തിരുവനന്തപുരം: കേരളത്തിൽ ലോട്ടറി വിൽപ്പനയ്ക്കില്ലെന്ന് മിസോറാം സർക്കാർ. ചീഫ് സെക്രട്ടറിയെ മിസോറാം സർക്കാർ ഇത് സംബന്ധിച്ചുള്ള നിലപാട് അറിയിച്ചു. മിസോറാം ലോട്ടറി അച്ചടി സംബന്ധിച്ച് ഗുരുതരമായ കണ്ടെത്തലുകളുള്ള സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്രസർക്കാരിന് കേരളം കത്തു നൽകിയിരുന്നു.ബാർ കോഡ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.മിസോറാം സർക്കാരും ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്സും തമ്മിലുണ്ടാക്കിയ കരാർ നിയമവിരുദ്ധമാണെന്നും കേരളം ആരോപിച്ചിരുന്നു.
ഒൻപതു വയസുകാരിക്ക് എച് ഐ വി ബാധിച്ച സംഭവം;ആർ സി സിക്ക് വീഴ്ച പറ്റിയിട്ടില്ല
തിരുവനന്തപുരം: ആർ സി സിയിൽ ചികിത്സയിലിരിക്കെ ഒൻപതു വയസ്സുകാരിക്ക് എച് ഐ വി ബാധിച്ച സംഭവത്തിൽ ആർ സി സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എയ്ഡ്സ് കൺട്രോൾ അതോറിറ്റി.ഇത് സംബന്ധിച്ചുള്ള റിപ്പോർട് നാളെ ആരോഗ്യവകുപ്പ് ഡയറക്റ്റർക്ക് കൈമാറും.പെൺകുട്ടിയെ വീണ്ടും പരിശോധിക്കാനും ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സംഘം നിർദേശിച്ചു. ചെന്നൈ റീജിയണൽ ലബോറട്ടറിയിൽ രക്ത പരിശോധന നടത്താനാണ് നിർദേശിച്ചിട്ടുള്ളത്. ഇതിനായി സർക്കാരിന്റെ ചിലവിൽ പെൺകുട്ടിയെയും രക്ഷിതാക്കളെയും ചെന്നൈയിലേക്കെത്തിക്കും. ആർ സി സിയിൽ രക്തം നൽകിയിട്ടുള്ള എല്ലാവരുടെയും സാമ്പിളുകൾ വീണ്ടും എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.എപ്പോഴാണ് പെൺകുട്ടിക്ക് എച്.ഐ.വി ബാധയുണ്ടായത് എന്നത് സംബന്ധിച്ച വിശദ വിവരങ്ങൾ ഈ പരിശോധനയിലൂടെ ലഭിക്കുമെന്നാണ് വിദഗ്ദ്ധ സംഘം പ്രതീക്ഷിക്കുന്നത്.ഇന്നലെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇത് വരെ ഉണ്ടായിട്ടില്ല.നാളെ ചേരുന്ന വിദഗ്ദ്ധസമിതി യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
വേങ്ങരയിൽ കെ.എൻ.എ ഖാദർ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എൻ.എ ഖാദർ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും.ഇന്ന് രാവിലെ പാണക്കാട് ചേർന്ന പാർലമെന്ററി യോഗത്തിനു ശേഷമാണ് ശിഹാബ് തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.അഡ്വ.യു.എ ലത്തീഫ് ആകും യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് നേരത്തെ റിപ്പോർട് ഉണ്ടായിരുന്നു.യു.എ ലത്തീഫിന് ഇപ്പോൾ ഖാദർ വഹിച്ചിരുന്ന മലപ്പുറം ജില്ലാ സെക്രട്ടറി ചുമതല നൽകി.ലത്തീഫിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതോടെ കെ.എൻ എ ഖാദർ പ്രതിഷേധവുമായി പാണക്കാട്ട് എത്തിയിരുന്നു.യു.എ ലത്തീഫിന് വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടിയും ശക്തമായ വാദവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി.നാദിർഷായുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.പിന്നീട് കൂടുതൽ വാദത്തിനു പരിഗണിക്കാതെ കോടതി കേസ് 25 ലേക്ക് മാറ്റിവെച്ചു.നാദിര്ഷയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകി.നാദിർഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്നും കോടതിയെ അറിയിക്കണം. ദിലീപിനെതിരെ മൊഴി നൽകണമെന്ന് അന്വേഷണ സംഘം സമ്മർദം ചെലുത്തുന്നുവെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും കാണിച്ചാണ് നാദിർഷ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.കാവ്യാമാധവന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ദിലീപിന് ജാമ്യമില്ല
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.ഇത് രണ്ടാം തവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്.ദിലീപിന് ജാമ്യമില്ല എന്ന ഒറ്റവരി മാത്രമാണ് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.കേസ് അന്വേഷണം അവസാന ഘട്ടത്തിലെത്തി സാഹചര്യത്തിൽ ദിലീപിന് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.മാത്രമല്ല കേസിൽ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യം പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടു.കേസിലെ സാക്ഷികളെല്ലാം സിനിമയിൽ നിന്നുള്ളവരാണ്.ദിലീപിന് ജാമ്യം നൽകിയാൽ ഇവരെ സ്വാധീനിക്കാൻ സാധിക്കുമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.ഈ വാദങ്ങളെല്ലാം പരിഗണിച്ച ശേഷം പോലീസ് സമർപ്പിച്ച കേസ് ഡയറിയും പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഈ മാസം 21 മുതൽ കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്
കണ്ണൂർ:ഈ മാസം 21 മുതൽ കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്.ജില്ലയിലെ ബസ് തൊഴിലാളികൾക്ക് ഡി.എ നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.20 നകം ഡി.എ അനുവദിക്കാത്ത ബസുകളിലെ തൊഴിലാളികളാണ് സമരം നടത്തുക.സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
വളപട്ടണത്ത് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
വളപട്ടണം: ദേശീയപാതയിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ടോൾ ബൂത്തിനും വളപട്ടണം പാലത്തിനും ഇടയിൽ കോട്ടക്കുന്നിലാണ് കനത്ത മഴയിൽ തണൽമരം കടപുഴകി വീണത്. കണ്ണൂരിൽനിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് രാത്രി പത്തുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് വൈദ്യുതി ബന്ധവും തകരാറിലായി. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കണ്ണൂരിൽനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയതെരു, മയ്യിൽ വഴിയും തളിപ്പറമ്പ് ഭാഗത്തു നിന്നും കണ്ണൂരിലേക്കു വരുന്ന വാഹനങ്ങളെ ധർമശാല, പറശിനിക്കടവ്,കമ്പിൽ വഴിയും തിരിച്ചുവിടുകയായിരുന്നു.
മഴ തുടരുന്നു;കണ്ണൂരിൽ രണ്ടു മരണം
കണ്ണൂർ:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ഏതാനും ദിവസമായി തുടരുന്ന മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇതേ തുടർന്ന് ജില്ലാ കളക്റ്റർമാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.മലയോര പ്രദേശങ്ങൾ,നദികളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ,ഉരുൾ പൊട്ടൽ മേഖലയിൽ താമസിക്കുന്നവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മലയോര പ്രദേശങ്ങളിൽ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്.ഇതിനിടെ കനത്ത മഴയിൽ കണ്ണൂരിൽ രണ്ടുപേർ മരിച്ചു.മാട്ടൂൽ മടക്കരയിൽ മുഹമ്മദ് കുഞ്ഞി(58),അന്യസംസ്ഥാന തൊഴിലാളിയായ കർണാടക സ്വദേശി ക്രിസ്തുരാജ്(20) എന്നിവരാണ് മരിച്ചത്.തെങ്ങുവീണാണ് മുഹമ്മദ് കുഞ്ഞി മരിച്ചത്.ക്വാറിയിലെ വെള്ളക്കെട്ട് നീക്കുമ്പോൾ പാറ ദേഹത്ത് വീണാണ് ക്രിസ്തുരാജ് മരിച്ചത്.അഞ്ചു വർഷത്തിനിടെ കേരളത്തിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴയാണ് ഈ സീസണിൽ ലഭിച്ചത്.കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അഴീക്കോട് എംഎൽഎ കെ.എം ഷാജിക്കെതിരെ കോഴ ആരോപണവുമായി ലീഗ് നേതാക്കൾ
കണ്ണൂർ:അഴീക്കോട് എംഎൽഎ കെ.എം ഷാജിക്കെതിരെ കോഴ ആരോപണവുമായി ലീഗ് നേതാക്കൾ രംഗത്ത്.കെ.എം ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പൂതപ്പാറയിലെ മുസ്ലിം ലീഗ് നേതാക്കൾ എംഎൽഎക്കെതിരെ അഴീക്കോട് പഞ്ചായത്ത് ലീഗ് കമ്മിറ്റിക്ക് പരാതി നൽകി.അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിന് പ്ലസ് ടു അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.സ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിന് പൂതപ്പാറ ശാഖാ കമ്മിറ്റിയെ അഴീക്കോട് സ്കൂൾ കമ്മിറ്റി സമീപിച്ചിരുന്നു.തുടർന്ന് നടത്തിയ ചർച്ചയിൽ പ്ലസ് ടു അനുവദിച്ചാൽ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസിൽ കെട്ടിടം നിർമിക്കുന്നതിന് ഒരു തസ്തികയ്ക്ക് സമാനമായ തുക നൽകാമെന്ന് ഹൈസ്കൂൾ കമ്മിറ്റി ഉറപ്പ്നൽകി.2014 ഇൽ സ്കൂളിൽ പ്ലസ് ടു അനുവദിക്കുകയും തുടർന്ന് വാഗ്ദാനം ചെയ്ത തുക നല്കാൻ ഹൈ സ്കൂൾ മാനേജ്‌മന്റ് തീരുമാനിക്കുകയും ചെയ്തു.എന്നാൽ കെ.എം ഷാജി ഇടപെട്ട് തുക ഇപ്പോൾ നൽകേണ്ടതില്ലെന്നും തന്നോട് ചർച്ച ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്താൽ മതിയെന്നും നിർദേശിച്ചു.സ്കൂൾ മാനേജർ ഇപ്രകാരം അറിയിച്ചു എന്നാണ് ലീഗ് പഞ്ചായത്തു കമ്മിറ്റിയുടെ വെളിപ്പെടുത്തൽ.എന്നാൽ 2017 ജൂണിൽ സ്കൂൾ കമ്മിറ്റി ജനറൽ ബോഡിയിൽ സ്കൂൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചിലവാക്കിയ തുകയുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു.ഇതേകുറിച്ച് അന്വേഷിച്ചപ്പോൾ കെ.എം ഷാജി തുക കൈപ്പറ്റിയതായി ബോധ്യപ്പെട്ടുവെന്ന് പഞ്ചായത്ത് കമ്മിറ്റി വെളിപ്പെടുത്തി.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.ജാമ്യാപേക്ഷയിൽ വാദം ശനിയാഴ്ച പൂർത്തിയായിരുന്നു.വിധി പറയാനായി കോടതി കേസ് ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.ഇതിനു മുൻപ് ദിലീപ് മൂന്നു തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.കോടതി ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28 വരെ നീട്ടിയിട്ടുണ്ട്.അതിനിടെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് കാവ്യാ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.ദിലീപിന്റെ സുഹൃത്തും നടനും സംവിധായകനുമായ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.