ന്യൂഡൽഹി:ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.യു ചിത്ര.ഏഷ്യൻ അത്ലറ്റിക്സ് മീറ്റിലെ സ്വർണ്ണ മെഡൽ ജേതാക്കളെല്ലാം ലോക ചാമ്പ്യൻഷിപ്പിന് അർഹതയുള്ളവരാണ്.എന്നാൽ 24 അംഗ ടീമിൽ നിന്നും പി.യു ചിത്രയെ ഒഴിവാക്കുകയായിരുന്നു.മെഡൽ സാധ്യത കുറവാണു എന്ന കാരണമാണ് അധികൃതർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.പി.യു ചിത്രയെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഒഫീഷ്യലുകൾക്ക് പോകാൻ വേണ്ടിയാണു ചിത്രയെ ഒഴിവാക്കിയതെങ്കിൽ അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇപ്പോൾ ഡൽഹിയിലുള്ള എം.ബി രാജേഷ് എംപി കേന്ദ്ര കായിക മന്ത്രിയെ കണ്ട് വിഷയം ചർച്ച ചെയ്യുമെന്നാണു സൂചന.
നടിയെ ആക്രമിച്ച കേസ്; കോടതി നടപടികള്‍ രഹസ്യമായി നടത്തണമെന്ന് പ്രൊസിക്യൂഷന്‍
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഇനിമുതലുളള കോടതി നടപടികള്‍ രഹസ്യമായി നടത്തണമെന്ന് പ്രോസിക്യൂഷന്‍. പല കാര്യങ്ങളും പരസ്യമായി പറയാനാവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്ന വിവരങ്ങള്‍ വലിയ പ്രഹരശേഷിയുള്ള ബോംബാണ്. ദൈവത്തിന്‍റെ കൈയുള്ളത് കൊണ്ടു മാത്രമാണ് നിര്‍ഭയ കേസില്‍ സംഭവിച്ചത് പോലെ അനിഷ്ടങ്ങള്‍ ഉണ്ടാകാതിരുനന്തെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രൊസിക്യൂഷന്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്.ആക്രമത്തിന് ഇരയായ നടി കോടതിക്ക് മുമ്പാകെ നല്‍കിയ മൊഴി പങ്കുവയ്ക്കണമെന്ന് സുനിയുടെ അഭിഭാഷകനായ ആളൂര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രൊസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. സത്രീയുടെ അഭിമാനവും സുരക്ഷയും കാത്ത് രക്ഷിക്കേണ്ട ചുമതല സര്‍ക്കാരിന്‍റേതാണെന്നും അതിനാല്‍ തന്നെ ഇത്തരമൊരു ആവശ്യം അംഗീകരിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ കോടതിയുടെ അനുമതിയോടെ പരിശോധിക്കാന്‍ അനുവദിക്കാവുന്നതാണെന്നും പ്രൊസിക്ക്യൂഷന്‍ വാദിച്ചു.
നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയെ ചോദ്യം ചെയ്‌തേക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ ചോദ്യം ചെയ്‌തേക്കും.ദിലീപുമായി റിമിക്ക് റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനാണ് പോലീസിന്റെ ശ്രമം.ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ റിമിയോട് വിദേശത്തേക്ക് പോകരുതെന്ന് പോലീസ് നിർദേശിച്ചതായാണ് വിവരം.ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ സുഹൃത്തുക്കളായിരുന്നു. നേരത്തെ ദിലീപിന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയ സമയത്ത് റിമിയുടെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ് നടത്തിയിരുന്നു.കണക്കിൽപ്പെടാത്ത പണം വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.
