News Desk

ഇന്ന് കർക്കിടകവാവ്‌

keralanews today karkkidakavavu

തിരുവനന്തപുരം:പിതൃസ്മരണയിൽ നാട് കർക്കിടക വാവിന്റെ പുണ്യം തേടുന്നു.സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുന്നു.പുലർച്ചെ മൂന്നു മണിയോടെയാണ് ബലികർമ്മങ്ങൾ തുടങ്ങിയത്.ആലുവ മണപ്പുറത്തും തിരുനെല്ലി അടക്കമുള്ള കേന്ദ്രങ്ങളിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ഇന്നലയെ പൂർത്തിയായിരുന്നു.ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.ആലുവയിൽ ബലിതർപ്പണത്തിനായി 75 രൂപയാണ് ദേവസ്വം ബോർഡ് ഫീസ് ഈടാക്കുന്നത്.ഹരിത പ്രോട്ടോകോൾ പ്രകാരം ചടങ്ങുകൾ നടപ്പാക്കുന്നതിനായി പ്ലാസ്റ്റിക് കുപ്പികൾക്കും ക്യാരി ബാഗുകൾക്കും തർപ്പണയിടങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ബലിതർപ്പണം ഇന്ന് വൈകുന്നേരം മൂന്നു മണിവരെ നീണ്ടുനിൽക്കും.

ഉഴവൂർ വിജയൻ അന്തരിച്ചു

keralanews uzhavoor vijayan passes away

കൊച്ചി:എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ(60) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 6.55 നാണ് അന്ത്യം.കഴിഞ്ഞ ഒരു മാസമായി ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഈ മാസം പതിനൊന്നിനാണ് അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യനില മോശമായതിനെ തുടർന്ന് പിന്നീട് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മലിനീകരണ നിയന്ത്രണ ബോർഡ്,എഫ്.സി.ഐ ഉപദേശക സമിതി എന്നിവയിൽ അംഗമായിരുന്നു.കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ്.ചെറിയ രാഷ്ട്രീയ പാർട്ടിയായിട്ടു പോലും ഇടതുമുന്നണിയിൽ തനതു സ്ഥാനം ഉറപ്പിക്കാൻ എൻ.സി.പി ക്കു സാധിച്ചത് ഉഴവൂർ വിജയൻറെ സാന്നിധ്യമാണ്.കുറിച്ചിത്താനം കരംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്.

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്: പത്രിക നല്‍കിയത് 173 പേര്‍

keralanews 173 candidates filed nominations
മട്ടന്നൂർ:നഗരസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. നഗരസഭയില്‍ ആകെയുള്ള 35 വാർഡുകളിലേക്കു മത്സരിക്കാൻ 173 പേരാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ മുമ്പാകെ പത്രിക സമർപ്പിച്ചത്.സൂഷ്മപരിശോധന ഇന്നു രാവിലെ കണ്ണൂരിൽ നടക്കും. 24 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.ഓഗസ്റ്റ് എട്ടിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കു പുറമെ റിബൽ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ബിജെപി 32 സീറ്റിലേക്കും എസ്ഡിപിഐ ഒൻപതു സീറ്റിലേക്കും മത്സരിക്കുന്നു.ഇത്തവണ സീറ്റ് നൽകാത്തതിനാൽ കഴിഞ്ഞ ഭരണസമിതിയിലെ കൗൺസിലറും മുസ്ലിം ലീഗ് മട്ടന്നൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറിയുമായ വി.എൻ.മുഹമ്മദ് മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ നാലാങ്കേരിയിൽ റിബലായി പത്രിക നൽകി.സീറ്റ് ആവശ്യപ്പെട്ടിട്ടും നൽകാതെ നാലാങ്കേരിയിൽ കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാർഥിയുടെ ഭർത്താവിനു നൽകിയതാണ് വി.എൻ.മുഹമ്മദ് റിബലായി മത്സരിക്കാൻ കാരണം.ഇതിനു പുറമെ കോൺഗ്രസ് മത്സരിക്കുന്ന മണ്ണൂർ വാർഡിൽ കോൺഗ്രസ് പ്രവർത്തകയും കുടുംബശ്രീ അംഗവുമായ സിന്ധു ശ്രീധരനും എൽഡിഎഫിലെ ഘടകകക്ഷിയായ ജനതാദൾ മത്സരിക്കുന്ന മരുതായി വാർഡിൽ സിപിഎം അനുഭാവിയായ കെ.ഉഷയും റിബലായി മത്സരിക്കാൻ അവസാന ഘട്ടം പത്രിക നൽകി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ച വാർഡ് ഇത്തവണ ജനതാദളിനു നൽകിയതാണ് പ്രവർത്തകരുടെ പ്രതിഷേധത്തിനും പത്രിക നൽകാനും ഇടയാക്കിയത്.

