കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ എട്ടിന് സമർപ്പിക്കും.ഗൂഢാലോചന,ബലാൽസംഗം തുടങ്ങിയ കുറ്റങ്ങളായിരിക്കും ദിലീപിനെതിരെ ചുമത്തുക.അതിനിടെ കേസിലെ മുഖ്യതെളിവായ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.അതിനാൽ തന്നെ മൊബൈൽ ഫോൺ ഇല്ലാതെയാകും കുറ്റപത്രം സമർപ്പിക്കുക.ഇതിനായി പോലീസ് നിയമോപദേശം തേടി.മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നത് താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ നിയമോപദേശമെന്നാണ് സൂചന.കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരും.വിചാരണ നടക്കുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം കൂടി സമർപ്പിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
മുംബൈയിൽ കനത്ത മഴ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മുംബൈ:മുംബൈയിൽ കനത്ത മഴ.40 മുതൽ 130 മില്ലി മീറ്റർ വരെ രേഖപ്പെടുത്തിയ മഴയിൽ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിലായി.മഴയെ തുടർന്ന് മുംബൈ നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് ഒരു റൺവേ തുറന്നതായി റിപ്പോർട്ടുകളുണ്ട്.ഇന്നലെ 7 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.183 യാത്രക്കാരുമായി പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത് ആശങ്കയ്ക്കിടയാക്കി.അടുത്ത 24 മണിക്കൂറിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയ നിലയിലാണ്.അഞ്ചോളം ട്രെയിനുകളും റദ്ദാക്കി.പല ട്രെയിനുകളും നിയന്ത്രിത വേഗപരിധിയിലാണ് ഓടുന്നത്.
എറണാകുളം പുത്തൻകുരിശിൽ കാറും ലോറിയും കൂട്ടിയിടിച്ച് പോലീസുകാരനടക്കം രണ്ടുപേർ മരിച്ചു
കൊച്ചി: പുത്തൻകുരിശ് മാനാന്തടത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് പോലീസുകാരൻ ഉൾപ്പടെ രണ്ടു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസ് ടെലികമ്മ്യൂണിക്കേഷൻസ് സ്റ്റേഷനിലെ സിപിഒ നെല്ലാട് കരിക്കനാക്കുടി എൽദോ ജോസഫ് (40), എൽദോയുടെ ഭാര്യാപിതാവ് എബ്രഹാം (60) എന്നിവരാണ് മരിച്ചത്. എൽദോയുടെ ഭാര്യ ജിൻസി (35) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.പോലീസ് ഉദ്യോഗസ്ഥനായ എൽദോ കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു.ഈ സമയത്ത് എതിരെ വന്ന ടിപ്പർ ലോറി ഇവർ സഞ്ചരിച്ച ആൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊച്ചിയിൽ കപ്പൽച്ചാലിൽ മൽസ്യബന്ധന ബോട്ട് മുങ്ങി
കൊച്ചി:ഫോർട്ട് കൊച്ചിക്കു സമീപം കപ്പൽ ചാലിൽ മൽസ്യബന്ധന ബോട്ട് മുങ്ങി.നീതിമാൻ എന്ന ബോട്ട് ആണ് മുങ്ങിയത്.ബോട്ടിലുണ്ടായിരുന്ന ആറു തൊഴിലാളികളെയും രക്ഷപ്പെടുത്തി. സമീപത്തുണ്ടായിരുന്ന മറ്റു ബോട്ടുകളിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.എൻജിൻ തകരാറിനെ തുടർന്ന് ബോട്ട് കടലിൽ അകപ്പെടുകയായിരുന്നു.മറ്റു ബോട്ട് ഉപയോഗിച്ച് ഈ ബോട്ടിനെ കരക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ട് കപ്പൽ ചാലിൽ മുങ്ങുകയായിരുന്നു. ഇതോടെ ഇതിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ദിവസേന ചരക്കു കപ്പൽ ഉൾപ്പെടെ നിരവധി കപ്പലുകൾ കടന്നു പോകുന്ന ഒരു മാർഗമാണിത്.
