കൊല്ലം: സംസ്ഥാനത്തെ ആദ്യ സോളാര്‍ ചാര്‍ജിങ് സ്‌റ്റേഷന്റെ നിര്‍മാണം കൊല്ലം ചിന്നക്കടയില്‍ പൂര്‍ത്തിയായി.കൊല്ലം കോര്‍പറേഷന്റെ നേതൃത്വത്തില്‍ തങ്കപ്പന്‍ സ്മാരക കോര്‍പറേഷന്‍ കെട്ടിടത്തിനോട് ചേര്‍ന്ന പാര്‍ക്കിങ് സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളത്. മേല്‍ക്കൂരയില്‍ ആറു കിലോ വാട്ടിന്റെ 18 പാനലുകള്‍ സ്ഥാപിച്ചാണ് സൗരോര്‍ജ ഉല്‍പ്പാദനം. പ്രതിദിനം 25 യൂണിറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ഇവിടെനിന്ന് കെഎസ്‌ഇബിയുടെ ഗ്രിഡിലേക്ക് വൈദ്യുതി കൈമാറുന്നുമുണ്ട്.പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് അനുവദിച്ച 6.74 ലക്ഷം വിനിയോഗിച്ചാണ് പ്ലാന്റ് സജ്ജമാക്കിയത്. ടികെഎം എന്‍ജിനിയറിങ് കോളേജിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ സ്റ്റേഷനില്‍ കെഎസ്‌ഇബി വൈദ്യുതി ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനുള്ള പോയിന്റുകളും ലഭ്യമാണ്. 3.3 കിലോവാട്ട് വരെ പവര്‍ കപ്പാസിറ്റിയുള്ള മൂന്നു വാഹനങ്ങള്‍ക്ക് ഒരേസമയം ചാര്‍ജ് ചെയ്യാം. സ്ലോ ചാര്‍ജ് സംവിധാനമാണ്. മൊബൈല്‍ ആപ് വഴിയാണ് പ്രവര്‍ത്തനം. പണവും ഓണ്‍ലൈനായി അടയ്ക്കാം. ആപ്പില്‍ കയറിയാല്‍ ലൊക്കേഷനും ലഭ്യമാകും. സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതിയായതിനാല്‍ നിരക്കും കുറയും. ഒരു ഓട്ടോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ ഏഴു യൂണിറ്റ് വൈദ്യുതി മതി. ഇതില്‍ 80 – 130 കിലോമീറ്റര്‍വരെ ഓടും. പദ്ധതിയുടെ പ്രിന്‍സിപ്പിള്‍ ഇന്‍വെസ്റ്റിഗേറ്ററായ കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളേജിലെ ഡോ. ആര്‍ ഷീബ, അസിസ്റ്റന്റ് പ്രൊഫ. ഷെയ്ഖ് മുഹമ്മദ്, വിദ്യാര്‍ഥികളായ വരുണ്‍ എസ് പ്രകാശ്, പി അഭിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
കനത്ത മഴ;ഇന്ന് മുതല്‍ ശനിവരെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം:ഇന്ന് മുതൽ അതിതീവ്ര മഴയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുക്കള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.സംസ്ഥാനത്തെ സര്‍വകലാശാലകളാട് ഇന്നു മുതല്‍ ശനിവരെ ക്രമീകരിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സര്‍വകലാശാല ഇന്ന് മുതല്‍ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല മറ്റന്നാള്‍ വരെയുള്ള പരീക്ഷകള്‍ എല്ലാം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കാത്തിരിപ്പിന് വിരാമം;കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് ആരംഭിച്ചു
കണ്ണൂർ:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് ആരംഭിച്ചു.ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വേകുന്ന അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് വഴി പ്രതിവര്‍ഷം 20,000 ടണ്‍ ചരക്ക് നീക്കമാണ് പ്രതീക്ഷിക്കുന്നത്.ഷാർജയിലേക്കാണ് ആദ്യ സർവീസ് നടത്തുക.രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാര്‍ഗോ സര്‍വീസ് യാഥാര്‍ത്യമായതോടെ വിമാനത്താവളത്തിന്റെ മുഖച്ഛായ മാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ യാത്രാ വിമാനങ്ങളിലായിരിക്കും ചരക്കുനീക്കം. നാലുടണ്‍ വരെ ഒരു വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയും. മുഴുവനായും ഓണ്‍ലൈനായാണ് സേവനങ്ങള്‍. കൂടുതല്‍ വിമാനക്കമ്പനികളെ ആകര്‍ഷിക്കാനായി ഒരു വര്‍ഷത്തേക്ക് ലാംഡിംഗ് പാര്‍ക്കിംഗ് ഫീസുണ്ടാകില്ല. വിദേശ വിമാനക്കമ്പനികളുടെ സര്‍വ്വീസ് കൂടി കേന്ദ്രം ഉടന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനവും ശക്തമായ മഴയും;മരിച്ചവരുടെ എണ്ണം 40 ആയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 40 ആയി.നിരവധി വീടുകളും പാലങ്ങളും ഒലിച്ചുപോയി. റോഡുകള്‍ തകര്‍ന്നതോടെ വാഹനങ്ങള്‍ ഒറ്റപ്പെടുകയും നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. ജനങ്ങള്‍ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.സൈന്യം അതിവേഗത്തിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.റെയില്‍ ഗതാഗതം പാടെ താറുമായിരിക്കുകയാണ്. ഗൗളാ നദിയുടെ ഒഴുക്ക് ശക്തമായതോടെ നൈനിറ്റാളിലേക്കുള്ള റെയില്‍ പാളങ്ങളും നദിക്കു കുറുകേ നിര്‍മ്മിച്ചിരുന്ന പാലവും ഒലിച്ചുപോയി. കാത്‌ഗോദാം റെയില്‍വ്വേ സ്‌റ്റേഷന്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. രക്ഷപെടാന്‍ റെയില്‍വ്വേ സ്റ്റേഷനിലേക്ക് എത്തിയവരടക്കം കുടുങ്ങിക്കിടക്കുകയാണ്.
