നാദാപുരത്ത് ഷവർമ കഴിച്ച അഞ്ചുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു
കോഴിക്കോട്:നാദാപുരത്ത് ഷവർമ കഴിച്ച അഞ്ചുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു.ചേലക്കാട് സ്വദേശികളായ അജീഷ്,ഷിജി,ആരാധ്യ,കുമ്മനംകോട് സ്വദേശികളായ അഭിജിത്,ആദിജിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ ഇപ്പോൾ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിന് ശേഷം ഇവർ ഷവർമ കഴിച്ച കട പോലീസെത്തി അടപ്പിച്ചു.
മന്ത്രിസഭാ പുനഃസംഘടന;നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രി, കണ്ണന്താനത്തിന് ടൂറിസം
ന്യൂഡൽഹി:ഒന്‍പത് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു. നിര്‍മല സീതാരാമനടക്കം നാലു മന്ത്രിമാരെ ക്യാബിനറ്റ് മന്ത്രിമാരായും ഉയര്‍ത്തി. അല്‍ഫോണ്‍സ് കണ്ണന്താനം മോദി മന്ത്രിസഭയിലെ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രതിനിധിയായി. നിര്‍മല സീതാരാമന് പ്രതിരോധ വകുപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ധിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ മന്ത്രി കൂടിയാവുകയാണ് നിര്‍മല സീതാരാമന്‍.സഹമന്ത്രിമാരില്‍ അവസാനക്കാരനായാണ് നിലവില്‍ പാരലമെന്റ് അംഗമല്ലാത്ത അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മോദി സര്‍ക്കാരിലെ കേരളത്തില്‍ നിന്നുള്ള ആദ്യകേന്ദ്രമന്ത്രിയായി അപ്രതീക്ഷിതമായാണ് കണ്ണന്താനത്തിന്റെ കടന്ന് വരവ്. രാവിലെ പത്തരയോടെ ആരംഭിച്ച ചടങ്ങില്‍ ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനകയറ്റം ലഭിച്ചവരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ധര്‍മേന്ദ്ര പ്രധാന്‍ (നൈപുണ്യ വികസനം), പിയൂഷ് ഗോയല്‍ (റെയില്‍വേ), നിര്‍മല സീതാരാമന്‍ (പ്രതിരോധം), മുക്താര്‍ അബ്ബാസ് നഖ്‍വി എന്നിവരാണ് പുതിയ ക്യാബിനറ്റ് മന്ത്രിമാര്‍.തുടര്‍ന്ന് പുതുമുഖങ്ങളായി 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ശിവ പ്രതാപ് ശുക്ല (ധനകാര്യം), അശ്വിനി കുമാര്‍ ചബേ(ആരോഗ്യം, കുടുംബക്ഷേമം), വീരേന്ദ്രകുമാര്‍, അനന്ത്കുമാര്‍ ഹെഗഡെ, രാജ് കുമാര്‍ സിങ്, ഹര്‍ദീപ് സിങ് പൂരി, ഗജേന്ദ്ര സിങ് ശെഖാവത്ത് (കൃഷി), സത്യപാല്‍ സിങ്(മനുഷ്യവിഭവശേഷി) എന്നിവരാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുറമെ മന്ത്രിമാരായി ചുമതലയേറ്റത്.
കണ്ണൂരിലേക്കുള്ള രാസവസ്തു കലർന്ന പാൽ പിടികൂടി
പാലക്കാട്:മീനാക്ഷിപുരത്തെ പാൽ പരിശോധന കേന്ദ്രത്തിൽ നിന്നും വീണ്ടും രാസവസ്തു കലർത്തിയ പാൽ പിടികൂടി.ഇരുപതോയൊമ്പതാം തീയതി പിടികൂടിയ കവർ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തിയിരുന്നു.ഇത്തവണ കാർബണേറ്റിന്റെ അംശമാണ് കണ്ടെത്തിയത്.പാൽ പിരിയാതിരിക്കാൻ അലക്കുകാരം ചേർത്തതാണെന്നാണ് കരുതുന്നത്. ശനിയാഴ്ച പുലർച്ചെ ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ സ്ഥിരം പരിശോധന കേന്ദ്രത്തിലെത്തിയ ടാങ്കറിലെ സാമ്പിളിലാണ് കാർബണേറ്റിന്റെ അംശം കണ്ടെത്തിയത്.ദിണ്ടിക്കലിൽ നിന്നും കണ്ണൂരിലേക്കുള്ളതായിരുന്നു പാൽ.അമ്മാൻ ഡയറി ഫുഡ്സ് എന്ന പേരിലുള്ള സ്ഥാപനത്തിൽ നിന്നുള്ളതായിരുന്നു പാൽ.തുടർന്ന് പാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.ഇവർ സാമ്പിളെടുത്ത് പരിശോധനയ്ക്കായി കാക്കനാട്ടെ പരിശോധന കേന്ദ്രത്തിലേക്കെത്തിച്ചു.പാൽ ദിവസങ്ങളോളം കേടുകൂടാതിരിക്കുന്നതിനായി കാസ്റ്റിക് സോഡാ ചേർക്കുന്ന പതിവുണ്ട്.ഇത് കുട്ടികളുടെ ദഹന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
പഴശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതി;നിർമാണം ഉടൻ ആരംഭിക്കും
ഇരിട്ടി: പഴശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണം ഉടൻ തുടങ്ങും. പദ്ധതിയുടെ നടത്തിപ്പിനായി ചാവശേരിയിൽ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ടെൻഡറിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയ തമിഴ്‌നാട്ടിലെ ഈറോഡ് ആര്‍ എസ് ഡവലപ്പേഴ്‌സായിരിക്കും പദ്ധതിയുടെ നിര്‍മാണം നടത്തുക. ഓണാവധിക്കുശേഷം നടക്കുന്ന കെഎസ്ഇബിയുടെ ബോര്‍ഡ് യോഗം ടെന്‍ഡര്‍ അംഗീകരിച്ചു മൂന്നു മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം. 50 കോടിയുടെ സിവില്‍ പ്രവൃത്തിയായിരിക്കും ഉടന്‍ ആരംഭിക്കുന്നത്. ട്രാന്‍സ്മിഷന്‍ പ്രവൃത്തിയും യന്ത്രങ്ങൾ വാങ്ങലും രണ്ടാം ഘട്ടത്തില്‍ ടെൻഡര്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്ക് 79.85 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.പദ്ധതിക്ക് നേരത്തെ വൈദ്യുതി വകുപ്പും ജല വിഭവ വകുപ്പും തമ്മിൽ തത്വത്തില്‍ ധാരണയായെങ്കിലും വൈദ്യുതി ഉത്പാദനത്തിനായി സംഭരണിയുടെ ഷട്ടറുകള്‍ എല്ലാ സമയവും അടച്ചിടേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാപ്രശ്‌നം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു.ഡാം സുരക്ഷാ അഥോറിറ്റിയുടെ അനുമതികൂടി കഴിഞ്ഞ ദിവസം ലഭിച്ചതോടെ പദ്ധതിക്കുള്ള മുഴുവന്‍ തടസങ്ങളും നീങ്ങിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ വൈദ്യുതി വകുപ്പും ജല വിഭവ വകുപ്പും സംയുക്തമായി മേല്‍നോട്ടം വഹിക്കാനാണ് ഡാം സുരക്ഷാ അഥോറിട്ടി നിര്‍ദേശിച്ചിരിക്കുന്നത്.പഴശി ജലസംഭരണിയില്‍ ജലസേചനത്തിനും കുടിവെള്ളത്തിനും ശേഷം ബാക്കിയാകുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസക്കാലം ഒഴുക്കിക്കളയുന്ന വെള്ളം ഉപയോഗിച്ച് പ്രതിവര്‍ഷം 25.16മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.
യുവതിയെ കാറിടിപ്പിച്ച് സ്വർണവും പണവും കവർന്നു
പാനൂർ: കീഴ്മാടം കുറ്റിയിൽ പീടികയിൽ യുവതിയെ കാറിടിപ്പിച്ച് സ്വർണാഭരണവും പണവും കവർന്നു. കീഴ്മാടം കുറ്റിയിൽ പീടികയിൽ റോഡിലൂടെ നടന്ന് പോകുകയായിരുന്ന പത്തായക്കുന്ന് സൗത്ത്പാട്യത്തെ പീടികപ്പുരയിൽ ഗീതയെയാണ് (47) രാവിലെ 11 ഓടെ കാറിലെത്തിയ സംഘം ആക്രമിച്ചത്.ബോധരഹിതയായി റോഡിൽ വീണ യുവതിയുടെ പക്കൽ നിന്നും സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്നു. യുവതിയെ മറ്റ് യാത്രക്കാരാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേറ്റ യുവതി ഇപ്പോൾ തലശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ യുവതി മേക്കുന്നിലെ വീട്ടുകാർക്കെതിരേ നൽകിയ മാനനഷ്ടക്കേസ് കൂത്തുപറമ്പ് കോടതിയുടെ പരിഗണനയിലാണ്.അടുത്ത മാസം വിധി വരാനിരിക്കെ അതേ സംഘം തന്നെയാണ് തനിക്കെതിരേ അക്രമം നടത്തിയതെന്ന് ഗീത പറഞ്ഞു. ചൊക്ലി പോലീസിൽ നൽകിയ പരാതി പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
ആറളം ഫാമിലെ തൊഴിലാളികൾക്കായി രണ്ട് കോടി അനുവദിച്ചു
