കോട്ടയം:കോട്ടയം മാങ്ങാനത്ത് മൃതദേഹം വെട്ടി നുറുക്കി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു.പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.കുപ്രസിദ്ധ ഗുണ്ട വിനോദും ഭാര്യയുമാണ് പോലീസ് പിടിയിലായത്.ഈ മാസം 23 ന് രാത്രിയാണ് കൊലപാതകം നടന്നതെന്നും പോലീസ് അറിയിച്ചു.കൂടുതൽ അന്വേഷണം നടക്കുകയാണ്.
ബീവറേജസ് കോർപറേഷനിലെ ഡെപ്പ്യൂട്ടേഷൻകാർക്ക് ഇനിമുതൽ ബോണസ് ഇല്ല
തിരുവനന്തപുരം:ബീവറേജസ് കോർപറേഷനിലെ ഡെപ്പ്യൂട്ടേഷൻകാർക്ക് അടുത്ത വർഷം മുതൽ ബോണസ് ഇല്ല.ഉയർന്ന ബോണസ് ലക്ഷ്യമിട്ട് ആയിരത്തിലധികം പേർ ബെവ്കോയിൽ ഡെപ്യൂട്ടേഷന്റെ പേരിൽ കയറിക്കൂടാൻ ശ്രമിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് നിർദേശം നൽകി. ഓണത്തിനോടനുബന്ധിച്ച് ബെവ്കോയിൽ ഓണം സ്പെഷ്യൽ ഡെപ്യൂട്ടേഷൻ ഇല്ല എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു.ഇതിനു പുറമെയാണ് ബോണസിലും തീരുമാനമായത്.ഓണത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പരമാവധി ആളുകളെ തിരുകി കയറ്റുകയാണ് ഡെപ്യൂട്ടേഷൻ ലക്ഷ്യമിട്ടിരുന്നത്. 150 പേരുടെ പട്ടികയാണ് അനുമതിക്കായി കോർപറേഷൻ സർക്കാരിലേക്ക് അയച്ചിരുന്നത്. കെസ്ആർടിസി, കെൽട്രോൺ,സി ആപ്റ്റ്,യുണൈറ്റഡ് ഇലെക്ട്രിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് എല്ലാം.
കാറുകൾ ബൈക്കിലിടിച്ച് ദമ്പതികള്‍ ഗുരുതരാവസ്ഥയിൽ
തളിപ്പറമ്പ്: കാറുകള്‍ക്കിടയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്ന സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരം ആറരയോടെ ദേശീയപാതയില്‍ ധര്‍മശാലയിലായിരുന്നു അപകടം.ഇരിണാവ് സ്വദേശികളായ ശിവദാസന്‍ (62), സത്യഭാമ(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ ദേശീയപാതയില്‍ തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന കാറിടിച്ച് സ്‌കൂട്ടറോടൊപ്പം തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു കാറിനടിലേക്ക് വീഴുകയായിരുന്നു.ഈ കാറിനടിയില്‍ കുടുങ്ങിക്കിടന്ന ഇരുവരേയും ഓടിയെത്തിയ നാട്ടുകാര്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റ ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കണ്ണൂരിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സംഘർഷം
കണ്ണൂർ: ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം-ബിജെപി സംഘർഷം. കല്ലേറിലും കൈയേറ്റത്തിലും ഇരുവിഭാഗത്തിലുംപെട്ട നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പലയിടങ്ങളിലും ഘോഷയാത്രകൾ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.