ആലുവ:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.ഇന്ന് രാവിലെ പത്തുമണിയോടെ ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് നാദിർഷ വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായിരുന്നു.എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നാദിര്ഷയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല.നേരത്തെ നാദിർഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.ഇത് പരിഗണിക്കുന്നതിനിടയിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിച്ചത്.നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചു
ആലുവ: മുതിർന്ന നടിയും സംഗീത നാടക അക്കാഡമി ചെയർപേഴ്സണുമായ കെപിഎസി ലളിത ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിച്ചു. ആലുവ സബ് ജയിലിൽ എത്തിയാണ് ലളിത ദിലീപിനെ കണ്ടത്. ദിലീപിന്‍റെ സഹോദരിയും ലളിതയ്ക്ക് ഒപ്പമുണ്ടായിരുന്നു.കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ അവർ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാൻ തയാറായില്ല. അടുത്തിടെ സിനിമാ മേഖലയിൽ നിന്നും നിരവധി പ്രമുഖർ ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചിരുന്നു. ഇതേതുടർന്ന് അന്വേഷണ സംഘം സന്ദർശകരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നടൻ മോഹൻലാലിന് പ്രധാനമന്ത്രിയുടെ കത്ത്
ന്യൂഡൽഹി:ഒക്ടോബർ രണ്ടു വരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നടൻ മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്.സെപ്റ്റംബർ പതിനഞ്ചിന് ആരംഭിച്ച് രണ്ടാഴ്ച നീളുന്ന ശുചിത്വ പ്രചാരണ പരിപാടിക്ക് പിന്തുണ തേടിയാണ് മോഡി കത്തയച്ചത്.മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് ചേർന്ന് നിന്നിരുന്ന ‘സ്വച്ഛത’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് താൻ ഇതെഴുതുന്നതെന്ന വാക്കുകളോടെയാണ് കത്തിന്റെ തുടക്കം. വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മ്മയിലൂടെ മാത്രമേ രാജ്യത്തിന് വൃത്തി സാധ്യമാകൂ എന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം.ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വ ബോധം പുതുക്കേണ്ടതുണ്ട്.ഗാന്ധി ജയന്തി വരെ രാജ്യമൊട്ടുക്ക് പ്രചാരണ പരിപാടികൾ നടത്താനാണ് തീരുമാനം.വൃത്തിഹീനമായ ചുറ്റുപാട് രാജ്യത്തെ ദുർബല വിഭാഗത്തെയാണ് ഏറ്റവും ബാധിക്കുക.അവർക്കു വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹിമയുള്ള സേവനം ശുചിത്വമുള്ള ചുറ്റുപാട് സമ്മാനിക്കുകയാണ്.വൻതോതിലുള്ള മാറ്റം കൊണ്ടുവരുന്നതിന് സിനിമയ്ക്ക് സാധിക്കും.ഏറെ ആരാധകരുള്ള നടനെന്ന നിലയ്ക്ക് മോഹൻലാലിന് ജനങ്ങളുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും കത്തിൽ പറയുന്നു.
ഇന്ധന വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം
തിരുവനന്തപുരം: ക്രമാതീതമായ ഇന്ധന വിലവർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരല്ല. പെട്രോൾ ഉപയോഗിക്കുന്നത് അതിനുള്ള കഴിവുണ്ടായിട്ടാണ്.വിലവർധന മനഃപൂർവമുള്ള നടപടിയാണെന്നും കണ്ണന്താനം പറഞ്ഞു. പാവപ്പെട്ടവർക്കുള്ള ക്ഷേമനിധിക്ക് പണം കണ്ടെത്തുന്നത് പെട്രോൾ ഉൽപന്നങ്ങളുടെ നികുതിയിൽ നിന്നാണെന്നും കണ്ണന്താനം വ്യക്തമാക്കി. ബിജെപി സംസ്ഥാന കാര്യാലയം സന്ദർശിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ഏറ്റവും താഴെ തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് മോഡി സർക്കാർ പ്രവർത്തിക്കുന്നത്.അവർക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം,തൊഴിൽ ഇവ ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നത്.ഇതിനായി കോടിക്കണക്കിന് രൂപ ആവശ്യമുണ്ട്.പെട്രോളിയം വിലവർദ്ധനവ് ഉൾപ്പെടെയുള്ളവയിൽ നിന്നും കിട്ടുന്ന പണം ഇതിനായാണ് ഉപയോഗിക്കുന്നത്.സംസ്ഥാന സർക്കാരുകൾ അനുവദിച്ചാൽ പെട്രോളിയം,മദ്യം എന്നിവയെ ജി എസ് ടി ക്ക് കീഴിൽ കൊണ്ടുവരുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിർത്തിയിട്ട കണ്ടൈനർ ലോറിക്ക് പിറകിൽ ബസിടിച്ച് നിരവധിപേർക്ക് പരിക്ക്
