കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ പോസ്കോ കേസും. തുടര്‍വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സണ്‍ മാവുങ്കല്‍ പീഡിപ്പിച്ചതായാണ് പരാതി. കൊച്ചി വൈലോപ്പിള്ളി നഗറിലുള്ള മോന്‍സണിന്റെ വീട്ടില്‍ വച്ചും കൊച്ചിയില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ വച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് മോന്‍സണിനെതിരെ ബലാത്‌സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോഴാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് കഴിഞ്ഞ ദിവസം നല്‍കിയ പരാതിയില്‍ പറയുന്നു. മോന്‍സണിന്റെ നിലവിലുള്ള തട്ടിപ്പുകേസുകള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം തന്നെ ഈ കേസും അന്വേഷിക്കാന്‍ സാദ്ധ്യതയുണ്ട്. മോന്‍സണിന്റെ ഉന്നത ബന്ധങ്ങള്‍ അറിയാവുന്നതിനാല്‍ ഭയം കൊണ്ടാണ് ഇത്രയും നാളായി പരാതിയൊന്നും നല്‍കാത്തതെന്ന് പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
ഇടുക്കി അണക്കെട്ട് 11 മണിയോടെ തുറക്കും; അതീവ ജാഗ്രത നിർദേശം
ഇടുക്കി: ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്.സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുക. അതേസമയം, അണക്കെട്ടിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് തുറക്കാന്‍ പോകുന്നത്.താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഇടുക്കിയില്‍ ഇപ്പോഴും ഒറ്റപ്പെട്ട മഴ തുടരുകയാണ്. ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി-കട്ടപ്പന റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടേക്കാം. ഏറ്റവും അവസാനം ആലുവാപ്പുഴയിലെത്തി അറബിക്കടലിലായിരിക്കും വെള്ളം ചേരുക.ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും. പിന്നാലെ മറ്റു രണ്ടു ഷട്ടറുകളും ഉയർത്തും.
അതേസമയം അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് വ്യക്തമാക്കി. അണക്കെട്ടുകളെക്കുറിച്ചുള്ള ഭീതിജനകമായ വാര്‍ത്തകളും സന്ദേശങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഡാം തുറക്കുന്നത് പരിഗണിച്ച് സർക്കാരിന്റെ നിര്‍ദേശങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അഭ്യര്‍ത്ഥിച്ചു. അപകടമേഖലകളിലുള്ള ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണം. അല്ലാത്തവരെ അറസ്റ്റ് ചെയ്ത് മാറ്റേണ്ടി വരുമെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി. 2018 ല്‍ പ്രളയമുണ്ടായപ്പോള്‍ ഇടുക്കിയിലും കോട്ടയത്തും പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിയത്. ജനങ്ങള്‍ ജാഗ്രത കൈവിടരുത്. റവന്യൂ ഉദ്യോഗസ്ഥര്‍ അഞ്ചുദിവസം ജില്ലയില്‍ തങ്ങാനും മന്ത്രി നിര്‍ദേശിച്ചു.ഇടുക്കിയില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ജലനിരപ്പ് കുറഞ്ഞാല്‍ ഉടന്‍ ഷട്ടറുകള്‍ അടയ്ക്കും. എപ്പോഴും നിരീക്ഷണമുണ്ടാകുമെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 6676 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.72%; 11,023 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6676 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂർ 732, കൊല്ലം 455, കണ്ണൂർ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസർഗോഡ് 148 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9. 72% ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6331 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 267 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,023 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1010, പത്തനംതിട്ട 603, ആലപ്പുഴ 404, കോട്ടയം 1079, ഇടുക്കി 430, എറണാകുളം 1015, തൃശൂർ 1602, പാലക്കാട് 781, മലപ്പുറം 790, കോഴിക്കോട് 1011, വയനാട് 367, കണ്ണൂർ 611, കാസർഗോഡ് 146 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; പമ്പയിൽ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യത; തീരദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട: കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നതോടെ പമ്പാനദിയിൽ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.പമ്പ, റാന്നി, ആറന്മുള, ചെങ്ങന്നൂര്‍ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്.ഇതോടെ പമ്പയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്നും ആളുകള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പമ്പ അണക്കെട്ടില്‍ നിലവില്‍ റെഡ് അലര്‍ട്ടാണ്. ജലനിരപ്പ് 984.62 ല്‍ എത്തി.പമ്പയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്ന സാഹചര്യത്തില്‍ തുലാ മാസ പൂജക്കായി (19, 20, 21 തീയതികളില്‍) ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം.നിലവിലെ സാഹചര്യത്തിൽ ശബരിമല ദര്‍ശനത്തിനായി സംസ്ഥാനത്തിന്റെ പല കേന്ദ്രങ്ങളിലും കാത്തു നില്‍ക്കുന്ന അയ്യപ്പഭക്തര്‍ തിരികെ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.
കാസർകോട് മൂന്നുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു
കാസര്‍കോട്: നീലേശ്വരത്ത് മൂന്നുമാസം പ്രായമായ കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശി രമ്യയും കുഞ്ഞുമാണ് മരിച്ചത്.കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. പ്രസവത്തിന് ശേഷം രമ്യയ്‌ക്ക് വിഷാദ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. മൃതദേഹം കാസർകോഡ് ജില്ലാ ആശുപത്രിയിലാണ്.ഞായറാഴ്ച രാത്രി ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് കിണറിന് സമീപത്തു കിടന്ന മൊബൈല്‍ ഫോണിന്റെ ശബ്ദം കേട്ടാണ് ഇരുവരെയും കണ്ടെത്തിയത്.ഭര്‍ത്താവ് പ്രതീഷ് വിമുക്ത ഭടനാണ്. ഏഴു വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്.