പയ്യാമ്പലത്ത് തിരയില്‍പ്പെട്ട നാല് തമിഴ്‌നാട് സ്വദേശികളെ രക്ഷപ്പെടുത്തി

keralanews tamilnadu natives rescued in payyambalam beach

കണ്ണൂര്‍: പയ്യാമ്പലം ബീച്ചീല്‍ തിരയില്‍പ്പെട്ട തമിഴ്‌നാട് സ്വദേശികളായ നാലുപേരെ രക്ഷപ്പെടുത്തി. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളേജില്‍നിന്നെത്തിയ 18 അംഗ സംഘത്തിലെ ഡിഗ്രി വിദ്യാര്‍ഥികളായ കാര്‍ത്തിക് (21), കെ.ബാലാജി (21), പൃത്യുഘ്‌നന്‍ (21), ബലാജി (21)എന്നിവരാണ് വെള്ളിയാഴ്ച വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്. മഴക്കാലമായതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാന്‍ പാടില്ലെന്ന കര്‍ശന നിയന്ത്രണം വകവെക്കാതെയാണ് ഇവര്‍ കടലില്‍ ഇറങ്ങിയത്. അപകടത്തില്‍പ്പെട്ടവരെ പയ്യാമ്പലം ലൈഫ് ഗാര്‍ഡായ ചാള്‍സണ്‍ ഏഴിമല, മത്സ്യത്തൊഴിലാളികളായ ഗില്‍ബീസ്, റിയാസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഒരാളെ ജില്ലാ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം തിരിച്ചയച്ചു.

രാഷ്ട്രപതിയുടെ സെക്രട്ടറിയായി സഞ്ജയ് കൊത്താരിയെ നിയമിച്ചു

keralanews sanjay kothari has been appointed as the secretary of the president

ന്യൂഡൽഹി:രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിന്റെ സെക്രട്ടറിയായി മുൻ ഐ എ എസ് ഓഫീസർ സഞ്ജയ് കൊത്താരിയെ നിയമിച്ചു.പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനായി സേവനമനുഷ്ഠിക്കുകയായിരുന്നു സഞ്ജയ് കോത്താരി.ഹരിയാന കേഡറിൽ നിന്നുള്ള 1978 ബാച്ച് ഐ എ എസ് ഓഫീസറായിരുന്നു കോത്താരി.2016 ജൂണിലാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചത്.2016 നവംബറിലാണ് പബ്ലിക്  എന്റർപ്രൈസസ് ബോർഡ് ചെയർമാനായി അദ്ദേഹം നിയമിതനായത്.ഗുജറാത്ത് കേഡറിൽ നിന്നുള്ള ഐ.എ.എസ് ഓഫീസറും മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനുമായ ഭരത് ലാലിനെ ജോയിന്റ് സെക്രട്ടറി ആയും മുതിർന്ന മാധ്യമ പ്രവർത്തകൻ അശോക് മാലിക്കിനെ മീഡിയ സെക്രട്ടറിയായും നിയമിച്ചു.

ഉഴവൂർ വിജയൻ തീവ്ര പരിചരണ വിഭാഗത്തിൽ

keralanews uzhavoor vijayan was admitted to icu

കൊച്ചി:എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ  തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എ.കെ ശശീന്ദ്രൻ എം.എൽ.എ,ടി.പി പീതാംബരൻ മാസ്റ്റർ എന്നിവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.ഹൃദയ,ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ജൂലൈ പതിനൊന്നു മുതൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈക്കോ ഓണചന്തകള്‍ തുടങ്ങും