ചട്ടഞ്ചാൽ:ചട്ടഞ്ചാൽ ടൗണിൽ നിർത്തിയിട്ട കണ്ടൈനർ ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് നിരവധിപേർക്ക് പരിക്ക്.ബന്തടുക്കയിൽ നിന്നും കാസർകോഡ് ഭാഗത്തേക്ക് വരികയായിരുന്ന അക്ഷയ ബസാണ് ലോറിയിലിടിച്ചത്.ഡ്രൈവർക്കും ബസിന്റെ മുന്നിലിരുന്ന ഏതാനും പേർക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ചെങ്കള നായനാർ ആശുപത്രിയിലും കാസർകോട്ടെ കെയർ വെൽ ആശുപത്രികളിലുമായി പ്രവശിപ്പിച്ചു.ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് നിർത്തിയിട്ടിരുന്ന കണ്ടൈനർ ലോറിക്ക് പിന്നിലിടിച്ചത്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ 18 ന് വിധി പറയും
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി.വിധി പറയുന്നത് ഈ മാസം 18 ലേക്ക് മാറ്റി.ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ഇന്നും ശക്തമായി എതിർത്തു.നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്താൻ മാത്രമല്ല ദിലീപ് നിർദേശം നൽകിയതെന്നും നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് കൃത്യമായ നിർദേശം ദിലീപ് നല്കിയിരുന്നെന്നും പോലീസ് വാദിച്ചു.ചിത്രങ്ങൾ എടുത്തു നൽകണം എന്നതിനപ്പുറം എങ്ങനെയെല്ലാം ആക്രമണം നടത്തണം എന്ന രീതിയിൽ ദിലീപ് സുനിക്ക് നിർദേശം നൽകിയെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.അതേസമയം സോപാധിക ജാമ്യത്തിന് ദിലീപിന് അർഹതയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.കാവ്യാ മാധവന്റെയും നാദിർഷയുടെയും മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്.
വേങ്ങരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ മത്സരിച്ചേക്കും
തിരുവനന്തപുരം:വേങ്ങര മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ എൻ ഡി എ സ്ഥാനാർഥിയായേക്കും.പ്രമുഖ നേതാവ് എ.എൻ രാധാകൃഷ്ണനെയും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെയും മത്സര രംഗത്തേക്ക് പരിഗണിക്കുന്നുണ്ട്.അതേസമയം പി.പി ബഷീർ എൽഡിഫ് സ്ഥാനാർഥിയായേക്കും എന്നാണ് സൂചന.സിപിഐഎം സ്ഥാനാർത്ഥിയെ നാളെ സംസ്ഥാന സെക്രെട്ടറിയേറ്റിന് ശേഷം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.യുഡിഎഫ് സ്ഥാനാർത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും.പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് വേങ്ങരയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
നാദിർഷയെ ഞായറാഴ്ച ചോദ്യം ചെയ്യും
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ ഞായറാഴ്ച ചോദ്യം ചെയ്യും. ഹൈക്കോടതി നിർദേശത്തെ തുടർന്നു വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിർഷ അന്വേഷണസംഘം മുന്പാകെ ഹാജരായിരുന്നു. എന്നാൽ നാദിർഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ചോദ്യം ചെയ്യൽ ഉപേക്ഷിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടു രണ്ടാമതും ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വിളിച്ചതിനു പിന്നാലെ നാദിർഷ മൂൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വേങ്ങര ഉപതെരഞ്ഞെടുപ്പ്;പി.പി.ബഷീർ എൽഡിഎഫ് സ്ഥാനാർഥിയായേക്കും
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പി.പി. ബഷീർ എൽഡിഎഫ് സ്ഥാനാർഥിയായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിൽ ചേർന്ന മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ചു ധാരണയായിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ച നടക്കുന്ന സംസ്ഥാന യോഗത്തിനു ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എൽഡിഎഫിന് വലിയ സാധ്യതയുള്ള തെരഞ്ഞെടുപ്പാണ് വേങ്ങരയിലേതെന്ന് കോടിയേരി പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു ബിജെപിയും അറിയിച്ചു.ഒക്‌ടോബർ 11-നാണ് വേങ്ങരയിൽ വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും.
കാവ്യാമാധവനും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവനും ഹൈക്കോടതിയിലേക്ക്.കാവ്യ ഇന്ന് തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും.കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് കാവ്യയുടെ നടപടി.ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്പിള്ള മുഖേന തന്നെയാണ് കാവ്യയും ഹർജി സമർപ്പിക്കുന്നത്.നേരത്തെ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തിരുന്നു.അന്ന് പൾസർ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നൽകിയത്.എന്നാൽ ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞു.കാവ്യയുടെ വില്ലയിലും വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലും സുനി എത്തിയതിനു പൊലീസിന് തെളിവ് ലഭിച്ചിരുന്നു.