തൃശൂർ:നടന്‍ ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ. സര്‍ക്കാര്‍ ഭൂമി ആര് കയ്യേറിയാലും അത് തിരിച്ച് പിടിക്കും. പരിശോധനകൾ നടക്കുന്നത് കൊണ്ടാണ് നടപടിക്ക് കാലതാമസം വന്നതെന്ന് തൃശൂർ ജില്ലാകലക്ടർ എ കൌശികനും പ്രതികരിച്ചു.തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ദിലീപിന്‍റെ ഭൂമി കയ്യേറ്റത്തോട് ഇടതുപക്ഷവും സര്‍ക്കാറും മൃദുസമീപനം കൈക്കൊള്ളുന്നു എന്ന ആരോപണം തള്ളി കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ രംഗത്തെത്തിയത്. കൈയേറ്റത്തിന് ഇടത് ജനപ്രതിനിധികളാരും സഹായം ചെയ്തിട്ടില്ലെന്നും കലക്ടറുടെ അന്വേഷണം ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാലക്കുടിയിലെ ദിലീപിന്‍റെ ഡി-സിനിമാസ് സർക്കാർ ഭൂമി കൈയ്യേറിയെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കലക്ടർ എ.കൌശികനും പ്രതികരിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി യായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി:മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി.കെ.കുഞ്ഞാലിക്കുട്ടി എം.പി യായി സത്യപ്രതിജ്ഞ ചെയ്തു.ഇന്ന് രാവിലെ 11 മണിക്ക് ലോക്‌സഭയിലാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്.ലോക്സഭാ സെക്രട്ടറി സത്യവാചകം ചൊല്ലിക്കൊടുത്തു.ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്നും വൻ ഭൂരിപക്ഷത്തോടെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിജയം.
നടിയെ ആക്രമിച്ച സംഭവം: മെമ്മറി കാര്‍ഡ് കണ്ടെത്തി
കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന മെമ്മറി കാര്‍ഡ് അന്വേഷണ സംഘം കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഭിഭാഷകനില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെടുത്തത്.ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പൊലീസിന് ലഭിച്ച കാർഡിലാണോ, ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്ന വിവരം ലഭിക്കാൻ ഫോറന്‍സിക് പരിശോധന നടത്തും. പൾസർ സുനി മെമ്മറി കാർഡ് കൈമാറിയ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ ഇപ്പോള്‍ ഒളിവിലാണ്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ രണ്ടാഴ്ച മുമ്പ് വിദേശത്തേക്ക് കടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ നിരവധി പകര്‍പ്പുകള്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിലൊന്ന് അന്വേഷണസംഘത്തിനും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച മെമ്മറി കാര്‍ഡിലാണോ ആദ്യം ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പരിശോധനകള്‍ക്കുശേഷമെ വ്യക്തമാകൂ.അതേസമയം ദിലീപിന്‍റെ മാനേജർ അപ്പുണ്ണിക്കായി പോലീസ് വലവിരിച്ചു കഴിഞ്ഞു. കേസന്വേഷണത്തിന്‍റെ ഭാഗമായി എംഎൽഎമാരായ പി ടി തോമസ്, അൻവർ സാദത്ത് എന്നിവരുടെ മൊഴിയെടുക്കാനും അന്വഷണസംഘം തീരുമാനിച്ചു. തിരുവനന്തപുരത്ത് വച്ചാണ് മൊഴിയെടുക്കുക.
സ്വകാര്യ ആശുപത്രികളിൽ ജോലിക്കു പോകില്ലെന്ന് നഴ്സിംഗ് സ്കൂളിലെ വിദ്യാർഥികൾ
കണ്ണൂർ:നഴ്‌സുമാരുടെ സമരം നടക്കുന്ന ആശുപത്രികളിൽ ജോലിക്കു പോകണമെന്ന ഉത്തരവിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം.പരിയാരം മെഡിക്കൽ കോളേജ് നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.കോളേജിന് മുൻപിൽ പഠിപ്പു മുടക്കി വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കുകയാണ്.നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാർഥികൾ പ്രകടനവും നടത്തി. നഴ്‌സുമാർക്ക് പകരം നഴ്സിംഗ് വിദ്യാർത്ഥികളെ സേവനത്തിനിറക്കാൻ ഉത്തരവിറക്കിയ കണ്ണൂർ ജില്ലാ കളക്റ്ററുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഴ്സിംഗ് അസോസിയേഷനുകൾ അറിയിച്ചിട്ടുണ്ട്.
ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്റ്റ് എന്നും ജാമ്യം നിഷേധിക്കാൻ ഇത് മതിയായ കാരണമല്ലെന്നും പ്രതിഭാഗം വാദിക്കും.കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കണമെന്ന വാദവും പ്രതിഭാഗം ഉന്നയിക്കാനാണ് സാധ്യത.മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ദിലീപ്.
കുളിപ്പിക്കുമ്പോൾ മാതാവിന്റെ കയ്യിൽ നിന്നും കുഞ്ഞ് കിണറ്റിൽ വീണു
കൂത്തുപറമ്പ്:കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മയുടെ കയ്യിൽ നിന്നും അബദ്ധത്തിൽ കുഞ്ഞു കിണറ്റിൽ വീണു.മമ്പറം പറമ്പായി കുഴിയിൽ പീടികയിൽ റൈസലിന്റെയും സറീനയുടെയും മകൻ ഒൻപതു മാസം പ്രായമായ അഫാസാണ് കിണറ്റിൽ വീണത്.ഞായറഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.ഇടതു കയ്യിൽ കുഞ്ഞിനെ ഉയർത്തിപ്പിടിച്ച് കുനിഞ്ഞിരുന്ന് വലുത് കൈകൊണ്ടു സോപ്പെടുക്കുമ്പോൾ കൈയ്യിൽ നിന്നും വഴുതി കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു.18 കോൽ ആഴമുള്ള കിണറ്റിൽ 7 കോൽ വെള്ളമുണ്ടായിരുന്നു.സെറീനയുടെ കരച്ചിൽ കേട്ട് അടുത്ത പറമ്പിൽ ജോലി ചെയ്യുകയായിരുന്ന ഷെരീഫും മുഹമ്മദും ഓടിയെത്തി.സംഭവമറിഞ്ഞ ഇവർ കിണറ്റിലേക്ക് എടുത്തു ചാടി.വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.രക്ഷാപ്രവർത്തനത്തിനിടെ കൈക്കു പരിക്കേറ്റ ഇവരെ കൂത്തുപറമ്പ് അഗ്നിരക്ഷാസേനയിലെ ലീഡിങ് ഫയർമാൻ കെ.കെ.ദിലീഷും സംഘവും ചേർന്ന് കരയ്‌ക്കെത്തിച്ചു.സ്വന്തം ജീവൻ അവഗണിച്ചും കുഞ്ഞിനെ രക്ഷപ്പെടുത്തിയ ഇവരെ നാട്ടുകാർ അഭിനന്ദിച്ചു.പരിക്കേറ്റ കുഞ്ഞിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ നാലു പേരെ കാണാതായി
കൽപ്പറ്റ:വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ നാലു പേരെ കാണാതായി.കൊട്ടത്തോണിയിൽ മീൻ പിടിക്കാൻ പോയ ഏഴു പേരാണ് അപകടത്തിൽ പെട്ടത്.ഇതിൽ മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.തുഷാരഗിരി സ്വദേശികളായ സച്ചിൻ,ബിനു,മെൽവിൻ,വിൽസൺ എന്നിവരെയാണ് കാണാതായത്.ഇന്നലെ രാത്രി 11.45 ഓടെ ആണ് ഇവർ റിസർവോയറിൽ മീൻപിടിക്കാൻ ഇറങ്ങിയത്.രണ്ടു തോണികളിലായാണ് ഇവർ ഇറങ്ങിയത്.തോണികൾ തമ്മിൽ കൂട്ടികെട്ടിയിരുന്നു.മൂന്നുപേർ കരയ്ക്കു നീന്തി കയറിയെങ്കിലും മറ്റുള്ളവരെ രക്ഷിക്കാനായില്ല.കാണാതായവർക്കു വേണ്ടി വനം വകുപ്പും ഫയർഫോഴ്സും തിരച്ചിൽ തുടരുകയാണ്.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡൽഹി:രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്.സംസ്ഥാന നിയമ സഭകളിലും പാര്ലമെന്റിലുമാണ് പോളിംഗ് ബൂത്തുകൾ.സംസ്ഥാന നിയമസഭകളിലെ ബാലറ്റുപെട്ടികൾ ഡൽഹിയിൽ എത്തിച്ച ശേഷമാണ് വോട്ടെണ്ണുക.എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് പ്രതിപക്ഷ സ്ഥാനാർഥി മീരാകുമാറിനേക്കാൾ വ്യക്തമായ മുൻതൂക്കമുണ്ട്.വോട്ടെണ്ണൽ ഈ മാസം 20 നു നടക്കും.
