കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപ് ഇന്ന് ജാമ്യാപേക്ഷ നൽകില്ല. നടന്‍റെ അഭിഭാഷകരാണ് ഈ വിവരം അറിയിച്ചത്. ദിലീപ് ജുഡീഷൽ കസ്റ്റഡിയിൽ 60 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇന്ന് നടനും സംവിധായകനുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനാലാണ് ദിലീപ് ജാമ്യ ഹർജി സമർപിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്നാണ് വിവരം.നാദിർഷയ്ക്ക് ജാമ്യം നൽകുന്നത് തടയാൻ പ്രോസിക്യൂഷൻ ഉന്നയിക്കുന്ന വാദമുഖങ്ങൾക്കൂടി പഠിച്ച ശേഷമാകും ദിലീപ് പുതിയ ജാമ്യാപേക്ഷ സമർപ്പിക്കുകയെന്നാണ് സൂചന. ദിലീപുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങളുടെ മറുവശം കോടതി മുൻപാകെ അവതരിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് ഇന്ന് ജാമ്യാപേക്ഷ സമർപിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ അഭിഭാഷകരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
ബാർകോഴ കേസ്;ഹൈക്കോടതി വിജിലൻസിന് അന്ത്യശാസനം നൽകി
കൊച്ചി: ബാർ കോഴ കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം.മാണി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി വിജിലൻസിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. പുതിയ തെളിവുകൾ ഉണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണം എന്ന് കോടതി വിജിലൻസിന് കർശന നിർദേശം നൽകി.തെളിവില്ലാതിരുന്നിട്ടും തനിക്കെതിരെ അന്വേഷണം തുടരുന്നത് ചോദ്യം ചെയ്താണ് മാണി ഹൈക്കോടതിയേ സമീപിച്ചത്. നേരത്തെ, അന്വേഷണം എന്തായി എന്ന് അറിയിക്കണമെന്നും പുതിയ തെളിവുകൾ ഉണ്ടോയെന്നും കോടതി ആരാഞ്ഞിരുന്നു. ഇതിനു ശേഷവും തെളിവുകൾ ഹാജരാക്കാത്തതിനേത്തുടർന്നാണ് കോടതിയുടെ അന്ത്യശാസനം.
എം ജി ആറിന് ആദരമായി നൂറു രൂപയുടെ നാണയം പുറത്തിറക്കും
ന്യൂഡൽഹി:ചരിത്രത്തിലാദ്യമായി നൂറു രൂപയുടെ നാണയം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.ജി.ആറിന്റെയും പ്രശസ്ത ഗായിക ഡോ.എം.എസ് സുബ്ബലക്ഷ്മിയുടെയും സ്മരണാർത്ഥമാണ് നാണയം പുറത്തിറക്കുന്നത്.ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്ത് വിട്ടു.ഇരുവരുടെയും സ്മരണാർത്ഥം റിസേർവ് ബാങ്ക് അഞ്ച്,പത്ത് രൂപകളുടെ നാണയങ്ങളും പുറത്തിറക്കും.
കണ്ടൈനർ ലോറി ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി 20 പേർക്ക് പരിക്ക്
തൃശൂർ: ആമ്പല്ലൂരിൽ ബസ് കാത്ത് നിന്നവർക്കിടയിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്ട് യുവാവിനെ വെട്ടി പരിക്കേൽപിച്ച് കിണറ്റിലിട്ടു
കോഴിക്കോട്: കൊടിയത്തൂരിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ച് കിണറ്റിലിട്ടു. കാരാളിപ്പറമ്പിൽ രമേശനെയാണ് അജ്ഞാത സംഘം വെട്ടി പരിക്കേൽപിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് എത്തിയാണ് രമേശനെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്. ഇയാളെ അടിയന്തിര വൈദ്യ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നാണ് വിവരം. സംഭവ സ്ഥലത്തുനിന്ന് ഒരു കത്തി കണ്ടെടുത്തതായും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കണ്ണൂർ നഗരത്തിലെ ഹോട്ടലുകൾ ഇന്ന് അടച്ചിടും
കണ്ണൂർ:കണ്ണൂർ കോപ്പറേഷൻ പരിധിയിൽ വരുന്ന ഹോട്ടലുകൾ ബുധനാഴ്ച അടച്ചിടും. ഓവുചാലിലൂടെ മലിനജലം ഒഴുക്കുന്നുവെന്നു കാണിച്ച് നഗരത്തിലെ അഞ്ചു ഹോട്ടലുകളുടെ ലൈസൻസ് കോർപറേഷൻ അധികാരികൾ റദ്ദാക്കിയിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോർപറേഷൻ പരിധിയിലെ ഹോട്ടലുകൾ അടച്ചിടുന്നത്.കോർപറേഷൻ അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇരുപത്തിനാലു മണിക്കൂർ കടകളടച്ച് സമരം നടത്തുന്നതെന്ന് പ്രസിഡന്റ് അലിക്കുഞ്ഞ്, ഖജാൻജി പി.സുമേഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.മലിനജലം മാത്രമാണ് ഓടയിലേക്ക് ഒഴുക്കിവിടുന്നതെന്നും യാതൊരുവിധ ഖരമാലിന്യവും ഒഴുക്കാറില്ല എന്നും ഇവർ വ്യക്തമാക്കി.
നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞ ബുധനാഴ്ചയാണ് അന്വേഷണ സംഘം നാദിർഷയോട് ആവശ്യപ്പെട്ടത്.ഇതേ തുടർന്ന് നാദിർഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് അഡ്മിറ്റായിരുന്നു. അതേസമയം നാദിർഷയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും നാദിർഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ വാദിക്കും.കഴിഞ്ഞ ദിവസം നാദിർഷായ്‌ക്കെതിരെ പൾസർ സുനി മൊഴി നൽകിയിരുന്നു.നടിയെ അക്രമിക്കുന്നതിനു തൊട്ട് മുൻപ് നാദിർഷ തനിക്ക് 25000 രൂപ നൽകി എന്നാണ് സുനി വെളിപ്പെടുത്തിയത്.കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിൽ വെച്ചാണ് നാദിർഷ പണം നല്കിയതെന്നനും സുനി പറഞ്ഞിരുന്നു.അതേസമയം മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് പൾസർ സുനി തനിക്കെതിരെ മൊഴി നൽകുന്നതെന്നാണ് നാദിർഷായുടെ വാദം.മുൻകൂർ ജാമ്യാപേക്ഷയിൽ നാദിർഷ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
പാലക്കാട് വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ
പാലക്കാട്:പാലക്കാട് വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലത്തൂർ സ്റ്റേഷൻ പരിധിയിൽപെട്ട തോലന്നൂരിലാണ് സംഭവം.കോട്ടായിയിൽ പുളയ്‌ക്കൽ പറമ്പിൽ സ്വാമിനാഥൻ(72),ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥനെ മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്തും പ്രേമകുമാരിയെ കഴുത്തു ഞെരിച്ചും കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.സംഭവ സമയത്ത് ഇവരുടെ മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു.ഇവർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു.
മാഹി ദേശീയപാതയിലെ മുഴുവൻ മദ്യഷാപ്പുകളും തുറക്കും
കണ്ണൂർ:സുപ്രീം കോടതി ഉത്തരവോടെ അടച്ചു പൂട്ടിയ മാഹി ദേശീയ പാതയോരത്തെ എല്ലാ മദ്യഷാപ്പുകളും തുറക്കാൻ അനുമതി.ദേശീയപാതയിലെ അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ മദ്യഷാപ്പുകൾ പാടില്ലെന്ന കോടതി ഉത്തരവിനെ തുടർന്നാണ് ബാറുകൾ അടച്ചുപൂട്ടിയത്. എന്നാൽ മുനിസിപ്പാലിറ്റി പരിധിയിലുള്ള ബാറുകൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതുച്ചേരി സർക്കാർ മദ്യഷാപ്പുകൾ തുറക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ഡിസംബർ പതിനഞ്ചിനായിരുന്നു ദേശീയപാതയോരത്തെ മുഴുവൻ മദ്യഷാപ്പുകളും അടച്ചുപൂട്ടാൻ സുപ്രീം കോടതി ഉത്തരവിട്ടത്.എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി മാഹിയിലെ മദ്യവ്യാപാരികൾ ഹർജി സമർപ്പിച്ചിരുന്നെങ്കിലും സുപ്രീം കോടതി തള്ളിയിരുന്നു.മാഹി മേഖലയിൽ മൊത്തം 64 മദ്യഷാപ്പുകളാണുള്ളത്. ദേശീയപാതയുടെ അഞ്ഞൂറുമീറ്റർ ദൂരപരിധി വിട്ട് റെയിൽവേ സ്റ്റേഷൻ റോഡിലെ മൂന്നു മദ്യഷാപ്പുകൾ ഒഴിച്ച് മറ്റുള്ളവയെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പുതുച്ചേരി സർക്കാരിന്റെ പ്രവർത്തനാനുമതി ലഭിച്ചതോടെ ഈ മദ്യഷാപ്പുകൾ ഉടൻ തന്നെ തുറന്നു പ്രവർത്തിക്കുമെന്നാണ് അറിയുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ചു. ഒന്നുമുതൽ അഞ്ചു ശതമാനംവരെയാണ് വർധന. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് തീരുമാനം.ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. തീരുമാനം 50 ലക്ഷം ജീവനക്കാർക്കും 61 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും.