കോട്ടയം:ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം. കോട്ടയത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. എസിവി കാമറാമാന്‍ അനില്‍ ആലുവ, ന്യൂസ് 18 കാമറാമാന്‍ ലിബിന്‍ എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്.
സ്കൂളുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍
തിരുവനന്തപുരത്ത് നിരോധനാജ്ഞ മൂന്നു ദിവസത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം:രാഷ്ട്രീയ അക്രമങ്ങളെ തുടർന്ന് തിരുവനന്തപുരത്തു നിരോധനാജ്ഞ മൂന്നു ദിവസം കൂടി നീട്ടി.പോലീസ് ആക്ട് പ്രകാരം പ്രകടങ്ങളും പൊതുയോഗങ്ങളും നടത്താൻ പാടില്ല.തിരുവനന്തപുരം സിറ്റി പോലീസിന്റേതാണ് ഉത്തരവ്.ഓഗസ്റ്റ് രണ്ടു വരെ ഉത്തരവ് നിലനിൽക്കും.അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.പ്രകോപനം ഉണ്ടാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോകൾ,വീഡിയോകൾ,പ്രസ്താവനകൾ എന്നിവ ഷെയർ ചെയ്യുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ,ഫേസ്ബുക് പോസ്റ്റുകൾ എന്നിവ പോലീസിന്റെ നിരീക്ഷണത്തിലാണ്.
ജീൻ പോൾ ലാലിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്
കൊച്ചി:അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതിക്കു പിന്നാലെ തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്.ഹണി ബീ 2 എന്ന സിനിമയുടെ സംവിധായകൻ ജീൻ പോൾ ലാലിനെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്.സിനിമയുടെ സി.ഡി ശാസ്ത്രീയ പരിശാധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ബോഡി ഡബിൾ ഉപയോഗിച്ചു എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായത്.ബോഡി ഡബിൾ ഉപയോഗിക്കുന്നതിന്റെ നിയമവശം പരിശോധിച്ച ശേഷമാകും തുടർ നടപടിയെന്ന് പോലീസ് അറിയിച്ചു.ഇതിന്റെ ഭാഗമായി സിനിമയുടെ മേക്കപ്പ് മാനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു.വഞ്ചനയ്ക്കും ലൈംഗികചുവയോടെ സംസാരിച്ചതിനുമാണ് ജീൻ പോൾ ലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ന്യൂ ജനറേഷൻ സിനിമയിലെ ശ്രദ്ധേയരായ ശ്രീനാഥ് ഭാസി,ടെക്‌നീഷ്യന്മാരായ അനൂപ്,അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
എൻട്രി പട്ടിക പുറത്ത്; ചിത്രക്ക് അനുമതി കിട്ടാനുള്ള സാധ്യത മങ്ങി
തിരുവനന്തപുരം:ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പില്‍ മത്സരിക്കാൻ പി യു ചിത്രക്ക് അനുമതി കിട്ടാനുള്ള സാധ്യത മങ്ങി. ഐഎഎഎഫ് പുറത്തിറക്കിയ മത്സരയിനങ്ങളിളുടെ എൻട്രി പട്ടികയിൽ പി യു ചിത്രയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ചിത്രയ്ക്കായി ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ അയച്ച കത്ത് ഇനി പരിഗണിക്കപ്പെടുമോയെന്ന കാര്യവും സംശയമാണ്.1500 മീറ്റർ ഓട്ടത്തിൽ ഭുവനേശ്വരിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം അണിഞ്ഞതോടെയാണ് പി യു ചിത്ര ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. എന്നാല്‍ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ചിത്രയുടെ പ്രകടനം സ്ഥിരതയാർന്നതല്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് മത്സരങ്ങളുടെ എൻട്രി പട്ടിക അന്താരാഷ്ട്ര അസോസിയേഷൻ ഓഫ് അത്‍ലറ്റിക് ഫെഡറേഷൻ തയ്യാറാക്കിയത്.പി യു ചിത്രയ്ക്ക് പുറമെ പുരുഷ വിഭാഗം 1500 മീറ്ററിൽ ഭുവനേശ്വരിൽ സ്വർണം നേടി ലണ്ടനിലേക്ക് യോഗ്യത നേടിയ അജയ് കുമാർ സരോജിനും പട്ടികയില്‍ ഇടം കണ്ടെത്താനായില്ല. ഇരുവരേയും മെഡൽ സാധ്യതയില്ലെന്ന് പറഞ്ഞ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം ഇന്ത്യൻ സംഘം ഒഴിവാക്കിയ സുധാ സിങിന് സ്റ്റീപ്പിൾ ചെയ്സിൽ ലണ്ടനിൽ എൻട്രി ലഭിച്ചിട്ടുണ്ട്. 100 മീറ്ററിൽ ദ്യുതി ചന്ദിനും പ്രത്യേക പ്രവേശനം ലഭിച്ചു.ചിത്രയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവും കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും വന്നതോടെ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന പ്രത്യേക അഭ്യർത്ഥന ഇന്ത്യൻ ഫെഡറേഷൻ ഐഎഎഎഫിന് ഇന്നലെ വൈകുന്നേരം അയച്ചത്. എന്നാൽ ആ അപേക്ഷ ഇതുവരേയും സ്വീകരിക്കപ്പെട്ടിട്ടില്ലെന്നതിന്‍റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. 23ന് പട്ടിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചിരുന്നു എന്നതിനാൽ തന്നെ ഇന്നലെ അയച്ച അപേക്ഷ ഇനി പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. അങ്ങനെയാണെങ്കിൽ ചിത്രയ്ക്ക് ലണ്ടനിൽ മത്സരിക്കാനുള്ള അവസരം നഷ്ടമാകും.
ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം;മുഖ്യപ്രതികളെല്ലാം പിടിയിൽ
തിരുവനന്തപുരം:ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളും പോലീസ് പിടിയിലായി.മണികണ്ഠൻ(മണിക്കുട്ടൻ) ഉൾപ്പെടെ ആറുപേരാണ് പോലീസിന്റെ പിടിയിലായത്.കാട്ടാക്കട പുലിപ്പാറയിൽ നിന്നാണ് ഇവരെ പിടികൂടിയത്.പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.ഐ.ജി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലാണ് അന്വേഷണ നടപടികൾ പുരോഗമിക്കുന്നത്.അതേസമയം ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം;ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം:ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായി.അക്രമി സംഘത്തിലുള്ള മണിക്കുട്ടൻ എന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.കള്ളിക്കാടിനു സമീപം പുലിപ്പാറയിൽ നിന്ന് അക്രമിസംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി.ആർ.എസ്.എസ് കാര്യവാഹക് കല്ലമ്പള്ളി വിനായക നഗറിൽ കുന്നിൽ വീട്ടിൽ സുദര്ശന്റെ മകൻ രാജേഷ് ആണ് മരിച്ചത്.ഇന്നലെ രാത്രി ഒൻപതു മണിയോടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുബോൾ ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായി എത്തിയ അക്രമിസംഘം രാജേഷിനെ വെട്ടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹർത്താൽ
തിരുവനന്തപുരം:ശ്രീകാര്യം ഇടവക്കോട് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ബിജെപി സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.ബിജെപി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന എം.എസ്.സി നഴ്സിംഗ് പ്രവേശന പരീക്ഷ,സംസ്ഥാന അറബിക് ടാലെന്റ്റ് ടെസ്റ്റ് എന്നിവ മാറ്റി വെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തലസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു
തിരുവനന്തപുരം:ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ പതിനഞ്ചംഗ സംഘമാണ് ആർ.എസ്.എസ് കാര്യവാഹക് കുന്നിൽ വീട്ടിൽ രാജേഷിനെ(34) വെട്ടിക്കൊലപ്പെടുത്തിയത്.ഇയാളുടെ ഇടതു കൈ പൂർണ്ണമായും വേർപെട്ടിരുന്നു.വലതു കൈ മുറിഞ്ഞു തൂങ്ങിയ അവസ്ഥയിലുമായിരുന്നു. രണ്ടു കാലുകൾക്കും ഗുരുതരമായി വെട്ടേറ്റിരുന്നു.ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.വിനായക് നഗറിലുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരുമ്പോൾ കടയുടെ മുൻപിലിട്ടു അക്രമിസംഘം യുവാവിനെ വെട്ടുകയായിരുന്നു.സ്ഥലത്തു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം അക്രമി സംഘം യുവാവിന്റെ കൈ വെട്ടിമാറ്റി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു.ഇരു കാലുകളിലും ശരീരത്തിലും നിരവധി വെട്ടേറ്റ യുവാവിനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.
പി.യു ചിത്രയെ അത്‌ലറ്റിക്ക് മീറ്റില്‍ മത്സരിപ്പിക്കണമെന്ന് കേന്ദ്രകായിക മന്ത്രി
ന്യൂ ഡൽഹി:പിയു ചിത്രയെ അത്‌ലറ്റിക്ക് മീറ്റില്‍ മത്സരിപ്പിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. അത്‌ലറ്റിക്ക് ഫെഡറേഷന്‍ പ്രസിഡന്റിനോട് മന്ത്രി ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ ബഹുമാനിക്കണമെന്നും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും ചിത്രയെ മീറ്റിന് അയക്കാത്ത ദേശീയ അത് ലറ്റിക് ഫെഡറേഷന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു.ഓഗസ്റ്റ് നാലിനാണ് ലണ്ടനിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നത്.ഇതിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം നേരത്തെ യാത്ര തിരിച്ചിരുന്നു.ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതിയും അവസാനിച്ചിരുന്നു.അത്ലറ്റിക് ഫെഡറേഷന്റെ ശക്തമായ ഇടപെടലിലൂടെ മാത്രമേ ചിത്രയ്ക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളൂ.എന്നാൽ അതിനു വേണ്ടി ഒരു ശ്രമവും നടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ.