്പെടുന്നിടത്തു എത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു.ക്രിമിനൽ ചട്ടപ്രകാരം സ്ത്രീകൾ മൊഴി നല്കാൻ എത്താൻ പ്രയാസം പറഞ്ഞാൽ അവർ പറയുന്നിടത്തു പോയി വനിതാ പോലീസ് മൊഴിയെടുക്കണം.രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരയെ ഇത്തരത്തിൽ മൊഴിയെടുക്കാൻ കഴിയൂ.
മദ്യം കഴിച്ച ഒരാൾ മരിച്ചു, മൂന്നുപേർ ആശുപത്രിയിൽ
പാലക്കാട്:കൊഴിഞ്ഞാമ്പാറയിൽ മദ്യം കഴിച്ച് അബോധാവസ്ഥയിലായ ഒരാൾ മരിച്ചു.വിവേകാനന്ദ നഗർ സ്വദേശി പി.കാർത്തികേയനാണ് മരിച്ചത്.പെരുമ്പാറച്ചുള്ള കാളിയപ്പന്റെ മകൻ ആനന്ദ്,മുത്ത് സ്വാമിയുടെ മകൻ ജഗജീഷ്,ഗോപാലപുരം താവളം അറുമുഖന്റെ മകൻ മുരുകൻ എന്നിവരാണ് ചികിത്സയിലുള്ളത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം.വ്യാഴാഴ്ച ഉച്ചയോടെ മേനോൻ പാറയിലെ വിദേശ മദ്യശാലയിൽ നിന്നും അര ലിറ്റർ മദ്യം വാങ്ങിയതായി ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.മറ്റൊരു സുഹൃത്താണ് മദ്യം എത്തിച്ചതെന്നാണ് ഇവരിലൊരാളുടെ മൊഴി.വീര്യം കൂട്ടുന്നതിനായി മദ്യത്തിൽ തിന്നർ കലർത്തിയതായും ഇവരുടെ മൊഴിയിൽ പറയുന്നു.ഇതാണ് മരണ കാരണമെന്നാണ് സൂചന.
വിഷവാതകം ശ്വസിച്ച് ഡൽഹിയിൽ നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു
ന്യൂഡൽഹി:സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു.ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.ദക്ഷിണ ഡൽഹിയിൽ ജിറ്റോർണി മേഖലയിലാണ് ദുരന്തമുണ്ടായത്.ഛത്തർപൂർ അംബേദ്‌കർ കോളനി നിവാസികളായസ്വരൺ സിംഗ്,ദീപു,അനിൽകുമാർ ,ബൽവീന്ദർ എന്നിവരാണ് മരിച്ചത്.സ്വരൺ സിംഗിന്റെ മകൻ ജസ്‌പാൽ ആണ് ചികിത്സയിലുള്ളത്.വൃത്തിയാക്കാനായി സെപ്റ്റിക് ടാങ്കിലിറങ്ങിയ ഇവരെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ നാട്ടുകാർ പരിശോധിക്കുകയായിരുന്നു.പിന്നീട അബോധാവസ്ഥയിൽ ഇവരെ സെപ്റ്റിക് ടാങ്കിനുള്ളിൽ കണ്ടെത്തുകയായിരുന്നു.അഗ്നി രക്ഷാസേനയെത്തിയാണ് ഇവരെ പുറത്തെടുത്തത്.ഒരാളൊഴികെ മറ്റു നാലുപേരും ആശുപത്രിയിലെത്തും മുൻപേ മരിച്ചിരുന്നു.