കണ്ണൂർ: താഴെചൊവ്വ ബൈപ്പാസില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ചെങ്കല്‍ ലോറിയും മാലിന്യ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.മാലിന്യ ലോറി ക്‌ളീനര്‍ ഇടുക്കി കരുണാപുരം കമ്പം മേട്ടിലെ പി.വി ഷാജിയാണ് (56)മരിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ പുറത്തേക്ക് തെറിച്ചു വീണു തലയിടിച്ചു മരിക്കുകയായിരുന്നു. ലോറിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.തളിപ്പറമ്പിൽ നിന്നും വടകരയിലേക്ക് ചെങ്കല്ലുമായി പോകുന്ന ലോറി താഴെചൊവ്വ ബൈപാസില്‍ നിര്‍ത്തിയിട്ട മാലിന്യ ലോറിയില്‍ ഇടിക്കുകയായിരുന്നു.മാലിന്യ ലോറിയിലുണ്ടായിരുന്ന ഏറ്റൂമാനൂര്‍ സ്വദേശികളായ സനീഷ്(26) സതീഷ്(32) എന്നിവരെ നിസാരപരിക്കുകളോടെ ജില്ലാശുപത്രിയിലും ചെങ്കല്‍ ലോറിയിലുണ്ടായിരുന്ന സഹായി സവാദി (29) നെ ചാലയിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു
ആലപ്പുഴ : മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു.ഇല്ലിക്കല്‍ പുരയിടം പൂപ്പറമ്പിൽ ഓട്ടോഡ്രൈവര്‍ ഹസീമിന്റെ ഭാര്യ സെലീനയാണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം നടന്നത്. കുതിരപ്പന്തി ഷണ്‍മുഖവിലാസം അമ്പലത്തിനു സമീപം വൈകുന്നേരം 4.30ന് ബൈക്കില്‍ മകന്‍ അജ്മലിനോടൊപ്പം പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍:അജ്മല്‍, ഇസാന
ഫേസ്ബുക്ക് കമ്പനി ഇനി മുതൽ ‘മെറ്റ’; പുതിയ പേര് പ്രഖ്യാപിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്
ന്യൂയോര്‍ക്ക്: പേര് മാറ്റാനൊരുങ്ങി ഫേസ്ബുക്ക്. മെറ്റ എന്ന പേരിലായിരിക്കും ഫേസ്ബുക്ക് കമ്പനി ഇനി മുതല്‍ അറിയപ്പെടുക. വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള മേഖലകളിലേക്ക് കടക്കുന്നതിനാലാണ് ഇങ്ങനൊരു മാറ്റമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. അതേസമയം, ഈ പേര് മാറ്റം വ്യക്തിഗത പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവക്ക് ബാധകമല്ല ഇവയുടെ ഉടമസ്ഥരായ കമ്പനിയുടെ പേരാണ് മാറ്റുകയെന്ന് അധികൃതര്‍ അറിയിച്ചു.ഫേസ്ബുക്ക് ഇന്‍കോര്‍പറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതല്‍ ‘മെറ്റ ഇന്‍കോര്‍പറേറ്റ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക .മെറ്റാവേഴ്സ് സൃഷ്ടിക്കുക എന്ന ആശയമാണ് പുതിയ പേരുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ലൈവ് സ്ട്രമിങ്ങ് വെര്‍ച്വല്‍ കോണ്‍ഫറെന്‍സില്‍ സക്കര്‍ബര്‍ഗ് വ്യക്തമാക്കി.വ്യത്യസ്‌ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഒരു വെര്‍ച്വല്‍ ലോകം സൃഷ്ടിക്കുക എന്നതാണ് മെറ്റാവേഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യതയും സുരക്ഷയും മെറ്റാവേസില്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം;സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത;ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തപ്രാപിച്ച് വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തപ്രാപിച്ച് വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീ ലിറ്റർവരെ മഴ ലഭിക്കും. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. വരുന്ന രണ്ട് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു;രണ്ടു ഷട്ടറുകളില്‍ നിന്ന് പുറത്തേക്ക് വരുന്നത് സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം; പെരിയാർ തീരത്ത് അതീവ ജാഗ്രത
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. ഷട്ടറുകൾ വഴി സെക്കന്റിൽ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 7.29 ഓടെയാണ് ഷട്ടറുകൾ തുറന്നത്.ഏഴ് മണിക്ക് തുറക്കുമെന്നായിരുന്നു നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എത്താൻ വൈകിയതിനെ തുടർന്ന് അണക്കെട്ട് തുറക്കാൻ താമസിക്കുകയായിരുന്നു. 7.20 ഓടെ മൂന്നാമത്തെ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് അണക്കെട്ട് തുറന്നത്. ജീവനക്കാർ നേരിട്ട് മാനുവലായിട്ടാണ് ഷട്ടറുകൾ തുറന്നത്.അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി റവന്യൂ, ജലഗതാഗത മന്ത്രിമാർ രാവിലെ ആറ് മണിയോടെ തന്നെ മുല്ലപ്പെരിയാറിൽ എത്തിയിരുന്നു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. മൂന്ന്, നാല് നമ്പർ ഷട്ടറുകളാണ് തുറന്നത്. അണക്കെട്ടിലെ വെള്ളം വള്ളക്കടവിൽ ആകും ആദ്യം എത്തുക. ഉച്ചയോടെ വെള്ളം അയ്യപ്പൻ കോവിലിൽ എത്തും. വെള്ളം ഒഴുകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മുന്നൂറോളം കുടുംബങ്ങളെ ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 138 ആക്കി നിർത്തുകയാണ് ലക്ഷ്യം. ഇപ്പോൾ 138.70 ആണ് ജലനിരപ്പ്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കുന്നത്.സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് പടി പടിയായി 1000 ഘനയടി ആക്കി ഉയർത്തും.2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്.അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമില്‍ എത്തും. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കിയില്‍ ഇന്നലെ രാത്രി 8നു ജലനിരപ്പ് 2398.30 അടിയാണ്. ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ വീണ്ടും തുറന്നേക്കും. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;56 മരണം;5460 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍കോട്് 198 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 30,685 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5460 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 563, കൊല്ലം 366, പത്തനംതിട്ട 369, ആലപ്പുഴ 375, കോട്ടയം 101, ഇടുക്കി 211, എറണാകുളം 930, തൃശൂര്‍ 145, പാലക്കാട് 358, മലപ്പുറം 395, കോഴിക്കോട് 749, വയനാട് 286, കണ്ണൂര്‍ 467, കാസര്‍ഗോഡ് 145 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 78,122 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ;കനത്ത നാശനഷ്ടം;ആളപായമില്ല
കോട്ടയം: എരുമേലി പഞ്ചായത്തിലെ ഏഞ്ചല്‍ വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. എരുമേലി പഞ്ചായത്തിലെ 12ാം വാര്‍ഡായ ഏഞ്ചല്‍ വാലി ജംക്ഷന്‍, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല.സ്ഥലത്ത് കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. വീടുകളിലെ പാത്രങ്ങള്‍ ഒഴുകി പോയി. പല വീടുകളുടെയും സംരക്ഷണഭിത്തി തകര്‍ന്നിട്ടുണ്ട്. റോഡുകള്‍ കല്ലുകള്‍ നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടു പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോറിക്ഷ ഒലിച്ച് പോയതായും ജനപ്രതിനിധികള്‍ അറിയിച്ചു.രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍ഫ് സംഘം അപകടമേഖലയില്‍ പുറപ്പെട്ടു.ജില്ലയുടെ മലയോര മേഖലകളില്‍ കാറ്റും മഴയും തുടരുകയാണ്. വരും ദിവസങ്ങളിലും കോട്ടയത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. അപകട സാധ്യതയുള്ള മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു.
ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം.25 ദിവസത്തെ കസ്റ്റഡിക്കു ശേഷമാണ് ബോംബെ ഹൈക്കോടതി ആര്യനും കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ ധമേച്ഛ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചത്.ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ജാമ്യം സംബന്ധിച്ച മറ്റു നടപടിക്രമങ്ങള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മാത്രം പൂര്‍ത്തിയാകുകയുള്ളു എന്നതിനാല്‍ അതുവരെ ആര്യന് ജയിലില്‍ തന്നെ തുടരേണ്ടതായി വരും.ഈ മാസം എട്ടു മുതല്‍ ആര്യനും സംഘവും മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്. ഇതിനുമുന്‍പ് മൂന്നുതവണ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു ദിവസത്തെ വാദംകേള്‍ക്കലിന് ഒടുവിലാണ് വ്യാഴാഴ്ച ജാമ്യം നല്‍കിയത്.ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്റെ സുഹൃത്തായ അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് പോലും ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്‌സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍ഖാന് മുന്‍കാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയില്‍ ഉന്നയിക്കപ്പെട്ടു.എന്നാല്‍ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ്ഖാന്‍ ശ്രമിക്കുന്നതായി എന്‍സിബി ആരോപിച്ചു. ആര്യന്‍ഖാന്‍ പുറത്തിറങ്ങിയാല്‍ ഇതുപോലെ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകള്‍ക്കും ജാമ്യം അനുവദിച്ചത്.
ബിനീഷ് കോടിയേരിക്ക് ജാമ്യം
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കേസില്‍ ബിനീഷ് അറസ്റ്റിലായി നാളെ ഒരു വര്‍ഷം തികയാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്ന കേസില്‍ ബിനീഷ് നാലാം പ്രതിയാണ്. ഇന്ന് വൈകീട്ടോ, നാളെ രാവിലെയോ ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങും.കര്‍ണാടക ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം നൽകിയത്.അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുത്. വിചാരണ കോടതി വിളിപ്പിക്കുമ്പോൾ ഹാജരാകണം. സമാന കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ പാടില്ലെന്നുമാണ് ഉപാധികൾ.നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല.ഇക്കാര്യം ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.എന്‍ സി ബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് ഇഡിയുടെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വാദം.2020 നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ബിനീഷിനെ പാർപ്പിച്ചിരിക്കുന്നത്.ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ബിനീഷിനെ അറസ്റ്റുചെയ്തത്.ഇ ഡി അന്വേഷിക്കുന്ന കേസിൽ നാലാംപ്രതിയാണ് ബിനീഷ്.2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി അനിഖ എന്നിവരെ മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം.അനൂപിനെ വിശദമായി ചോദ്യംചെയ്ത നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ലഭിച്ച സൂചനകളാണ് അന്വേഷണം ബിനീഷിലേക്കെത്തിച്ചത്.തെളിവുകൾ ലഭിച്ചതോടെ ബിനീഷിന്റെ പേരിൽ ഇഡി കേസ് രജിസ്റ്റർ ചെയ്തു.ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി.അനൂപിനെ അറിയാമെന്നും ബംഗളൂരുവിൽ ഹോട്ടൽ നടത്താനായി പണം വായ്പ നൽകിയെന്ന് ബിനീഷ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു.രണ്ടാം വട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി നാടകീയമായാണ് അറസ്റ്റ് ചെയ്ത്.
കുതിച്ചുയർന്ന് ഇന്ധന വില;കേരളത്തില്‍ പെട്രോള്‍ വില 110 രൂപ കടന്നു
ന്യൂഡൽഹി:രാജ്യത്ത് കുതിച്ചുയർന്ന് ഇന്ധന വില.കേരളത്തിൽ ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വര്‍ധിച്ചത് 8 രൂപ 49 പൈസയും പെട്രോളിന് കൂടിയത് 6 രൂപ 75 പൈസയുമാണ്.തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30 പൈസയുമായി. കൊച്ചിയില്‍ 108 രൂപ 55 പൈസ പെട്രോളിനും 102. രൂപ 40 പൈസ ഡീസലിനുമായി.അതേസമയം രാജ്യത്ത് 120 രൂപയും കഴിഞ്ഞും ഇന്ധന വില കുതിക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോളിന് 120 രൂപയും 49 പൈസയുമാണ്. ഡീസലിന് 111 രൂപയും 40 പൈസയുമായി ഉയര്‍ന്നു.അതിനിടെ ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കേരളത്തില്‍ നവംബര്‍ ഒൻപതുമുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. 2018-ല്‍ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാര്‍ജ് എട്ടുരൂപയാക്കിയത്. ഇപ്പോള്‍ 41 രൂപവരെ കൂടി. യാത്രക്കാരുടെ എണ്ണവും വന്‍തോതില്‍ കുറഞ്ഞു. 2011-ല്‍ 34,000 ബസുകള്‍ ഉണ്ടായിരുന്നെങ്കില്‍ കോവിഡിനുമുന്‍പ് അത് 12,000 ആയി ചുരുങ്ങി. ഇപ്പോള്‍ 6000 ബസുകളാണ് നിരത്തിലുള്ളത്.മിനിമം ചാര്‍ജ് എട്ടില്‍നിന്ന് 12 രൂപയാക്കുന്നതിനൊപ്പം കിലോമീറ്റര്‍ നിരക്ക് ഒരുരൂപയായി വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയില്‍നിന്ന് അഞ്ച് രൂപയാക്കുക, സ്വകാര്യബസുകളുടെ വാഹനനികുതി പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.