തിരുവനന്തപുരം:ഒക്ടോബർ ഒന്ന് മുതൽ ബാങ്കുകളിലും ആധാർ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കും.രാജ്യത്തെ എല്ലാ ബാങ്കുകളും പത്തു ശാഖകൾക്ക് ഒന്ന് എന്ന നിലയിൽ ആധാർ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.സഹകരണ ബാങ്കുകൾക്ക് ഇത് ബാധകമല്ല.റിസേർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണമില്ലാത്തതിനാലാണിത്.പുതിയ ആധാർ എടുക്കൽ,പഴയതിൽ തെറ്റ് തിരുത്തൽ,പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കൽ തുടങ്ങിയ സേവനങ്ങൾ ബാങ്ക് കേന്ദ്രത്തിൽ ലഭ്യമാകും.ഇത് സംബന്ധിച്ച് റിസേർവ് ബാങ്ക് സർക്കുലർ പുറത്തിറക്കി.പത്തിലൊരു ശാഖയിൽ ഈ മാസം മുപ്പതിനകം ആധാർ കേന്ദ്രം പ്രവർത്തനക്ഷമമാക്കണമെന്നാണ് സർക്കുലർ.ഇത് ഉറപ്പാക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
നിരോധിത ലഹരി ഉല്‌പന്നങ്ങളുമായി നാറാത്ത് സ്വദേശി പിടിയിൽ
കണ്ണൂർ:നിരോധിത ലഹരി ഉല്‌പന്നങ്ങളുമായി നാറാത്ത് സ്വദേശി പിടിയിൽ.സ്റ്റേഷനറി സ്റ്റോർ കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന മുഹമ്മദ് കുഞ്ഞിയാണ്(39) അറസ്റ്റിലായത്.10,000 പാക്കറ്റ് ഹാൻസുമായാണ് ഇയാളെ പിടികൂടിയത്.ബംഗളൂരിൽ നിന്നുമാണ് ഇയാൾ ഇവ കൊണ്ടുവന്നു കണ്ണൂരിൽ വിൽപ്പന നടത്തുന്നത്.സ്കൂൾ വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ ലഹരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
കണ്ണൂർ കോട്ടയിലെത്തിയെ വിദ്യാർത്ഥിനിയെ കാണാതായി
കണ്ണൂർ:കണ്ണൂർ കോട്ടയിലെത്തിയെ വിദ്യാർത്ഥിനിയെ കാണാതായി.ഇന്നലെ രാവിലെയാണ് വിദ്യാർത്ഥിനി തനിച്ച് കോട്ടയിലെത്തിയത്.പുസ്തകവും കുടയുമടങ്ങിയ ബാഗ് കടലിനടുത്തുള്ള പാറക്കെട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തി.മണിയൂരിലെ മുഹമ്മദിന്റെ മകൾ അഫ്‌സലാത്തിനെയാണ് കാണാതായത്.ബിരുദ വിദ്യാർത്ഥിനിയാണ്. വീട്ടിൽ നിന്നും പിണങ്ങിയാണ് മകൾ ഇറങ്ങിയതെന്നും മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നെന്നും മകളെ അന്വേഷിച്ചെത്തിയ മാതാവ് പോലീസിനോട് പറഞ്ഞു.ഇതേ തുടർന്ന് പോലീസും മുങ്ങൽ വിദഗ്ദ്ധരും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്
കൊച്ചി:ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടാം തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടുതവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ജാമ്യം തള്ളിയിട്ടും സോപാധിക ജാമ്യത്തിന് അവകാശമുണ്ടെന്ന് കാണിച്ചാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.എന്നാൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ മാത്രമേ സോപാധിക ജാമ്യത്തിന് അർഹതയുള്ളൂ എന്നാണ് കോടതിയുടെ നിലപാട്.20 വർഷം വരെ വിലക്കുലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ സമർപ്പിച്ചിരിക്കുന്നത്.കേസിലെ അന്വേഷണം പൂർത്തിയാകുന്നതായാണ് റിപ്പോർട്ട്.90 ദിവസം തികയുന്നതിനു മുമ്പ്തന്നെ കുറ്റപത്രം നൽകിയേക്കും.
ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ചു
തിരുവനന്തപുരം:ഒത്തുകളി വിവാദത്തിൽ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ചു.ഹൈക്കോടതി വിധി ചട്ട വിരുദ്ധമാണെന്ന് കാണിച്ചാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ബിസിസിഐ കോടതിയെ അറിയിച്ചു. തങ്ങൾക്കെതിരെ കോടതി നടത്തിയ പരാമർശം റദ്ദാക്കണമെന്നും ബിസിസിഐ അറിയിച്ചു.അച്ചടക്ക നടപടിയിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ല.ശിക്ഷയിൽ ഇളവ് വരുത്താനുമാകില്ല.അച്ചടക്ക നടപടി പരിശോധിക്കുന്ന ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധിക്കുന്നത് ശരിയല്ലെന്നും ബിസിസിഐ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
കണ്ണൂർ കളക്റ്ററേറ്റിൽ കള്ളൻ കയറി
കണ്ണൂർ:കണ്ണൂർ കളക്റ്ററേറ്റിൽ കള്ളൻ കയറി.കളക്റ്ററുടെ ഓഫീസിനു താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഭാഗ്യക്കുറി ക്ഷേമനിധി,ഗ്രാമവികസന,ദാരിദ്ര്യ ലഘൂകരണ ഓഫീസുകളിലും കാന്റീനിലുമാണ് കള്ളൻ കയറിയത്.കാന്റീനിലെ മേശയിൽ നിന്നും 20000 രൂപയും ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും 1500 രൂപയും മോഷ്ടിച്ചു.ദരിദ്ര ലഘൂകരണ ഓഫീസിന്റെ കമ്പ്യൂട്ടർ മുറിയുടെ പൂട്ട് തകർത്തിട്ടുണ്ട്.ഗ്രാമ വികസന വകുപ്പ് ഓഫീസിലെ ഫയലുകളും മറ്റ് ഉപകരണങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.ഞായറാഴ്ച പുലർച്ചയോ ഇന്നലെ പുലർച്ചയോ ആയിരിക്കാം കള്ളൻ കയറിയത് എന്നാണ് പോലീസിന്റെ നിഗമനം.ഉത്തരമേഖലാ ഐ ജിയുടെയും മറ്റും ഓഫീസുകൾ പ്രവർത്തിക്കുന്നതിന് 100 മീറ്റർ പരിധിക്കുള്ളിലാണ് കള്ളൻ എത്തിയത്.ആർ.ടി ഓഫീസിനടുത്തുള്ള മിൽമ ബൂത്തിലും കവർച്ചാശ്രമമുണ്ടായി.കള്ളന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞതായി സൂചനയുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.
ഗായകൻ യേശുദാസിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് അനുമതി
തിരുവനന്തപുരം:ഗായകൻ യേശുദാസിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് അനുമതി.ക്ഷേത്ര ദർശനം നടത്തുവാൻ അനുമതി നൽകണമെന്ന യേശുദാസിന്റെ അപേക്ഷ അംഗീകരിച്ചു.ക്ഷേത്രം എക്സിക്യൂട്ടീവ് സമിതിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. വിജയദശമി ദിനത്തിലാണ് യേശുദാസ് ക്ഷേത്ര ദർശനം നടത്തുക.അന്നേ ദിവസം സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം ക്ഷേത്ര കല്മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ വെച്ച് യേശുദാസ് ആലപിക്കും.സാധാരണ രീതിയിൽ ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനാനുമതി ഉള്ളത്.എന്നാൽ പ്രത്യേക അപേക്ഷ നൽകിയാൽ മറ്റു മതസ്ഥർക്കും ക്ഷേത്ര പ്രവേശനത്തിന് അനുമതി നൽകാറുണ്ട്.ഹൈന്ദവ ധർമ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നൽകിയോ രാമകൃഷ്‌ണ മിഷൻ,ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയ സംഘടകളിൽ നിന്നോ ഉള്ള സാക്ഷ്യപത്രം സമർപ്പിച്ചാലോ പ്രവേശനം അനുവദിക്കും.ഇത്തരത്തിൽ വിദേശികളും മറ്റും ഇവിടെ ക്ഷേത്ര ദർശനം നടത്താറുണ്ട്. മൂകാംബിക,ശബരിമല തുണ്ടങ്ങിയ ക്ഷേത്രങ്ങളിൽ യേശുദാസ് സ്ഥിരം സന്ദർശനം നടത്താറുണ്ട്.എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ യേശുദാസിന് ഇത് വരെ പ്രവേശനം അനുവദിച്ചിട്ടില്ല.പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശന അനുമതി ലഭിച്ചതോടെ യേശുദാസിന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനം വീണ്ടും ചർച്ചയാകുകയാണ്.
