തലശ്ശേരി:മാലിന്യം കടലിലേക്കു തള്ളുന്നതിനിടയിൽ മിനിലോറി കടലിലേക്കു വീണു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. കെട്ടിടാവശിഷ്ടങ്ങൾ നിറച്ചു കടലിൽ തള്ളാനെത്തിയതായിരുന്നു. കടൽഭിത്തിയിലേക്കു കയറ്റി വച്ചു മാലിന്യം തള്ളാനൊരുങ്ങിയപ്പോഴാണ് അപകടം. ഡ്രൈവർ സനൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.വിവരം അറിഞ്ഞു എസ്ഐമാരായ വി.കെ.പ്രകാശൻ, രാജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി. രണ്ടു മണിയോടെ ക്രെയിൻ ഉപയോഗിച്ചു ലോറി കരയ്ക്കെത്തിച്ചു.
നാലു കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു
കണ്ണൂർ:നാലു കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കൊളച്ചേരിപ്പറമ്പ് സ്വദേശി എം.വിഷ്ണു കൃഷ്ണ(21) ആണ് അറസ്റ്റിലായത്.കണ്ണൂർ എസ്.പി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പി യുടെ ഷാഡോ പോലീസ് അംഗങ്ങളായ സി.പി മഹേഷ്,എ.സുഭാഷ്,മിഥുൻ എന്നിവർ നടത്തിയ പരിശ്രമത്തിലാണ് പ്രതി അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും ബസ്സിൽ എത്തിച്ച കഞ്ചാവ് കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്. ഇടപാടുകാരനെന്ന വ്യാജേനയാണ് പോലീസ് ഇയാളെ സമീപിച്ചത്.പിടികൂടിയ കഞ്ചാവ് എക്‌സൈസ് ഓഫീസർ രഘുനാഥിന്റെ സാന്നിധ്യത്തിൽ അളന്നുതിട്ടപ്പെടുത്തി.
ബിജെപി കോര്‍കമ്മറ്റി യോഗം റദ്ദാക്കി
ആലപ്പുഴ:ഇന്ന് ആലപ്പുഴയില്‍ ചേരാനിരുന്ന നിര്‍ണായക കോര്‍ കമ്മിറ്റി യോഗം ബി ജെ പി റദ്ദാക്കി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പനി ബാധിച്ചതിനാലാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. നാളെ തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റിയോഗം ചേരും.മെഡിക്കല്‍ കോളേജ് കോഴ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ അതി നിര്‍ണായകമായിരുന്നു ഇന്ന് ചേരാനിരുന്ന കോര്‍ കമ്മിറ്റിയോഗം. നേതൃത്വത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയ അന്വേഷണ റിപ്പോര്‍ട്ടും, അത് മാധ്യമങ്ങളില്‍ പ്രചരിച്ചതും പൊട്ടിത്തെറിയുടെ വക്കിലാണ് പാര്‍ട്ടിയെ എത്തിച്ചത്. ഇതിനിടെയാണ് കോര്‍ കമ്മിറ്റി യോഗം റദ്ദാക്കിയത്.സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സുഖമില്ലാത്തതിനാലാണ് കോര്‍ കമ്മിറ്റിയോഗം മാറ്റിയതെന്നാണ് ബിജെപിയുടെ വിശദീകരണം. തിരുവനന്തപുരത്തുള്ള കുമ്മനത്തിന് ആലപ്പുഴയിലേക്ക് യാത്ര ചെയ്യാനാവില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. അതേസമയം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കോര്‍ കമ്മിറ്റിയില്‍ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ആ ഒരു നാണക്കേട് കൂടി ഒഴിവാക്കാനാണ് കോര്‍ കമ്മിറ്റി റദ്ദാക്കിയതെന്നും സൂചനയുണ്ട്.
മെഡിക്കൽ കോഴ വിവാദം;എം.ടി രമേശ് അമിത് ഷായ്ക്ക് പരാതി നൽകും
തിരുവനന്തപുരം:മെഡിക്കൽ കോഴ വിവാദത്തിൽ എം.ടി രമേശ് അമിത് ഷായ്ക്ക് പരാതി നൽകും.രണ്ടംഗ സമിതിയുടെ റിപ്പോർട്ടിൽ തന്റെ പേര് ഉൾപ്പെടുത്താൻ ഗൂഢാലോചനയുണ്ടായെന്നു അമിത് ഷായെ ധരിപ്പിക്കുമെന്നും രമേശ് പറഞ്ഞു.വിഷയത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കണമെന്നാണ് രമേശിന്റെ ആവശ്യം.നാളെ നടക്കുന്ന കോർ കമ്മിറ്റി യോഗത്തിലും ഈ കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് എം.ടി രമേശ് ആവശ്യപ്പെടും. അതേസമയം കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെയും മറ്റു ചില നേതാക്കളെയും ഡൽഹിക്കു വിളിപ്പിക്കുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച സംഭവത്തിൽ പി.ടി തോമസ് എം.എൽ.എ യുടെ മൊഴി ഇന്നെടുക്കും
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പി.ടി തോമസ് എം.എൽ.എ യുടെ മൊഴി ഇന്നെടുക്കും.എം.എൽ.എ മാരായ അൻവർ സാദത്ത്,മുകേഷ് എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വെച്ച് രേഖപ്പെടുത്തിയിരുന്നു.നടി ആക്രമിക്കപ്പെട്ട ദിവസം നടിയെ നേരിൽ സന്ദർശിക്കുകയും തുടർ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തത് ഇദ്ദേഹമായിരുന്നു.ഇത് പരിഗണിച്ചാണ് മൊഴിയെടുക്കുന്നത്.
ബാണാസുരസാഗർ ഡാമിൽ അപകടത്തിൽപെട്ട നാലാമത്തെയാളിന്റെ മൃതദേഹവും കണ്ടെത്തി
വയനാട്:ബാണാസുരസാഗർ അണക്കെട്ടിൽ കൊട്ടത്തോണി മറിഞ്ഞു കാണാതായവരിൽ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.വട്ടച്ചൊട് ബിനു(42) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇയാൾക്കൊപ്പം അപകടത്തിൽ പെട്ട മറ്റു മൂന്നു പേരുടെ മൃതദേഹങ്ങൾ നേരത്തെ നാവികസേനയുടെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.ഞായറാഴ്ച രാത്രിയാണ് ബാണാസുര ഡാമിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞു നാലുപേരെ കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു.
ഓണപരീക്ഷ ഓഗസ്റ്റ് 21 മുതൽ
തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ഓണപരീക്ഷ ഓഗസ്റ്റ് 21 മുതൽ 30 വരെ നടത്താൻ ക്യൂ.ഐ.പി മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു.എൽ.പി,യു.പി ക്ലാസ്സുകളിലെ പരീക്ഷ 29 നും ഹൈസ്കൂളിലേത് 30 നും അവസാനിക്കും.എസ്.സി.ഇ.ആർ.ടി യാണ് പരീക്ഷക്കുള്ള ചോദ്യ പേപ്പർ തയ്യാറാക്കുന്നത്.ചോദ്യപേപ്പർ തയ്യാറാക്കുന്നതിന് മുൻപ് അദ്ധ്യാപകർക്ക് ചോദ്യങ്ങൾ ഓൺലൈനായി അയച്ചു നൽകാൻ അവസരമുണ്ട്.ഈ ചോദ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾ ചേർത്തായിരിക്കും പരീക്ഷക്കുള്ള ചോദ്യ പേപ്പർ തയ്യാറാക്കുന്നത്.ചോദ്യപേപ്പർ തയ്യാറാക്കുന്നതിന് അദ്ധ്യാപകർക്ക് പരിശീലനം നൽകും.ഓഗസ്റ്റ് അഞ്ചിനാണ് പരിശീലനം.
ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകർന്നു വീണ് കണ്ണൂർ സ്വദേശി മരിച്ചു
തിരുവനന്തപുരം:ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകർന്നു വീണ് കണ്ണൂർ സ്വദേശി മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.കണ്ണൂർ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്.തകർന്നു വീണ ചിമ്മിനിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു ഇവർ.കൂടുതൽ പേർ തകർന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്.ഇന്ന് രാവിലെ 8.30 ഓടെ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ വേളി പ്ലാന്റിലാണ് അപകടമുണ്ടായത്.ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.രാവിലെയായതിനാൽ പ്ലാന്റിൽ ജീവനക്കാർ കുറവായിരുന്നു.അതിനാൽ കൂടുതൽപേർ അപകടത്തിൽപെടാൻ സാധ്യതയില്ലെന്നാണ് മറ്റു ജീവനക്കാർ പറയുന്നത്.കഴിഞ്ഞ ദിവസം രാത്രി മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയുണ്ടായിരുന്നു.ഇതാകാം ചിമ്മിനിക്ക് തകരാർ സംഭവിക്കാൻ കാരണമെന്നാണ് സൂചന.സംഭവമറിഞ്ഞ ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വേളിയിലെത്തിയിട്ടുണ്ട്.