കാഞ്ഞങ്ങാട്:ഷാർജയിൽ വാഹനാപകടത്തിൽ കാസർകോഡ് സ്വദേശി മരിച്ചു.കാഞ്ഞങ്ങാട് കടപ്പുറത്തെ ജലാൽ മൺസിലിലെ മുഹമ്മദ്-കുഞ്ഞാമിന ദമ്പതികളുടെ മകൻ ജാഫർ(28) ആണ് മരണപ്പെട്ടത്.ഷാർജ സജയിൽ സിഗ്നൽ ഇല്ലാത്ത ക്രോസിങ്ങിൽ വെച്ച് റോഡ് മുറിച്ച് കടക്കവേ പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഷാർജ അൽ കാസിമി ഹോസ്പിറ്റലിൽ എത്തിച്ചു.അബോധാവസ്ഥയിലായതിനെ തുടർന്ന് ഐ സി യു വിലേക്ക് മാറ്റിയ ജാഫർ വ്യാഴാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു.സജയിൽ പിതൃ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈപ്പർ മാർകെറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.വീട്ടിലേക്ക് പണമയച്ച് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
കമൽഹാസൻ,മഞ്ജു വാര്യർ,റിമ കല്ലിങ്കൽ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന് പരാതി
കൊച്ചി:ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് കമൽഹാസൻ,മഞ്ജു വാര്യർ,റിമ കല്ലിങ്കൽ,ആസിഫ് അലി,ഷംസീർ എംഎൽഎ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന് പരാതി.പി.സി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘടനയായ യുവജനപക്ഷമാണ് ഇത് സംബന്ധിച്ച് നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.നടിയുടെ പേര് വെളിപ്പെടുത്തിയതിന് അജു വര്ഗീസ്,പി.സി ജോർജ് എന്നിവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
പി.വി അൻവർ എം എൽ എയുടെ പാർക്കിന് അനുമതി നൽകാനാകില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി:നിലമ്പൂർ എം എൽ എ പി.വി അൻവറിന്റെ പാർക്കിന് അനുമതി നൽകാനാകില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.ചട്ട പ്രകാരമുള്ള സൗകര്യങ്ങൾ ഒന്നും തന്നെ പാർക്കിൽ ഇല്ലെന്നും അതിനാൽ അനുമതി നല്കാനാകില്ല എന്നും മലിനീകരണ നിയന്ത്രണ ബോർഡ് കോടതിൽ വ്യക്തമാക്കി.ചൊവ്വാഴ്ചയ്ക്കകം അപാകതകൾ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം പാർക്കിന്റെ അനുമതി റദ്ദാക്കുമെന്നും ബോർഡ് കോടതിയെ അറിയിച്ചു.ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ബോർഡ് പാർക്കിൽ പരിശോധന നടത്തിയതും റിപ്പോർട് നൽകിയതും.അനധികൃതമായാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നതെന്ന ആരോപണം നിലനിൽക്കെ ഇതിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ റെവന്യൂ മന്ത്രി ജില്ലാ കളക്റ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ തടയണ നിർമിച്ച് സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയെന്ന ആരോപണത്തിൽ വനംവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
അദ്ധ്യാപിക ക്രൂരമായി ശിക്ഷിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ഗോരഖ്പൂർ:അദ്ധ്യാപിക ക്രൂരമായി ശിക്ഷിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേ സെന്റ് ആന്റണി കോൺവെന്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി നവനീത് പ്രകാശ് ആണ് ആത്മഹത്യ ചെയ്തത്.’ഇത് പോലെ ക്രൂരമായി ആരെയും ശിക്ഷിക്കരുത്’ എന്ന് കുറിപ്പ് എഴുതി വെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്.സെപ്റ്റംബർ 15 ന് സ്കൂളിൽ പരീക്ഷയെഴുതാൻ പോയ കുട്ടി വീട്ടിൽ വന്നതുമുതൽ അസ്വസ്ഥനായിരുന്നു എന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.തന്നെ അദ്ധ്യാപിക മൂന്നു മണിക്കൂറോളം ബെഞ്ചിന് മുകളിൽ കയറ്റി നിർത്തിയിരുന്നെന്നും തന്നോട് മോശമായി പെരുമാറിയിരുന്നെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.സ്കൂളിനും അധ്യാപികയ്ക്കും എതിരെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.സ്കൂൾ അധികൃതർ വിഷയത്തിൽ ഇത് വരെ പ്രതികരിച്ചിട്ടില്ല.