keralanews supplyco will start onam bazar

തിരുവനന്തപുരം:ഓണത്തിന് വിലക്കയറ്റം തടയാൻ ലക്ഷ്യമിട്ട് 1400 ലധികം ഓണ ചന്തകള്‍ സപ്ലൈകോ നടത്തും. സപ്ലൈകോയ്ക്ക് ഔട്ട് ലെറ്റില്ലാത്ത 30 പഞ്ചായത്തുകളിലും ഓണ ചന്ത നടത്തുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ഇടനിലക്കാരെ ഒഴിവാക്കിയാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഇത്തവണ ആന്ധ്രയില്‍ നിന്നും ഓണത്തിനായി അരിയെത്തിക്കുക.ജില്ലാ, താലൂക്ക് തലങ്ങളിലെ മെഗാ ഓണ ചന്തയ്ക്ക് പുറമേയാണ് സംസ്ഥാനത്ത് 1400 ലധികം കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണ ചന്തകള്‍ നടത്തുക. സപ്ലൈകോയ്ക്ക് ഔട്ട് ലെറ്റില്ലാത്ത 30 ഇടങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ഓണ ചന്ത സംഘടിപ്പിക്കുക.ആന്ധ്രയില്‍ നിന്ന് അരിയും മുളകും എത്തിയ്ക്കുന്നതിനായി ഉടന്‍ തന്നെ ആന്ധ്ര സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുമായി കരാര്‍ ഒപ്പ് വെയ്ക്കും. ഓണത്തിന് മാത്രം 7000 ടണ്‍ അരിയെത്തിക്കാനാണ് ധാരണ. കേരളത്തിന്റെ ശബരി ഉത്പന്നങ്ങള്‍ വാങ്ങാമെന്ന് ആന്ധ്രയും സമ്മതിച്ചതായി മന്ത്രി അറിയിച്ചു.

ശബരിമല വിമാനത്താവളം;തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഭൂസമരമുന്നണി പ്രക്ഷോഭം ശക്തമാക്കുന്നു

keralanews sabarimala airport land agitation committee demanding the withdrawal of decision

കോട്ടയം:ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് നിർദിഷ്ട എരുമേലി വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഭൂസമരമുന്നണി പ്രക്ഷോഭം ശക്തമാക്കുന്നു.ഹാരിസൺ മലയാളം കമ്പനി അനധികൃതമായി കെ.പി യോഹന്നാന് വിൽപ്പന നടത്തിയ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ പിടിച്ചെടുത്ത്‌ ഭൂരഹിത കർഷകർക്ക് വിതരണം ചെയ്യുക,വിദേശ  കമ്പനികൾ അനധികൃതമായി കൈവശംവെച്ചിരിക്കുന്നതായി രാജമാണിക്യം കമ്മീഷൻ കണ്ടെത്തിയ 5.25 ലക്ഷം ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് തോട്ടം തൊഴിലാളികൾക്കും ഭൂരഹിതർക്കും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭൂസമരമുന്നണി കഴിഞ്ഞ മെയ് പത്തുമുതൽ ചെറുവള്ളി എസ്റ്റേറ്റ് കവാടത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പുതിയ സമര പരിപാടികൾ.

കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു

keralanews kseb worker died

ഉരുവച്ചാൽ:കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു.ശ്രീകണ്ഠപുരം പൊടിക്കളത്തെ ബിജു(44)ആണ് മരിച്ചത്.മാലൂർ തോലമ്പ്ര ശാസ്ത്രി നഗറിലെ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ രാവിലെ 10.30 ഓടെ ആണ് സംഭവം.പേരാവൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എം.വിന്‍സന്റ് എം.എല്‍.എ അറസ്റ്റില്‍

keralanews m vincent mla arrested

തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എം വിന്‍സെന്‍റ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എ ഹോസ്റ്റലില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  പൊലീസ് ക്ലബ്ബിലെത്തിച്ച എംഎല്‍എയെ അജിത ബീഗം ചോദ്യം ചെയ്യുകയാണ്.അതേസമയം വിന്‍സെന്റ് എം.എല്‍.എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.എംഎല്‍എയ്ക്ക് എതിരെ ടെലിഫോണ്‍ രേഖകള്‍ അടക്കം കൂടുതല്‍ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.സ്ത്രീയെ എംഎല്‍എ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. അഞ്ച് മാസത്തിനുള്ളില്‍ 900ത്തലധികം തവണ വിളിച്ചു. 50ലധികം മെസേജുകളുണ്ടെന്നും പൊലീസ് പറയുന്നു.കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖയും തിരിച്ചടിയാണ്. അതേസമയം നിരപരാധിയെന്ന് എംഎല്‍എ വിശദീകരിച്ചതായി കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു.