തിരുവനന്തപുരം:എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്‍റ് ഇന്നും തുടരും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓഡിറ്റോറിയത്തില്‍ ഇന്നലെയാണ് സ്പോട്ട് അലോട്ട്മെന്‍റ് തുടങ്ങിയത്. 8000 റാങ്ക് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്കുമാണ് ഇന്നലെ അലോട്ട്മെന്‍റ് നടത്തിയത്.8000 മുതല്‍ 25000 റാങ്ക് വരെയുള്ളവര്‍ക്ക് രാവിലെ 9 മുതല്‍ 2 മണിവരെയും 25000 ത്തിന് മുകളില്‍ റാങ്കുള്ളവർ 2 മണി മുതലുമാണ് അലോട്ട്മെന്‍റിന് ഹാജരാകേണ്ടത്.
കതിരൂർ മനോജ് വധക്കേസിൽ സിബിഐ ഇന്ന് കുറ്റപത്രം സമർപ്പിക്കും
കണ്ണൂർ:കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ ഇന്ന് കുറ്റപത്രം സമർപ്പിക്കും.സിബിഐയുടെ അനുബന്ധ കുറ്റപത്രത്തിൽ ജയരാജൻ ഇരുപത്തിയഞ്ചാം പ്രതിയാണ്.2014 സെപ്റ്റംബർ ഒന്നിനാണ് കിഴക്കേ കതിരൂരിലെ മനോജിനെ വാഹനത്തിനു നേരെ ബോംബെറിഞ്ഞ ശേഷം വണ്ടിയിൽ നിന്നും വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ,പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനൻ എന്നിവരടക്കം 25 സിപിഎം പ്രവർത്തകർ കേസിൽ പ്രതികളാണ്.ഗൂഢാലോചന കേസിൽ പ്രതിയായ പി.ജയരാജന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മദ്യവും ലഹരി ഉത്പന്നങ്ങളും പിടികൂടാൻ കൂട്ടുപുഴയിൽ 24 മണിക്കൂർ പിക്കറ്റ് പോസ്റ്റ്
ഇരിട്ടി: കര്‍ണാടകയില്‍നിന്നും കേരളത്തിലേക്ക് മദ്യവും ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും കടത്തുന്നതു തടയാന്‍ കേരള-കര്‍ണാടക അതിർത്തിയായ കൂട്ടുപുഴയില്‍ പോലീസ് 24 മണിക്കൂര്‍ പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തി. രാപ്പകല്‍ വാഹന പരിശോധന നടത്തുന്നുണ്ട്. ബസുകളും ചരക്ക് വാഹനങ്ങളും ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ എം.ആര്‍. ബിജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂട്ടുപുഴ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്. തമിഴ്‌നാട്ടുകാരായ യുവതികളെ സ്ത്രീകളുടെ പോക്കറ്റടിക്കേസില്‍ പിടികൂടിയതിനാല്‍ പോലീസ് ഓണത്തിരക്കില്‍ ഇത്തരം സംഘങ്ങളെ നിരീക്ഷിക്കാന്‍ ബസ് സ്റ്റാൻഡിലും പരിസരത്തും ജാഗ്രത പാലിക്കുന്നുണ്ട്. കഴിഞ്ഞദിവസം വിദ്യാര്‍ഥിനിയുടെ ബാഗ് ബസ് യാത്രയ്ക്കിടയില്‍ കൃത്രിമ തിരക്ക് ഉണ്ടാക്കി മുറിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് മധുര സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്വാശ്രയ മെഡിക്കൽ പ്രവേശനം: സർക്കാർ ബാങ്ക് ഗാരന്‍റി നൽകും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബാങ്ക് ഗാരന്‍റി നല്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ മൂന്നാം കക്ഷിയുടെ വ്യക്തിഗത ഗാരന്‍റിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ബാങ്ക് ഗാരന്‍റി നൽകും. വ്യക്തിഗത ഗാരന്‍റിക്ക് പുറമെ സർക്കാർ ഗാരന്‍റിയും നൽകും.ബാങ്കുകളുമായി ചർച്ച നടത്തി വിദ്യാർഥികൾക്ക് സഹാ യകരമായ ധാരണയുണ്ടാക്കുന്നതിന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അതിന്‍റെ അടി സ്ഥാനത്തിലാണ് ബാങ്ക് പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തിയത്.ബാങ്ക് ഗാരന്‍റിയുടെ കാലാവധി ആറുമാസമായിരിക്കും. സെപ്റ്റംബർ അഞ്ചു മുതൽ ബാങ്ക് ഗാരന്‍റി കൊടുത്തുതുടങ്ങും. പ്രവേശനം ലഭിച്ചുവെന്ന് കോളജ് അ ധികാരികളോ പരീക്ഷാ കമ്മീഷണറോ സാക്ഷ്യപ്പെടുത്തുന്ന രേഖ സഹിതം ബാങ്ക് ബ്രാഞ്ചിന് വിദ്യാർഥി അപേക്ഷ നൽകണം. സ്വാശ്രയ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലിനായിരിക്കും ഗാരന്‍റി നൽകുക.ദാരിദ്യ്ര രേഖയ്ക്ക് താഴെയുളളവർക്കും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും മത്സ്യബന്ധനം, കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലുളള വിദ്യാർഥികൾക്കും ബാങ്കുകൾ ഗാരന്‍റി കമ്മീഷൻ ഈടാക്കുന്നതല്ല.