അരവിന്ദ് കെജ്‌രിവാൾ കമലഹാസനുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ:അരവിന്ദ് കെജ്‌രിവാൾ ചെന്നൈയിൽ കമലഹാസനുമായി കൂടിക്കാഴ്ച നടത്തി. കമലഹാസൻ രാഷ്ട്രീയത്തിലേക്ക് വരണമെന്നും അഴിമതിക്കെതിരായി പോരാടണമെന്നും കൂടിക്കാഴച്ചയ്ക്ക് ശേഷം കെജ്‌രിവാൾ പറഞ്ഞു.കമലഹാസന്റെ ഇളയ മകൾ അക്ഷര കെജ്‌രിവാളിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.തുടർന്ന് കമൽഹാസന്റെ ആൾവാർപേട്ടിലുള്ള ഓഫീസിൽ കൂടിക്കാഴ്ച നടത്തി.ഡൽഹി മുഖ്യമന്ത്രി തന്നെ കാണാൻ എത്തിയതിൽ സന്തോഷമുണ്ടെന്ന് കമൽഹാസൻ പറഞ്ഞു.അഴിമതിക്കെതിരെ പോരാടുന്നവരെല്ലാം തന്റെ ബന്ധുക്കളാണെന്നും ആ നിലയ്ക്ക് കെജ്‌രിവാളും തന്റെ ബന്ധുവാണെന്നും കമൽഹാസൻ പറഞ്ഞു.കമൽഹാസനുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് കെജ്‌രിവാളും വ്യക്തമാക്കി.നേരത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കമലാഹാസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചാലക്കുടിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
തൃശൂർ:ചാലക്കുടിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു.പുലർച്ചെ ഒരുമണിയോടെ ദേശീയപാതയിൽ ചാലക്കുടി ഹൈവേയിലായിരുന്നു അപകടം.കാക്കനാട് രാജഗിരി കോളേജിലെ ഒന്നാം വർഷ എം ബി എ വിദ്യാർത്ഥികളായ ബിമൽ സെബാസ്റ്റ്യൻ(23),ക്രിസ്റ്റി മാത്യു ഫിലിപ്പ്(24) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ബ്ലെൻസൻ.പി.വർഗീസ്(26) നെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലിക്കറ്റ് സർവകലാശാല ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് കാർ ലോറിക്ക് പിന്നിലിടിച്ചത്.
രണ്ടരക്കോടിയുടെ അസാധുനോട്ടുകളുമായി അഭിഭാഷകൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
പെരിന്തൽമണ്ണ:രണ്ടരക്കോടിയുടെ അസാധുനോട്ടുകളുമായി അഭിഭാഷകൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.രണ്ടു കാറുകളിലായി എത്തിയ ഇവരിൽ നിന്നും ഒരു എയർ പിസ്റ്റളും പിടിച്ചെടുത്തു.അഞ്ചു തിരുവനന്തപുരം സ്വദേശികളും ഒരു മലപ്പുറം സ്വദേശിയുമാണ് പിടിയിലായത്.തിരുവനന്തപുരം സ്വദേശി കണ്ണൻ കൃഷ്‌ണകുമാറാണ് പിടിയിലായ അഭിഭാഷകൻ.
കെ.ജനചന്ദ്രൻ വേങ്ങരയിൽ ബിജെപി സ്ഥാനാർത്ഥിയാകും
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കെ.ജനചന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകും.പാർട്ടി ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ്. സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രന്റെ പേരും ഉയർന്നു വന്നിരുന്നുവെങ്കിലും അവർ താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
മലബാർ സിമന്റ് അഴിമതി;വി.എം രാധാകൃഷ്‌ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
പാലക്കാട്:മലബാർ സിമന്റ്സ് അഴിമതി കേസിൽപ്പെട്ട വി.എം രാധാകൃഷ്‌ണന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.2004-08 കാലഘട്ടത്തിൽ സമ്പാദിച്ച 23 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.മലബാർ സിമെന്റ്സിന് ലാമിനേറ്റഡ് ബാഗ് വാങ്ങിയതിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ,മകൻ നിതിൻ എന്നിവരുൾപ്പെടെ പതിനൊന്നു പേർക്കെതിരെ വിജിലൻസ് തൃശൂർ വിജിലൻസ് കോടതിയിൽ കഴിഞ്ഞ വർഷം കുറ്റപത്രം സമർപ്പിച്ചിരുന്നു. മുംബൈ ആസ്ഥാനമായുള്ള റഷീദ് പാക്കേജ് എന്ന സ്ഥാപനത്തിൽ നിന്നാണ് ലാമിനേറ്റഡ് ബാഗുകൾ ഇറക്കുമതി ചെയ്തത്.ബാഗൊന്നിന് പത്തു രൂപ എന്ന ക്രമത്തിലായിരുന്നു ഇറക്കുമതി. ഇതിൽ 2.25 കോടി രൂപ രാധാകൃഷ്‌ണൻ കൈപറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ഒരു മലയാളി കൂടി ഐ എസ്സിൽ ചേർന്നതായി സ്ഥിതീകരണം
കോഴിക്കോട്:ഒരു മലയാളി കൂടി ഐ എസ്സിൽ ചേർന്നതായി സ്ഥിതീകരണം.മലപ്പുറത്തു നിന്നും കാണാതായ നജീബ് എന്ന യുവാവാണ് ഇസ്ലാമിക് സ്റ്റേറ്റിലെത്തിയതായി തന്റെ മാതാവിന് സന്ദേശം അയച്ചിരിക്കുന്നത്.ഇനി തന്നെ കാത്തിരിക്കേണ്ടെന്നും താൻ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ടെലിഗ്രാം ആപ്പ് വഴി അയച്ച സന്ദേശത്തിൽ പറയുന്നു.താൻ അയച്ച സന്ദേശം പോലീസിന് നൽകരുതെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് താൻ അവസാനമായി അയക്കുന്ന സന്ദേശമാണെന്നും പോലീസിനെ അറിയിച്ചാൽ നിങ്ങൾക്ക് തന്നെയാണ് കുഴപ്പമെന്നും മെസേജിൽ പറയുന്നു.എന്നാൽ തങ്ങൾ ഇന്ത്യക്കാരാണെന്നും ഇവിടെ ജീവിക്കാനാണ് ഇഷ്ട്ടപ്പെടുന്നതെന്നും പലായനം ചെയ്യാൻ ആവശ്യപ്പെട്ട നജീബിന് മാതാവ് മറുപടി നൽകി. കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതിയാണ് ഇയാൾ രാജ്യം വിട്ടത്.നജീബിന്റെ തിരോധാനത്തെ കുറിച്ച് എൻഐഎ അന്വേഷിച്ചു വരികയാണ്.