മുംബൈ: മുംബൈയിലെ പരേലില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം.നഗരത്തിലെ ആഡംബര പാര്‍പ്പിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല് ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്‌മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.കെട്ടിടത്തിന്റെ പത്തൊന്‍പതാം നിലയില്‍ നിന്ന് ഒരാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്ന ദൃശ്യങ്ങല്‍ പുറത്തുവന്നിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയാണ് അരുണ്‍ തിവാരി (30) എന്നയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്ബ് തന്നെ ഇയാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.കിലോമീറ്ററുകളോളം കാണാവുന്ന രീതിയില്‍ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
പുതിയ ചരിത്രം രചിച്ചു;100 കോടി ഡോസ് വാക്‌സിൻ രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനം; പ്രധാനമന്ത്രി
ന്യൂഡൽഹി: 100 കോടി വാക്സിൻ വിതരണമെന്ന അസാധാരണ ലക്ഷ്യമാണ് രാജ്യം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരോ ഇന്ത്യക്കാരന്റെയും നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 100 കോടി ഡോസ് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 100 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. ഇതില്‍ നിന്ന് രാജ്യം കരകയറുമോയെന്ന ആശങ്ക പലരിലും ശക്തമായിരുന്നു. എന്നാല്‍ വാക്സിന്‍ വിതരണത്തിലൂടെ അസാധാരണമായ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് സാധിച്ചു. രാജ്യം കൊറോണയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.പല വികസിത രാജ്യങ്ങളേക്കാള്‍ മികച്ച രീതിയിലാണ് ഇന്ത്യയിലെ വാക്സിന്‍ വിതരണം നടന്നത്. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ സൃഷ്ടിച്ച കൊവിന്‍ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവന്‍ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാവരും വാക്സിന്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി വാക്സിന്‍ എടുത്തവര്‍ എടുക്കാത്തവരെ പ്രോല്‍സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു
തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.ഒക്ടോബര്‍ 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ കോമോരിനു (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കാരണം മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുകയാണ്. കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി 2 ദിവസം കൂടി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും. ഇതു ന്യൂനമര്‍ദമാകാനുള്ള സാധ്യത ഇതുവരെയില്ല.ഒക്ടോബര്‍ 22 മുതല്‍ 28 വരെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെ വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒക്ടോബര്‍ 26ഓടെ തുലാവര്‍ഷം ആരംഭിക്കാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. അതേസമയം, ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ ഇടുക്കി ഡാമില്‍ ഇന്നലെ രാത്രി വീണ്ടും റെഡ് അലര്‍ട്ട് പ്രഖാപിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്ബോള്‍ 2398.08 അടി ആയിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി 2398.30 അടി ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ കര്‍വ് പ്രകാരം നിലവില്‍ ഇടുക്കി ഡാമില്‍ അനുവദിനീയമായ ജലനിരപ്പ് 2399.31 അടിയാണ്. ഈ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുല്ലപെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. 135.10 അടിയണ് ഇപ്പോള്‍.
രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്; തിരുവനന്തപുരത്ത് പെട്രോള്‍ വില 109.20 രൂപ
ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്.പെട്രോളിന് ഒരു ലിറ്ററിന് 35 പൈസയും ഡീസലിന് ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്.ഇതോടെ കൊച്ചിയില്‍ ഡീസലിന് 100.96 രൂപയും പെട്രോളിന് 107. 20 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 109.20ഉം ഡീസല്‍ വില 102.75 രൂപയുമായാണ് കൂടിയത്.ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ37 പൈസയാണ്. പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിപ്പിച്ചു.അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍.