ഗോപിചന്ദിന്റെ നേതൃത്വത്തിൽ കേരളത്തിൽ ബാഡ്മിന്റൺ പരിശീലന കേന്ദ്രം തുടങ്ങും
കൊച്ചി:കേരളത്തിലെ കുട്ടികളെ ബാഡ്മിന്റണ്‍ പരിശീലിപ്പിക്കാന്‍ രാജ്യാന്തര പരിശീലകന്‍ പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തിൽ കേരളത്തിൽ ബാഡ്മിന്റൺ അക്കാദമി തുടങ്ങും.കൊച്ചിയില്‍ ജനുവരി ഒന്നിന് ഓപ്പറേഷൻ ഒളിമ്പ്യാ അക്കാദമി പ്രവർത്തനം തുടങ്ങും.ഇതിലേക്ക് 200 കുട്ടികളിൽ നിന്നും 20 പേരെ ഗോപിചന്ദ് നേരിട്ടാണ് തിരഞ്ഞെടുത്തത്. രണ്ട് മാസത്തില്‍ ഒരിക്കല്‍ ഗോപീചന്ദ് നേരിട്ട് പരിശീലനം നല്‍കും. മികച്ച പരിശീലകരും കുട്ടികള്‍ക്ക് പരീശീലനം നല്‍കാനുണ്ടാകും.കേരള സര്‍ക്കാരിന്റെയും സ്പോര്‍ട്സ് കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ കേരളത്തിനൊരു ഒളിമ്പിക് മെഡല്‍ എന്ന സ്വപ്നവുമായാണ് ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമി ആരംഭിക്കുന്നത്.
കായൽ കയ്യേറ്റം;ജയസൂര്യക്കെതിരായി കുറ്റപത്രം സമർപ്പിച്ചു
കൊച്ചി:എറണാകുളം കൊച്ചുകടവന്ത്രയിലെ ചിലവന്നൂർ കായൽ കയ്യേറി നടൻ ജയസൂര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചെന്ന പരാതിയിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. കായൽ തീരത്തെ നിർമാണ പ്രവർത്തനത്തിൽ തീരദേശനിയമവും കെട്ടിടനിർമാണ ചട്ടവും ലംഘിച്ചെന്ന് കണ്ടെത്തിയതോടെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതോടെ കേസിൽ ജയസൂര്യ പ്രതിയാകും. നിർമാണ പ്രവർത്തനത്തിന് അനുമതി നൽകിയ കോർപറേഷൻ ഉദ്യോഗസ്ഥരെയും വിജിലൻസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജയസൂര്യയ്ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. കടവന്ത്രയിലെ ജയസൂര്യയുടെ വീടിന് സമീപം ബോട്ടുജെട്ടി നിർമിച്ചതും ചുറ്റുമതിൽ കെട്ടിയതും കായൽ പുറമ്പോക്ക് ഭൂമി കൈയേറിയാണെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം. 3.7 സെന്‍റ് സ്ഥലമാണ് ഇത്തരത്തിൽ നടൻ കൈയേറിയത്. അന്വേഷണം പൂർത്തിയാക്കിയ വിജിലൻസ് സംഘം രണ്ടു ദിവസംമുൻപ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.ഒരു മാസത്തിനകം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറുമെന്നും അന്വേഷണം സംഘം കോടതിയെ അറിയിച്ചു. വിജിലൻസ് റിപ്പോർട്ട് കോടതി പിന്നീട് പരിശോധിക്കും.
താമരശ്ശേരി ചുരത്തിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം
താമരശ്ശേരി:കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ ബസ്-ലോറി ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചു.ചുരത്തിലെ എട്ടാം വളവ് പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.ഏഴാം വളവിൽ വലിയ വാഹനങ്ങൾ തടഞ്ഞു.ഇവിടെ മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് കണ്ടതിനെ തുടർന്ന് പി ഡബ്ലിയൂ ഡി എൻജിനീയർമാരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച്ച രാവിലെ വരെ ഇതിലൂടെ ആംബുലന്സും മറ്റു അവശ്യ സർവീസുകളുമല്ലാതെ മറ്റു വാഹനങ്ങളെ ഒന്നും കടത്തി വിട്ടിരുന്നില്ല.എന്നാൽ കനത്ത മഴ തുടർന്ന സാഹചര്യത്തിലാണ് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.