നാഗ്പുർ: മഹാരാഷ്ട്രയിൽ പോലീസുകാരന്‍റെ മകളെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച അംബർനാഥിലായിരുന്നു സംഭവം. നാഗ്പുർ സ്വദേശിയായ എഎസ്ഐയുടെ മകളും സോഫ്റ്റ്‌വെയർ എൻജീനിയറുമായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തും നാഗ്പുർ സ്വദേശിയുമായ നിഖിലേഷ് പാട്ടിൽ, ഇയാളുടെ സുഹൃത്ത് അക്ഷയ് എന്നിവർ അറസ്റ്റിലായി.തിങ്കളാഴ്ച നിഖിലേഷ്, നിലേഷ് എന്ന സുഹൃത്തുമായി യുവതിയെ സന്ദർശിക്കാനെത്തി. നിലേഷിന്‍റെ കാറിലാണ് ഇരുവരും എത്തിയത്. പിന്നീട് യുവതിയുമായി അംബർനാഥിൽ ഇവരുടെ മറ്റൊരു സഹൃത്തായ അക്ഷയ്യുടെ താമസസ്ഥലത്തെത്തി. ഇവിടെവച്ച് നിഖിലേഷും അക്ഷയും യുവതിയെ മാനഭംഗപ്പെടുത്തി. ക്രൂര മാനഭംഗത്തിന് ഇരയായ യുവതി സംഭവം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞു. ഇതോടെ ഭയന്ന പ്രതികൾ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം ബാഗിലാക്കി വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തു. കെട്ടിടത്തിന്‍റെ മുകൾ നിലയിലായിരുന്നു പീഡനവും കൊലപാതകവും നടന്നത്. താഴത്തെ നിലയിൽ നിന്നിരുന്ന നിലേഷ് സംഭവം അറിഞ്ഞിരുന്നില്ല. മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോകുമ്പോൾ സുഹൃത്തുക്കളുടെ അസാധാരണ പെരുമാറ്റം കണ്ട് സംശയം തോന്നി കാര്യം തിരക്കുമ്പോഴാണ് ഇരുവരും ക്രൂരകൃത്യത്തിന്‍റെ ചുരുൾ നിവർത്തിയത്.മൃതദേഹം ഉപേക്ഷിച്ചതിനു ശേഷം ഒളിവിൽപോകാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ ഒളിവിൽപോയാലും പോലീസ് പിടികൂടുമെന്ന് നിലേഷ് ഇവരെ ബോധ്യപ്പെടുത്തിയതോടെ മൂന്നു പേരും അടുത്ത പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പുനെ- ബംഗളൂരു റൂട്ടിൽ ഖൊലാപുരിൽ മൃതദേഹം ഉപേക്ഷിച്ചതായി പ്രതികൾ പോലീസിനോട് പറഞ്ഞു.
കണ്ണൂരിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു
കണ്ണൂർ:ഇരിട്ടി കീഴൂർ പരദേവത ക്ഷേത്രത്തിനു സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ഏഴു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്.നാട്ടുകാർ ഉടൻ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി ബോംബുകൾ നിർവീര്യമാക്കി.
ബസ് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞു
കട്ടപ്പന: കുട്ടിക്കാനം-കട്ടപ്പന റോഡിൽ ഏലപ്പാറയ്ക്ക് സമീപം ചിന്നാറിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരും അത്ഭുതകരമായി രക്ഷപെട്ടു. ബസിലുണ്ടായിരുന്നു ആറ് പേർക്ക് പരിക്കേറ്റു.ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. കായംകുളം-നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ട്രിനിറ്റി ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് തിട്ടയിൽ ഇടിച്ച ശേഷം മുന്നിൽ പോവുകയായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിന്‍റെ പിൻഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പടെ രണ്ടു യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. പിന്നിൽ യാത്രക്കാരില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.
മൂടൽമഞ്ഞ്;നെടുമ്പാശ്ശേരിയിൽ നിന്നും ഏഴു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.
കൊച്ചി:കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങേണ്ട ഏഴു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.അഞ്ചു രാജ്യാന്തര സർവീസുകളും രണ്ട് ആഭ്യന്തര സർവീസുകളുമാണ് വഴിതിരിച്ചു വിട്ടത്.ഇൻഡിഗോയുടെ പൂനെ-കൊച്ചി,ദുബായ്-കൊച്ചി വിമാനങ്ങൾ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചു വിട്ടത്.ജെറ്റ് എയർവേസിന്റെ ദുബായ്-കൊച്ചി,ദോഹ-കൊച്ചി,ഇൻഡിഗോയുടെ ഹൈദരാബാദ്-കൊച്ചി വിമാനങ്ങളും നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യാനാകാതെ ബെംഗളുരുവിലേക്ക് തിരിച്ചു വിടുകയായിരുന്നു.കഴിഞ്ഞ ദിവസം ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തെന്നി മാറി ഓടയിൽ വീണ സാഹചര്യത്തിലാണ് മൂടൽ മഞ്ഞിൽ വിമാനങ്ങൾ ഇറങ്ങേണ്ട എന്ന തീരുമാനം എടുത്തത്.ലാൻഡിങ്ങിന് മാത്രമാണ് പ്രശ്‌നം ഉണ്ടായിരുന്നത്.നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം കൃത്യ സമയത്തു തന്നെ പുറപ്പെട്ടു.രാവിലെ 8.30ഓടുകൂടി മൂടൽ മഞ്ഞ് മാറുകയും ലാൻഡിംഗ് പുനഃസ്ഥാപിക്കുകയും ചെയ്തു.
മുംബൈ സ്ഫോടനകേസ്;രണ്ടുപേർക്ക് വധശിക്ഷ
മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിൽ താഹിർ മെർച്ചന്‍റ്, ഫിറോസ് ഖാൻ എന്നിവർക്കു വധശിക്ഷ. പ്രത്യേക ടാഡ കോടതിയുടേതാണു വിധി. അധോലോക നായകൻ അബു സലിം, കരിമുള്ള ഖാൻ എന്നിവരെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. ഇരുവർക്കും രണ്ടു ലക്ഷം രൂപ പിഴ വിധിച്ചിട്ടുണ്ട്. റിയാസ് സിദ്ദിഖിക്ക് പത്തു വർഷം തടവാണു വിധിച്ചിട്ടുള്ളത്.കേസിൽ അബുസലിം അടക്കം ആറുപേർ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡ കോടതി കണ്ടെത്തിയിരുന്നു. 257 പേരുടെ മരണത്തിനും 713 പേരുടെ പരിക്കിനും ഇടയാക്കിയ സ്ഫോടന പരമ്പര ഉണ്ടായി 24 വർഷങ്ങൾക്കുശേഷമാണ് വിധി.ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവർത്തനം എന്നിവയാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്. 1993 മാർച്ച് 12ന് നടന്ന സ്ഫോടനം, 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്തതിനു പിന്നാലെയുണ്ടായ വർഗീയ കലാപത്തിന് പ്രതികാരമായാണ് നടത്തിയതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവർഷം മുന്പു തൂക്കിലേറ്റി.കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അബ്ദുൽ ക്വയൂമിനെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കി. രണ്ടു ഘട്ടമായി നടത്തിയ കേസിന്‍റെ വിചാരണയുടെ ആദ്യഘട്ടത്തിൽ 100 പേരെ ശിക്ഷിച്ചിരുന്നു.
എസ്.ബി.ടി ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസത്തോടെ അവസാനിക്കും
കൊച്ചി:പഴയ എസ്.ബി.ടി ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസത്തോടെ അവസാനിക്കും. എസ്.ബി.ടി എസ്.ബി.ഐയുമായി ലയിച്ച് എസ്.ബി.ഐ മാത്രമായതിനാലാണ് ഇത്തരത്തിലൊരു നടപടി ബാങ്ക് സ്വീകരിക്കുന്നത്.ഐ.എഫ്.എസ് കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്.ശാഖയിൽ പണം അടയ്ക്കുമ്പോൾ പുതിയ കോഡാണ് പണം അടയ്‌ക്കേണ്ടവർ ഉപയോഗിക്കേണ്ടതെന്നു ബാങ്ക് അധികൃതർ അറിയിച്ചു.
നടിയെ ആക്രമിച്ച കേസ്;നാദിർഷയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ചികിത്സയിലാണെന്നു താരം പോലീസിനെ അറിയിച്ചിട്ടുണ്ട്. അസിഡിറ്റി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയിലാണെന്നാണ് താരം നൽകുന്ന വിശദീകരണം.എന്നാൽ ഇത് അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള തന്ത്രമാണെന്നാണ് വ്യക്തമാകുന്നത്.നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.നേരത്തെ നല്കിയമൊഴികളെല്ലാം കളവാണെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.അതേസമയം നാദിർഷ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്
ഗൗരി ലങ്കേഷ് വധം;അന്വേഷണം ഇന്റെലിജൻസ് ഐജിക്ക്
ബെംഗളൂരു:മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റെലിജൻസ് ഐജി ബി.കെ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷിക്കും.ഗൗരി ലങ്കേഷ് സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട ഭീഷണികളെ കുറിച്ചും നക്സലൈറ്റുകൾക്കിടയിലെ പ്രവർത്തനം വിരോധത്തിന് കാരണമായോ എന്നും അന്വേഷണ സംഘം പരിശോധിക്കും.പ്രതികൾ നേരത്തെയും വീടിനു മുൻപിൽ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.പരിശോധനയ്ക്കയച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിക്കും എന്ന പ്രതീക്ഷയും പോലീസിനുണ്ട്.ഗൗരി പതിവായി സഞ്ചരിക്കുന്ന ബസവനഗുഡി മുതൽ രാജേശ്വരി നഗർ വരെയുള്ള ഭാഗത്തെ പരമാവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ എഴുതിയതിന് സമൂഹ മാധ്യമങ്ങളിൽ കൂടി ഗൗരിക്കുനേരെ ഭീഷണി ഉയർന്നിരുന്നു.ഇത് ഗൗരി ലങ്കേഷിനോടുള്ള പകയ്ക്ക് കാരണമായോ എന്നും അന്വേഷിക്കും.
രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി:രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി.ഹൈക്കോടതി നൽകിയ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.അടൂർ മൗണ്ട് സിയോൺ,ഡി.എം വയനാട് എന്നീ കോളേജുകളുടെ പ്രവേശനാനുമതിയാണ് റദ്ദാക്കിയത്.മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് മെഡിക്കൽ പ്രവേശനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടത്.തൊടുപുഴ അൽ അസ്ഹർ കോളേജിന്റെയും പ്രവേശനാനുമതി കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു.പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് ഈ മൂന്നു കോളേജുകളുടെയും പുനഃപരിശോധനാ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തന്നെ പരിഗണിക്കും.
ഓസ്ട്രേലിയയിൽ മലയാളി യുവതിക്കു രണ്ടര വർഷം തടവ്
മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നു മലയാളി യുവതിക്കു രണ്ടര വർഷം തടവ്. കാറപകടത്തിൽ ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് മലയാളിയായ ഡിംപിൾ ഗ്രേസ് തോമസിനു മെൽബണ്‍ കോടതി രണ്ടര വർഷം ശിക്ഷ വിധിച്ചത്.2016 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്ന് എതിരെ വന്ന കാറുമായി ഡിംപിളിന്‍റെ കാർ കൂട്ടിയിടിക്കുകയായിരുന്നു. 28 ആഴ്ച ഗർഭിണിയായിരുന്ന ആഷ്‌ലി അലന്‍റെ കാറുമായാണ് ഡിംപിളിന്‍റെ വാഹനം കൂട്ടിയിട്ടിച്ചത്. അപകടത്തിൽ പരിക്കേറ്റ ആഷ്‌ലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സിസേറിയനിലൂടെ പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാൽ അപകടത്തിന്‍റെ ആഘാതം മൂലം കുട്ടി രണ്ട് ദിവസത്തിനുശേഷം മരിച്ചു. മരണകാരണമാകുന്ന രീതിയിൽ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.അപകട സമയത്ത് ഗർഭണിയായിരുന്ന ഡിംപിളിന്‍റെ ഗർഭവും അപകടത്തിനുശേഷം അലസുകയും ചെയ്തിരുന്നു. പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. നിലവിൽ ഡിംപിളിന്‍റെ പേരിൽ മറ്റു കേസുകൾ ഒന്നും ഇല്ലാത്തത് പരിഗണിച്ചാണ് കോടതി ശിക്ഷയിൽ ഇളവു നൽകിയത്.