കണ്ണൂർ: ആറളം ഫാമിലെ തൊഴിലാളികൾക്ക് മുന്ന് മാസത്തെ ശമ്പള കുടിശികയും ബോണസും ഓണം അലവൻസും നൽകുന്നതിന് സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചതായി പട്ടികജാതി-പട്ടിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ഫോക്‌ലോർ അക്കാദമി അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിരുന്നില്ല.കമ്പനിക്ക് തൊഴിലാളികളുടെ ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഉടനെ നൽകാൻ നിർവാഹമില്ലാത്ത സാഹചര്യത്തിലാണ് ഓണം പ്രമാണിച്ച് രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചത്. ഈ തുക മാറി നൽകുന്നതിന് ട്രഷറി നിയന്ത്രണവും ഒഴിവാക്കി ധനകാര്യവകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്.കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മറ്റുചില നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. നബാർഡിന്‍റെ ധനസഹായത്തോടെ കൃഷി വികസനത്തിന് 60 കോടി രൂപയുടെ ഒരു പദ്ധതിക്ക് സർക്കാർ അനുമതി നൽകി.കമ്പനിക്ക് സ്വതന്ത്രചുമതലയുള്ള പുതിയ എംഡിയേയും കഴിഞ്ഞ ദിവസം നിയമിച്ചു. ജോയിന്‍റ് ഡെവലപ്പ്മെന്‍റ് കമ്മീഷണറായിരുന്ന കെ.പി.വേണുഗോപാലാണ് പുതിയ എംഡി.ആറളത്ത് ഒരു മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ജാമ്യംതേടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി:ജാമ്യം തേടി നടൻ ദിലീപ് മൂന്നാംവട്ടവും ഹൈക്കോടതിയിലേക്ക്.ഓണം കഴിഞ്ഞയുടനെ വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകാനാണ് ദിലീപിന്റെ നീക്കം. അച്ഛന്റെ ശ്രാദ്ധത്തിനു പങ്കെടുക്കാൻ അനുമതി ലഭിച്ച വിവരം ഹർജിയിൽ ചൂണ്ടിക്കാട്ടും. നേരത്തെ രണ്ടുതവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇന്നലെ കോടതി ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടിയിരുന്നു.ഇനി വരുന്ന ഏഴാം തീയതിയോ അല്ലെങ്കിൽ പതിനൊന്നാം തീയതിയോ ഹർജി സമർപ്പിക്കാനാണ് നീക്കം. അങ്ങനെയെങ്കിൽ അവധിക്കാല ബെഞ്ച് ആയിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുന്നത്.മൂന്നാം തവണ ഹൈക്കോടതിയിൽ ജാമ്യം തേടി എത്തുന്നവർക്ക് ഒരു പ്രത്യേക പരിഗണന നൽകി ജാമ്യം അനുവദിക്കും എന്നാണ് ദിലീപുമായി അടുത്തവൃത്തങ്ങളുടെ പ്രതീക്ഷ.
മന്ത്രിസഭാ പുനഃസംഘടന;നാലുപേർ ക്യാബിനറ്റ് പദവിയിലേക്ക്
ന്യൂഡൽഹി:എൻ ഡി എ സർക്കാരിന്റെ അവസാന മന്ത്രിസഭാ വികസനം അല്പസമയത്തിനകം നടക്കും.നാല് സഹമന്ത്രിമാർക്ക് ക്യാബിനറ്റ് പദവി നല്കാൻ തീരുമാനമായിട്ടുണ്ട്.നിർമല സീതാരാമൻ,ധർമേന്ദ്ര പ്രധാൻ,പീയുഷ് ഗോയൽ,മുക്താർ അബ്ബാസ് നഖ്‌വി എന്നിവർക്കാണ് ക്യാബിനറ്റ് പദവി നൽകുക.ഒൻപതു പുതിയ മന്ത്രിമാരും മന്ത്രിസഭയിലേക്ക് എത്തും.ക്യാബിനറ്റ് പദവിയിലേക്ക് എത്തുന്നവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടക്കുക.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിൽ നിന്നും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനവും സ്ഥാനം പിടിച്ചിട്ടുണ്ട്.കണ്ണന്താനം ഉൾപ്പെടെ ഒൻപതു പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
നിയന്ത്രണംവിട്ട വാൻ കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു
കൊല്ലം:ആയൂരിനടുത്ത് ഫർണിച്ചർ കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി കടയ്ക്കുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേർ മരിച്ചു.രാത്രി രണ്ടുമണിയോടെയായിരുന്നു അപകടം. കടയിലെ ജീവനക്കാരായ ഹരി,ശശി എന്നിവരാണ് മരിച്ചത്.മറ്റുരണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ തിരുവന്തപുരത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.