ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കമാൻഡർ രാകേഷ് കുമാറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി.സോണിയയുടെ 10 ജൻപഥ് വസതിയുടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന രാകേഷ് (31)നെയാണ് കാണാതായത്. രാകേഷിനെ കാണാതായതിനെ തുടർന്നു തുഗ്ലക്ക് പോലീസ് ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ഇതുവരെ ഇയാളെ കണ്ടെത്താനായില്ല.സംഭവത്തെ തുടർന്നു രാകേഷിന്‍റെ അച്ഛൻ ഡൽഹി പോലീസിനും പരാതി നൽകി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്തല്ല രാകേഷിനെ കാണാതായത്. ദ്വാരകയിൽ ഒരു ഫ്ളാറ്റിൽ കുടുംബത്തോടോപ്പം വാടകയ്ക്കാണ് രാകേഷ് താമസിച്ചിരുന്നത്. സെപ്റ്റംബർ ഒന്നിന് രാകേഷ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും അന്ന് ചില സുഹൃത്തുകളുമായി രാകേഷ് കൂടിക്കാഴ്ച നടത്തിയതായും പോലീസിനു വിവരങ്ങൾ ലഭിച്ചു. സെപ്റ്റംബർ ഒന്നിന് രാവിലെ അദ്ദേഹം സോണിയയുടെ വസതിയിൽനിന്നു പുറത്തു പോയതായും പോലീസ് പറഞ്ഞു.രാകേഷിന്റെ മൊബൈൽ ഫോണും സർവീസ് റിവോൾവറും താമസസ്ഥലത്ത് ഉപേക്ഷിച്ചിട്ടാണ് പോയിരിക്കുന്നത്. ഇതിനാൽ പോലീസിനോ ബന്ധുക്കൾക്കോ ഇതുവരെ ഇയാളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. സോണിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയെന്നും ഡൽഹി പോലീസ് പറഞ്ഞു.
പെരുമ്പാവൂരിൽ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു
പെരുമ്പാവൂർ:പെരുമ്പാവൂരിൽ അടച്ചിട്ട പാറമടയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു.കളമശ്ശേരി സ്വദേശികളായ വിനായകൻ,ശ്രാവൺ എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളായ നാലംഗസംഘം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.ഒരാളെ രക്ഷപ്പെടുത്തി.ഇവർക്കൊപ്പമുണ്ടായിരുന്ന അഭിജിത് എന്ന കുട്ടിയെ കാണാതായി.അഭിജിത്തിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.ഉച്ചയോടെയാണ് ഇവർ കുളിക്കാനെത്തിയത്. വിദ്യാർത്ഥികളുടെ നിലവിളികേട്ട് നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്.ഏറെക്കാലമായി അടഞ്ഞു കിടക്കുന്ന പാറമടയാണിത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് ആഴത്തിലുള്ള വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെട്ടിരുന്നത്.അപകടമറിയാതെ ഇവിടെ കുളിക്കാനിറങ്ങിയതാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത്.
പയ്യാമ്പലത്തു കാണാതായ കുട്ടിയെ കണ്ടെത്താനായില്ല
കേരളത്തിലെ രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം;ഹർജി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:ഡി.എം വയനാട്,മൗണ്ട് സിയോൺ എന്നീ സ്വാശ്രയ മെഡിക്കൽ കോളേജുകൾ നടത്തിയ എംബിബിഎസ് പ്രവേശനം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.രണ്ട് കോളേജുകളിലെയും ഈ വർഷത്തെ പ്രവേശനം കോടതി റദ്ദാക്കാനാണ് സാധ്യത.നേരത്തെ സമാനമായ രീതിയിൽ തൊടുപുഴ അൽ അസ്ഹർ കോളേജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അടിസ്ഥാനസൗകര്യമില്ലെന്നു ചൂണ്ടിക്കാട്ടി എം.സി.ഐ ഈ കോളേജുകൾക്ക് അംഗീകാരം നൽകിയിരുന്നില്ല.എന്നാൽ കോളേജുകൾക്ക് അനുകൂലമായി കേരള ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് എം.സി.ഐ സുപ്രീം കോടതിയെ സമീപിച്ചത്.വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അൽ അസ്ഹർ കോളേജ് നൽകിയ മറ്റൊരു ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
ഗൗരി ലങ്കേഷ് വധം;പ്രതികളിലൊരാളുടെ ദൃശ്യങ്ങൾ ലഭിച്ചു
ബെംഗളൂരു:പ്രമുഖ മാധ്യമ പ്രവർത്തക ഗൗരിലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.വെടിയുതിർത്ത പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചുവെന്ന് സൂചന.ഹെൽമെറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്.ബസവനഗുഡി മുതൽ ഇയാൾ ഗൗരി ലങ്കേഷിനെ പിന്തുടർന്നിരുന്നുവെന്നു പോലീസ്‌വൃത്തങ്ങൾ സൂചിപ്പിച്ചു.ഗൗരിലങ്കേഷ് വധക്കേസിൽ പ്രതികളെ ഉടൻ പിടിക്കൂടുമെന്നു കർണാടക ഗതാഗത മന്ത്രി എച്.എം രേവണ്ണ പറഞ്ഞിരുന്നു.പോലീസ് അന്വേഷണം തൃപ്തികരമായ നിലയിലാണെന്നും രേവണ്ണ അറിയിച്ചു.