തൃശൂർ ബാലാശ്രമത്തിൽ നിന്നും കാണാതായ പെൺകുട്ടികളിൽ മൂന്നു പേരെ കണ്ടെത്തി
തൃശൂർ:തൃശൂർ മായന്നൂരിലെ തണൽ ബാലാശ്രമത്തിൽ നിന്നും ഇന്ന് രാവിലെ കാണാതായ അഞ്ചു പെൺകുട്ടികളിൽ മൂന്നു പേരെ കണ്ടെത്തി.തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.മറ്റു രണ്ടുപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.കാണാതായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്.ഇന്ന് പുലർച്ചെ ആറരയോടെയാണ് തണൽ ബാലാശ്രമത്തിൽ നിന്നും കുട്ടികളെ കാണാതായത്.സ്വന്തം ഇഷ്ടപ്രകാരം നാടുവിട്ടു പോവുകയാണെന്ന് കത്തെഴുതി വെച്ചാണ് പെൺകുട്ടികൾ ഇറങ്ങിപോയതെന്നാണ് സൂചന.തൃശൂർ ജില്ലയിൽ നിന്നുള്ള പെൺകുട്ടികളാണ് ഇവർ എല്ലാവരും.പുലർച്ചെയുള്ള ബസ്സിൽ ഇവർ മയന്നൂരിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്നത് ചിലർ കണ്ടതായി സൂചനയുണ്ടായിരുന്നു. ചേലക്കര സി.ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി
ചെന്നൈ:തമിഴ്നാട്ടിലെ സ്കൂളുകളിലും എല്ലാ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് എം വി മുരളീധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും വന്ദേമാതരം ആലപിക്കണം. കൂടാതെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും മാസത്തിൽ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണം. സംസ്കൃതത്തിലോ ബംഗാളിയിലോ ആലപിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തമിഴിലേക്ക് തർജമ ചെയ്യാനുള്ള നടപടിയെടുക്കാം. ആലപിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ അതിനായി നിർബന്ധിക്കേണ്ടതില്ല. എന്നാൽ കാരണം ബോധ്യപ്പെടുത്തണം. വന്ദേമാതരം എഴുതിയത് സംസ്കൃതത്തിലാണോ ബംഗാളിയിലാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ വീരമണി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവിറക്കിയത്.
മുംബൈയിൽ നാലു നില കെട്ടിടം തകർന്നു വീണു 7 മരണം
മുംബൈ:മുംബൈ ഖാദ്‌കോപ്പറിൽ നാലുനില കെട്ടിടം ഇടിഞ്ഞു വീണു ഏഴുപേർ മരിച്ചു.നാൽപ്പതോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.ഒമ്പതുപേരെ രക്ഷപ്പെടുത്തി.ഇന്ന് രാവിലെയായിരുന്നു അപകടം.പതിനാലു ഫയർ എൻജിനുകളും മുംബൈ പോലീസും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നു.കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് കരുതുന്നത്.തകർന്ന കെട്ടിടത്തിൽ ഒരു നഴ്സിംഗ് ഹോം പ്രവർത്തിച്ചിരുന്നു.നഴ്സിംഗ് ഹോമിന്റെ നവീകരണ പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.
വിൻസെന്റ് എംഎൽഎ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം:ലൈംഗികാരോപണക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എ.എം വിന്സന്റിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി നൽകിയത്.നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്.എംഎൽഎ യുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്.പീഡനം നടന്നു എന്ന് വീട്ടമ്മ മൊഴി നൽകിയ വീട്ടിലും കടയിലും എത്തിച്ചു വിൻസെന്റിനെ തെളിവെടുക്കും.
ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിലായ നടൻ ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി.ഓഗസ്റ്റ് എട്ട് വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടിയത്.സുരക്ഷാ പ്രശനങ്ങൾ മുൻനിർത്തി വീഡിയോ കോൺഫെറെൻസിങ്ങിലൂടെയാണ് ദിലീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.ഗൂഢാലോചന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.കേസിലെ സൂത്രധാരനാണ് ദിലീപെന്നും ഇതിനുള്ള വ്യക്തമായ തെളിവുകൾ ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം ശരിവെച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്.
പിഡിപി ഹർത്താൽ പിൻവലിച്ചു
തിരുവനന്തപുരം:നാളെ നടത്താനിരുന്ന പിഡിപി യുടെ സംസ്ഥാന ഹർത്താൽ പിൻവലിച്ചു.ഹർത്താൽ നടത്തേണ്ടെന്ന് പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്.മദനിയുടെ നിർദേശപ്രകാരമാണ് ഹർത്താലിൽ നടത്തുന്നതിൽ നിന്നും പിന്മാറുന്നതെന്നു പിഡിപി വൈസ് പ്രസിഡന്റ് സുബൈർ സ്വലാഹി അറിയിച്ചു.മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച ഹർത്താൽ നടത്താൻ പിഡിപി ആഹ്വാനം ചെയ്തത്.