നഴ്‌സുമാർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം നൽകാമെന്ന് ആശുപത്രി മാനേജ്മെന്റുകൾ
തിരുവനന്തപുരം:സ്വകാര്യ ആശൂപത്രിയിലെ നഴ്സുമാർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം നല്കാൻ തയ്യാറാണെന്ന് ആശുപത്രി മാനേജ്‍മെന്റുകൾ.ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.അതെ സമയം സുപ്രീം കോടതി നിശ്ചയിച്ച അടിസ്ഥാന ശമ്പളം നൽകണമെന്ന ഉറച്ച തീരുമാനത്തിലാണ് നഴ്സുമാരുടെ സംഘടനകൾ.ഇക്കാര്യത്തിൽ സർക്കാർ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് അവരുടെ ആവശ്യം.സർക്കാർ നിശ്ചയിച്ച ശമ്പളം നൽകാമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ നഴ്‌സുമാർ സമരത്തിൽ നിന്ന് പിന്മാറണമെന്ന അഭ്യർത്ഥനയും ആശുപത്രി മാനേജ്മെന്റുകൾ മുന്നോട്ട് വെച്ചിട്ടുണ്ട്.
നഴ്‌സുമാരുടെ സമരം നേരിടാൻ കണ്ണൂരിൽ നിരോധനാജ്ഞ
കണ്ണൂർ:കണ്ണൂരിൽ നഴ്‌സുമാരുടെ സമരത്തെ നേരിടാൻ ജില്ലാ ഭരണകൂടം ശക്തമായ നടപടികളിലേക്ക്.ഇതിന്റെ ഭാഗമായി സമരം നടത്തുന്ന ഒൻപതു ആശുപത്രികളുടെ പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു.ആശുപത്രികളിൽ ജോലി ചെയ്യാനെത്തുന്ന നഴ്സിംഗ് വിദ്യാർത്ഥികളുടെ സുരക്ഷാ ഉറപ്പാക്കാനാണ് ഇത്.പതിനെട്ടു ദിവസമായി നഴ്സുമാർ നടത്തിവരുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.തിങ്കളാഴ്ച മുതൽ അഞ്ചു ദിവസത്തേക്ക് ജില്ലയിലെ നഴ്സിംഗ് കോളേജുകളിൽ അധ്യയനം നിർത്തണമെന്നും ഒന്നാം വർഷ വിദ്യാർഥികൾ ഒഴികെയുള്ള എല്ലാവരെയും സമരം നടക്കുന്ന ആശുപത്രികളിൽ വിന്യസിപ്പിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിൽ പറയുന്നു.ദിവസം 150 രൂപ ശമ്പളവും വാഹന സൗകര്യവും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ വിദ്യാർത്ഥികൾക്ക് നൽകണം.വിദ്യാർഥികൾ ആശുപതിയിലേക്കു പോകുമ്പോൾ പോലീസ് സംരക്ഷണം നൽകണം.ഒപ്പം ആശുപത്രികൾക്കും പോലീസ് സുരക്ഷ നൽകണം.ഇവർക്കാവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകർ നൽകണം.കൂടാതെ കളക്റ്റർക്കു റിപ്പോർട്ട് നൽകുകയും വേണം.ജോലിക്കു ഹാജരാകാത്ത വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ആവശ്യമെങ്കിൽ കോഴ്‌സിൽ നിന്നും പിരിച്ചു വിടുകയും ചെയ്യണമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.