ന്യൂഡൽഹി:അസാധുവാക്കിയ നോട്ടുകൾ മാറ്റിയെടുക്കാൻ ഇനിയും അവസരം നൽകാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.ഇനി ഒരു അവസരം കൂടി നൽകിയാൽ അത് നോട്ട് പിൻവലിക്കലിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ തകർക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു അവസരം കൂടി നല്കിക്കൂടെയെന്നു ഇത് സംബന്ധിച്ച കേസുകൾ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.മാർച്ച് 31 നകം അസാധു നോട്ടുകൾ മാറ്റാൻ കഴിയാത്തവർക്ക് ഇനിയും സമയം നൽകണമെന്ന് കേന്ദ്രസർക്കാരിനോടും റിസേർവ് ബാങ്കിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.ഈ വിഷയത്തിലാണ് കേന്ദ്രം ഇപ്പോൾ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
ബാലഭവൻ പീഡനം;ഒളിവിൽ പോയ വൈദികൻ പിടിയിൽ
വയനാട്:മീനങ്ങാടിയിലെ ബാലഭവനിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന വൈദികൻ അറസ്റ്റിൽ.കണ്ണൂർ കൊട്ടിയൂർ സ്വദേശി സജി ജോസഫ് ആണ് പിടിയിലായത്.ഇയാളെ മംഗലാപുരത്തു നിന്നാണ് പിടികൂടിയത്.പല സ്ഥലങ്ങളിലായി ഒളിച്ചു കഴിയുകയായിരുന്ന ഇയാൾ മംഗലാപുരത്തു ഒരു ബന്ധുവിന്റെ തോട്ടത്തിൽ ഒളിച്ചു കഴിയുകയായിരുന്നു.ഇയാളുടെ പേരിൽ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.സ്കൂൾ അവധിക്കാലത്തു വൈദികൻ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആൺകുട്ടികൾ മൊഴിനൽകിയത്.കഴിഞ്ഞ അധ്യയനവര്ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോഴിക്കോട് ബൈപാസിൽ യുവാവിന്റെ മൃതദേഹം
കോഴിക്കോട്:കോഴിക്കോട് ബൈപാസിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.രാത്രി ബൈപാസിലൂടെ പോയ ഏതെങ്കിലും വാഹനം ഇടിച്ചായിരിക്കാം മരണം എന്നാണ് പോലീസിന്റെ നിഗമനം.ബൈപാസിൽ ഹൈലൈറ് മാളിനടുത്താണ് സമീപവാസിയായ സുധീഷ് എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നില്ല.സുധീഷിന്റെ അമ്മ രാവിലെ പണിക്കു പോകുമ്പോഴാണ് മൃതദേഹം കണ്ടത്.മൃതദേഹത്തിനടുത്തു നിന്നും ഇടിച്ചതെന്നു കരുതുന്ന വാഹനത്തിന്റെ ഭാഗങ്ങളും കിട്ടിയിട്ടുണ്ട്.നല്ലളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോഴിവില കൂട്ടണമെന്ന് വ്യാപാരികൾ
തിരുവനന്തപുരം:കോഴിയിറച്ചിയുടെ വില കൂട്ടണമെന്ന് വ്യാപാരികൾ.ഇറച്ചി കോഴിക്ക് കിലോഗ്രാമിന് 115 രൂപയായി വർധിപ്പിക്കണം.കോഴിയിറച്ചിക്ക് 170 രൂപ വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
മെഡിക്കൽ വിദ്യാർത്ഥിനി ഷംന തസ്‌നീമിന്റെ മരണം ചികിത്സാപിഴവുമൂലം
കൊച്ചി:കളമശ്ശേരി മെഡിക്കൽ കോളേജ് വിദ്യർത്ഥിനിയായിരുന്ന ഷംന തസ്‌നീമിന്റെ മരണ കാരണം ഗുരുതരമായ ചികിത്സ പിഴവെന്ന് റിപ്പോർട്ട്.ക്രൈംബ്രാഞ്ചിന്റെയും മെഡിക്കൽ അപെക്സ് ബോർഡിന്റെയും റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളത്.മെഡിസിൻ വിഭാഗം മേധാവി ഡോ.ജിൽസ് ജോർജ്,ഒന്നാം വർഷ പി.ജി മെഡിസിൻ വിദ്യാർത്ഥി ഡോ.ബിനോ ജോസ്,നഴ്സിംഗ് സൂപ്രണ്ട് എന്നിവരടക്കം 15 പേർ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.മെഡിക്കൽ കോളേജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു ഷംന.പനിക്ക് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചെങ്കിലും മാറാത്തതിനെ തുടർന്ന് ഡോക്ടറിന്റെ നിർദേശപ്രകാരം ഇൻജെക്ഷൻ നൽകുകയും തുടർന്ന് ബോധരഹിതയായി വീഴുകയുമായിരുന്നു.തുടർന്നാണ് മരണം സംഭവിച്ചത്.
നടൻ മുകേഷിന്റെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ മുകേഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.അന്വേഷണ ഉദ്യോഗസ്ഥർ എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്തിയത്.ചോദ്യം ചെയ്യൽ ഒന്നര മണിക്കൂർ നീണ്ടു നിന്നു.പൾസർ സുനിയെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത് എന്ന് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന നടക്കുന്ന സമയത്ത് പൾസർ സുനി മുകേഷിന്റെ ഡ്രൈവർ ആയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മുകേഷിന്റെ മൊഴി എടുത്തത്.
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യഴാഴ്ചത്തേക്കു മാറ്റി
കൊച്ചി:കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.അടിയന്തിര പരിഗണന വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.തനിക്കെതിരെ തെളിവൊന്നുമില്ല,സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്.അറസ്റ്റ് സംശയത്തിന്റെ നിഴലിലാണ്,എന്നാണ് ദിലീപ് സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നത്.അതേസമയം കേസിലെ മുഖ്യ പ്രതി സുനിൽകുമാറിന് ക്വട്ടേഷൻ തുക കൈമാറാൻ ശ്രമിച്ചതായി പോലീസ് കരുതുന്ന ദിലീപിന്റെ മാനേജർ അപ്പുണി പോലീസ് പിടിയിലാകുന്നതിനു മുൻപ് ജാമ്യം നേടണമെന്ന് ദിലീപിന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്.
സഹോദരൻ അനൂപ് ജയിലിലെത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സഹോദരൻ അനൂപ് ജയിലിൽ സന്ദർശിച്ചു.ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അനൂപ് ജയിലിലെത്തിയത്.കൂടിക്കാഴ്ച പത്തു മിനിട്ടു നീണ്ടു നിന്നു.അനൂപിനൊപ്പം മറ്റു രണ്ടുപേർ കൂടി ജയിലിലെത്തിയിരുന്നു.
ബസിറങ്ങി റോഡിൽ വഴുതിവീണ വീട്ടമ്മ അതേ ബസിടിച്ചു മരിച്ചു
നഴ്സുമാരുടെ സമരം ജനകീയ സമരസമിതി ഏറ്റെടുത്തു
കണ്ണൂർ:ജില്ലയിലെ നഴ്സുമാരുടെ സമരം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ജനകീയ സമരസമിതി ഏറ്റെടുത്തു. 19നു രാവിലെ പത്തിനു പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചു കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്താൻ സമിതി തീരുമാനിച്ചു. നഴ്സുമാർക്ക് പകരം നഴ്സിങ് വിദ്യാർഥികളെ ആശുപത്രികളിൽ നിയോഗിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്നു സമരസമിതി വ്യക്തമാക്കി.ജനകീയ സമര സമിതിയുടെ ചെയർമാനായി കെപിസിസി എക്സിക്യൂട്ടീവ് അംഗം മാർട്ടിൻ ജോർജിനെയും ജനറൽ കൺവീനറായി ഡോ.ഡി.സുരേന്ദ്രനാഥിനെയും വർക്കിങ് ചെയർമാനായി ജിതേഷ് കാഞ്ഞിലേരിയെയും ട്രഷററായി പി.പ്രശാന്തിനെയും തിരഞ്ഞെടുത്തു.ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഐഎൻഎ നേതൃത്വം അറിയിച്ചു.ആശുപത്രികളിലേക്ക് ഡ്യൂട്ടിക്കായി എത്തിക്കുന്ന നഴ്സിങ് വിദ്യാർഥികളെ തടയില്ല. ഉപാധികളില്ലാതെ ചർച്ചയ്ക്ക് സർക്കാർ വിളിച്ചാൽ പങ്കെടുക്കും. പ്രശ്നം സംബന്ധിച്ചു പ്രധാനമന്ത്രി, കേന്ദ്ര തൊഴിൽമന്ത്രി,കേന്ദ്ര ആരോഗ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകുമെന്നും എൻഐഎ നേതൃത്വം അറിയിച്ചു.