അങ്കമാലി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് അച്ഛന്‍റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. സെപ്റ്റംബർ ആറിന് അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധദിനത്തിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.ബുധനാഴ്ച ആലുവ മണപ്പുറത്തും ദിലീപിന്‍റെ വീട്ടിലുമാണ് ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച ഏഴു മുതൽ 11 വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം.അതേസമയം ദിലീപിന്‍റെ അപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കഴിഞ്ഞ വർഷം ദിലീപ് അച്ഛന്‍റെ ശ്രാദ്ധത്തിൽ പങ്കെടുത്തിരുന്നില്ലെന്നും പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി ദിലീപിനു ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു. ദിലീപിന് സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
കാവ്യ ജയിലിലെത്തി ദിലീപിനെ കണ്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ജയിലിലെത്തി കണ്ടു. ദിലീപിനെ പാർപ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലിൽ വൈകിട്ട് നാലോടെയായിരുന്നു കൂടിക്കാഴ്ച. ദിലീപിന്‍റെ മകൾ മീനാക്ഷിയും കാവ്യയുടെ അച്ഛനും കാവ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.ദിലീപിന്റെ സുഹൃത്തും നടനുമായ നാദിർഷായും ഇന്ന് ദിലീപിനെ ജയിലെത്തി കണ്ടു.നാദിർഷ വന്നുപോയ ശേഷമായിരുന്നു കാവ്യ ജയിലിലെത്തിയത്. കേസിൽ അറസ്റ്റിലായ ശേഷം 50 ഓളം ദിവസമായി ദിലീപ് ജയിലിലാണ്. മൂന്ന് തവണ ദിലീപ് ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിക്കുകയായിരുന്നു. അറസ്റ്റിന് ശേഷം ആദ്യമായാണ് ദിലീപ് മകളെയും ഭാര്യയെയും കാണുന്നത്. നേരത്തെ അമ്മയും സഹോദരൻ അനൂപും ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു.
എല്ലാ മരുന്നുകൾക്കും അഞ്ച് ശതമാനം ജി.എസ്.ടി;മരുന്ന് വില കുറയും
ന്യൂഡൽഹി:രാജ്യത്ത് വിൽക്കുന്ന എല്ലാ മരുന്നുകൾക്കും അഞ്ച് ശതമാനം ജി.എസ്.ടി ഏർപ്പെടുത്താൻ തീരുമാനം.തീരുമാനം നടപ്പിലാകുന്നതോടെ മരുന്ന് വിലയിൽ വലിയ കുറവുണ്ടാകും.വിൽപ്പന നടത്തുന്ന 73 ശതമാനം മരുന്നുകൾക്ക് 12 ശതമാനം ജി എസ് ടിയും 27 ശതമാനം മരുന്നുകൾക്ക് 5 ശതമാനം ജി എസ് ടിയും ഏർപ്പെടുത്താനായിരുന്നു തീരുമാനം. ഇതിനായി സർക്കാർ തിരഞ്ഞെടുത്തത് കേന്ദ്ര എക്‌സൈസ് ആൻഡ് കസ്റ്റംസ് വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ജീവൻ രക്ഷ മരുന്നുകളുടെ പട്ടികയായിരുന്നു.ഇതിൽ പല മരുന്നുകളും ഇപ്പോൾ നിലവിലില്ല.ഇതിനെ തുടർന്ന് വൻ വിമർശനത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെട്ടത്.12 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരുന്ന മരുന്നുകൾക്ക് ഏഴു ശതമാനം ജി.എസ്.ടി വിലയാണ് കുറച്ചിരിക്കുന്നത്.ഇതോടെ മരുന്ന് വിലയിൽ വൻ കുറവുണ്ടാകും.ഇത് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നത് കേരളത്തിലെ ജനങ്ങൾക്കാവും. അതേസമയം സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമത്തിന് സാധ്യത ഉണ്ടാകുമെന്നു വിദഗ്ദ്ധർ വിലയിരുത്തുന്നു.മരുന്നിനു അഞ്ചു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തുന്നതോടെ പഴയ വിലയിലുള്ള മരുന്നുകൾ മുൻ വിലയിൽ വിൽക്കാനാകില്ല. പുതുക്കിയ വില കവറുകൾക്ക് മുകളിൽ പ്രസിദ്ധീകരിക്കുകയോ പഴയ വിലയിലുള്ള മരുന്നുകൾ കമ്പനി തിരിച്ചെടുത്ത് കംപ്യുട്ടറുകളിലെ സോഫ്ട്‍വെയറുകൾ മാറ്റംവരുത്തുകയോ വേണം.എന്നാൽ ഇതിനു ഏറെ കാലതാമസം നേരിടേണ്ടതായി വരും.ഇത് മരുന്ന് ക്ഷാമത്തിന് വഴിതുറക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
രാജ്യത്തെ എണ്ണുറോളം എൻജിനീയറിംഗ് കോളജുകൾക്ക് പൂട്ടുവീഴുന്നു
ബംഗളൂരു: നിലവാരമില്ലാത്ത എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യസ മേഖലയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനാണ് (എഐസിടിഇ) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.വിദ്യാർഥികളുടെ എണ്ണം കുറവുള്ള നിലവാരം താഴ്ന്ന എണ്ണൂറോളം എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് എഐസിടിഇ ചെയർമാൻ അനിൽ ദത്താത്രയ സഹസ്രബുദ്ധെ പറഞ്ഞു. നിലവാരമില്ലാത്തതിനാൽ ഓരോ വർഷവും ഏതാണ്ട് 150 കോളജുകൾ സ്വമേധയാ അടച്ചുപൂട്ടുന്നുണ്ട്. എഐസിടിഇ കൗണ്‍സിലിന്‍റെ ചട്ടം അനുസരിച്ച് ശരിയായ അടിസ്ഥാന സൗകര്യമില്ലാത്തതും 30 ശതമാനത്തിൽ കുറവ് അഡ്മിഷനുമുള്ള കോളജുകൾ അഞ്ചു വർഷത്തിനകം അടച്ചുപൂട്ടണമെന്നാണ് നിർദേശമെന്നും സഹസ്രബുദ്ധെ പറഞ്ഞു.
പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനത്തില്‍ എത്തിയതായി ജീവനക്കാരന്റെ മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നേരിട്ട് ബന്ധമുള്ളതായി കൂടുതല്‍ തെളിവുകളുമായി പോലീസ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’യിലെത്തിയതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ലക്ഷ്യയിലെ ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കീഴടങ്ങുന്നതിന് തലേ ദിവസമാണ് പള്‍സര്‍ സുനി സ്ഥാപനത്തിലെത്തിയതെന്നാണ് ജീനവക്കാരന്‍ മൊഴി നല്‍കിയത്. സുനിയോടൊപ്പം മറ്റൊരു പ്രതിയായ വിജേഷുമുണ്ടായിരുന്നു.ദിലീപിന് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന അനുമാനത്തെ സാധൂകരിക്കുന്ന പ്രധാന തെളിവുകളിലൊന്നാണ് ഇത്.വേണ്ടി വന്നാല്‍ ഈ വിഷയത്തില്‍ പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
ദിലീപ് വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു.അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാൻ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്റെ ശ്രാദ്ധം.അന്നേദിവസം രാവിലെ ഏഴുമണി മുതൽ പതിനൊന്നു മണി വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ.അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും.
ഹെറോയിൻ വിൽപന;മൂന്നുപേർ അറസ്റ്റിൽ
ഗോരഖ്പുർ ദുരന്തം: ഡോ. കഫീൽ ഖാൻ അറസ്റ്റിൽ
ലക്നോ: ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ ശിശുരോഗ വിദഗ്ധൻ ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.കഫീൽ ഖാൻ ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ ഗോരഖ്പുർ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അഴിമതി,കെടുകാര്യസ്ഥത, സ്വകാര്യ പ്രാക്ടീസ് എന്നിവ ചേർത്താണ് അദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്.ആശുപത്രിയിൽ ഓക്സിജൻ തീർന്നുപോയതിനു പിന്നാലെ സ്വന്തം പോക്കറ്റിൽനിന്നു പണംമുടക്കി കഫീൽ ഖാൻ ഓക്സിജൻ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ സർക്കാർ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഡൽഹിയിൽ മാലിന്യക്കൂമ്പാരം ഒലിച്ചിറങ്ങി രണ്ടുപേർ മരിച്ചു
ന്യൂഡൽഹി:ഡൽഹി ഗാസിപൂരിൽ ഭീമൻ മാലിന്യക്കൂമ്പാരം ഒലിച്ചിറങ്ങി രണ്ടുപേർ മരിച്ചു. അഭിഷേക്(20),രാജകുമാരി(30) എന്നിവരാണ് മരിച്ചത്.നാലുപേർ കൂടി മാലിന്യങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ദുരന്തനിവാരണ സേന പ്രദേശത്ത് പരിശോധന തുടരുകയാണ്.രണ്ടുദിവസമായി പെയ്യുന്ന മഴയിൽ മാലിന്യങ്ങൾ റോഡിലേക്ക് ഒലിച്ചിറങ്ങിയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.മുപ്പതു വർഷത്തിലേറെയായി ഡൽഹി നഗരത്തിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമാണിതെന്നും നിക്ഷേപിച്ച മാലിന്യങ്ങൾക്ക് മേലെ പിന്നെയും മാലിന്യങ്ങൾ നിക്ഷേപിച്ച് ഇത് ഒരു മലയായി മാറുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
പാചകവാതകത്തിന്റെ വില വർധിപ്പിച്ചു
ന്യൂഡൽഹി:രാജ്യത്ത് പാചകവാതകത്തിന്റെ വില വർധിപ്പിച്ചു.സബ്‌സിഡിയുള്ളതിനും ഇല്ലാത്തതിനുമായി 73.50 രൂപയാണ് വർധിപ്പിച്ചത്.പുതുക്കിയ നിരക്ക് അർധരാത്രിമുതൽ നിലവിൽ വന്നു.586 രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന്റെ പുതിയ നിരക്ക്.വർധിപ്പിച്ച തുക സബ്സിഡി ഇനത്തിൽ ഉപഭോക്താവിന് തിരികെ ലഭിക്കും.ഇതോടെ സബ്‌സിഡി ഇനത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തുന്ന തുക സിലിണ്ടറൊന്നിന് 96 രൂപയായി ഉയരും.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും 74 രൂപ വർധിപ്പിച്ചിട്ടുണ്ട്.586 രൂപ തന്നെയാണ് സബ്‌സിഡിയില്ലാത്ത 14 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില. അതേസമയം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 117 രൂപ വർധിപ്പിച്ചു.