News Desk

കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ട് മരണം

keralanews two died after drinking toxic alcohol
കോഴിക്കോട്:കോഴിക്കോട് മലയമ്മയിൽ വ്യാജമദ്യം കഴിച്ച് രണ്ട് മരണം.നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിലൊരാളുടെ നില ഗുരുതരമാണ്.ചാത്തമംഗലം സ്വദേശി ബാലൻ(54),സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ്(38) എന്നിവരാണ് മരിച്ചത്.ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തിൽ ചേർത്ത് കുടിച്ചതാണ് അപകടത്തിന് കാരണമെന്നു സംശയിക്കുന്നു.കുന്ദമംഗലത്തിനടുത്ത് വ്യാഴാഴ്ച കിണർ നന്നാക്കുന്നതിനിടയിലാണ് ഇവരെല്ലാം ഒരുമിച്ചു മദ്യം കഴിച്ചത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ബാലൻ ആശുപത്രിയിൽ എത്തുന്നതിനെ മുൻപേ മരിച്ചിരുന്നു.രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പോലീസ് നടത്തിയ തിരച്ചിലിലാണ് മറ്റുള്ളവരെയും അവശനിലയിൽ കണ്ടെത്തിയത്.തുടർന്ന് പോലീസ് തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ് കൊണ്ടുവന്ന സ്പിരിറ്റാവാം ഇവർ കുടിച്ചതെന്നാണ് കരുതുന്നത്.

കോർ കമ്മിറ്റിയിൽ കുമ്മനത്തിന് രൂക്ഷ വിമർശനം

keralanews core committee criticise kummanam

തിരുവനന്തപുരം:മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം.അഴിമതി വിവാദത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചതുപോലും അറിഞ്ഞില്ലെന്നു അംഗങ്ങൾ കുറ്റപ്പെടുത്തി.കമ്മീഷനെ വെച്ചത് അതീവ രഹസ്യമായിട്ടാണെന്നും അതിനാലാണ് അംഗങ്ങളെ അറിയിക്കാതിരുന്നതെന്നും കുമ്മനം യോഗത്തിൽ പറഞ്ഞു.തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നെന്നു ആരോപണ വിധേയനായ എം.ടി രമേശ് പറഞ്ഞു.ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു.കോഴ വിഷയത്തിലും റിപ്പോർട് ചോർന്നതിലും കർശന നടപടിയുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് പറഞ്ഞു.അഴിമതി സംബന്ധിച്ച റിപ്പോർട് ചോർന്നത് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.സംസ്ഥാന ഘടകത്തിലെ കടുത്ത വിഭാഗീയതയാണ് റിപ്പോർട് ചോർച്ചയ്ക്ക് കാരണമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

പത്തനംതിട്ടയിൽ കാമുകൻ പെട്രോളൊഴിച്ചു കത്തിച്ച പെൺകുട്ടി മരണത്തിനു കീഴടങ്ങി

keralanews the girl who was burnt by her boy friend surrendered to death

പത്തനംതിട്ട:കടമ്മനിട്ടയിൽ കാമുകൻ പെട്രോളൊഴിച്ചു കത്തിച്ച പെൺകുട്ടി മരണത്തിനു കീഴടങ്ങി.കോയമ്പത്തൂരിലെ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.പത്തനംതിട്ട പോലീസ് കോയമ്പത്തൂരിലെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പത്തനംതിട്ടയിലേക്കു കൊണ്ടുവരും.എൺപതു ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് വിദഗ്ദ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തന്റെ കൂടെ ഇറങ്ങി വരണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്നാണ് കടമ്മനിട്ട സ്വദേശി സജിൽ(20) പതിനേഴുകാരിയെ പെട്രോളൊഴിച്ചു തീകൊളുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു സജിലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇയാൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.ഇനി അത് കൊലക്കുറ്റത്തിനുള്ള കേസായി മാറും.പിടിയിലായ സജിൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് .ഇയാൾക്കും നാൽപ്പതു ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

തപാൽ ഓഫീസുകളിൽ ആരംഭിച്ച ആധാർ തെറ്റുതിരുത്തൽ കൗണ്ടറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