കോവിഡ് വാക്‌സിനേഷനിൽ ചരിത്ര നേട്ടത്തിൽ ഇന്ത്യ; വാക്സിനേഷന്‍ 100 കോടി ഡോസിലേക്ക്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ നൂറ് കോടി ഡോസിലേക്ക്. ഇന്നലെ രാത്രിയിലെ കണക്ക് പ്രകാരം 99.7 കോടി ഡോസാണ് നല്‍കിയത്. ഇന്ന് ഉച്ചയോടെ 100 കോടി ഡോസ് പിന്നിടും. കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവെപ്പാണിതെന്നും വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു..2021 ജനുവരി 16 നായിരുന്നു വാക്സിന്‍ വിതരണം ആരംഭിച്ചത്.ചരിത്ര നിമിഷത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. രാജ്യത്തെ വിമാനങ്ങള്‍, കപ്പല്‍, ട്രെയിനുകളില്‍ എന്നിവിടങ്ങളില്‍ നൂറ് കോടി ഡോസ് വാക്സിന്‍ കടന്നതിന്റെ പ്രഖ്യാപനമുണ്ടാകും. കേരളത്തിലെ രണ്ട് സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. ബേക്കല്‍ കോട്ടയിലും കണ്ണൂര്‍ കോട്ടയിലും ആഘോഷങ്ങള്‍ നടക്കും.കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 75 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. എന്നാല്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വാക്സിന്‍ വിതരണം നടത്തിയത് ഉത്തര്‍പ്രദേശിലാണ്.ജനുവരി 16നാണ് ഇന്ത്യ വാക്സിനേഷന്‍ യജ്ഞം ആരംഭിക്കുന്നത്. ആദ്യഘട്ടമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങി. മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചു.
വാഹന രജിസ്‌ട്രേഷൻ റദ്ദാക്കൽ;ട്രാവല്‍ വ്‌ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി:നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരേ ട്രാവല്‍ വ്‌ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.ണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന്‍ വര്‍ഗീസും സഹോദരന്‍ ലിബിന്‍ വര്‍ഗീസുമാണ് ഹർജി സമർപ്പിച്ചത്.ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മോട്ടോര്‍വാഹന നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. വാഹനത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.രജിസ്‌ട്രേഷൻ റദ്ദാക്കിയ വാഹനം വിട്ടുനൽകണമെന്ന ഇ-ബുൾജെറ്റ് സഹോദരന്മാരുടെ ആവശ്യവും ഹൈക്കോടതി സിംഗിൾ ബഞ്ച് നിരാകരിച്ചു.മോടി പിടിപ്പിക്കലിൽ വിവാദമായ ‘നെപ്പോളിയൻ’ കാരവാന്റെ രജിസ്ട്രേഷൻ താത്കാലികമായി മോട്ടോർവാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചായിരുന്നു നടപടി.
മയക്കുമരുന്ന് കേസ്; ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുംബൈ; മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30ന് കോടതിയിലെത്തുമെന്ന് ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചു. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷകര്‍. കഴിഞ്ഞ ഓഗസ്റ്റില്‍ സമാനമായ ഒരു കേസില്‍ മയക്കുമരുന്ന് കേസില്‍ പ്രതികളുടെ പ്രായം കൂടി പരിഗണിച്ച് തിരുത്താന്‍ അവസരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
30 കോടി വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി കണ്ണൂരിൽ രണ്ട് പേർ പിടിയിൽ
കണ്ണൂർ: 30 കോടി വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി കണ്ണൂരിൽ രണ്ട് പേർ പിടിയിലായി.ഒന്‍പത് കിലോയിലധികംവരുന്ന ആംബര്‍ഗ്രീസിന് ലോകമാര്‍ക്കറ്റില്‍ 30 കോടിയോളം വിലവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ പരിശോധനയിലാണ് വാഹനവുമായി പ്രതികള്‍ പിടിയിലായത്. മാതമംഗലം-കോയിപ്ര റോഡില്‍ കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ റേഞ്ച് ഓഫീസറും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.കോയിപ്ര സ്വദേശി കെ.ഇസ്മായില്‍ (44), ബെംഗളൂരു കോറമംഗല സ്വദേശിയായ അബ്ദുല്‍ റഷീദ് (53) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ആംബര്‍ഗ്രീസ് നിലമ്ബൂര്‍ സ്വദേശികള്‍ക്ക് 30 കോടി രൂപയ്ക്ക് വില്ക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. തളിപ്പറമ്പിൽ സി.സി.ടി.വി. ബിസിനസ് നടത്തുന്ന ഇസ്മായിലാണ് ബെംഗളൂരുവിലെ റഷീദില്‍നിന്ന് ആംബര്‍ഗ്രീസ് വാങ്ങിയത്.
