ന്യൂഡൽഹി:പാൻകാർഡിനു പിന്നാലെ ഡ്രൈവിംഗ് ലൈസൻസും ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചു വരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു.ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിയുമായി ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുവാനുള്ള തീരുമാനം സാമ്പത്തിക ക്രമക്കേടുകൾ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നു മന്ത്രി പറഞ്ഞു. അതേരീതിയിൽ ഡ്രൈവിംഗ് ലൈസൻസ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നത് വ്യാജ ലൈസൻസുകൾ തടയുന്നതിനടക്കം സഹായിക്കും.പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതിൽ തീരുമാനം വരുന്നതിനു മുൻപാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവിനെ വീടുകയറി ആക്രമിച്ചു;കൈകാലുകൾ തല്ലിയൊടിച്ചു,ജനനേന്ദ്രിയം മുറിച്ചു മാറ്റി
തിരുവനന്തപുരം:തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവിനെ വീടുകയറി ആക്രമിച്ചു. അക്രമണത്തിൽപരിക്കേറ്റ കെഎസ്ആർറ്റിസി ജീവനക്കാരനായ കോൺഗ്രസ് നേതാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോൺഗ്രസ്സ് മാറനല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ സജി കുമാറിനെ രാത്രി 10.30ഓട് കൂടിയാണ് വീട്ടിൽ കയറി അക്രമിച്ചത്. സജി കുമാറിന്റെ കൈകാലുകൾ കമ്പി കൊണ്ട് അടിച്ചൊടിച്ചു. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സജി കുമാർ . സജിയുടെ ലിംഗം വെട്ടി പരിക്കേൽപ്പിച്ചുവെന്നും പരാതിയുണ്ട്.സ്കൂട്ടറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.വാതിൽ തകർത്ത് അകത്തു കടന്ന അക്രമികൾ സജികുമാറിനെ മർദിച്ചശേഷം കമ്പിപ്പാര കൊണ്ട് കൈകാലുകൾ അടിച്ചൊടിക്കുകയായിരുന്നു.സജികുമാറിനെ കൂടാതെ വീട്ടിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.മാതാപിതാക്കളുടെ നിലവിളി കേട്ട് സമീപ വാസികൾ എത്തുമ്പോഴേക്കും അക്രമി സംഘം സ്ഥലം വിട്ടിരുന്നു. ആക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.ആശുപത്രിയിൽ പ്രവേശിപ്പിച്ച സജികുമാറിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.പരിക്ക് ഗുരുതരമായതിനാൽ ഡോക്റ്റർമാരുടെ നിരീക്ഷണത്തിലാണ്.
ദിലീപിനെ കുടുക്കിയതിനു പിന്നിൽ ബി.സന്ധ്യ ഉൾപ്പെട്ട മൂന്നംഗ സംഘമെന്നു പി.സി.ജോർജ്
കോട്ടയം:നടി ആക്രമിക്കപ്പെട്ട കേസിൽ ജെയിലിൽ കഴിയുന്ന നടൻ ദിലീപിനെ ബോധപൂർവ്വം കുടുക്കിയതാണെന്ന ആരോപണവുമായി വീണ്ടും പി.സി ജോർജ് രംഗത്ത്.ദിലീപിനെ കുടുക്കിയതിനു പിന്നിൽ സിപിഎം നേതാവിന്റെ മകനും എ ഡി ജി പി ബി.സന്ധ്യയും ദിലീപിന്റെ മുൻഭാര്യയും നടിയുമായ മഞ്ജു വാര്യരും ആണെന്ന് പി.സി ജോർജ് പറഞ്ഞു.ദിലീപിന് ഉടൻ തന്നെ ജാമ്യം നൽകണമെന്നും എന്തുകൊണ്ടാണ് ദിലീപിന് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി വ്യക്തമാക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോൾ കേസന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാരാണ്.അവർ നാദിര്ഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാൻ ശ്രമിക്കുകയാണ്.പൾസർ സുനി ഭീഷണിപ്പെടുത്തുന്നുവെന്നു നാദിർഷ നേരിട്ടുവന്നു പറഞ്ഞിരുന്നു.ദിലീപിന് ജാമ്യത്തിന് അർഹതയുണ്ട്.ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന വിധത്തിൽ സംസാരിച്ചു എന്ന പേരിൽ തനിക്കെതിരെ പോലീസ് കേസെടുത്തതായി അറിയില്ലെന്നും പി.സി ജോർജ് പറഞ്ഞു.
നാദിർഷയ്ക്ക് രക്തസമ്മർദം കൂടി;ചോദ്യം ചെയ്യാൻ സാധിച്ചില്ല
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ ചോദ്യം ചെയ്യുന്നത് വൈകുന്നു. നാദിർഷയ്ക്ക് രക്തസമ്മർദം വർധിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ വൈകുന്നത്. നാദിർഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ഡോക്ടർമാർ ആലുവ പോലീസ് ക്ലബിലെത്തി പരിശോധനകൾ നടത്തിവരികയാണ്. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്ന് അന്വേഷണസംഘത്തിന്റെ മുൻപാകെ ഹാജരാകാൻ കോടതി നിർദേശിച്ചത്.ദിലീപിനൊപ്പം ചോദ്യം ചെയ്തപ്പോൾ നാദിർഷ പറഞ്ഞ പല കാര്യങ്ങളും കളവും പരസ്പര വിരുദ്ധവുമാണെന്നാണ് പോലീസ് പറയുന്നത്.മുൻകൂർ ജാമ്യാപേക്ഷ ഈ മാസം പതിനെട്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതിനാൽ അതുവരെ അറസ്റ്റ് ഉണ്ടാകില്ല.
പോലീസിനെ വെട്ടിച്ചു കടന്ന മണൽ ലോറി വൈദ്യുത തൂണിലിടിച്ചു
പാപ്പിനിശേരി: പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച മണൽകടത്ത് ലോറി നിയന്ത്രണം വിട്ടു വൈദ്യുത തൂണിലിടിച്ചു വൈദ്യുത തൂൺ രണ്ടായി തകർന്നു നടുറോഡിലേക്കു വീണു. സമീപത്തെ മതിലും തകർന്ന നിലയിലാണ്. എന്നിട്ടും മുന്നോട്ടുനീങ്ങിയ ലോറി പോലീസ് പിന്തുടർന്നു പിടികൂടി. എന്നാൽ ലോറിയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെ പാപ്പിനിശേരി പാറക്കൽ റോഡിലാണു സംഭവം.സംഭവത്തെ തുടർന്ന് ഈ ഭാഗത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു.തൂൺ തകർന്ന ശബ്ദംകേട്ടെത്തിയ നാട്ടുകാരും പോലീസിനൊപ്പം ലോറി പിടികൂടാൻ പരക്കം പാഞ്ഞു. ഒടുവിൽ പാറക്കല്ലിനു സമീപം ജംഗ്ഷനിൽ വച്ചാണു ലോറി കസ്റ്റഡിയിലെടുത്തത്. വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നിർദേശപ്രകാരം എഎസ്ഐ.പ്രസാദ്, സിവിൽ പോലീസ് ഓഫീസർ വിനോദ് എന്നിവർ ചേർന്നാണു മണൽക്കടത്ത് ലോറി പിടികൂടിയത്. ലോറിയിൽ ഉണ്ടായിരുന്നവരെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു
വളപട്ടണം ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ
കണ്ണൂർ:വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി.ബാങ്കോക്കിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കണ്ണൂർ തളിക്കാവ് സ്വദേശി കെ.പി മുഹമ്മദ് ജസീൽ(43) ആണ് പിടിയിലായത്.ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്.തുടർന്ന് കണ്ണൂർ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി.അന്വേഷണസംഘത്തിന്റെ ചുമതലയുള്ള കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.വളപട്ടണം സഹകരണ ബാങ്കിലെ അക്കൗണ്ടന്റായിരുന്നു ജസീൽ.മന്ന ശാഖാ മാനേജരുടെ ചുമതലയും ഇയാൾക്കായിരുന്നു. ഇക്കാലയളവിലാണ് ഇയാൾ കോടികളുടെ ക്രമക്കേട് നടത്തിയത്.2016 ലെ സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലാണ് തട്ടിപ്പിന്റെ യഥാർത്ഥ കണക്കുകൾ പുറത്തു വന്നത്.വളപട്ടണം ബാങ്കിൽ പണയം വെച്ച 76 ഇടപാടുകാരുടെ അഞ്ചുകിലോ സ്വർണം ഇയാൾ മറ്റു ബാങ്കുകളിൽ പണയം വെച്ചിരുന്നു.വ്യാജരേഖകൾ ചമച്ച് വായ്‌പ്പയിലും ക്രമക്കേട് നടത്തി.ജസീലിന്റെ ഭാര്യയും കോളേജ് അധ്യാപികയുമായ ടി.എം.