keralanews suspended the operation of aadhaar rectification counter

കണ്ണൂർ:തപാൽ ഓഫീസുകളിൽ ആരംഭിച്ച ആധാർ തെറ്റുതിരുത്തൽ കൗണ്ടറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു ജൂലൈ ഏഴിന് കണ്ണൂർ ഹെഡ് പോസ്‌റ്റോഫീസിൽ ആരംഭിച്ച കൗണ്ടറാണ് ഒരാഴ്ച തികയും മുൻപ് നിർത്തലാക്കിയത്‌.ആധാർ കാർഡിൽ വന്നിട്ടുള്ള തെറ്റുകൾ തിരുത്താനുപയോഗിക്കുന്ന യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റുകളുടെ പ്രവർത്തനം മന്ദീഭവിച്ചതാണ് സേവനം താൽക്കാലികമായി നിർത്തിവെയ്ക്കാൻ കാരണം.വെബ്സൈറ്റ് പ്രവർത്തനം സാധാരണ നിലയിലെത്തുന്നതോടെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കുമെന്ന് പോസ്റ്റൽ സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നും അറിയിച്ചു.ഹെഡ് പോസ്റ്റ് ഓഫീസിലെ പ്രവർത്തനം നിലച്ചിരിക്കുകയാണെങ്കിലും കണ്ണൂർ ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിനായി 107 ജീവനക്കാർക്കുള്ള പ്രത്യേക പരിശീലനം പൂർത്തിയായി.പദ്ധതി നടപ്പാക്കാനുള്ള യന്ത്രങ്ങൾ പോസ്റ്റ് ഓഫീസുകളിൽ എത്തുന്നതോടെ ഡിവിഷനിലെ രണ്ടു ഹെഡ് പോസ്റ്റോഫീസുകളിലടക്കം 68 പോസ്റ്റോഫീസുകളിലും ജൂലൈ അവസാനത്തോടെ സേവനം ആരംഭിക്കും.

അൺഎയ്ഡഡ് അദ്ധ്യാപകർ സമരത്തിലേക്കു നീങ്ങുന്നു

keralanews unaided school teachers move towards strike

കണ്ണൂർ:സംസ്ഥാനത്തെ അൺഎയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്.വിഷയം ചർച്ച ചെയ്യാൻ കേരളാ അൺ എയ്ഡഡ് ടീച്ചേർസ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ഓഗസ്റ്റിൽ യോഗം വിളിച്ചിട്ടുണ്ട്.സമരത്തിന്റെ തുടക്കമെന്ന നിലയിൽ ജില്ലാ തലത്തിൽ ധർണ്ണ സംഘടിപ്പിക്കും.സർക്കാരിന് ഒരു ബാധ്യതയുമില്ലാതെ ഇരുപതു ലക്ഷത്തിലധികം കുട്ടികളെ പഠിപ്പിക്കുന്ന ഈ അദ്ധ്യാപകർ ഉണ്ടാക്കിക്കൊടുക്കുന്ന ലാഭം കോടികളാണ്.ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ അദ്ധ്യാപകർക്ക് കിട്ടുന്നത് മാസം 3500 മുതൽ 10000 വരെയാണ്. എയ്ഡഡ് സ്ഥാപനങ്ങളിലാണ് ഇത്രയും കുട്ടികൾ ഉണ്ടായിരുന്നതെങ്കിൽ സർക്കാർ എത്രത്തോളം ശമ്പളം നൽകേണ്ടി വരുമായിരുന്നു എന്ന് അസ്സോസിയേഷൻ ചോദിക്കുന്നു.മിക്ക സ്ഥലത്തും പി.എഫോ മാറ്റാനുകൂല്യങ്ങളോ ഇല്ല.ചെക്കിൽ കൂടിയ തുക എഴുതി കൊടുത്ത് അതിൽ പകുതിയിൽ താഴെ ശമ്പളം കൊടുക്കുന്നത് മിക്ക സ്ഥാപനങ്ങളിലും സാധാരണമാണ്.ശിക്ഷ കിട്ടാവുന്ന ഗുരുതരമായ തൊഴിൽ നിയമ ലംഘനമാണിതെങ്കിലും ആരും പരാതിപ്പെടാറില്ല.സ്പീക്കർ,മുഖ്യമന്ത്രി,തൊഴിൽമന്ത്രി എന്നിവർക്ക് അസോസിയേഷൻ പരാതി നൽകുന്നുണ്ട്.അടുത്ത നിയമ സഭയിൽ കരടുബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനിടെ സംസ്ഥാനത്തെ ആയിരക്കണക്കിന് സ്വകാര്യ മാനേജ്‌മന്റ് സ്കൂളുകൾ അടച്ചു പൂട്ടാൻ ഒരുങ്ങുകയാണ് സർക്കാർ.ഇതോടെ നിരവധി അദ്ധ്യാപകർക്ക് ജോലിയും നഷ്ടപ്പെടും.

