News Desk

കണ്ടുനിന്നവര്‍ ഫോട്ടോയും വീഡിയോയുമെടുത്തു; കാറിടിച്ച യുവാവ് രക്തം വാര്‍ന്ന് മരിച്ചു

keralanews young man died in car accident

ബെംഗളൂരു:ബംഗളൂരുവില്‍ കാറിടിച്ച് റോഡില്‍ വീണ യുവഎഞ്ചിനീയര്‍ രക്തംവാര്‍ന്ന് മരിച്ചു. അപകടം കണ്ടുനിന്ന ഒരാള്‍ പോലും റോഡില്‍ വീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ തയ്യാറായില്ല. അവരില്‍ പലരും രക്തംവാര്‍ന്ന് കിടന്നയാളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു.ബംഗളൂരുവിലെ ഇന്ദ്രായണി കോര്‍ണറിലാണ് സംഭവം നടന്നത്. 25കാരനായ സതീഷ് പ്രഭാകര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് കാര്‍ ഇടിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. ഏകദേശം അര മണിക്കൂര്‍ രക്തം വാര്‍ന്ന് യുവാവ് റോഡില്‍ കിടന്നു. ആ വഴി വന്ന കീര്‍ത്തിരാജ് എന്ന ദന്തഡോക്ടറാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ആള്‍ക്കൂട്ടം കണ്ടാണ് താന്‍ നോക്കിയതെന്നും അപ്പോള്‍ യുവാവ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ആളുകള്‍ ആ ജീവന്‍ രക്ഷിക്കാതെ ഫോട്ടോയും വീഡിയോയും എടുക്കുന്നതുകണ്ട് ഞെട്ടിപ്പോയെന്ന് ഡോക്ടര്‍ പറഞ്ഞു. ഉടന്‍തന്നെ ഒരു ഓട്ടോ പിടിച്ച് താന്‍ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 15 മിനിറ്റെടുത്തു ആശുപത്രിയിലെത്താന്‍. ഓട്ടോറിക്ഷയില്‍ വെച്ച് ജീവനുണ്ടായിരുന്നു. അപകടം നടന്നയുടനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

keralanews high court will pronounce verdict on monday

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച്ച വിധി പറയും.ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി പൂർത്തിയാക്കിയിരുന്നു.കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കാൻ കഴിയുന്ന പ്രതിയായതിനാൽ ദിലീപിന് ജാമ്യം നല്കരുതെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നും ദിലീപിനെ കസ്റ്റഡിയിൽ ആവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.എന്നാൽ അന്വേഷണവുമായി സഹകരിക്കുന്ന ദിലീപിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വിളിച്ചുപറയുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണ് കെ.എസ്.ഇ.ബി സബ് എൻജിനീയർക്ക് ഗുരുതര പരിക്ക്

keralanews critical injury to kseb sub engineer

കാസർകോഡ്: വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചുപറയുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി ദേഹത്ത് വീണ് കെ.എസ്.ഇ.ബി സബ് എൻജിനീയർക്ക് ഗുരുതരമായി പൊള്ളലേറ്റു.മുള്ളേരിയ കെ.എസ്.ഇ.ബി സബ് എൻജിനീയർ ജിനേഷിനാണ് (30) ഗുരുതരമായി പൊള്ളലേറ്റത്‌.ജിനേഷിനെ കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ജിനേഷിനൊപ്പമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരി പ്രസന്നയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം.ബന്തടുക്കയിൽ വൈദ്യുതി ലൈൻ മരക്കൊമ്പിൽ ഉരസി തീപിടിച്ച വിവരം അറിഞ്ഞെത്തിയതായിരുന്നു ജിനേഷും പ്രസന്നയും. സ്ഥലത്തെത്തിയ ജിനേഷ് തീ കത്തുന്നത് കണ്ട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ പറയുന്നതിനിടെ ലൈനുകളിൽ ഒന്ന് പൊട്ടി ജിനേഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഇതോടെ പ്രസന്നയും സമീപത്തേക്കു തെറിച്ചു വീണു.ഷോക്കേറ്റ്‌ ശരീരത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ജിനേഷിനെ വിവരമറിഞ്ഞെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്.ഇയാളുടെ നില അതീവ ഗുരുതരമാണ്.എറണാകുളം സ്വദേശിയായ ജിനേഷ് ഒരു വർഷമായി മുള്ളേരിയ കെ.എസ്.ഇ.ബി യിൽ ജോലി ചെയ്തു വരികയാണ്.

