കോട്ടയം:കോട്ടയം ഭാരത് ആശുപത്രിയില്‍ സമരത്തിനിറങ്ങിയ മുഴുവന്‍ നഴ്സുമാരെയും മാനേജ്മെന്റ് പിരിച്ച് വിട്ടു. ഹൈക്കോടതി ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമരം ആശുപത്രിക്ക് മുന്‍പില്‍ നിന്നും മാറ്റി.ഇതേ തുടര്‍ന്ന് കോട്ടയം നഗരമധ്യത്തിലാണ് ഇപ്പോള്‍ ഇവര്‍ സമരം നടത്തുന്നത്.കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ സമരം ആരംഭിച്ചിട്ട് 50 ദിവസം പിന്നിട്ടു.എന്നാല്‍ മാനേജ്മെന്റ് യാതൊരു വിധ ഒത്തു തീർപ്പിനും തയ്യാറാകുന്നില്ല.അടുത്ത ദിവസം തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയിലും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാാണ് യുഎന്‍എയുടെ തീരുമാനം.
കളക്റ്ററേറ്റിലെ മോഷണം;രണ്ടുപേർ പിടിയിൽ
കണ്ണൂർ:കണ്ണൂർ കളക്റ്ററേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട്,പേരാവൂർ സ്വദേശികളാണ് പിടിയിലായത്.ഇവർ ഈയിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും നിരവധി കേസിലെ പ്രതികളുമാണെന്നാണ് സൂചന.മോഷണ സമയത്ത് കളക്റ്ററേറ്റിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല.കണ്ണൂർ ടൌൺ സിഐ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.സംഭവത്തെ തുടർന്ന് പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കി.
ആറളത്ത് ചുഴലിക്കാറ്റിൽ എട്ടുവീടുകൾ തകർന്നു
ഇരിട്ടി:ആറളം ഉരുപ്പുംകുണ്ട് മേഖലയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.എട്ടു വീടുകൾ ഭാഗികമായി തകർന്നു.ലക്ഷങ്ങളുടെ കൃഷിനാശം ഉണ്ടായി.പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നു.ഉരുപ്പുംകുണ്ട്-പന്നിമൂല റോഡിൽ വാഹനഗതാഗതം സ്തംഭിച്ചു.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്.ഏകദേശം ഒന്നര മിനിറ്റ് മാത്രമാണ് ശക്തമായ കാറ്റ് വീശിയതെന്ന് നാട്ടുകാർ പറയുന്നു.ഇതിനുള്ളിൽ കൂറ്റൻ മരങ്ങൾ ഉൾപ്പെടെ നിലംപൊത്തി.വീടുകളുടെ മേൽക്കൂരയുടെ ഷീറ്റുകൾ മീറ്ററുകൾ ദൂരെ പാറിപ്പോയി.ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിലിന്റെയും വില്ലേജ് ഓഫീസർ സി.ഡി മഹേഷിന്റേയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്തു.ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേന മരങ്ങൾ മുറിച്ചു മാറ്റിയാണ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.
ആധാർ നമ്പർ നൽകാത്തവർക്ക് ഇനി മുതൽ റേഷൻ ഇല്ല
തിരുവനന്തപുരം:ആധാർ നമ്പർ നൽകാത്ത ഉപഭോക്താക്കൾക്ക് ഇനി മുതൽ റേഷൻ നൽകില്ലെന്ന് അധികൃതർ.ഈ മാസം മുപ്പതു വരെയാണ് ആധാർ നൽകാനുള്ള അവസാന സമയം.ഇതിനുള്ളിൽ ആധാർ നമ്പർ നൽകാത്തവർക്ക് റേഷൻ നൽകേണ്ടെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.ആധാർ നമ്പർ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷൻ സാധനങ്ങൾ നൽകാവൂ എന്ന കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.സംസ്ഥാനത്ത് ഇതിനോടകം തന്നെ റേഷൻ കടകളിൽ നിന്നും എല്ലാവരുടെയും ആധാർ നമ്പർ സ്വീകരിച്ചിട്ടുണ്ട്. ആധാർ ലഭ്യമാക്കിയവരുടെ പട്ടിക എല്ലാ റേഷൻ കടകളിലും ലഭ്യമാക്കും.റേഷൻ കാർഡിൽ ഉൾപെട്ടവരുടെ ആധാർ നമ്പർ ശേഖരിക്കുന്നതിലൂടെ പൊതുവിതരണ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും ഇത് വഴി റേഷൻ സാധനങ്ങളുടെ ചോർച്ചയും ദുരുപയോഗവും തടയാനാകുമെന്നാണ് അധികൃതർ പറയുന്നത്.
