കണ്ണൂർ: സിറ്റി നാലുവയിൽ പനിബാധിച്ച് 11 കാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പിതാവിനേയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനേയും അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ മനപ്പൂർമ്മല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുൾ സത്താർ, മന്ത്രവാദം നടത്തിയ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. ചികിത്സ നടത്താതെ കുട്ടിയ്‌ക്ക് മന്ത്രിച്ച് ഊതിയെ വെള്ളം നൽകുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.കുട്ടിയ്‌ക്ക് ചികിത്സ നൽകിയില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. കുടുംബത്തിലെ മൂന്ന് അംഗങ്ങൾ കൂടി നേരത്തെ സമാനസാഹചര്യത്തിൽ മരിച്ചതായ വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യവും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.പനിപിടിച്ച് അവശനിലയിലായ കുട്ടിയെ നിർബന്ധിച്ച് മന്ത്രവാദ ചികിത്സയിൽ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കളും അയൽവാസികളും പറഞ്ഞത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മർദ്ദിച്ചെന്നും അവർ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
കനത്ത മഴയിൽ കുറ്റ്യാടി ചുരത്തിൽ ഉരുൾപൊട്ടി;ഗതാഗതം തടസപ്പെട്ടു; കോഴിക്കോട്-താമരശേരി ചുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു
വയനാട്: കനത്ത മഴയിൽ കുറ്റ്യാടി ചുരത്തിൽ ഉരുൾപൊട്ടി.കോഴിക്കോട്-താമരശേരി ചുരം റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയെ തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്.കുറ്റ്യാടി പക്രന്തളം ചുരത്തിലും താമരശ്ശേരി അടിവാരത്തുമാണ് ഉരുള്‍പൊട്ടിയത്. കൂറ്റന്‍ പാറകല്ലുകളും മരങ്ങളും മണ്ണും വീണതിനെ തുടര്‍ന്ന് കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. വയനാടുനിന്ന് തൊട്ടില്‍പ്പാലം വഴി യാത്ര തിരിച്ച കെഎസ്‌ആര്‍ടിസി ബസുകള്‍ ചുരത്തില്‍ കുടുങ്ങി. ജില്ലയില്‍ തുടരുന്ന കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ശക്തമായ മഴയുള്ളതിനാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.കനത്ത മഴയില്‍ വ്യാപക കൃഷി നാശമാണ് ഉണ്ടായത്. മണ്ണിടിച്ചിലില്‍ പല വീടുകള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച കനത്ത മഴയാണു കോഴിക്കോട് നാശം വിതച്ചത്. കുറ്റ്യാടി ചുരം റോഡിലേക്ക് കല്ലും മണ്ണും ഒഴുകി എത്തുകയായിരുന്നു. കാവിലുംപാറ പഞ്ചായത്ത് നാലാം വാര്‍ഡിലെ ചാത്തന്‍ങ്കോട്ട്‌നട, വള്ളുവന്‍കുന്ന്, മൂന്നാം പെരിയ, രണ്ടാം വളവ്, മൂന്നാം വളവ് ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി.മൂന്നാം വളവില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണു. വള്ളുവന്‍ കുന്നിലെ നാലു ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത് ഇവിടുത്തെ ആദിവാസി കോളനിയില്‍ നിന്നും മൂന്നു കുടുംബങ്ങളേയും മറ്റു ആറോളം കുടുംബങ്ങളേയും മാറ്റിപാര്‍പ്പിച്ചു. ഉരുള്‍പൊട്ടല്‍ നടന്ന മൂന്നാം പെരിയ ഭാഗത്തു നിന്ന് മൂന്ന് കുടുംബങ്ങളെയും താത്കാലികമായി മാറ്റി പാര്‍പ്പിച്ചു.
