ലക്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ട്രെയിൻ പാളം തെറ്റി. പുരിയിൽനിന്നു ഹരിദ്വാർവഴി കലിംഗയ്ക്കു പോകുന്ന ഉത്കൽ എക്സ്പ്രസിന്‍റെ ആറു ബോഗികളാണ് പാളം തെറ്റിയത്. അഞ്ചുപേർ അപകടത്തിൽ മരച്ചതായാണ് പ്രാഥമിക വിവരം. 35 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടം അട്ടിമറിയാണെന്ന് സംശയമുയർന്നതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തേക്കു തിരിച്ചു.മുസഫർനഗറിലെ കട്ടൗലിക്കുസമീപമായിരുന്നു അപകടം. ന്യൂഡൽഹിയിൽനിന്നു 100 കിലോമീറ്റർ മാത്രം അകലെയാണ് കട്ടൗലി. ജില്ലാ ഭരണകൂടം ഇവിടെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ ഡൽഹിയിൽനിന്ന് അപകടമുണ്ടായ കട്ടൗലിയിലേക്ക് അയച്ചിട്ടുണ്ട്.
ഷുക്കൂർ വധക്കേസ്;സിപിഎം നേതാക്കൾക്കെതിരെ പുനരന്വേഷണം
കണ്ണൂർ:അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെ പുനരന്വേഷണം. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും ഉൾപ്പെട്ട നേതാക്കൾക്കെതിരെയാണ് സിബിഐ അന്വേഷണം.2012 ഫെബ്രുവരി 20 നാണ് എം.എസ്.എഫ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടത്.പി.ജയരാജന്റെ കാർ അക്രമിക്കപ്പെട്ടതിന്റെ തൊട്ടു പിന്നാലെയായിരുന്നു കൊലപാതകം.കൊലപാതക ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല എന്നതാണ് പി.ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ്.ഷുക്കൂറിന്റെ മാതാവിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.മാധ്യമ പ്രവർത്തകൻ എം.കെ മനോഹരനിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.
സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ റിവ്യൂ ഹർജിയുമായി സർക്കാർ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഈടാക്കാമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകും. ഇക്കാര്യം സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. അഞ്ച് ലക്ഷം രൂപ ഫീസ് നിശ്ചയിച്ചത് എല്ലാ വശങ്ങളും പരിശോധിച്ചാണെന്നും കോടതിയിൽ അറിയിക്കും.കഴിഞ്ഞ ദിവസമാണ് കോളജുകൾക്ക് ഫീസ് 11 ലക്ഷം വരെ വാങ്ങാമെന്നു സുപ്രീം കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ സ്വാശ്രയ മെഡിക്കൽ കോളജ് അധികൃതർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. അഞ്ച് ലക്ഷം രൂപ പണമായും ബാക്കി പണമോ ബാങ്ക് ഗ്യാരണ്ടിയായോ ഈടാക്കാം. അധികം വരുന്ന തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ഓക്സിജൻ ലഭിക്കാതെ ഡൽഹിയിലും നവജാതശിശു മരിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പുരിനു പിന്നാലെ ഡൽഹിയിലും പ്രാണവായു ലഭിക്കാതെ നവജാത ശിശു മരിച്ചു. റാവു ടുല രാം ആശുപത്രിയിൽ തിങ്കളാഴ്ച ജനിച്ച കുട്ടിയാണ് മരിച്ചത്. ജനിച്ചയുടനെ കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു. ഇതേതുടർന്നു കുട്ടിക്കു ഓക്സിജൻ നൽകാൻ ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ യഥാസമയം ഓക്സിജൻ നൽകാൻ അധികൃതർക്കു സാധിച്ചില്ലെന്നും ഇതേതുടർന്നാണ് കുട്ടി മരിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.ആശുപത്രിയിൽ ആവശ്യത്തിനുള്ള ഓക്സിജൻ സിലിണ്ടറുകൾ ഇല്ലാത്തതുമൂലമാണ് കുട്ടി മരിക്കാൻ ഇടയായതെന്നും കുട്ടിയുടെ പിതാവ് ബ്രിജേഷ് കുമാർ സിംഗ് പറഞ്ഞു. ഇതിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.സി.ഐ.സി.ഐ ബാങ്ക് സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു
ന്യൂഡൽഹി:പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ബാങ്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു.50 ലക്ഷം രൂപയിൽ കുറവുള്ള സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ൦.5 ശതമാനമാണ് കുറച്ചത്.3.5 ശതമാനമായിരിക്കും 50 ലക്ഷം വരെയുള്ള സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് ഈടാക്കുന്ന പലിശ നിരക്ക്.എന്നാൽ 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനമായി തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.എസ്ബിഐ ,എച്.ഡി.എഫ്.സി ബാങ്ക്,ബാങ്ക് ഓഫ് ബറോഡ,പഞ്ചാബ് നാഷണൽ ബാങ്ക്,ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെ മറ്റ് ബാങ്കുകളും അവരുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്.
അമ്പതു രൂപയുടെ പുതിയ നോട്ടുകൾ വരുന്നു
മുംബൈ:അമ്പതു രൂപയുടെ പുതിയ നോട്ടുകൾ ഉടൻ വരുന്നു.ഗവർണർ ഊർജിത് പട്ടേലിന്റെ കയ്യൊപ്പോടു കൂടിയ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് റിസേർവ് ബാങ്ക് അറിയിച്ചു.മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകളാണ് പുറത്തിറക്കുക.66 എംഎം-135 എംഎം വലിപ്പത്തിലുള്ളതാണ് പുതിയ നോട്ടുകളെന്നും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യത്തിൻറെ സാംസ്ക്കാരിക പൈതൃകം വരച്ചു കാട്ടുന്ന ഹംപിയും രഥവും നോട്ടിന്റെ മറുഭാഗത്ത് ആലേഖനം ചെയ്തിട്ടുണ്ടാകും.ഫ്ലൂറസെന്റ് നീലയായിരിക്കും അടിസ്ഥാന നിറം.പുതിയ നോട്ട് വന്നാലും പഴയത് പ്രാബല്യത്തിലുണ്ടാകും.
മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇനി മുതൽ നികുതി ഓൺലൈനായി അടയ്ക്കാം
തലശ്ശേരി:ഇൻഫർമേഷൻ ടെക്നോളജി ഉപയോഗപ്പെടുത്തി മുഴപ്പിലങ്ങാട് പഞ്ചായത്ത് ഇനി മുതൽ സേവനങ്ങൾ ഓൺലൈനാക്കുന്നു.ഇതിന്റെ ആദ്യപടിയായി കെട്ടിട നികുതി ഓൺലൈനായി സ്വീകരിച്ചു തുടങ്ങി.അതാതു വർഷത്തെ നികുതി ഓൺലൈനായി അടക്കുന്നവർക്ക് ഓൺലൈനായി തന്നെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്തെടുക്കാം.സഞ്ജയ സോഫ്റ്റ് വെയറിലൂടെയാണ് ഓൺലൈൻ സംവിധാനം നടപ്പാക്കുന്നത്. പഞ്ചായത്ത് ഓഫീസിൽ കാത്തു നിൽക്കാതെ തന്നെ ഇനി മുതൽ നികുതി അടയ്ക്കുന്നതിനും സർട്ടിഫിക്കറ്റ് എടുക്കുന്നതിനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് പ്രസിഡന്റ് എം.പി ഫാബിസ് പറഞ്ഞു.ഇതിനായി അക്ഷയ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ചുള്ള അപേക്ഷ സമർപ്പിക്കാതെ തന്നെ സർട്ടിഫിക്കറ്റു ലഭിക്കുന്നുവെന്നുള്ളതും പ്രത്യേകതയാണ്
സംസാരത്തിനിടെ കോൾ മുറിഞ്ഞാൽ കനത്ത പിഴ ഈടാക്കാനൊരുങ്ങി ട്രായ്
ന്യൂഡൽഹി: ഫോണ്‍ ചെയ്യുന്നതിനിടെ കോൾ മുറിഞ്ഞാൽ കനത്ത പിഴ ഈടാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). പത്തുലക്ഷം രൂപവരെ പിഴ ഈടാക്കാവുന്ന തരത്തിലാണ് ട്രായ് മാർഗനിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും.ഫോണ്‍വിളി മുറിയലിന്‍റെ സമയത്തിനനുസരിച്ചാണ് പിഴ ഈടാക്കുക. ഒരുലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പിഴയെന്ന് ഇകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ദീർഘനേരം ഈ അവസ്ഥയാണെങ്കിൽ പിഴ തുക ഇരട്ടിയാവും. നേരത്തെ 50,000 രൂപ മാത്രമായിരുന്നു പിഴ.
ആലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ നിരോധിത നോട്ടുകൾ പിടികൂടി
ആലപ്പുഴ:കായംകുളം ദേശീയ പാതയിൽ കൃഷ്ണപുരത്ത് വാഹന പരിശോധയ്ക്കിടെ നിരോധിത നോട്ടുകൾ പിടികൂടി.പാലക്കാട് സ്വദേശികളായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരോധിച്ച 10 കോടി രൂപയുടെ നോട്ടുകളാണ് ഇവരിൽ നിന്നും പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആയിരത്തിന്റെ അസാധു നോട്ടുകളാണ് കാറിൽ കടത്താൻ ശ്രമിച്ചത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെ ചേർത്തലയിൽ നിന്നും അസാധു നോട്ടുകൾ പിടികൂടിയിരുന്നു.ഈ സംഘവുമായി ഇന്ന് കസ്റ്റഡിയിലെടുത്ത സംഘത്തിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഗൊരഖ്പൂർ ദുരന്തം;ഒൻപത് കുട്ടികൾ കൂടി മരിച്ചു
ലഖ്‌നൗ:ഗോരഖ്പൂർ ആശുപത്രി ദുരന്തത്തിൽ ഒൻപതു കുട്ടികൾ കൂടി മരിച്ചു.ഇതോടെ ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 105 ആയി.ഒൻപതുപേർ മരിച്ചതിൽ അഞ്ച് മരണങ്ങളും നവജാത ശിശുക്കളുടെ വാർഡിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഇതിൽ രണ്ടുപേർ ജപ്പാൻ ജ്വരം ബാധിച്ചാണ് മരിച്ചത്.ശിശുരോഗ ചികിത്സ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു.നവജാത ശിശുക്കൾ ഉൾപ്പെടെ ഇവിടെ ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം കുട്ടികളും ഗുരുതരവാസ്ഥയിലാണ് ഉള്ളത്. അതേസമയം ഗോരഖ്പൂർ ആശുപത്രിയിലുണ്ടായ ശിശു മരണങ്ങൾ സംബന്ധിച്ച് ആറാഴ്ചയ്ക്കകം സത്യവാഗ്മൂലം സമർപ്പിക്കാൻ യു.പി സർക്കാരിനോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ ജനറലിനോടും അലഹബാദ് ഹൈക്കോടതി നിർദേശിച്ചു.