എഴുത്തുകാരൻ കെ.പി രാമനുണ്ണിക്ക്‌ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കയ്യും കാലും വെട്ടുമെന്നു ഭീഷണി

keralanews threat letter to kp ramanunni

കോഴിക്കോട്:എഴുത്തുകാരൻ കെ.പി രാമനുണ്ണിക്ക്‌ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കയ്യും കാലും വെട്ടുമെന്നു ഭീഷണി.മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ പേരിലാണ് കയ്യും കാലും വെട്ടുമെന്നു ഭീഷണി കത്ത് ലഭിച്ചത്.സംഭവത്തിൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് രാമനുണ്ണി പരാതി നൽകി.ഇക്കഴിഞ്ഞ നോബ്ബു്കാലത്തു മാധ്യമം ദിനപത്രത്തിൽ ‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ഒരു വിശ്വാസി’ എന്ന പേരിൽ രാമനുണ്ണിയെഴുതിയ ലേഖനമാണ് ഭീഷണിക്കാധാരം.ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം ശത്രുക്കളല്ല,ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് അങ്ങനെ ആക്കി തീർത്തെന്നും അതിനാൽ പരസ്പരം പോരടിക്കരുതെന്നുമായിരുന്നു ലേഖനത്തിന്റെ സാരാംശമെന്നു രാമനുണ്ണി പറയുന്നു.ഭീഷണിക്കത്തിൽ തീവ്ര ഹിന്ദുനിലപാടുകാരേക്കാൾ അപകടകാരിയാണ് രാമനുണ്ണിയെന്നും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വഴിതെറ്റിക്കാനാണ് ശ്രമമെന്നും ആരോപിക്കുന്നു.ഇത്തരത്തിലുള്ള എഴുത്തു തുടർന്നാൽ തൊടുപുഴ ന്യൂമാൻ കോളേജിലെ മുൻ അദ്ധ്യാപകൻ പ്രൊഫ.ടി.ജെ ജോസഫിന്റെ ഗതിയായിരിക്കുമെന്നാണ് ഭീഷണി.ആറ് മാസത്തിനുള്ളിൽ ഇസ്ലാം മതം സ്വീകരിക്കണമെന്നും കത്തിൽ നിർദേശിക്കുന്നുണ്ട്.അഞ്ചു ദിവസം മുൻപാണ് കത്ത് കിട്ടിയത്.

ഓട്ടോ ഡ്രൈവർ ബസ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

keralanews auto driver found dead in bus

മട്ടന്നൂർ:മട്ടന്നൂരിൽ ഓട്ടോ ഡ്രൈവർ ബസ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.മണ്ണൂരിലെ പ്രണവത്തിൽ കെ.പ്രകാശനെയാണ്(46) ജനകീയം ബസ്സിന്റെ ക്യാരിയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മട്ടന്നൂർ എസ്.ഐ എ.വി ദിനേശിന്റെ നേതൃത്വത്തിൽ പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.ഭാര്യ സനിത,മക്കൾ പ്രണവ്,പ്രണീത്.

നടി ആക്രമിക്കപ്പെട്ട കേസിൽ പി.ടി തോമസ് എം.എൽ എ യുടെ മൊഴി രേഖപ്പെടുത്തി

keralanews pt thomas mlas statement recorded

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പി.ടി തോമസ് എം.എൽ എ യുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചാണ് മൊഴിയെടുത്തത്.സംഭവം നടന്ന ദിവസം താൻ കണ്ടതും കേട്ടതുമായ സംഭവങ്ങളെ കുറിച്ച് അന്വേഷണ സംഘത്തോട് പറയുമെന്ന് മൊഴി നല്കാനെത്തിയപ്പോൾ പി.ടി തോമസ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.അതിനിടെ കേസുമായി ബന്ധപ്പെട്ടു കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.ദിലീപുമായി സൗഹൃദമുള്ള ഒരു യുവ നടിയെ പോലീസ് ഉടനെത്തന്നെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.ഈ നടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വലിയ തുക വന്നതിനെ കുറിച്ചും അന്വേഷിക്കും.അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലെ കാര്യങ്ങൾ പുറത്തുപറയാനാകില്ലെന്ന് മൊഴി നൽകി പുറത്തിറങ്ങിയ ശേഷം പി.ടി തോമസ് എം.എൽ.എ വ്യക്തമാക്കി.അക്രമം നടന്ന ദിവസം സംവിധായകൻ ലാലിൻറെ വീട്ടിലെത്തിയപ്പോൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി സിനിമാസ് തീയേറ്റർ കയ്യേറിയ ഭൂമിയിലെന്ന് ലാൻഡ് റെവന്യൂ കമ്മീഷണർ .