ഇടുക്കി ഡാം നാളെ 11 മണിക്ക് തുറക്കും; ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും
ഇടുക്കി:ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി ഡാമില്‍ ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള മുന്നറിയിപ്പ് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലാണ് അടിയന്തര തീരുമാനം.നിലവില്‍ ജലനിരപ്പ് 2397.38 അടിയായി ഉയര്‍ന്നു. സംഭരണ ശേഷിയുടെ 94 ശതമാനം വരും ഇത്. നാളെ രാവിലെ ഏഴുമണിയോടെ അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയില്‍ ജലനിരപ്പ് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനം. 65ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.സര്‍ക്കാരും അധികാരികളും നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അണക്കെട്ടുകൾ നിറയുന്നു;സാഹചര്യം വിലയിരുത്താൻ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:കനത്ത മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകൾ നിറയുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് മണിയോടെയാണ് യോഗം ആരംഭിക്കുക. മഴ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇടുക്കി പമ്പ അണക്കെട്ടുകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2396.86 അടിയിലെത്തി. അണക്കെട്ടിലെ സംഭരണശേഷിയുടെ 92.6 ശതമാനം വെള്ളമാണ് നിലവിലുള്ളത്. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഡാമുകൾ തുറക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ട ആവശ്യമില്ല. ഡാമുകൾ തുറക്കേണ്ടിവന്നാൽ പകൽ സമയങ്ങളിൽ മാത്രമേ തുറക്കൂ. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ തിരിച്ചെത്തിച്ചത് സാഹസികമായി
കണ്ണൂര്‍: കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിനെ ബലമായി കരയില്‍ എത്തിച്ച് അഗ്‌നിരക്ഷാ സേന. കണ്ണൂര്‍ എടക്കാട് കിഴുന്ന സ്വദേശി കെകെ രാജേഷിനെയാണ് അഗ്നി രക്ഷ സേനയും നാട്ടുകാരും രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്.ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് നടകീയ സംഭവങ്ങള്‍. തോട്ടട കിഴുന്ന കടപ്പുറത്ത് നിന്നും 200 മീറ്റര്‍ അകലെയാണ് കടലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറ. ആ പാറയിലേക്കാണ് രാജേഷ് നീന്തി ചെന്നത്.പിന്നീട് അവിടെ ധ്യാനമിരിക്കുകയായിരുന്നു. കടപ്പുറത്ത് നടക്കാനിറങ്ങിയവര്‍ ഈ കാഴ്ച കണ്ടിരുന്നു. കടല്‍ ക്ഷോഭം മനസിലാക്കിയ ഇവര്‍ രാജേഷ് അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു.കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൂറ്റന്‍ തിരമാലകള്‍ പാറയിലേക്ക് ആഞ്ഞടിക്കുന്നുണ്ടായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നും എത്തിയ അഗ്നി രക്ഷ സേന നാട്ടുകാരുടെ സഹായത്തോടെ രാജേഷിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. കരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തെ രാജേഷ് ബലം പ്രയോഗിച്ച് ചെറുത്തെങ്കിലും നാട്ടുകാരും സേനയും ഇതേ രീതിയില്‍ ബലം പ്രയോഗിച്ച് യുവാവിനെ കരയ്ക്ക് എത്തിച്ചു.
പ്രളയത്തിൽ മുങ്ങി സംസ്ഥാനം;ആകെ മരണം 27 ആയി; 22 മൃതദേഹങ്ങൾ കണ്ടെത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി. കോട്ടയം ഇടുക്കി ജില്ലകളിലായി ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കോട്ടയം ജില്ലയിൽ 13 മരണവും ഇടുക്കിയിൽ 9 മരണവും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കൊക്കയാറിൽ രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പ്രദേശത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് തെരച്ചിൽ തുടരുന്നത്.പമ്പ ഡാമിൽ ജലനിരപ്പ് പരമാവധിയോട് അടുക്കുന്ന പശ്ചാത്തലത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 132 അടിയോട് അടുക്കുന്നുണ്ട്. ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്. ഇടുക്കിയിലെ മറ്റ് ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കല്ലട ഡാം, കക്കി ഡാം എന്നീ അണക്കെട്ടുകളാണ് തുറക്കുക.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജയസൂര്യ മികച്ച നടൻ;നടി അന്ന ബെൻ;ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമ
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ. ചിത്രം വെള്ളം.കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച സിനിമ.ശ്രീരേഖയാണ് മികച്ച സ്വഭാവ നടി. ചിത്രം വെയിൽ. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നടൻ സുധീഷും സ്വന്തമാക്കി. അയ്യപ്പനും കോശിയുമാണ് ജനപ്രിയ ചിത്രം.മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം നിത്യാ മാമന് ലഭിച്ചു. അഭിനയത്തിന് പ്രത്യേക ജൂറി അവാർഡ് സിജി പ്രദീപിന് ലഭിച്ചു. മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം റഷീദ് അഹമ്മദ് സ്വന്തമാക്കി. എ ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. ചിത്രം സൂഫിയും സുജാതയും. ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്.നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.