പടുവിലായിയിലും വാളാങ്കിച്ചാലിലും ആഢൂരിലും ഘോഷയാത്രയിൽ പങ്കെടുത്തവരെ സിപിഎം പ്രവർത്തകർ ചോദ്യംചെയ്തതാണ് സംഘർഷത്തിന് വഴിവച്ചതെന്ന് പറയുന്നു. കാടാച്ചിറ ആഢൂർ പാലത്തിൽ ഘോഷയാത്രയിൽ പങ്കെടുത്തവരും സിപിഎം പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റം പിന്നീട് കൈയാങ്കളിയിലും കല്ലേറിലും കലാശിച്ചു. കല്ലേറിൽ മൂന്നുവീതം ബിജെപി-സിപിഎം പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. എടക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുജീഷിനാണ് തലയ്ക്കു പരിക്കേറ്റത്. അക്രമത്തിൽ പ്രകോപിതരായ ഒരു സംഘം ചാലയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരേ ആക്രമണം നടത്തി. ഓഫീസിലെ ടിവി, കസേര, മേശ എന്നിവ തകർത്ത സംഘം ഓഫീസിലുണ്ടായിരുന്ന ബ്രാഞ്ച് കമ്മിറ്റിയംഗം ബാലനെ മർദിച്ചതായും ആരോപണമുണ്ട്. ഈ സംഭവത്തിനുശേഷം ചാല അമ്പലം സ്റ്റോപ്പിന് സമീപത്തെ ഒരു ഷെഡും ഒരു സംഘം അഗ്നിക്കിരയാക്കി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.കൂത്തുപറമ്പിനടുത്ത് കായലോട് സിപിഎം ഓഫീസിനു നേരേ ആക്രമണമുണ്ടായി. കായലോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള രാധാകൃഷ്ണൻ സ്മാരക ലൈബ്രറിക്കുനേരേയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ സ്ഥാപനത്തിന്‍റെ ഗ്ലാസ് തകർന്നു. കല്ലായിയിൽ സിപിഎം സ്ഥാപിച്ച കൊടിമരവും തകർക്കപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.പടുവിലായി സേവാകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്ക് 15 ദിവസം മുന്പ് പോലീസിൽ രേഖാമൂലം അപേക്ഷ നൽകി നിയമാനുസരണം അനുവാദംവാങ്ങിയെങ്കിലും സിപിഎം നിർദേശപ്രകാരം പോലീസ് തടഞ്ഞതായി ബിജെപി ആരോപിച്ചു.
ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന 46 എൽഇഡി ടിവി സെറ്റുകൾ മോഷണം പോയി
തൃശൂർ:റോഡരികിൽ ട്രക്ക് നിർത്തി ഡ്രൈവർ ഉറങ്ങിയതോടെ വാഹനത്തിൽ ഉണ്ടായിരുന്ന 46 എൽഇഡി ടിവി സെറ്റുകൾ മോഷണം പോയി.ഞായറാഴ്ച വെളുപ്പിന് രണ്ടു മണിക്കാണ് സംഭവം.ക്ഷീണം മൂലം വാഹനം റോഡരികിലൊതുക്കി ഉറങ്ങുന്നതിനിടെയായിരുന്നു സംഭവമെന്ന് ഡ്രൈവർ പറഞ്ഞു.ആലുവ തൊട്ടുമുഖത്തു നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്നാണ് പെരുമ്പിലാവിൽ വെച്ച് മറ്റൊരു വാഹനത്തിലെത്തിയ സംഘം ലോറിയുടെ ടാർപോളിൻ പൊളിച്ചു നീക്കി ടിവി സെറ്റുകൾ കടത്തിയത്. ലോറി അനങ്ങുന്നതായി അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഡ്രൈവർ ഉണർന്നതറിഞ്ഞ് മോഷ്ട്ടാക്കൾ വാഹനവുമായി രക്ഷപ്പെട്ടു.തൃശൂർ ഭാഗത്തേക്കാണ് വാഹനം ഓടിച്ചുപോയത്.സമീപത്തുണ്ടായ ഓട്ടോ വിളിച്ചു ലോറിയെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.കളമശ്ശേരിയിലെ ഒരു ട്രാൻസ്‌പോർട് ഏജൻസി വഴിയാണ് സാധനങ്ങൾ അയച്ചിരുന്നത്.50 എൽഇഡി ടിവികൾ,വാഷിങ് മെഷീൻ,മൾട്ടി മീഡിയ സ്പീക്കർ എന്നിവയാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഇതിൽ 46 ടിവി സെറ്റുകളാണ് നഷ്ടപ്പെട്ടത്.ഏഴുലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടായതായി കമ്പനി പ്രതിനിധികൾ അറിയിച്ചു.
കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
കണ്ണൂർ:കൂത്തുപറമ്പിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു.ബംഗാൾ സ്വദേശി തുളസിയാണ് കൊല്ലപ്പെട്ടത്.മദ്യപാനത്തിന് ശേഷം ഉണ്ടായ അടിപിടിയാണ് മരണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗുരുവായൂർ കൂട്ട ആത്മഹത്യ ശ്രമം;മക്കൾക്ക് പിന്നാലെ അമ്മയും മരിച്ചു
തൃശൂർ:നാലംഗ കുടുംബം ഗുരുവായൂരിലെ ലോഡ്ജിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മക്കൾക്ക് പിന്നാലെ അമ്മയും മരിച്ചു.തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂർ കാളികാവ് ചേരങ്കോട് കോളനിയിലെ സുനിൽകുമാറിന്റെ ഭാര്യ സുജാതയാണ്(36)മരിച്ചത്.മക്കളായ ആകാശ് കുമാറും അമൽ കുമാറും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.ഭർത്താവ് സുനിൽ കുമാർ മെഡിസിൻ വിഭാഗം ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്.അതേസമയം അടിയന്തിരമായി കരൾ മാറ്റി വയ്ക്കുകയാണെങ്കിൽ രക്ഷപെടാൻ സാധ്യതയുണ്ടെന്നും ഡോക്റ്റർമാർ പറഞ്ഞു.ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.എന്നാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇതിനുള്ള സൗകര്യമില്ല.
ദീപക് മിശ്ര ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ന്യൂഡൽഹി:ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു.ഇന്ന് രാവിലെ ഒൻപതുമണിയോടുകൂടി നടന്ന ചടങ്ങിലാണ് ദീപക് മിശ്ര ഇന്ത്യയുടെ നാല്പത്തഞ്ചാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്.ജസ്റ്റിസ് ജെ.എസ് ഖേഹർ വിരമിച്ച ഒഴിവിലാണ് ദീപക് മിശ്ര സ്ഥാനമേൽക്കുന്നത്.നിർഭയ കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചും സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരുമെഴുന്നേറ്റ് നിൽക്കണമെന്ന് വിധിച്ചും വാർത്തകളിൽ ഇടം നേടിയ ജഡ്ജിയാണ് ദീപക് മിശ്ര.
ഗുർമീത് സിംഗിന്റെ ശിക്ഷ ഇന്ന് വിധിക്കും
സിർസ:ബലാല്സംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ദേര സച്ച സൗധ തലവൻ ഗുർമീത് സിംഗിന്റെ ശിക്ഷ ഇന്ന് വിധിക്കും.ഗുർമീതിനെതിരെയുള്ള വിധി വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഉത്തരേന്ത്യയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം ഉണ്ടായ കലാപം ആവർത്തിക്കാതിരിക്കാനാണ് സൈന്യവും അർദ്ധ സൈനിക വിഭാഗവും പോലീസും ശ്രമിക്കുന്നത്.പതിനഞ്ചു വർഷം പഴക്കമുള്ള മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.ഗുർമീത് സിംഗിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ പ്രത്യേക കോടതി ചേർന്നാണ് വിധി പ്രസ്താവിക്കുക. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ജയിലിൽ താൽക്കാലിക കോടതി ചേരുന്നത്.വിധി പറയുന്ന ജഡ്ജിക്കും കോടതി ജീവനക്കാർക്കും കനത്ത സുരക്ഷ ഒരുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കർണാടകയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി മരിച്ചു
ബെംഗളൂരു:കർണാടക മൂലഹള്ളിയിൽ കാട്ടാനയുടെ കുത്തേറ്റ് മലയാളി മരിച്ചു.വയനാട് മേപ്പാടി സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്.ബാംഗളൂരിൽ നിന്നും മകൾക്കും ഭാര്യാസഹോദരനുമൊപ്പം മേപ്പാടി തിനപുരത്തെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ കാട്ടാന ആക്രമിച്ചത്.കൂടെയുണ്ടായിരുന്നവരെ രക്ഷിക്കാൻ രാധാകൃഷ്ണൻ കാറിൽ നിന്നും ഇറങ്ങി ഓടിയപ്പോഴാണ് കാട്ടാന കുത്തി പരിക്കേൽപ്പിച്ചത്.തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ഡൽഹി പോലീസിൽ സബ് ഇൻസ്പെക്റ്ററായ രാധാകൃഷ്ണൻ നാടക,സിനിമ,സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.