എച് 1 ബി വിസ അമേരിക്ക പുനഃസ്ഥാപിച്ചു
വാഷിംഗ്‌ടൺ:എച് 1 ബി വിസ അമേരിക്ക പുനഃസ്ഥാപിച്ചു.അഞ്ച് മാസങ്ങൾക്ക് മുൻപ് വിസ നൽകുന്നതിൽ യു.എസ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.അപേക്ഷകരുടെ എണ്ണം വർധിച്ചതാണ് നിയന്ത്രണമേർപ്പെടുത്താൻ കാരണം എന്നായിരുന്നു അധികൃതരുടെ വിശദീകരണം.ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിൽ വിസ നൽകുന്നതിനുള്ള നിയന്ത്രണം പിൻവലിക്കുകയാണെന്നും 15 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വിസ ലഭ്യമാക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.ഇന്ത്യയിൽ നിന്നുള്ള ഐ ടി പ്രൊഫെഷനലുകൾ ഉൾപ്പെടെ നിരവധിപേർ അമേരിക്കയിൽ തൊഴിൽ ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുന്നതിന് എച് 1 ബി വിസകളാണ്.
സംസ്ഥാനത്ത് കുറഞ്ഞ വേതനം 18000 രൂപ ആക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ തൊഴിൽ നിയമം രണ്ടുമാസത്തിനുള്ളിൽ നിലവിൽ വരും.ഇതനുസരിച്ച് എല്ലാവർക്കുമുള്ള കുറഞ്ഞ വേതനം 18000 രൂപയാകും.80 മേഖലകളിലാണ് കുറഞ്ഞ കൂലി നടപ്പാക്കുക.തോട്ടം മേഖലയിൽ ആവശ്യമായ പരിഷ്ക്കരണം നടത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.മിനിമം വേതനം ഇല്ലാത്ത മേഖലകളിൽ കേവല വേതന നിയമം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.വീടില്ലാത്ത തോട്ടം തൊഴിലാളികൾക്ക് വീട് നിർമാണത്തിന് സർക്കാർ സഹായം നൽകും.തൊഴിലാളികൾക്കായി പ്രത്യേക പരിശീലന പദ്ധതികളും ആവിഷ്‌കരിക്കും.ബാലവേല വിരുദ്ധ സംസ്ഥാനമായി കേരളം ഉടൻ മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജലാശയങ്ങളിൽ മാലിന്യം തള്ളിയാൽ ഇനി മുതൽ മൂന്നു വർഷം തടവും പിഴയും
തിരുവനതപുരം:ജലാശയങ്ങളിൽ മാലിന്യം തള്ളിയാൽ ഇനി മുതൽ മൂന്നു വർഷം തടവും പിഴയും.ജലാശയങ്ങൾ മലിനമാക്കുന്നതു തടയാൻ രാജ്യത്ത് നടപ്പിലാക്കിയ നിയമം ആദ്യമായി കേരളത്തിൽ നിലവിൽ വരും.നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമുണ്ടാകും.ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നദീസംരക്ഷണ അതോറിറ്റിയിൽ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടികളും പുതിയ നിയമത്തിലുണ്ട്. ജലാശയങ്ങളുടെ സംരക്ഷണത്തിന് ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ മാർഗ്ഗരേഖ തയ്യാറാക്കും.ഇതിനായി തദ്ദേശ തലം മുതൽ സംസ്ഥാനതലം വരെ സാങ്കേതിക സമിതികൾ രൂപീകരിക്കുമെന്ന് ഹരിത കേരളം ഉപാധ്യക്ഷ ടി.എൻ സീമ പറഞ്ഞു.
