കൊച്ചി:താരസംഘടനയായ ‘അമ്മ വൻ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തി.താര നിശകൾക്കായി കിട്ടിയ എട്ടു കോടിയിലധികം രൂപയുടെ പ്രതിഫലം ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വകമാറ്റിയാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.എന്നാൽ നികുതി വെട്ടിപ്പിനെതിരായ നടപടിക്കെതിരെ ആദായ നികുതി വകുപ്പിന്റെ അപ്പീൽ അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് ‘അമ്മ.റിക്കവറി അടക്കമുള്ള നടപടിക്കെതിരെ ഇടക്കാല സ്റ്റേയും ഹൈക്കോടതിയിൽ നിന്നും ‘അമ്മ വാങ്ങിയിട്ടുണ്ട്.എട്ടു കോടിയിലധികം വരുമാനമുണ്ടായെങ്കിലും രണ്ടു കോടി രൂപ മാത്രമാണ് വരവ് വെച്ചതെന്നാണ് കണ്ടെത്തൽ.ബാക്കി തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് ‘അമ്മ നൽകുന്ന വിശദീകരണം.എന്നാൽ ഇതിന്റെ കണക്കും പൂർണ്ണമായും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വർണം പിടിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ യാതക്കാരനിൽ നിന്നും മൂന്ന് കിലോ സ്വർണം പിടിച്ചു.ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.കോഴിക്കോട് സ്വദേശിയാണിയാൾ.ഇയാളെ കസ്റ്റംസ് അധികൃതർ വിശദമായി ചോദ്യം ചെയ്യുകയാണ്.
അഡ്വ.പ്രതീഷ് ചാക്കോ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ്
തളിപ്പറമ്പിൽ കൂറ്റൻ പരസ്യ ബോർഡ് ശക്തമായ കാറ്റിൽ വൈദ്യതി ലൈനിനു മുകളിലേക്ക് തകർന്നു വീണു
തളിപ്പറമ്പ:തളിപ്പറമ്പ് ദേശീയപാതയിൽ കെട്ടിടത്തിന് മുകളിൽ നിന്നും കൂറ്റൻ പരസ്യ ബോർഡ് കാറ്റിൽ തകർന്നു വീണു.നടപ്പാതയിലേക്കു വീണ ബോർഡ് വൈദ്യുതി കമ്പിയിൽ തങ്ങി നിൽക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.ദേശീയ പാതയോരത്തു പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലെ കൂറ്റൻ ബോർഡാണ് ശക്തമായ കാറ്റിൽ തകർന്നു വീണത്.തളിപ്പറമ്പ് നഗരത്തിലെ തിരക്കേറിയ ഭാഗമാണിത്.സദാസമയവും നിരവധി ആളുകൾ നടന്നു പോകുന്ന ഈ ഭാഗത്ത് നിരവധി വാഹനങ്ങളും പാർക്ക് ചെയ്യാറുണ്ട്.അതിശക്തമായ കാറ്റിൽ ബോർഡ് ബിൽഡിങ്ങിനു മുകളിൽ ഉറപ്പിച്ചു കോൺക്രീറ്റ് ചെയ്ത ഭാഗം ഇളകിയാണ് ചെരിഞ്ഞ് വീണത്.ഇലെക്ട്രിസിറ്റി ഹൈടെൻഷൻ ലൈനിനു മുകളിൽ തങ്ങി നിന്ന ബോർഡ് അഗ്നിശമന സേനയെത്തിയാണ് മുറിച്ചു മാറ്റിയത്.
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ദിലീപിന് വേണ്ടി അഡ്വക്കേറ്റ് രാംകുമാറാണ് ഹൈക്കോടതിയിൽ ഹാജരാകുന്നത്.അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.ദിലീപിന് ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.പൾസർ സുനിയുടെ മുൻ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകും.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്;ഫലം ഇന്നറിയാം
ന്യൂഡൽഹി:രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ അറിയാം.എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥി മീര കുമാറും തമ്മിലാണ് മത്സരം.പാർലമെന്റ് മന്ദിരത്തിൽ രാവിലെ 11 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.പാർലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറക്കുക.തുടർന്ന് സംസ്ഥാന നിയമസഭകളിൽ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകൾ സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലീഷ് അക്ഷരക്രമത്തിൽ എണ്ണും.776 എം.പി മാരും 4120 എം.എൽ.എ മാരുമാണ് ഇത്തവണ വോട്ടു ചെയ്തത്.ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ.വൈകിട്ട് അഞ്ചു മണിയോടെ ഫലം പ്രഖ്യാപിക്കും.വോട്ടെണ്ണൽ പൂർത്തിയായ ശേഷം വിജയിക്ക് വരണാധികാരി അനൂപ് മിശ്ര സാക്ഷ്യപത്രം നൽകും.
ബാണാസുരസാഗർ ഡാമിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി
വയനാട്:ബാണാസുരസാഗർ ഡാമിൽ കുട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.കോഴിക്കോട് തുഷാരഗിരി സ്വദേശി സച്ചിൻ ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഡാമിൽ പൊങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തിപെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.ഒരാളെ കൂടി കാണാതായിട്ടുണ്ട്.ഇന്ന് നല്ല കാലാവസ്ഥയായതിനാൽ തിരച്ചിൽ നടത്തുന്നതിന് സഹായകരമാകുന്നെന്നാണ് കരുതുന്നത്.അപകടം നടന്ന സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ഇന്നലെ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ദിലീപിന് ജാമ്യം ലഭിക്കാൻ സഹോദരൻ ജഡ്ജിയമ്മാവൻ കോവിലിൽ
കോട്ടയം:നടൻ ദിലീപിന്റെ സഹോദരൻ അനൂപ് കോട്ടയം പൊന്കുന്നതിനു സമീപം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തി.ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അനൂപ് ജഡ്ജിയമ്മാവന്റെ മുന്നിലെത്തി വഴിപാടുകൾ നടത്തിയത്.ചൊവ്വാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ക്ഷേത്രത്തിലെത്തിയ അനൂപ് ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അടവഴിപാട് കഴിച്ചു.വ്യവഹാരങ്ങളിൽ തീർപ്പാകാതെ ബുദ്ധിമുട്ടുന്നവർ ഇവിടെയെത്തി പ്രാർത്ഥിച്ചാൽ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മഞ്ജു സാക്ഷിയാകില്ല
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മഞ്ജു സാക്ഷിയാകുമെന്ന വാർത്ത തെറ്റാണെന്നു ആലുവ റൂറൽ എസ്.പി എ.വി ജോർജ്.മഞ്ജു വാര്യർ ഉൾപ്പെടെ ഒരു നടിയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ദിലീപിന് ജാമ്യം നിഷേധിക്കാൻ മാത്രം ശക്തമാണ് തെളിവുകളെന്നും എസ്.പി പറഞ്ഞു.തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കനത്ത മഴ,വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കൽപ്പറ്റ:വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.കനത്ത മഴയെ തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.