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത;മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർകോഡ് ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകളോടും സേനാ വിഭാഗങ്ങളോടും നിര്‍ദേശിച്ചു. മണ്ണിടിച്ചിലിനും മറ്റും സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ പുനരവധിവസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരള തീരത്ത് വലിയ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള- ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുളളതിനാൽ മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം തന്നെ റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ക്യാമ്പുകൾ തയ്യാറാക്കേണ്ടതും ഈ വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതുമാണ്. പൊതുജനങ്ങൾ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകളുടെ വിവരം മനസ്സിലാക്കി വെക്കുകയും മഴ ശക്തിപ്പെടുന്ന ഉടനെ തന്നെ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറുകയും ചെയ്യണം.അപകട സാധ്യതയുള്ള വീടുകളിൽ അധിവസിക്കുന്നവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉടനടി മാറേണ്ടതുമാണ്. പകൽ സമയത്ത് മഴ മാറി നിൽക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാൻ പാടുള്ളതല്ല. കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരാവുന്നതും ചിലപ്പോൾ തെറ്റുകൾ സംഭവിക്കാവുന്നതുമാണ്. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിർദേശം പിൻവലിക്കുന്നത് വരെ സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10488 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7643 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂർ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസർഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 77 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,002 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7166 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 353 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 80 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,488 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1056, കൊല്ലം 541, പത്തനംതിട്ട 520, ആലപ്പുഴ 443, കോട്ടയം 605, ഇടുക്കി 540, എറണാകുളം 2005, തൃശൂർ 1247, പാലക്കാട് 595, മലപ്പുറം 754, കോഴിക്കോട് 1141, വയനാട് 397, കണ്ണൂർ 566, കാസർഗോഡ് 78 എന്നിങ്ങനേയാണ് രോഗമുക്തിയായത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
കിടപ്പുരോഗിയായ ഗൃഹനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തി;ഭാര്യ അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ ഗൃഹനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. കൊല്ലപ്പെട്ട ഗോപിയുടെ ഭാര്യ സുമതിയെ ആണ് അറസ്റ്റു ചെയ്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സുമതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.പക്ഷാഘാതത്തെ തുടര്‍ന്ന് പതിനഞ്ചു വര്‍ഷമായി കിടപ്പിലാണ് ഗോപി. ദുരിതം സഹിക്കാന്‍ കഴിയാതെയാണ് കൊലപാതകം നടത്തിയതെന്ന് സുമതി പോലീസിന് മൊഴി നല്‍കി. കുടുംബ വീടിന്റെ പണി നടക്കുന്നതിനാല്‍ താത്ക്കാലികമായി കെട്ടിയ ഒറ്റമുറി ഷെഡിലാണ് ഗോപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യ സുമതിയെ സമീപത്തുള്ള കുളക്കരയില്‍ ബോധംകെട്ട് കിടക്കുന്നതായും കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഇവര്‍ക്ക് ബോധം തിരിച്ചുകിട്ടിയത്.രാവിലെ പതിവുപോലെ മകന്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.ഭര്‍ത്താവിന്റെ ദുരിതം കണ്ടുനില്‍ക്കാന്‍ വയ്യെന്നും ഇനി നോക്കാന്‍ പറ്റില്ലെന്നും സുമതി നേരത്തെ മകനോട് പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമായിരുന്ന സുമതി അഞ്ചുദിവസം മുന്‍പാണ് വീട്ടില്‍ തിരിച്ചെത്തിയത്.
പച്ചക്കറി ലോഡ് എന്ന വ്യാജേന പാൻ ഉൽപ്പന്നങ്ങൾ കടത്തി;ഇരിട്ടിയിൽ രണ്ടുപേർ പിടിയിൽ
ഇരിട്ടി: പച്ചക്കറി ലോഡ് എന്ന വ്യാജേന കടത്തുകയായിരുന്ന പാന്‍ ഉല്‍പന്ന ശേഖരം പൊലീസ് പിടികൂടി.10500 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളും കടത്താന്‍ ഉപയോഗിച്ച മിനി ലോറിയുമാണ് പിടികൂടിയത് .വാഹനത്തില്‍ ഉണ്ടായിരുന്ന മൊകേരി കൂരാറ പുത്തന്‍വീട്ടില്‍ സജിത്ത് (35 ), മാഹി പള്ളൂരിലെ നാലുതറയില്‍ സുഭാഷ് (34) എന്നിവരെ അറസ്റ്റ് ചെയ്തു.14 ചാക്കുകളിലായി നിരോധിത ഉല്‍പന്നങ്ങളായ ഹാന്‍സ്, കൂള്‍ ലിപ്സ് എന്നിവ നിറച്ചു അടിത്തട്ടില്‍ ഒളിപ്പിച്ച് മുകളില്‍ ലോറിയുടെ പ്ലാറ്റ് ഫോം അടിക്കുന്ന അതേ ഇരുമ്പ് ഷീറ്റ് വച്ചു. തുടര്‍ന്നു ലോറിയില്‍ കൊള്ളുന്ന അത്രയും പച്ചക്കറിയും നിറച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വാഹനം തടഞ്ഞു. ജീവനക്കാര്‍ ഒന്നും ഇല്ലെന്നു ഉറപ്പിച്ചു പറഞ്ഞു. കമ്പി കൊണ്ടു കുത്തി നോക്കിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. രഹസ്യ വിവരം ഉണ്ടായിരുന്നതിനാല്‍ പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ വലയം ചെയ്ത ശേഷം ലോഡ് ഇറക്കി പരിശോധിച്ചപ്പോഴാണു അടിത്തട്ടില്‍ ഷീറ്റിട്ടു നിലയിൽ സൂക്ഷിച്ച പാന്‍ ഉല്‍പന്ന ശേഖരം കണ്ടെത്തിയത്.കര്‍ണാടകയിലെ ഹുന്‍സൂര്‍ മേഖലയില്‍ നിന്നാണു പാന്‍ ഉല്‍പന്നങ്ങള്‍ വാങ്ങിയതെന്നാണു പൊലീസിനു ലഭിച്ച വിവരം. കേരളത്തില്‍ എത്തുമ്പോൾ 5 ഇരട്ടിയാണ് വില. ഇതനുസരിച്ചു ഇന്നലെ പിടിയിലായ പാന്‍ ഉല്‍പന്ന ശേഖരത്തിന് 5.25 ലക്ഷം രൂപ വിലമതിക്കും.
സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; ബുധനാഴ്ച 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത.ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ കാറ്റ് ശക്തിപ്പെടുന്നതാണ് മഴ കൂടുതൽ ലഭിക്കാൻ കാരണമാവുന്നതെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.ബുധനാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ 11 ജില്ലകളിലും വ്യാഴാഴ്ച 12 ജില്ലകളിലും വെള്ളിയാഴ്ച 13 ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.
ഇടുക്കി അണക്കെട്ട് തുറന്നു; ഒഴുക്കിക്കളയുക സെക്കന്റിൽ ഒരുലക്ഷം ലിറ്റർ വെള്ളം
ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നു. വെദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അണക്കെട്ട് തുറന്നത്.ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. ഒരു സെക്കന്റിൽ 30,000 ലിറ്റർ വെള്ളമാണ് മൂന്നമത്തെ ഷട്ടർ വഴി ഒഴുക്കിക്കളയുന്നത്. വെള്ളം ആദ്യം ചെറുതോണി ടൗൺ ഭാഗത്തേക്കാണ് എത്തുക. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും. സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. ഡാം തുറന്നത് റൂള്‍ കര്‍വ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു.