കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.ആറ് യാത്രികരിൽ നിന്നായി കോടികൾ വിലമതിക്കുന്ന അഞ്ചര കിലോ സ്വർണം പിടികൂടി.പിടിച്ചെടുത്ത സ്വർണത്തിന് രണ്ടരക്കോടി രൂപ വിലവരും. കസ്റ്റഡിയിലെടുത്തവരെ അധികൃതർ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിൽ എടുത്തവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സംശയിക്കുന്നത്.കഴിഞ്ഞ ദിവസവും വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം അധികൃതർ പിടികൂടിയിരുന്നു. ചപ്പാത്തിക്കല്ലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം:തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.ഇതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 30 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ച ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെ 11 ജില്ലകളിലും യെലോ അലേര്‍ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. കഴിഞ്ഞ ദിവസം കേരളമടക്കം തെക്കേയിന്ത്യയില്‍ നിന്നും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയതായും തുലാവര്‍ഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.
സംസ്ഥാനത്ത് നവംബര്‍ ഒൻപതു മുതല്‍ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒൻപത് മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു.കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുന്നുവെന്നും ഇങ്ങനെ തുടര്‍ന്നാല്‍ ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലെന്നും ബസ് ഉടമകള്‍ അറിയിച്ചു. മുൻപ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണെന്നും ഉടമകള്‍ അറിയിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പലവട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ബസ് ഉടമകള്‍ പറഞ്ഞു.
കൊണ്ടോട്ടി പീഡനശ്രമം;പ്രതി 15 വയസ്സുകാരൻ ജൂഡോ ചാമ്പ്യൻ പിടിയിൽ
മലപ്പുറം:കൊണ്ടോട്ടി കോട്ടുക്കരയില്‍ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ ജില്ലാ ലെവല്‍ ജൂഡോ ചാമ്ബ്യന്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പെണ്‍കുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് മലപ്പുറം എസ്‌പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.പത്താം ക്ലാസുകാരന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞതായി എസ്‌പി പറഞ്ഞു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ജില്ലാ ലെവല്‍ ജൂഡോ ചാംപ്യനാണെന്നും എസ് പി പറഞ്ഞു.യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു ആക്രമണം. കൈകള്‍ കെട്ടിയിരുന്നു, ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്‌പി പി കെ അഷറഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രി വിട്ടു. താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്രമിച്ചതെന്നും, പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.കോളജിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പിന്നിലൂടെ എത്തി വായ പൊത്തിപ്പിടിച്ച് തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. വിവരം പുറത്തുപറഞ്ഞാല്‍ യുവതിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
അതേസമയം കുറ്റകൃത്യം നടന്ന് 24 മണിക്കൂര്‍ പിന്നിടും മുന്‍പ് പ്രതിയെ പിടികൂടിയത് പോലീസിന്റെ മികവ് തന്നെ ആണ്. മലപ്പുറം എസ് പി സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പിയുടെ കീഴില്‍ സിഐ പ്രമോദിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘവും കൊണ്ടോട്ടിയിലെ പ്രത്യേക അന്വേഷണ സംഘവും ആണ് പ്രതിയെ വലയിലാക്കിയത്.തന്നെ അക്രമിച്ചത് തടിയുള്ള, മീശയും താടിയും ഇല്ലാത്ത വെളുത്ത നിറമുള്ള ഒരാളാണ് എന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇയാളെ ചില സ്ഥലങ്ങളില്‍ കണ്ടതായും പെണ്‍കുട്ടി ഓര്‍മിച്ചെടുത്തിരുന്നു.പെണ്‍കുട്ടി പറഞ്ഞ ശാരീരിക ഘടന ഉള്ള ചിലരെ കണ്ടെത്തി അവരുടെ ഫോട്ടോ പെണ്‍കുട്ടിക്ക് അയച്ച് കൊടുത്തു എങ്കിലും അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. പിന്നീട് ആണ് പ്രതിയിലേക്ക് പോലീസ് എത്തുന്നത്. ആദ്യം പ്രതിയുടെ സഹോദരന്റെ ഫോട്ടോ ആണ് അയച്ചത്.എന്നാല്‍ അയാള്‍ക്ക് താടിയും മീശയും ഉണ്ട്. തുടര്‍ന്ന് ആണ് പോലീസ് 15 കാരന്റെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ചത്. ഇയാളെ പെണ്‍കുട്ടി ഉടന്‍ തിരിച്ചറിഞ്ഞു. പ്രതിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ട്. അക്രമണത്തെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടി മാന്തിയിരിന്നു. പ്രതിയുടെ ദേഹത്ത് നഖങ്ങളുടെ പാടുകളും മുറിവുകളും കണ്ടെത്തിയതോടെ ഇയാള് തന്നെ ആണ് കുറ്റവാളി എന്ന് പോലീസിന് ഉറപ്പായി. വീട്ടില്‍ മണ്ണ് പറ്റിയ വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. ഇതേ വസ്ത്രങ്ങള്‍ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു. ആദ്യം കുറ്റം സമ്മതിക്കാതെ ഒഴിഞ്ഞു മാറിയ പ്രതി പോലീസ് തെളിവുകള്‍ നിര്‍ത്തിയതോടെ ഗത്യന്തരമില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു .
കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാർഥിനിക്കു നേരെ ബലാത്സംഗശ്രമം; പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
മലപ്പുറം: കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാർഥിനിക്കു നേരെ ബലാത്സംഗശ്രമം.കൊണ്ടോട്ടി കൊട്ടുകരയില്‍ പട്ടാപകലാണ് സംഭവം. കോളേജിലേക്ക് പോവുകയായിരുന്ന 21 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തു കാത്തുനിന്ന ആള്‍ കീഴ്പ്പെടുത്തി വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചു. തലയില്‍ കല്ലു കൊണ്ടടിച്ചു. ഇടക്ക് പെണ്‍കുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറി രക്ഷപ്പെടുകയായിരുന്നു.പെണ്‍കുട്ടി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പ്രതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റ പെണ്‍കുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും ചികില്‍സ തേടി. പരിക്ക് ഗുരുതരമല്ല.ആക്രമിച്ചത് വെളുത്തുതടിച്ച മീശയും താടിയുമില്ലാത്ത ആളാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി സമീപവാസി പറഞ്ഞു. പ്രതിയെ മൂന്‍പ് കണ്ടിട്ടുണ്ട്. എന്നാല്‍ ആളെ അറിയില്ല എന്നാല്‍ പെണ്‍കുട്ടി പറഞ്ഞത്. കണ്ടാല്‍ തിരിച്ചറിയാം. ദേഹം മുഴുവന്‍ ചെളിപുരണ്ട നിലയിലാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിവന്നത്. കൈകള്‍ കെട്ടിയിരുന്നു. വായിലും എന്തോ തിരുകിവച്ച നിലയിലായിരുന്നു. ഭയന്നുവിറച്ച പെണ്‍കുട്ടി കരയുകയായിരുന്നു. വീട്ടുകാരെ കുറിച്ച് ചോദിച്ചിട്ട് പോലും ആദ്യം മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് ഓടിക്കയറിയ വീടിനു സമീപമുള്ള അയല്‍വാസിയായ അധ്യാപിക പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്നു ലഭിച്ചു. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പൊലീസ്‌അന്വേഷണം തുടരുകയാണ്.
ഡെല്‍ഹിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു
ന്യൂഡൽഹി:ഓള്‍ഡ് സീമാപുരിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു.ചൊവ്വാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. ഹരിലാല്‍ (56), ഭാര്യ റീന (55), ഇവരുടെ മകന്‍ ആഷു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് നാലുപേരും മരിച്ചത്. എല്ലാ മൃതദേഹങ്ങളും പോസ്റ്റ് മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് അയച്ചു.പുലര്‍ച്ചെ 4.07നാണ് അഗ്‌നിശമനസേനയ്ക്ക് സന്ദേശം ലഭിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മുഴുവന്‍ വിവരങ്ങളും വെബ് പോര്‍ട്ടലില്‍;ജി.ഐ.എസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യത്തെ കോര്‍പറേഷനായി കണ്ണൂര്‍
കണ്ണൂര്‍: ഭൗമ വിവരസാങ്കേതികവിദ്യ (ജി.ഐ.എസ്) അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യത്തെ കോര്‍പറേഷനായി കണ്ണൂര്‍. കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും റോഡുകളും ലാന്‍ഡ് മാര്‍ക്കുകളും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും വെബ് പോര്‍ട്ടലില്‍ ആവശ്യാനുസരണം തിരയാന്‍ സാധ്യമാകുന്ന വിധത്തിലാണ് ഇത് ഒരുക്കിയത്.നഗരാസൂത്രണവും വാര്‍ഷിക പദ്ധതി ആസൂത്രണവും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കലും ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. കൃഷിഭൂമി സംരക്ഷണം, മാലിന്യ സംസ്കരണം, റോഡുകളുടെ വികസനം, ഡാറ്റബാങ്ക് പരിധിയില്‍ നിര്‍മാണങ്ങള്‍ തടയല്‍ തുടങ്ങിയവ കാര്യക്ഷമമായി നടപ്പാക്കാനാവും.തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ജീവവൈവിധ്യ മേഖലകള്‍ എന്നിവയുടെ സംരക്ഷണവും ഉറപ്പുവരുത്താം. ജലമലിനീകരണം കുറക്കാനാവും. കോവിഡ് കാരണം ചെറിയ കാലതാമസം നേരിട്ടെങ്കിലും ഡ്രോണ്‍സര്‍വേ, ഡി.ജി.പി.എസ് സര്‍വേ, ജി.പി.എസ് സര്‍വേ, പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടുകൂടിയുള്ള കെട്ടിട സര്‍വേ തുടങ്ങിയ വിവിധ പ്രവൃത്തികളിലൂടെ കോര്‍പറേഷന്റെ മുഴുവന്‍ വിവരങ്ങളും വെബ്പോര്‍ട്ടലില്‍ ലഭ്യമാണ്.യു.എല്‍.ടി.എസാണ് പോര്‍ട്ടല്‍ തയാറാക്കിയത്. നഗരാസൂത്രണം, കൃത്യതയാര്‍ന്ന പദ്ധതി വിഭാവനം, നിര്‍വഹണം, ക്ഷേമ പദ്ധതികള്‍ ഏറ്റവും അര്‍ഹരായവരില്‍ എത്തിക്കുക എന്നിവ പോര്‍ട്ടലിന്റെ സഹായത്തോടെ സാധ്യമാകും. സാമ്പത്തികമായ കാര്യങ്ങളിലും പുതിയ സംവിധാനം സഹായകമാകും. നികുതിപരിധിയില്‍ വരാത്ത കെട്ടിടങ്ങളും അനധികൃത നിര്‍മാണം കണ്ടെത്താനും നടപടിയെടുക്കാനുമാവും.