തിരുവനന്തപുരം:സംസ്ഥാനത്തു ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത.വൈകുന്നേരം 6.30 നും 9.30 നും ഇടയ്ക്കാവും നിയന്ത്രണം.കേന്ദ്ര വൈദ്യുതി വിഹിതത്തിൽ കുറവ് വന്നതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.കേന്ദ്ര വിഹിതത്തിൽ 450 മെഗാവാട്ടിന്റെ കുറവ് വന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
കൊച്ചിയിൽ നടൻ ദിലീപ് ഭൂമി കയ്യേറിയതായി വില്ലജ് ഓഫീസറുടെ റിപ്പോർട്ട്‍
കൊച്ചി: നടന്‍ ദിലീപ് കൊച്ചിയില്‍ ഭൂമി കൈയേറിയതായി വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട്. കൊച്ചി കരുമാലൂരില്‍ മുപ്പത് സെന്റ് പുറമ്പോക്ക് ഭൂമി കൈയേറിയെന്ന പരാതിയിന്മേലായിരുന്നു വില്ലേജ് ഓഫീസറുടെ അന്വേഷണം.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.ദിലീപിന്റെയും മുന്‍ഭാര്യ മഞ്ജു വാര്യരുടെയും പേരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കന്‍ പരവൂരിലെ കരിമാലൂരില്‍ വാങ്ങിയ സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂമി കൈയേറിയെന്നാണ് പരാതി.വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുമാലൂരിലെ ദിലീപിന്റെ ഭൂമി വ്യാഴാഴ്ച അളന്ന് തിട്ടപ്പെടുത്തും.പറവൂര്‍ താലൂക്കിലെ പുറപ്പള്ളികാവില്‍ സൂയിസ്‌കം ബ്രിഡ്ജിന്റെ സമീപത്തുള്ള രണ്ട് എക്കര്‍ സ്ഥലമാണ് ദിലീപിന്റെയും മുന്‍ ഭാര്യ മഞ്ജുവിന്റെയും പേരില്‍ പോക്കുവരവ് ചെയ്തതായി കണ്ടെത്തിയത്. ഇവിടെ പുഴയോട് ചേര്‍ന്നുള്ള 30 സെന്റ് പുറംപോക്ക് ഭൂമി ദിലീപ് കൈയേറിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ ആരോപണം.
സ്വാതന്ത്രസമര സേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു
തിരുവനന്തപുരം:സ്വാതന്ത്ര്യ സമരസേനാനി കെ.ഇ മാമ്മന്‍ അന്തരിച്ചു. 97 വയസായിരുന്നു. ദീര്‍ഘനാളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷാഘാതവും വാര്‍ധക്യ സഹജമായ രോഗങ്ങളുമാണ് മരണ കാരണം. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കെ ഇ മാമ്മന്‍.അവിവാഹിതനാണ്.സഹോദരൻ കെ.ഇ ഉമ്മന്റെ മകൻ ഗീവർഗീസ് ഉമ്മനോടൊപ്പം കുന്നുംകുഴിയിലെ വീട്ടിലായിരുന്നു താമസം.ക്വിറ്റ് ഇന്ത്യ സമരങ്ങളിലും സർ സി.പിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്.
രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് നിർത്തിവെച്ചു
ന്യൂഡൽഹി:രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് നിർത്തിവെച്ചു.200 രൂപ അടക്കമുള്ള ചെറിയ രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നതിനു വേണ്ടി അഞ്ചു മാസം മുൻപ് തന്നെ റിസേർവ് ബാങ്ക് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവെച്ചിരുന്നതായി ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.500,1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ അച്ചടിച്ചത്.പക്ഷെ ആവശ്യത്തിന് ചില്ലറയില്ലാത്തതു മൂലം ജനം വലയുന്നതിനാലാണ് ചെറിയ മൂല്യമുള്ള നോട്ടുകൾ അച്ചടിക്കാൻ റിസേർവ് ബാങ്ക് തീരുമാനിച്ചത്.റിസർവ് ബാങ്കിന്റെ മൈസൂർ കേന്ദ്രത്തിൽ അച്ചടിക്കുന്ന 200 രൂപ നോട്ടുകൾ അടുത്ത മാസത്തോടെ ക്രയവിക്രയത്തിനു ലഭിക്കുമെന്നാണ് സൂചന.എന്നാൽ ഇക്കാര്യം റിസർവ് ബാങ്ക് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.
മലപ്പുറത്ത് മൂന്നു പഞ്ചായത്തുകളിൽ നാളെ ഹർത്താൽ
മലപ്പുറം:മലപ്പുറത്ത് മൂന്നു പഞ്ചായത്തുകളിൽ നാളെ സിപിഎം ഹർത്താൽ.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.താനൂർ,ഒഴൂർ,നിറമരുതൂർ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ.സിപിഎം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
എം.വിൻസെന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ എംഎൽഎ എം.വിൻസെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി.വിന്സന്റിനു ജാമ്യം നൽകിയാൽ സമാധാന പ്രശ്നമുണ്ടാകുമെന്നു കോടതി വിലയിരുത്തി.വിൻസെന്റ് ഇപ്പോൾ പുറത്തിറങ്ങിയാൽ പരാതിക്കാരിയായ വീട്ടമ്മയുടെ ജീവന് ഭീഷണിയാകുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.അതേസമയം എംഎൽഎ ഹോസ്റ്റലിൽ നിന്നും കണ്ടെടുത്ത വിൻസെന്റിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും.എംഎൽഎയുടെ ശബ്ദപരിശോധനയും നടത്തും.പരാതിക്കാരിയുടെ സഹോദരനെ വിളിച്ചു എംഎൽഎ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.
ദിലീപ് ഉടൻ സുപ്രീം കോടതിയെ സമീപിക്കില്ല
കൊച്ചി:ദിലീപുമായി അഭിഭാഷകര്‍ കൂടിക്കാഴ്ച നടത്തി. ആലുവ ജയിലിലെത്തിയാണ് ദിലീപിനെ കണ്ടത്. ജാമ്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ ഉടന്‍ സമീപിക്കില്ല. കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ജാമ്യം തള്ളിയ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ ദിലീപുമായി ചര്‍ച്ച ചെയ്തു.മുതിർന്ന അഭിഭാഷകൻ റാം കുമാറിന്റെ മകൻ അഡ്വ.രാംദാസ്,മറ്റൊരു ജൂനിയർ അഭിഭാഷകൻ എന്നിവരാണ് ദിലീപിനെ ജയിലിൽ സന്ദർശിച്ചത്.ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സന്ദർശനം.
തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം
തിരുവനന്തപുരം:പൂവച്ചൽ മേഖലയിൽ സിപിഎം-ബിജെപി സംഘർഷം.ഇരു പാർട്ടികളും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പാർട്ടി ഓഫീസുകളും മൂന്നു വീടുകളും ഹോട്ടലുകളും തകർന്നു.സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്.ഓഗസ്റ്റ് 15 ന് സിപിഎം നടത്തുന്ന യുവജന മാർച്ചിന്റെ ചുമരെഴുത്തിനെ കുറിച്ചും പോസ്റ്ററിനെ കുറിച്ചുമുള്ള തർക്കമാണ് ആക്രമണത്തിൽ അവസാനിച്ചത്.അക്രമവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളിൽപെട്ടവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.