ജനന സർട്ടിഫിക്കറ്റിന്‌ അപേക്ഷിച്ചു;മരണ സർട്ടിഫിക്കറ്റ് കിട്ടി

keralanews apply for birth certificate but received the death certificate

മുള്ളേരിയ:മുള്ളേരിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളോട് പേരിന്റെയും ജനനത്തീയതിയുടെയും കൃത്യത ഉറപ്പു വരുത്താൻ അദ്ധ്യാപകർ ജനന സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു.എന്നാൽ ബെള്ളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു വിദ്യാർത്ഥിനി കൊണ്ടുവന്നാതാകട്ടെ സ്വന്തം മരണ സർട്ടിഫിക്കറ്റും.2002 സെപ്റ്റംബറിൽ ജനിച്ച കുട്ടിക്ക് 2003 ഫെബ്രുവരി ഏഴിനാണ് പഞ്ചായത്തിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചത്.പത്തു രൂപയുടെ മുദ്രപത്രത്തിലാണ് സർട്ടിഫിക്കറ്റ്.തലക്കെട്ട് ‘ഡെത്ത് സർട്ടിഫിക്കറ്റ്’ എന്നും.ജനനത്തീയതി അടക്കം ബാക്കി വിവരങ്ങൾ എല്ലാം കൃത്യമായി ഉണ്ട്.ഓൺലൈനിൽ വിവരങ്ങൾ പരിശോധിച്ചപ്പോൾ പഞ്ചായത്തിൽ നിന്നും ജനന സർട്ടിഫിക്കറ്റ് നൽകിയതായാണ് തെളിയുന്നത്.ഈ മരണ സർട്ടിഫിക്കറ്റിന്റെ ജനന സർട്ടിഫിക്കറ്റ് ആക്കി മാറ്റാൻ പഞ്ചായത്ത് ഓഫീസ് കയറാൻ തയ്യാറെടുക്കുകയാണ് ഈ പത്താം ക്ലാസ്സുകാരി.

ബിജെപി വ്യാജ രസീതുപയോഗിച്ച് ധനസമാഹരണം നടത്തി

keralanews used fake receipt for fund collection

തിരുവനന്തപുരം:ബിജെപി യിലെ അഴിമതി കഥകൾ തീരുന്നില്ല.ദേശീയ കൗൺസിലിന് ധന സമാഹരണത്തിനായി വ്യാജ രസീത് അടിച്ചു.വ്യാജ രസീത് അടിച്ചത് വടകരയിലാണ്.ഇതിനു നിർദേശം നൽകിയത് സംസ്ഥാന കമ്മിറ്റി അംഗം എം.മോഹനനും.പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരനായിരുന്നു ദേശീയ കൗൺസിലിന്റെ സാമ്പത്തികകാര്യ ചുമതലയെന്നും വിവരങ്ങളുണ്ട്.

ഉപരോധം പരിഹരിക്കാൻ ഏതു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറെന്നു ഖത്തർ അമീൻ

keralanews ready for any kind of discussion qatar ameen

ദോഹ:ഉപരോധം നീക്കാൻ ഏതു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറെന്നു ഖത്തർ അമീൻ തമിം ബിൻ ഹമദ് അൽ താനി.സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്കു തയ്യാറാണെന്ന് ഖത്തർ അമീൻ അറിയിച്ചു.എന്നാൽ രാജ്യത്തിൻറെ പരമാധികാരത്തെ മാനിക്കുന്നതായിരിക്കണം നിർദേശങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.ജൂൺ അഞ്ചിന് സൗദി സഖ്യരാഷ്ട്രങ്ങൾ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയതിനു ശേഷം ആദ്യമായാണ് അമീൻ പ്രതികരിക്കുന്നത്.മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ഖത്തറിനെതിരായ പ്രചാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.വിഷയത്തിൽ ഇടപെട്ട കുവൈറ്റ്,അമേരിക്ക,തുർക്കി,ജർമ്മനി എന്നീ രാജ്യങ്ങളുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

കണ്ണൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു

keralanews cpm activist injured

കണ്ണൂർ:കണ്ണൂരിൽ വീണ്ടും ആർ.എസ്.എസ് ആക്രമണം.സി.പി.എം പ്രവർത്തകന് വെട്ടേറ്റു.പാനൂർ സ്വദേശി അരവിന്ദാക്ഷനാണ് വെട്ടേറ്റത്.ഓ.കെ വാസുമാസ്റ്ററുടെ കൂടെ സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആളാണ് പാനൂർ വൈദ്യർ പീടികയിലെ തുണ്ടിയിൽ അരവിന്ദാക്ഷൻ.

കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റന്റ് വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

keralanews vigilance arrested assistant village officer

ആലുവ:കൈക്കൂലി വാങ്ങിയ വില്ലജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.ചൂർണ്ണിക്കര വില്ലജ് ഓഫീസിലെ അസിസ്റ്റന്റ് വില്ലേജ്  ഓഫീസറായ അനിൽകുമാറാണ് പിടിയിലായത്. സ്ഥലത്തിന്റെ പോക്കുവരവുമായി ബന്ധപ്പെട്ടു അശോകപുരം സ്വദേശിയായ ജിജോ ഫ്രാൻസിസിൽ നിന്നുമാണ് അനിൽകുമാർ കൈക്കൂലി വാങ്ങിയത്.15,000 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.ഇതേ തുടർന്ന് ജിജോ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു. അവർ പറഞ്ഞത് പ്രകാരം ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പണവുമായി എത്തുകയായിരുന്നു.വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ 6500 രൂപയാണ് ജിജോ നൽകിയത്.