കണ്ണൂരിൽ പനി ബാധിച്ച് 11 വയസ്സുകാരി മരിച്ച സംഭവം;കേസെടുക്കാനൊരുങ്ങി പോലീസ്;അറസ്റ്റ് ഉണ്ടായേക്കും
കണ്ണൂർ:കണ്ണൂർ നാലുവയലിൽ പനി ബാധിച്ച് 11 വയസ്സുകാരി മരിച്ച സംഭവത്തിൽ കേസെടുക്കാനൊരുങ്ങി പോലീസ്.വിശ്വാസത്തിന്റെ പേരിലാണ് കുട്ടിയ്‌ക്ക് ചികിത്സ നിഷേധിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ജപിച്ച് ഊതൽ നടത്തിയെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. കേസിൽ പുരോഹിതനേയും കുട്ടിയുടെ അടുത്ത ബന്ധുവിനേയും പ്രതിചേർക്കുമെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സിറ്റി നാലുവയലിലെ ഫാത്തിമ മരിച്ചത്. മൂന്ന് ദിവസം മുമ്ബ് പനി ബാധിച്ച ഫാത്തിമയ്ക്ക്ചികില്‍സ നല്‍കാതെ ജപിച്ച് ഊതല്‍ നടത്തുകയായിരുന്നു. ഞായറാഴ്ച ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി. തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മുല്ലപ്പെരിയാൻ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു;രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി
ഇടുക്കി:മുല്ലപ്പെരിയാൻ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഈ സാഹചര്യത്തിൽ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്.നിലവിൽ 20 സെന്റിമീറ്റർ ഉയർത്തിയിരുന്ന ഷട്ടറും 60 സെന്റിമീറ്ററാക്കി കൂട്ടിയിട്ടുണ്ട്. 138..95 ആണ് നിലവിലെ ജലിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.നിലവില്‍ സെക്കന്റില്‍ 1,493 ഘനയടി ജലമാണ് ഒഴുക്കി വിടുന്നത്. 8 മണി മുതല്‍ 1,512 ഘനയടി ജലം കൂടി അധികമായി ഒഴുക്കി ആകെ 3005 ഘനയടി ജലമാണ് ഒഴുക്കിവിടുന്നത്.കുടുതല്‍ വെള്ളം തുറന്ന് വിടുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ രാവിലെ സ്പില്‍വേയുടെ തുറന്നിരുന്ന ആറു ഷട്ടറുകളില്‍ മൂന്നും ഉച്ചകഴിഞ്ഞ് ഒരെണ്ണവും അടച്ചിരുന്നു. മഴ കുറവായതിനാല്‍ ജലനിരപ്പില്‍ കുറവുവന്നതാണ് ഷട്ടറുകള്‍ താഴ്ത്താന്‍ കാരണം. 50 സെന്റീമീറ്റര്‍ ഉയര്‍ത്തിവച്ചിരുന്ന രണ്ടുഷട്ടറുകളില്‍ ഒന്ന് 20 സെന്റീമീറ്ററിലേക്കു താഴ്ത്തി. അണക്കെട്ടില്‍ ഉപസമിതി ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു. പ്രധാന ഡാം, ഗാലറി, സ്പില്‍വേ, ബേബി ഡാം എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം തമിഴ്‌നാടിന് നവംബർ ഒന്ന് മുതൽ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്താം.
തമിഴ്‌നാട് സെക്രട്ടേറിയറ്റ് വളപ്പിലെ കൂറ്റന്‍ മരം കടപുഴകി; വനിതാ കോണ്‍സ്റ്റബിളിനു ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട് സെക്രട്ടേറിയറ്റ് വളപ്പിലെ കൂറ്റന്‍ മരം കടപുഴകി വീണ് ഡ്യൂട്ടിയിലായിരുന്ന വനിതാ കോണ്‍സ്റ്റബിളിനു ദാരുണാന്ത്യം.കവിത(45)യാണ് മരിച്ചത്.ഇന്നു രാവിലെ ഒന്‍പതരയോടെയാണ് അപകടം നടന്നത്. സെക്രട്ടേറിയറ്റിന്റെ എക്‌സിറ്റ് ഗേറ്റില്‍ ഡ്യൂട്ടിയായിലായിരുന്നു കവിത. മരം കടപുഴകി കവിതയ്ക്ക് മേല്‍ പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒരു പൊലീസുകാരന് നിസ്സാര പരിക്കേറ്റു.മരത്തിനു കീഴെ വേറെയും പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഓടി മാറുകയായിരുന്നു. തിരക്കുള്ള ദിവസം ആയിരുന്നെങ്കില്‍ വന്‍ ദുരന്തം ആവുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന നിരവധി പേര്‍ വന്നുനില്‍ക്കുന്ന സ്ഥലമാണ് ഈ മരച്ചുവട്. ഇന്നു രാവിലെ മഴയായതിനാല്‍ അധികം പേര്‍ ഉണ്ടായിരുന്നില്ല. കോണ്‍സ്റ്റബിളിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.
കൊറോണ മരണം;സഹായധനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നൽകാം
തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. relief.kerala.gov.in എന്ന വെബ്‌സെറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.50,000 രൂപയാണ് സഹായം. തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.കൊറോണ ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ് ( ഐ.സി.എം.ആർ നൽകിയത് ), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് , അപേക്ഷകന്റെ റേഷൻകാർഡ്, ആധാർകാർഡ്. ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ ചേർത്താണ് അപേക്ഷ നൽകേണ്ടത്.പേരും മൊബൈൽ നമ്പറും നൽകിയാൽ ലഭിക്കുന്ന ഒ.ടി.പി. നമ്പർകൂടി നൽകി അപേക്ഷ ഓൺലൈനായി സമർപ്പിക്കാനാകും. അപേക്ഷകന് ലഭിച്ചിട്ടുള്ള ഡെത്ത് ഡിക്ലറേഷൻ നമ്പർ ഉപയോഗിച്ച് വിവരങ്ങൾ ചേർക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ ഈ രേഖകളും വിവരങ്ങളും പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകുന്നതിന് അനുസരിച്ച അപേക്ഷയ്‌ക്ക് അന്തിമ അംഗീകാരം ലഭിക്കും.കോവിസ് മരണ സര്‍ട്ടിഫിക്കറ്റ് ലിഭിച്ചവര്‍ക്ക് മാത്രമെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനാകു.
നെടുമ്പാശ്ശേരി എയർപോർട്ടിൽ മൂന്ന് കിലോ സ്വർണം പിടികൂടി;എയർ ഇന്ത്യ ക്യാബിൻ ക്രൂ അടക്കം 7 പേർ അറസ്റ്റിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് കിലോ സ്വർണ്ണം കഴിഞ്ഞ ദിവസം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.സംഭവത്തിൽ എയർ ഇന്ത്യ ക്യാബിൻ ക്രൂ അടക്കം ഏഴുപേർ പിടിയിലായി.എയർ ഇന്ത്യയുടെ സീനിയർ ക്യാബിൻ ക്രൂവായ മുംബൈ സ്വദേശി അമോദ് സാമന്തിൽ നിന്നും 1.400 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 70 ലക്ഷം രൂപ വിലവരും. ഞായറാഴ്ച രാവിലെ ലണ്ടനിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ക്യാബിൻ ക്രൂവിന്റെ ഭാഗമായി അമോദും ഉണ്ടായിരുന്നത്. അന്ന് വിമാനം ഇറങ്ങിയതിന് ശേഷം കൊച്ചിയിലെ ഒരു ഹോട്ടലിലാണ് ഇയാൾ താമസിച്ചത്. രാത്രി മുംബൈയ്‌ക്ക് പോകാനായി വീണ്ടും നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. തുടർന്ന് ഇയാളുടെ ബാഗ് പരിശോധിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരാണ് സ്വർണ്ണം കണ്ടെത്തിയത്. ഉടനെ തന്നെ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റംസിന് കൈമാറി. കൊച്ചിയിൽ വച്ച് ഒരാൾ തനിക്ക് ഈ സ്വർണ്ണം തന്നുവെന്നാണ് അമോദ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ സ്വർണം കൈമാറിയ ആളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയില്ലെന്നും ഇയാൾ പറയുന്നു. അമോദ് താമസിച്ച ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളും അധികൃതർ പരിശോധിച്ചു.സ്വർണ്ണം അമോദ് ലണ്ടനിൽ നിന്ന് കൊണ്ടുവന്നതാകാമെന്നും വിമാനത്താവളത്തിലെ ആരുടെയെങ്കിലും സഹായത്തോടെ ഇത് പുറത്തെത്തിച്ചതാകാമെന്നുമാണ് കസ്റ്റംസ് സംശയിക്കുന്നത്.ഇയാൾ നേരത്തേയും സമാനമായ രീതിയിൽ സ്വർണ്ണം കടത്തിയിട്ടുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.അമോദിനെതിരെ നടപടി ഉണ്ടാകുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലെത്തിൽ കൊളംബോയിൽ നിന്നെത്തിയ ആറ് പേരിൽ നിന്നായി 1.600 കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഏകദേശം 80 ലക്ഷം രൂപ വിലവരും. അറസ്റ്റിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്.