എണ്ണത്തിമിംഗിലങ്ങളിലുണ്ടാകുന്ന ആംബര്‍ഗ്രീസ് ഔഷധ-സുഗന്ധദ്രവ്യ നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ രണ്ടില്‍ പെട്ട എണ്ണത്തിമിംഗിലത്തിന്റെ ഏതെങ്കിലും ഉത്പന്നങ്ങള്‍ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇതാണ് കേസിനും അറസ്റ്റിനും കാരണം.സ്‌പേം തിമിംഗലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രീസ്. കണ്ടാല്‍ പാറ പോലെ തോന്നുന്ന ഈ ഖരവസ്തുചാരനിറത്തിലുള്ളതും തീപിടിക്കുന്നതുമാണ്. പെര്‍ഫ്യൂം സുഗന്ധം കൂടുതല്‍ നേരം നിലനിര്‍ത്താന്‍ ആണ് ആംബര്‍ഗ്രീസ് എന്ന ഈ അപൂര്‍വ്വ പദാര്‍ത്ഥം ഉപയോഗിക്കുന്നത്. എണ്ണത്തിമിംഗലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളായതിനാലാണ് ആംബര്‍ഗ്രീസ് കൈവശം വെയ്ക്കുന്നത് കുറ്റകരം ആകുന്നത്.
സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും ഞായറാഴ്ച വരെ ഇത് തുടര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കോട്ടയത്ത് രാവിലെയും ശക്തമായ മഴയുണ്ടായിരുന്നു. മറ്റ് ജില്ലകളില്‍ മഴ കുറഞ്ഞിരിക്കുകാണ്. എന്നാല്‍ അടുത്ത കുറച്ച് ദിവസങ്ങള്‍ കൂടി ജാഗ്രത പുലര്‍ത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍ പൊട്ടി. ആളപായമില്ല. അന്‍പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പുലര്‍ച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. രാത്രിയില്‍ പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട മഴ തുടര്‍ന്നു. ഇന്ന് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി കല്ലാര്‍ ഡാം തുറന്നു. വെളുപ്പിന് 2.30 മുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.മലപ്പുറം ജില്ലയില്‍ രാത്രിയില്‍ കാര്യമായ മഴ ഉണ്ടായില്ല. വയനാട്ടില്‍ കനത്ത മഴയ്ക്ക് ശമനം.കോഴിക്കോട് നഗര മേഖലകളില്‍ ഇന്നലെ മുതല്‍ മഴയില്ല. എന്നാല്‍ മലയോര മേഖലകളില്‍ നല്ല മഴ തുടരുന്നു.കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ അടക്കം പുലര്‍ച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ഇപ്പോള്‍ മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മഴ പെയ്യുന്നത് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം
കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെ ലൈസന്‍സും സസ്‌പെൻഡ് ചെയ്യാൻ തീരുമാനം.പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് അടുത്തുള്ള വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിന് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിനെ തുടര്‍ന്ന് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിരുന്നു.ശനിയാഴ്ചയായിരുന്നു സംഭവം. ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിലൂടെ ബസ് ഓടിക്കുന്നതിനിടെ ബസ് ഭാഗികമായി വെള്ളക്കെട്ടില്‍ മുങ്ങുകയായിരുന്നു. മുക്കാല്‍ ഭാഗവും മുങ്ങിയ ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചത്.