കണ്ണൂർ വിമാനത്താവളം 2018 സെപ്റ്റംബറിൽ പൂർത്തിയാകും
തിരുവനന്തപുരം:കണ്ണൂർ വിമാനത്താവളം അടുത്ത വർഷം സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.മസ്കറ്റ് ഹോട്ടലിൽ കണ്ണൂർ വിമാനത്താവളത്തിന്റെ എട്ടാമത് വാർഷിക പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഭ്യന്തര,അന്താരാഷ്ട്ര വിമാനക്കമ്പനികൾ കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.വിമാനത്താവളത്തിലെ റൺവേയുടെ നീളം 3050 മീറ്ററിൽ നിന്നും 4000 മീറ്ററാക്കും.ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.ഇതോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂർ മാറും.നിലവിൽ 84 തസ്തികകളിൽ നിയമനം നടത്തി.ബാക്കിയുള്ള തസ്തികകളിൽ നിയമം നടത്തൽ പുരോഗമിക്കുകയാണ്. വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീട് നഷ്ട്ടപ്പെട്ടവർക്കായി 41 തസ്തികകൾ നീക്കിവെക്കും.റൺവേയുടെയും സെയ്ഫ്റ്റി ടെർമിനലിന്റെയും നിർമാണം മഴ കഴിഞ്ഞതിന് ശേഷം ആരംഭിക്കും.2018 ജനുവരിയിൽ പണി പൂർത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 26 ലേക്ക് മാറ്റി
കൊച്ചി:അഞ്ചാമതും ജാമ്യ ഹർജി നൽകിയ ദിലീപിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി.നേരത്തെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ എന്ത് മാറ്റമാണ് ഉള്ളതെന്ന് ഹൈക്കോടതി ദിലീപിനോട് ആരാഞ്ഞു.പുതിയ സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കാനാകൂ എന്ന് പറഞ്ഞ ഹൈക്കോടതി ഹർജി 26 ലേക്ക് മാറ്റി.ജാമ്യാപേക്ഷ പെട്ടെന്ന് പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിൽ ആവശ്യപ്പെട്ടു.എന്നാൽ മറുപടി നല്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.തുടർന്നാണ് ജാമ്യഹർജി പരിഗണിക്കുന്നത് 26 ലേക്ക് മാറ്റിയത്.കേസുമായി ബന്ധപ്പെട്ട് താൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയില്ലെന്നും താൻ ജയിലിലായത് കാരണം അമ്പതു കോടിയുടെ സിനിമ പ്രൊജക്റ്റുകളാണ് അവതാളത്തിലായിരിക്കുന്നതെന്നും ദിലീപിന്റെ ജാമ്യഹർജിയിൽ പറയുന്നു.സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് പകയുണ്ടെന്നും കേസിൽ ആദ്യം ഗൂഢാലോചന ആരോപിച്ച മഞ്ജു വാര്യർക്ക് എ ഡി ജി പി ബി.സന്ധ്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ദിലീപ് ജാമ്യ ഹർജിയിൽ ആരോപിക്കുന്നു.ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.നേരത്തെ ദിലീപ് നൽകിയ രണ്ടു ജാമ്യാപേക്ഷകൾ തള്ളിയത് ജസ്റ്റിസ് സുനിൽ തോമസ് തന്നെയായിരുന്നു.
കണ്ണൂരിൽ 25 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
കണ്ണൂർ:കണ്ണൂരിൽ 25 കിലോ കഞ്ചാവുമായി യുവതി പിടിയിൽ.തെലങ്കാന സ്വദേശിയായ ഷൈലജയാണ്(32) കോടികൾ വിലമതിക്കുന്ന കഞ്ചാവുമായി കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.കണ്ണപുരം എസ്.ഐ ടി.വി ധനഞ്ജയദാസും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവതിയെ പോലീസ് ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.കഞ്ചാവ് മൊത്ത കച്ചവടത്തിനായി എത്തിച്ചതാണെന്നാണ് യുവതി പറയുന്നത്.