കടലിൽ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ന്യൂഡൽഹി:മോശം കാലാവസ്ഥയെ തുടർന്ന് കടലിൽ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. ഗുജറാത്ത് തീരത്ത് നിന്നും കടലിൽ പോയ എട്ടു ബോട്ടുകളാണ് കടലിൽ കുടുങ്ങിയത്.കോസ്റ്റ്ഗാർഡിന്‍റെ ഹെലികോപ്റ്ററും നാല് കപ്പലും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു
മുംബൈ:മുംബൈയിൽ പക്മോഡീയ നഗരത്തിൽ മൂന്നു നില കെട്ടിടം തകർന്നു വീണു.20 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.തിരക്കേറിയ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഇവിടെ വ്യാഴാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്.കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടമാണ് തകർന്നു വീണത്.ഇവിടെ ഇരുപതിലേറെ പേർ താമസിക്കുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.അഗ്നിശമന സേനയുടെ പത്തു യൂണിറ്റുകളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരെ കൊള്ളയടിച്ചു
ബെംഗളൂരു:കർണാടകയിൽ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ ബസിലെ യാത്രക്കാരാണ് കൊള്ളയടിക്കപ്പെട്ടത്.നാലംഗ സംഘമാണ് കൊള്ളയടിച്ചതെന്നാണ് വിവരം.യാത്രക്കാർ ചിക്കനെല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.യാത്രക്കാരുടെ സ്വർണ്ണവും പണവുമെല്ലാം ഇവർ കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.വ്യാഴാച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.ബസ് ചിക്കനെല്ലൂർ എന്ന സ്ഥലത്ത് നിർത്തിയപ്പോഴായാണ് സംഭവം. പ്രാഥമികാവശ്യത്തിനായി ഡ്രൈവർ ബസ് റോഡരികിൽ നിർത്തിയിട്ടപ്പോൾ ബൈക്കിലെത്തിയ നാലംഗസംഘം യാത്രക്കാരെന്ന തരത്തിൽ ബസിലേക്ക് കയറുകയായിരുന്നു.ബസിൽ കയറിപ്പറ്റിയ ഇവർ പിന്നീട് ആയുധങ്ങൾ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.യാത്രക്കാരുടെ കഴുത്തിൽ ആയുധങ്ങൾ വെച്ച് ഭീഷണിപ്പെടുത്തിയാണ് ഇവർ കവർച്ച നടത്തിയത്.നാലുപേരിൽ ഒരാൾ ബസിന്റെ മുൻവശത്തും ഒരാൾ പിൻവശത്തും നിലയുറപ്പിച്ചിരുന്നു.ഒരാൾ ബൈക്ക് ബസിനു കുറുകെയിട്ട് തടസ്സം സൃഷ്ടിച്ചിരുന്നു.പെട്ടെന്നുള്ള അക്രമണമായതിനാൽ ഭയന്നുപോയെന്നും പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും യാത്രക്കാർ വ്യക്തമാക്കി. ബസിലെ യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം
സ്വാശ്രയ മെഡിക്കൽ പ്രവേശനം;കോഴ നൽകി നേടുന്ന പ്രവേശനം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ കോഴ നൽകി നേടുന്ന പ്രവേശനം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴ കൊടുക്കാൻ ആരും തയാറാവരുത്. അങ്ങനെ ചെയ്താൽ ആ പ്രവേശനം നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.ബാങ്ക് ഗാരന്‍റി ഇല്ലെന്ന കാരണത്താൽ ആർക്കും പ്രവേശനം നഷ്ടപ്പെടില്ല. പാവപ്പെട്ട വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യും. സ്വാശ്രയ കോളജുകളിലേക്ക് എല്ലാ അലോട്ട്മെന്‍റും നടത്തുന്നത് സർക്കാരാണ്. പ്രവേശനത്തിനായി കോഴ വാങ്ങാനുള്ള മാനേജുമെന്‍റുകളുടെ ഏജന്‍റുമാരുടെ ചതിക്കുഴിയിൽ വിദ്യാർഥികളും രക്ഷിതാക്കളും വീഴരുതെന്നും ശൈലജ പറഞ്ഞു.
അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ
ന്യൂഡൽഹി:രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം 99 ശതമാനം ആയിരം രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് റിസേർവ് ബാങ്ക്.ആയിരത്തിന്റെ 670 കോടി നോട്ടുകൾ ഉണ്ടായിരുന്നതിൽ 8.9 കോടി നോട്ടുകളാണ് മടങ്ങിയെത്താതിരുന്നത്.തിരിച്ചെത്തിയ നോട്ടുകളിൽ 7.62 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തു വിട്ടത്.നോട്ട് നിരോധനത്തിന് ശേഷം നവംബർ ഒമ്പതിനും ഡിസംബർ 31 നും ഇടയിലായി 5.54 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിതരണം ചെയ്തതായും റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
ലീഗ് നേതാവ് കെ.എം ഷാജിയുടെ വീടിനു നേരെ കല്ലേറ്
കണ്ണൂർ:അഴീക്കോട് മുസ്ലിം ലീഗ് എംഎൽഎ കെ.എം ഷാജിയുടെ വീടിനു നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് വീടിനു നേരെ അക്രമം അഴിച്ചു വിട്ടത്.കല്ലേറിൽ വീടിനു മുൻവശത്തെ രണ്ട് ജനൽ ചില്ലുകൾ തകർന്നു.സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വയനാട് സ്വദേശിയാണ് കെ.എം ഷാജി.അഴീക്കോട് മണ്ഡലത്തിൽ ചില പരിപാടികളിൽ പങ്കെടുത്ത് കോഴിക്കോട്ടേക്ക് തിരിച്ച ഉടനെയാണ് അക്രമം നടന്നത്