keralanews d cinemas is in the encroached land

കൊച്ചി:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയേറ്റർ കയ്യേറിയ ഭൂമിയിലാണെന്ന് ലാൻഡ് റെവന്യൂ കമ്മീഷണർ.വിഷയത്തിൽ തുടർ നടപടി സ്വീകരിക്കണമെന്ന കമ്മീഷണറുടെ ഉത്തരവിൽ ജില്ലാ കളക്ടർ നടപടിയെടുത്തില്ല.2015 ലാണ് ഇത് സംബന്ധിച്ച് ലാൻഡ് റെവന്യൂ കമ്മീഷണർ ഉത്തരവിറക്കിയത്.ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ലോകായുക്ത ദിലീപിന് നോട്ടീസ് അയച്ചിട്ടുണ്ട്.വിഷയത്തിൽ തൃശൂർ വിജിലൻസ് കോടതിയിൽ വന്ന ഹർജി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.

കുടുംബശ്രീയുടെ മണ്‍സൂണ്‍ ചലച്ചിത്രമേളക്ക് ആരംഭം

keralanews kudumbasree monsoon film festival

മലപ്പുറം:കുടുംബശ്രീയുടെ മണ്‍സൂണ്‍ ഫിലിം ഫെസ്റ്റ് മലപ്പുറത്ത് തുടങ്ങി. മൂന്നു ദിനം നീളുന്ന ഫിലിം ഫെസ്റ്റില്‍ 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നിലമ്പൂര്‍ ആയിശ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. മഴ, കട്ടന്‍, പിന്നൊരു സില്‍മ ഇതാണ് കുടുംബശ്രീ നടത്തുന്ന മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിന്‍റെ തലക്കെട്ട്. മലപ്പുറം ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെ മുന്‍കയ്യില്‍ ഇതാദ്യമായാണ് ഒരു ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.ഉദ്ഘാടന ചിത്രമായി ചായില്യം പ്രദര്‍ശിപ്പിച്ചു. സ്ത്രീ ശാക്തീകരണ രംഗത്തെ പുതിയ കാൽവെപ്പായാണ്  കുടുംബശ്രീ ഫിലിം ഫെസ്റ്റിനെ കാണുന്നതെന്ന് നിലമ്പൂര്‍ ആയിശ പറഞ്ഞു.

ചെമ്പനോട: വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ

keralanews recommendation for action against village officer and tahasildar
പേരാമ്പ്ര: ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ. റവന്യൂ അഡീഷണല്‍ സെക്രട്ടറിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയി വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്തത്. നികുതി സ്വീകരിക്കാനുള്ള നിര്‍ദേശം തടസപ്പെടുത്തിയത് വില്ലേജ് ഓഫീസര്‍ ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.വില്ലേജ് അസിസ്റ്റന്റ് സിലീഷിന്റെ ഇടപെടല്‍ ഫയലുകളിലൂടെ വ്യക്തമല്ലെന്നും റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.കര്‍ഷക ആത്മഹത്യയെ തുടര്‍ന്ന ഒളിവിലായിരുന്ന വില്ലേജ് അസിസ്റ്റന്റ് സിലീഷ് പേരാമ്പ്ര സി.ഐയ്ക്ക് മുന്നില്‍ കീഴടങ്ങുകയും പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈൽ നശിപ്പിച്ചു കളഞ്ഞെന്ന് പ്രതീഷ് ചാക്കോ

keralanews the mobile phone destroyed

കൊച്ചി:നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചു കളഞ്ഞെന്ന് പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ.കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് പ്രതീഷ് ചാക്കോയുടെ വെളിപ്പെടുത്തൽ.നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ സുനി തന്നെ ഏൽപ്പിച്ചുവെന്നും എന്നാൽ താൻ അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്പിച്ചു.എന്നാൽ അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം.കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ട പ്രതീഷ് ചാക്കോയ്‌ക്കെതിരെ കേസിലെ സുപ്രധാന തെളിവ് നശിപ്പിച്ചുകളഞ്ഞതിനും  അതിനു കൂട്ട് നിന്നതിനും കൂടുതൽ കുറ്റങ്ങൾ പോലീസ് ചുമത്തിയേക്കും.കേസിലെ സുപ്രധാന തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പോലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഇത് കണ്ടെത്താൻ ശ്രമം തുടരുന്നതിനിടെയാണ് അഭിഭാഷകന്റെ മൊഴി.