ജി.ഐ.എസ് അധിഷ്ഠിത കണ്ണൂര്‍ കോര്‍പറേഷന്‍ പ്രഖ്യാപനം ചേംബര്‍ ഹാളില്‍ കെ. സുധാകരന്‍ എം.പി നിര്‍വഹിച്ചു. മേയര്‍ ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, മുന്‍ മേയര്‍മാരായ സുമ ബാലകൃഷ്ണന്‍, സി. സീനത്ത്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി ജി.ഐ.എസ് ഹെഡ് ജയിക് ജേക്കബ്,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍ മുസ്ലിഹ് മഠത്തില്‍, സെക്രട്ടറി ഡി. സാജു തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പ് കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി ശാന്തി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റില്‍.നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തിയാണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഇവരെ രാവിലെയോടെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണില്‍ മാത്രം നടന്നത്. നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. ശാന്തിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടന്നത്.നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. മൂന്ന് സോണുകളിലെയും പൊലീസ് അന്വേഷണം തുടരുകയാണ്. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് ബിജു , നേമം സോണിലെ കാഷ്യര്‍ സുനിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
സ്കൂൾ തുറക്കൽ;വിദ്യാർത്ഥികളുടെ യാത്രയ്ക്ക് പ്രോട്ടോകോള്‍ തയ്യാറാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് പ്രോട്ടോകോള്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. കുട്ടികളെ കൊണ്ടുപോകുന്ന ബസിനുള്ളില്‍ തെര്‍മ്മല്‍ സ്കാനര്‍, സാനിറ്റെസര്‍ ഉണ്ടായിരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു.സ്കൂള്‍ വാഹനങ്ങളുടെ യാത്രിക ക്ഷമത ഉറപ്പ് വരുത്തണമെന്നും സ്കൂള്‍ വാഹനങ്ങളുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ നികുതി പണം ഒഴിവാക്കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.അതേസമയം, സ്റ്റുഡന്‍റ് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ നടപ്പിലാക്കിയ ഏക സംസ്ഥാനം എന്ന പ്രത്യേകത കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ അധികമായി 650 ബസുകള്‍ കൂടി കെഎസ്‌ആര്‍ടിസി ഇറക്കും.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിലേക്ക്; നിർണായക യോഗം ഇന്ന്; തമിഴ്‌നാടും പങ്കെടുക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചതോടെ തമിഴ്‌നാട് കൊണ്ടു പോകുന്നതിനേക്കാള്‍ നാലിരട്ടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 142 അടി പരമാവധി സംഭരണ ശേഷിയാണ് അണക്കെട്ടിനുള്ളത്. രണ്ടാം മുന്നറിയിപ്പ് സന്ദേശം നല്‍കേണ്ട 138 അടിയിലേക്ക് അടുക്കുകയാണ് ഡാമിലെ ജലനിരപ്പ്.അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള രണ്ട് യോഗങ്ങൾ ഇന്ന് നടക്കും. ഇടുക്കി വണ്ടിപ്പെരിയാറിൽ കളക്ടറുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം. രാവിലെ 11ന് ചേരുന്ന യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പോലീസ്, ഫയർഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ട് മൂന്നിന് ഉന്നതതല യോഗം ചേരുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും.അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കാൻ തമിഴ്‌നാട് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളം ഉന്നയിച്ച പ്രശ്‌നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയും. കാലാവസ്ഥാ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി കേരളം തമിഴ്‌നാടിന് കത്തയച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമ്മിക്കുക എന്നതാണ് പ്രശ്‌നപരിഹാരം. സർക്കാരിന്റെ നയവും തീരുമാനവും അതാണ്. നിലവിലുള്ള കരാറിൽ മാറ്റം വരുത്താതെ തന്നെ തമിഴ്‌നാടിന് വെള്ളം നൽകാൻ തയ്യാറാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കേരളം ചർച്ചകൾക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വിഷയം കേരളവും തമിഴ്നാടും ചേര്‍ന്ന് ചര്‍ച്ച ചെയ്താല്‍ കോടതിക്ക് ഇടപെടേണ്ടിവരില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്‌നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച് കേന്ദ്രസര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്.