ഇരിക്കൂറിൽ എ ടി എം കൗണ്ടറിൽ മോഷണശ്രമം
കണ്ണൂർ:ഇരിക്കൂറിൽ എ ടി എം കൗണ്ടറിൽ മോഷണ ശ്രമം.കാനറാ ബാങ്കിന്റെ ഇരിക്കൂറിലെ എ ടി എം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്.എ ടി എം കൗണ്ടർ തകർത്ത നിലയിലാണ്.പണം നഷ്ടപ്പെട്ടിട്ടില്ല.ഇന്ന് പുലർച്ചെയാണ് മോഷണ ശ്രമം നടന്നതെന്നാണ് കരുതുന്നത്.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിന് നേരെ ആക്രമണം
ആലപ്പുഴ:ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം.ഓഫീസിനു പുറത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തു.ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.സംഭവം നടക്കുമ്പോൾ ആലപ്പുഴ ബ്യുറോയിലെ റിപ്പോർട്ടറും ഡ്രൈവറും മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.അന്വേഷണം ആരംഭിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആറുമുതൽ 10 വരെ തൃശ്ശൂരിൽ നടക്കും
തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആറുമുതൽ 10 വരെ തൃശ്ശൂരിൽ നടക്കും.ഏഴുദിവസമായി നടത്തിയിരുന്ന കലോത്സവം അഞ്ചുദിവസമായി ചുരുക്കി. ഘോഷയാത്രയ്ക്ക് പകരം സാംസ്കാരികസംഗമം നടത്തും.നേരത്തെ സ്കൂൾ കലോത്സവം ക്രിസ്തുമസ് അവധിക്കാലത്ത് നടത്തുവാൻ ശുപാർശ ചെയ്തിരുന്നു.എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജനുവരിയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
മദ്യലഹരിയിൽ ടാക്സി ഡ്രൈവറെ മർദിച്ച സീരിയൽ നടിമാർ അറസ്റ്റിൽ
കൊച്ചി:മദ്യലഹരിയിൽ ടാക്സി ഡ്രൈവറെ മർദിച്ച സീരിയൽ നടിമാർ അറസ്റ്റിൽ.ഇന്ന് വൈകുന്നേരം മൂന്നു മണിയോടെ എറണാകുളം വൈറ്റിലയിലാണ് സംഭവം.ടാക്സി ഡ്രൈവർ ഷെഫീക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഓൺലൈൻ സർവീസ് വഴിയാണ് ഇവർ ടാക്സി ബുക്ക് ചെയ്തത്.വൈറ്റിലയിൽ നിന്നും ടാക്സിയിൽ കയറിയ ഇവർ മദ്യലഹരിയിലായിരുന്നു.കാറിൽ കയറിയപ്പോൾ തന്നെ ഇവർ ബഹളം വെയ്ക്കാൻ തുടങ്ങി.പോകേണ്ട സ്ഥലത്തെ ചൊല്ലി ഡ്രൈവറും സ്ത്രീകളും തമ്മിൽ വാക്ക് തർക്കവുമുണ്ടായി. ഇതിനിടയിൽ അക്രമാസക്തരായ സ്ത്രീകൾ ഡ്രൈവറെ മർദിക്കുകയും ഡ്രൈവറുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.തുടർന്ന് ഡ്രൈവർ സമീപത്തെ പോലീസ് എയ്‌ഡ് പോസ്റ്റിലെത്തി പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നു അറിയിച്ചു.സ്ത്രീകൾ മൂന്നുപേരും ചില സീരിയലുകളിൽ അഭിനയിച്ചിരുന്നു.
റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നൽകും
ന്യൂഡൽഹി:റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നൽകാനുള്ള ശുപാർശയ്ക്ക് ക്യാബിനെറ്റ് അംഗീകാരം.നോൺ ഗസറ്റഡ് റെയിൽവേ ജീവനക്കാർക്കാണ് ബോണസ് ലഭിക്കുകയെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞു.12.3 ലക്ഷം ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.റെയിൽവേ ജീവനക്കാർക്ക് ഉത്സവബത്തയായി അനുവദിച്ചിട്ടുള്ള തുക ദസറ,ദുർഗ പൂജ തുടങ്ങിയ ആഘോഷങ്ങൾക്ക് മുൻപായി നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കോട്ടയത്ത് ഹോസ്റ്റലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
കോട്ടയം:കോട്ടയത്ത് ഹോസ്റ്റലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.മെഡിക്കൽ കോളേജ്,ബേക്കർ ജംഗ്ഷൻ എന്നിവിടങ്ങളിലെ ആറ് ഹോസ്റ്റലുകളിൽ നഗരസഭ നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്.എന്നാൽ ഹോസ്റ്റലുകൾ ആയതിനാൽ പൂട്ടാനുള്ള ഉത്തരവുകൾ നല്കാൻ പരിമിതി ഉണ്ടെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ സ്ഥിരമായി പഴകിയ ഭക്ഷണം നൽകുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് നഗരസഭാ അറിയിച്ചു.എസ്.എൻ സദനം,ശാന്തി നികേതൻ,വൈ.ഡബ്ലിയൂ.സി.എ തുടങ്ങിയ ഹോസ്റ്റലുകളിൽ നിന്നാണ് പഴകിയ ബീഫ് കറി,തൈര്,ചപ്പാത്തി,മീൻകറി തുടങ്ങിയ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.