വി മുംതാസിനെയടക്കം 22 പേരെ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാളുടെ ബന്ധുക്കളടക്കം 26 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.പ്രതിയുടെ ഭാര്യാപിതാവ് ഉൾപ്പെടെ നാലുപേർ ഇനിയും പിടിയിലാകാനുണ്ട്.തട്ടിപ്പ് പുറത്തായതിന് ശേഷം ദുബായിലേക്ക് കടന്ന ഇയാൾ കുറേക്കാലമായി ബാങ്കോക്കിലാണ്.ഇവിടെ ആയുർവേദ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ വിൽപ്പനയും റിയൽ എസ്റ്റേറ്റ് വ്യാപാരവും ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടവും നടത്തുകയായിരുന്നു ഇയാൾ എന്ന് പോലീസ് പറഞ്ഞു.കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദൻ ബാങ്കോക്ക് പൊലീസിന് ഇന്റർപോൾ വഴി ഇയാൾ നടത്തിയ തട്ടിപ്പിന്റെ വിശദമായ റിപ്പോർട് നൽകിയിരുന്നു.കൂടാതെ അവിടെയുള്ള വിവിധ മലയാളി സമാജങ്ങളുമായും ബന്ധപ്പെട്ടു.തുടർന്ന് സെപ്റ്റംബർ അഞ്ചിന് ഇന്റർപോൾ ഇയാളെ അറസ്റ്റ് ചെയ്ത് ബാങ്കോക്കിൽ തടവിലാക്കി.പിന്നീട് അവിടുത്തെ ഇന്ത്യൻ എംബസിയുമായി ഡിവൈഎസ്പി ബന്ധപ്പെടുകയും അവിടെ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിക്കുകയും ചെയ്തു.കേന്ദ്ര രഹസ്യാന്വേഷണ സംഘം ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളെ കണ്ണൂരിലെത്തിച്ചത്.
നാദിർഷ ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടനും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി.ആലുവ പോലീസ് ക്ലബിലാണ് നാദിർഷയെ ചോദ്യം ചെയ്യുന്നത്.കേസിലെ പ്രധാന പ്രതിയായ പൾസർ സുനിക്ക് നാദിർഷ പണം കൈമാറിയതു സംബന്ധിച്ച് അന്വേഷണ സംഘം നേരത്തെതന്നെ കണ്ടെത്തിയിരുന്നുവെന്നാണു വിവരം. ഇതിനു സാക്ഷികളായവരെ സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ട്. ദിലീപ് അറിയിച്ചതനുസരിച്ചാണെങ്കിലും പണം കൈമാറിയത് എന്തിനാണെന്നു നാദിർഷയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നാണു സൂചന.ഇതിലെല്ലാം വ്യക്തതവരുത്തുന്നതിനായാണു സംഘം നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുക. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ സംഘം ആവശ്യപ്പെട്ടതിനെത്തുടർന്നു നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി പരിഗണിച്ചിരുന്നു.ഇതിനു ശേഷം വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു. ചോദ്യം ചെയ്തതിനുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് സംഘം ഹൈക്കോടതിയിൽ സമർപ്പിക്കും. നാദിർഷ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യണമെന്ന നിലപാടാകും സംഘം സ്വീകരിക്കുക. കേസിൽ സാക്ഷിയാകാൻ നാദിർഷ ഒരുങ്ങിയില്ലെങ്കിൽ പ്രതിയാക്കിയേക്കുമെന്നാണു വിവരം. എന്നാൽ, ഇതുസംബന്ധിച്ച് വ്യക്തത നൽകാൻ അന്വേഷണ സംഘം തയാറായിട്ടില്ല.ദിലീപിന്‍റെ ഉറ്റ സുഹൃത്തായ നാദിർഷ സാക്ഷിയായാൽ അതു കേസിന് ബലമേകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതിനാലാണു കേസിന്‍റെ അവസാനഘട്ടത്തിൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ സംഘം ഒരുങ്ങുന്നത്. നാദിർഷ പണം നൽകിയതു സംബന്ധിച്ച സുനിയുടെ മൊഴി കഴിഞ്ഞ ദിവസമാണു പുറത്തുവന്നിരുന്നത്.
ജില്ലയിലെ പാചകവാതക സമരം ഒത്തുതീർന്നു
കണ്ണൂർ:ജില്ലയിലെ പാചകവാതക തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർന്നു. കളക്റ്ററുടെ സാന്നിധ്യത്തിൽ ഏജൻസി ഉടമകളും തൊഴിലാളി യൂണിയനുകളും നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്.തൊഴിലാളികൾക്ക് പരിധിയില്ലാതെ മൊത്ത ശമ്പളത്തിന്റെ 15.65 ശതമാനം ബോണസ് നല്കാൻ ധാരണയായതിനെ തുടർന്നാണ് സമരം ഒത്തുതീർന്നത്. മുടങ്ങിപ്പോയ പാചകവാതക വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും.ഇരുപതു ശതമാനം ബോണസ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. എന്നാൽ ബോണസ് നിയമപ്രകാരമുള്ള 7000 രൂപ പരിധി നിശ്ചയിച്ച് 14.5 ശതമാനം നൽകാമെന്നായിരുന്നു ഉടമകളുടെ നിലപാട്.രണ്ടു വിഭാഗവും തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്യാത്തതിനെ തുടർന്ന് നേരത്തെ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.പിന്നീട് പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കലക്റ്റർ പ്രശ്നത്തിൽ ശക്തമായി ഇടപെടുകയായിരുന്നു. മൊത്തം ശമ്പളത്തിന്റെ 15.65 ശതമാനം എന്ന നിർദേശം മുന്നോട്ട് വെച്ചത് കളക്റ്ററായിരുന്നു.ഇത് ഉടമകൾ അംഗീകരിച്ചു.ബോണസിനു പരിധി നിശ്ചയിക്കരുത് എന്ന തൊഴിലാളികളുടെ ആവശ്യം കൂടി അംഗീകരിച്ചതോടെ സമരം ഒത്തുതീർന്നു.കഴിഞ്ഞ വർഷം 16.5 ശതമാനം ബോണസായിരുന്നു നൽകിയത്.ഒരു ശതമാനത്തോളം കുറവ് ഇത്തവണ ഉണ്ടായെങ്കിലും തുകയിൽ കുറവ് വരുത്തിയില്ല.കഴിഞ്ഞ വർഷത്തേക്കാൾ ശമ്പളത്തിൽ വർധന ഉണ്ടായതിനാലാണിത്.
സൗദിയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്കുളള നിരോധനം പിന്‍വലിച്ചു
റിയാദ്: സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യുന്നതിനുള്ള നിരോധനം പിന്‍വലിച്ചു. നിരവധി സൗജന്യ ആപ്ലിക്കേഷനുകള്‍ നിലവിലുണ്ടെങ്കിലും നിയമപരമായി ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു.ബുധനാഴ്ച മുതല്‍ ഇത് ബാധകമല്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല ബിന്‍ ആമിര്‍ അല്‍സവാഹ അറിയിച്ചു.മൊബൈല്‍ ആപ്പുകള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍ പരിശോധിച്ച് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.