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇന്ന് മുതൽ സ്മാർട്ട് കാർഡ് രൂപത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇന്ന് മുതൽ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നു. ഭക്ഷ്യ പൊതു വിതരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷൻ കാർഡുകൾ മാറുന്നത്. പൂതിയ കാർഡിൽ ക്യൂ.ആർ.കോഡും ബാർ കോഡും ഉണ്ടാകുമെന്നും പുസ്തക രൂപത്തിലോ, ഇ-കാർഡ് രൂപത്തിലോ ഉള്ള റേഷൻ കാർഡുകൾ തുടർന്നും ഉപയോഗിക്കാമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു.ഇനി മുതൽ പുതിയ സ്മാർട്ട് റേഷൻ കാർഡിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. റേഷൻ കാർഡിനായി അപേക്ഷ ഫീസ് നൽകേണ്ടതില്ല. അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ പാസ്‌വേർഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്‌തെടുക്കാം. സ്മാർട്ട് റേഷൻ കാർഡ് അപേക്ഷ നൽകാനോ കാർഡ് വാങ്ങാനോ സപ്ലൈ ഓഫീസുകളിൽ പോകേണ്ടതില്ലന്നും പൊതു വിതരണ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി.
കൊച്ചിയിൽ ജോജു ജോർജ്ജിന്റെ കാർ തകർത്തവരെ തിരിച്ചറിഞ്ഞു; കൂടുതൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
കൊച്ചി: കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ ദേശീയപാത ഉപരോധത്തിനെതിരെ പ്രതികരിച്ചതിന് നടൻ ജോജു ജോർജ്ജിന്റെ കാർ തകർത്തവരെ തിരിച്ചറിഞ്ഞു.കോൺഗ്രസ് പ്രവർത്തകൻ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.ടോണി ചമ്മണി ഉള്‍പ്പടെ കണ്ടാല്‍ അറിയാവുന്ന 7 പേര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപ നഷ്ടം വരുത്തി, ജോജുവിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്ന കുറ്റങ്ങളും പൊലീസ് ചുമത്തിയിട്ടുണ്ട്.ഞായറാഴ്ച രാവിലെയാണ് ഇടപ്പള്ളി-വൈറ്റില ദേശീയ പാതയില്‍ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തിയത്. അതുവഴി കാറിലെത്തിയ ജോജു ജോര്‍ജിന്റെ വാഹനവും വഴിതടയലില്‍ കുടുങ്ങി. വാഹനത്തില്‍ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ജോജുവിന്റെ കാര്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. അതേസമയം തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ടോണി ചമ്മിണി പറഞ്ഞു. കാറിന്റെ ചില്ല് തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 5297 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;7325 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5297 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂർ 537, കണ്ണൂർ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസർഗോഡ് 70 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 78 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 58 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 232 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,049 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4967 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 293 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7325 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 792, കൊല്ലം 609, പത്തനംതിട്ട 27, ആലപ്പുഴ 390, കോട്ടയം 502, ഇടുക്കി 875, എറണാകുളം 1366, തൃശൂർ 107, പാലക്കാട് 398, മലപ്പുറം 454, കോഴിക്കോട് 953, വയനാട് 269, കണ്ണൂർ 441, കാസർഗോഡ് 142 എന്നിങ്ങനേയാണ് രോഗമുക്തിയായത്.