തിരുവനന്തപുരം: മുല്ലപ്പെരിയറിൽ ജലനിരപ്പ് വർദ്ധിച്ചു. 138.05 അടിയായി. അണക്കെട്ടിൽ നീരൊഴുക്ക് വർദ്ധിച്ചതാണ് ജലനിരപ്പ് വർദ്ധിക്കാൻ കാരണമായത്.സെക്കൻഡിൽ 5,800 ഘനയടിവെള്ളമാണ് ഡാമിലേയ്‌ക്ക് ഒഴുകിയെത്തുന്നത്.ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം നാളെ തുറക്കും. നാളെ രാവിലെ ഏഴുമണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്.ഡാം തുറക്കുന്നതിന് മുന്നോടിയായി മഞ്ഞുമല വില്ലേജ് ഓഫീസില്‍ ആളുകളെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. ആളുകളെ മാറ്റുന്നതിന് വാഹനങ്ങള്‍ സജ്ജീകരിച്ചു.മുന്നറിയിപ്പ് അനൗസ്‌മെന്റ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കി.ഉപ്പുതറയില്‍ പെരിയാര്‍ തീരത്തുള്ളവരെ ക്യാംപുകളിലേക്ക് മാറ്റുകയാണ്. ഒഴിപ്പിക്കുന്നതില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും മുന്‍ഗണന നൽകും. വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ മൃഗവകുപ്പിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്.ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.ഡാം തുറക്കുന്നതിന്റെ മുന്നോടിയായി മന്ത്രി ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും. അതേസമയം മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേൾക്കും. അണക്കെട്ടിന്റെ ജലനിരപ്പ് പരിധിയിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ കേരളം ഇന്ന് മറുപടി സമർപ്പിക്കും.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ വിട്ടാല്‍ മതി;സ്കൂൾ തുറക്കൽ മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. ടൈം ടേബിൾ അതാത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. സ്‌കൂൾ തുറന്ന് ആദ്യ രണ്ട് ആഴ്‌ച്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങൾ എതൊക്കെ പഠിപ്പിക്കണം എന്നതിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് അക്കാദമിക് മാർഗരേഖ പ്രകാരം മന്ത്രി വിശദീകരിച്ചു.പരമാവധി കുട്ടികളെ സ്കൂളിലേക്കെത്തിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണം. സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ വിട്ടാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.വലിയ ഇടവേളയ്‌ക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ പെട്ടന്ന് പാഠഭാഗങ്ങളിലേക്ക് കടക്കേണ്ടെന്നാണ് തീരുമാനം. നീണ്ടകാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്‌ച്ചയിൽ വിലയിരുത്തും. വിക്ടേഴ്‌സ് വഴി നടന്ന പഠനത്തോടുള്ള കുട്ടികളുടെ പ്രതികരണം മനസിലാക്കും. കളിചിരിയിലൂടെ മെല്ലെ മെല്ല പഠനത്തിന്റെ ലോകത്തിലേക്ക് എത്തിയ്‌ക്കും. ഈ രീതിയിലാണ് അക്കാദമിക് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ:കാൽടെക്സ് ജംഗ്ഷനിൽ സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു.ബുധനാഴ്ച ഉച്ചക്ക് 2.45നാണ് അപകടം ഉണ്ടായത്.സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ സ്കൂട്ടർ കുടുങ്ങിയാണ് അപകടം.സിഗ്‌നലില്‍ കണ്ടെയ്‌നര്‍ ലോറിയുടെയും ടിപ്പറിന്റെയും ഇടയില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ രണ്ടുവാഹനങ്ങളുടെയും ഇടയില്‍ കുടുങ്ങുകയായിരുന്നു. തലയിലൂടെ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്.സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം മുടങ്ങി. ഒരുമാസം മുൻപ് ഇതേസ്ഥലത്ത് സ്‌കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചിരുന്നു.
ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ്.ജയചന്ദ്രനെതിരെ നടപടിയുമായി സിപിഎം; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ്.ജയചന്ദ്രനെതിരെ നടപടിയുമായി സിപിഎം.സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ജയചന്ദ്രനെ നീക്കി. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.പാര്‍ട്ടി പരിപാടികളില്‍ പങ്കടുക്കുന്നതിനും ജയചന്ദ്രനു വിലക്കുണ്ട്. ഇന്ന് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏരിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയചന്ദ്രനെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നാണ് വിവരം.യോഗത്തില്‍ ജയചന്ദ്രനെതിരെ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടതായാണ് വിവരം. യോഗത്തില്‍ ജയചന്ദ്രനും പങ്കെടുത്തിരുന്നു.ജയചന്ദ്രനെതിരെ നടപടിയെടുക്കണമെന്നു കമ്മിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ദത്ത് വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രന്‍ കാണിക്കേണ്ടതായിരുന്നു. അമ്മ അറിയാതെ കുട്ടിയെ ദത്തു നല്‍കിയത് നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നും അംഗങ്ങള്‍ നിലപാടെടുത്തു. യോഗതീരുമാനങ്ങള്‍ ഏരിയ കമ്മിറ്റിയെ അറിയിക്കുമെന്ന് ലോക്കല്‍ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമന്‍ പറഞ്ഞു.ഏരിയ കമ്മിറ്റിയോഗത്തില്‍ ജില്ലാനേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്ത് ഇനി മുതല്‍ കുട്ടികള്‍ക്കും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു;9 മാസം മുതല്‍ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ തലയ്ക്ക് ചേരുന്ന ഹെല്‍മറ്റ് ധരിക്കണം
ഡല്‍ഹി: രാജ്യത്ത് ഇനിമുതല്‍ കുട്ടികള്‍ക്കും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവ്.അപകടങ്ങളില്‍പ്പെടുന്ന കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിയമം നടപ്പാക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഇതിനുള്ള നിര്‍ദ്ദേശം അയച്ചു.നാല് വയസ്സ് വരെ പ്രായമുള്ള കുട്ടി ബൈക്കില്‍ ഡ്രൈവര്‍ക്കൊപ്പം ഇരിക്കുകയാണെങ്കില്‍, ബൈക്കിന്റെ വേഗത 40 കിലോമീറ്ററില്‍ കൂടരുത്. 9 മാസം മുതല്‍ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍, പുറകിലിരുന്ന്, തലയ്ക്ക് ചേരുന്ന ഹെല്‍മറ്റ് ധരിക്കണമെന്ന് മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.കുട്ടി ധരിക്കുന്ന ഹെല്‍മെറ്റും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബിഐഎസ്) അംഗീകാരം നേടിയിരിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകും.കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയെ ഡ്രൈവറുമായി ബന്ധിപ്പിക്കുന്നതിന് ഒരു സുരക്ഷാ ഹാര്‍നെസ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് അതില്‍ പറയുന്നു.ഒരു സുരക്ഷാ ഹാര്‍നെസ് എന്നത് കുട്ടി ധരിക്കുന്ന ഒരുതരം വസ്ത്രമാണെന്ന് പറയാം. ഇത് ക്രമീകരിക്കാവുന്നതാണ്, വെസ്റ്റില്‍ ഘടിപ്പിക്കുന്ന ഒരു ജോടി സ്ട്രാപ്പുകളും ഡ്രൈവര്‍ ധരിക്കുന്ന ഒരു ഷോള്‍ഡര്‍ ലൂപ്പും അടങ്ങിയിരിക്കുന്നു. ഈ രീതിയില്‍ കുട്ടിയുടെ ശരീരത്തിന്റെ മുകള്‍ഭാഗം ഡ്രൈവറുമായി സുരക്ഷിതമായി ഘടിപ്പിച്ചിരിക്കുന്നു.സുരക്ഷാ കവചം സംബന്ധിച്ച്, അത് ബിഐഎസിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഭാരം കുറഞ്ഞതും ക്രമീകരിക്കാവുന്നതുമാണ്. ഇത് വാട്ടര്‍പ്രൂഫും മോടിയുള്ളതുമായിരിക്കണം. ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദ്ദേശമോ എതിര്‍പ്പോ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇമെയില്‍ വഴി അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമ പ്രദർശനം ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമ പ്രദർശനം ആരംഭിക്കും.തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറന്നെങ്കിലും രണ്ട് ദിവസം ശുചീകരണ പ്രവർത്തനങ്ങൾ ആയിരുന്നു.തിയേറ്റർ ജീവനക്കാർക്കുള്ള വാക്‌സിനേഷനും പൂർത്തിയാക്കി.കൊറോണ കാരണം അടച്ചിട്ട തിയേറ്ററുകൾ ആറ് മാസങ്ങൾക്ക് ശേഷമാണ് തുറക്കുന്നത്. പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കു.ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിന് എത്തുക. മറ്റന്നാൾ റിലീസ് ചെയ്യുന്ന ‘സ്റ്റാർ’ ആണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. അതേസമയം മുഴുവൻ സീറ്റുകളിലും ആളുകളെ കയറ്റണം എന്ന് തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ചർച്ച നടത്താൻ യോഗം ചേരാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാകും യോഗം ചേരുക.
കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കുറ്റാരോപിതനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി
മലപ്പുറം: കൊണ്ടോട്ടിയില്‍ ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ കുറ്റാരോപിതനായ പതിനഞ്ചുക്കാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പ്രതിയെ ഇന്നലെ രാത്രിയോടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് കോഴിക്കോടുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്. പ്രതിയുടെ വിശദമായ വൈദ്യപരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നാണ് വിവരം. പെണ്‍കുട്ടിയുടെ നാട്ടുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായതെന്നു പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.തിങ്കളാഴ്ചയാണ് യുവതിക്ക് നേര്‍ക്ക് ആക്രമണമുണ്ടായത്. പഠന ആവശ്യത്തിനായി പോകുമ്പോൾ പ്രതി യുവതിയെ കടന്നുപിടിക്കുകയും ഒഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പീഡനശ്രമം ചെറുത്തപ്പോള്‍ അയാള്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുകാരന്‍ പിടിയിലായത്. മീശയും താടിയും ഇല്ലാത്ത വെളുത്ത് തടിച്ച ആളാണ് തന്നെ അക്രമിച്ചതെന്ന് യുവതി മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിനൊടുവില്‍ പ്രതിയെ പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പതിനഞ്ചുകാരന്‍ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മുല്ലപ്പെരിയാര്‍;ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായക താരുമാനവുമായി മേൽനോട്ട സമിതി. ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്നാണ് തീരുമാനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പരിശോധിച്ചാണ് തീരുമാനം. സമിതിയുടെ നിലപാട് ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. അന്തിമ തീരുമാനം സുപ്രിം കോടതിയുടേതാകുംഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. ഇടുക്കി അണക്കെട്ടില്‍ 90 ശതമാനം വെള്ളമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നാല്‍ ഇടുക്കി അണക്കെട്ടിന് താങ്ങാനാവില്ലെന്നും സമിതി വിലയിരുത്തി. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരളത്തിന്റെ വാദങ്ങള്‍ സമിതി അംഗീകരിച്ചു. കേരളം ഉയര്‍ത്തിയ കാര്യങ്ങള്‍ ശക്തമാണെന്ന് തെളിഞ്ഞുവെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.
കൊവാക്‌സിന് ആഗോള അംഗീകാരം ലഭിച്ചില്ല; ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല.വാക്സിന് അംഗീകാരം നല്‍കുന്നതിന് മുൻപായി നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്ത തേടി. വാക്സിന്റെ അന്തിമ വിലയിരുത്തലിനായി സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം നവംബര്‍ മൂന്നിന് വീണ്ടും യോഗം ചേരും.ഇത്തവണത്തെ സാങ്കേതിക ഉപദേശക സമിതി യോഗത്തില്‍ കൊവാക്‌സിന് അംഗീകാരം ലഭിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതീക്ഷ. എന്നാല്‍ ,ഭാരത് ബയോടെക്കിനോട് കൂടുതല്‍ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്. കൊവാക്‌സിന്റെ ജൂലൈ മുതല്‍ ഉള്ള വിവരങ്ങള്‍ ആണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. പല രാജ്യങ്ങളും കൊവാക്‌സിന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം നിര്‍ണായകമാണ് അതേസമയം പഠനം നടത്താതെ , വ്യക്തമായി വിവരങ്ങള്‍ പരിശോധിക്കാതെ വാക്‌സിന്‍ സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ലെന്ന് നിലപാടിലാണ് ലോകാരോഗ്യ സംഘടന.ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ നിര്‍മിക്കുന്നയത്. ഉപയോഗ അനുമതി ലഭിച്ചെങ്കിലും അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളില്‍ വാക്‌സിന് അംഗീകാരം ഇല്ല.
സംസ്ഥാനത്ത് ഇന്ന് 7163 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;90 മരണം; 6960 പേർ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7163 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂർ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസർഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 341 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,355 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6791 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6960 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 598, കൊല്ലം 1047, പത്തനംതിട്ട 283, ആലപ്പുഴ 303, കോട്ടയം 113, ഇടുക്കി 92, എറണാകുളം 1298, തൃശൂർ 963, പാലക്കാട് 250, മലപ്പുറം 362, കോഴിക്കോട് 720, വയനാട് 239, കണ്ണൂർ 525, കാസർഗോഡ് 167 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 74,456 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.