പഴശി ഡാമിലൂടെയുള്ള ഗതാഗതം 11 മുതൽ നിരോധിക്കും
ഇരിട്ടി: പഴശി പദ്ധതിയുടെ ഷട്ടറിന്‍റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഡാമിലൂടെയുള്ള ഗതാഗതം 11 മുതല്‍ ഒരുമാസത്തേക്ക് നിരോധിക്കും. ഒക്ടോബര്‍ 15 വരെയാണ് ഡാമിനു മുകളിലൂടെയുള്ള റോഡ് അടച്ചിട്ടുകൊണ്ട് അറ്റകുറ്റപ്പണി നടത്തുന്നത്.കഴിഞ്ഞവര്‍ഷമാണ് ഷട്ടറിന്‍റെ ചോര്‍ച്ച തടയുന്നതിന് അറ്റകുറ്റപ്പണി ആരംഭിച്ചത്. പുതുതായി സ്ഥാപിച്ച ഷട്ടറുകളുടെ ഇരുവശങ്ങളിലും സിമന്‍റ് മിശ്രിതം സ്പ്രേ ചെയ്ത് ചോര്‍ച്ചയും പൂപ്പലുകളും തടയുന്നതിനുള്ള പ്രവര്‍ത്തനമാണ് ഈ കാലയളവില്‍ നടത്തുന്നത്.നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെങ്കില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കണമെന്ന പഴശി ജലസേചനവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയറുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഗതാഗതനിയന്ത്രണത്തിന് അനുമതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും രൂക്ഷമായ വര്‍ള്‍ച്ച കണക്കാക്കി അറ്റകുറ്റപ്പണി നിര്‍ത്തിവച്ച് ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കുകയായിരുന്നു. ഇത്തവണയും നേരത്തെ ഷട്ടര്‍ അടയ്ക്കുന്നതിന് വേണ്ടിയാണ് ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അണക്കെട്ടിലൂടെ ഗതാഗതം നിരോധിക്കുന്നതോടെ കുയിലൂര്‍, പടിയൂര്‍ വെള്ളിയമ്പ്ര ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും.
സിപിഎം പ്രവർത്തകന് വെട്ടേറ്റു; ആർഎസ്എസ് സേവാകേന്ദ്രവും ബസ് വെയിറ്റിംഗ് ഷെൽട്ടറും തകർത്തു
മട്ടന്നൂർ: നെല്ലൂന്നിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാ കേന്ദ്രത്തിനും ബസ് വെയിറ്റിംഗ് ഷെൽട്ടറിനു നേരേയും ആക്രമണം. വെട്ടേറ്റ സിപിഎം പ്രവർത്തകനായ നെല്ലൂന്നിയിലെ വിശാലയിൽ പി. ജിജീഷി (30)നെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 ഓടെ നെല്ലൂന്നിയിൽ നിന്നു വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാറിലെത്തിയ സംഘമാണ് ജിജീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വലതു കൈയ്ക്കാണ് വെട്ടേറ്റത്.ഇതിന്‍റെ തുടർച്ചയായാണ് തിങ്കളാഴ്ച രാവിലെ നെല്ലൂന്നിയിൽ ടൗണിലെ സേവാ കേന്ദ്രത്തിനും ബസ് വെയിറ്റിംഗ് ഷെൽട്ടറിനു നേരെയും ആക്രമണമുണ്ടായി. സേവാ കേന്ദ്രത്തിലെ ഫർണിച്ചറുകൾ അടിച്ചു തകർക്കുകയും പി.കെ.ചന്തുക്കുട്ടിയുടെ സ്മരണയ്ക്കായി നിർമിച്ച ഷെൽട്ടറുമാണ് തകർത്തത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ ഭാഗമായി കെട്ടിയ ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും കത്തിച്ചതായും പരാതിയുണ്ട്. സംഘർഷ സ്ഥലത്ത് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി.ഇന്നലെ പുലർച്ചെയാണ് സംഭവം.അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ IX 452 വിമാനമാണ് അപകടത്തിൽപ്പെട്ടത്.റൺവേയിൽ നിന്നും പാർക്കിങ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു.തുടർന്ന് വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു.വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.വിമാനത്തിന്റെ ടയറുകൾ ചെളിയിൽ പുതഞ്ഞു പോയിരുന്നു. പിൻവശത്തെ രണ്ടു ടയറുകൾ ഓടയിൽ കുടുങ്ങി കിടക്കുകയാണ്.ലഗേജുകൾ സൂക്ഷിച്ചിരിക്കുന്ന ഭാഗത്തെ വാതിൽ തുറക്കാൻ കഴിഞ്ഞിട്ടില്ല.അതിനാൽ ചില യാത്രക്കാരുടെ ലഗേജുകൾ ഇനിയും പുറത്തെടുക്കാൻ ആയിട്ടില്ല.കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകട കാരണമെന്നും യാത്രക്കാരുടെ സാധനങ്ങൾ വീടുകളിൽ എത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു
ബെംഗളൂരു:മുതിർന്ന മാധ്യമ പ്രവത്തകയും ലങ്കേഷ് പത്രിക എഡിറ്ററുമായ ഗൗരി ലങ്കേഷ്(55) ബെംഗളൂരുവിലെ വസതിയിൽ വെടിയേറ്റ് മരിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെ രാജരാജേശ്വരി നഗർ ഐഡിയൽ ലെ ഔട്ടിലെ വീട്ടിലെത്തിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ഗേറ്റ് തുറക്കുന്നതിനിടയിൽ അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നു സൂചനയുണ്ട്. ഏഴു റൌണ്ട് വെടിയുതിർത്തത്തിൽ മൂന്നെണ്ണം ശരീരത്തിൽ തുളച്ചു കയറി. വീടിന്റെ വാതിലിനു മുൻപിൽ തളർന്നു വീണ ഗൗരി സംഭവസ്ഥലത്തു തന്നെ മരിച്ചു.
നടൻ ദിലീപ് വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുത്തു
ആലുവ:നടൻ ദിലീപ് കനത്ത പോലീസ് കാവലിൽ വീട്ടിലെത്തി അച്ഛന്റെ ശ്രദ്ധചടങ്ങിൽ പങ്കെടുത്തു മടങ്ങി.രാവിലെ എട്ടു മണി മുതൽ പത്തുമണി വരെയാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്.ആലുവ നദീതീരത്തിനു സമീപമുള്ള വീട്ടിൽ വെച്ചാണ് ചടങ്ങുകൾ നടത്തിയത്. അമ്മയ്ക്കും മകൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ദിലീപ് ചടങ്ങിൽ പങ്കെടുത്തത്.ചടങ്ങിന് ശേഷം പത്തു മണിയോടെ ദിലീപിനെ തിരികെ ആലുവ സബ്ജയിലിലേക്ക് കൊണ്ടുപോയി. അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കേ ദിലീപിനെ പുറത്തേക്ക് വിടരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയത്.മാധ്യമങ്ങളോട് സംസാരിക്കരുത്, പുറത്തിറങ്ങുന്നതിനുള്ള ചിലവുകൾ സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ദിലീപിന് അനുമതി നൽകിയത്.