News Desk

ദേശീയപാതയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്ക്

keralanews two buses collide and 26 persons injured

തോട്ടട:ദേശീയപാതയിൽ ചിമ്മിണിയൻവളവിൽ ബസ്സുകൾ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്ക്.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റു ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.വൈകുന്നേരമായതിനാൽ വിദ്യാർത്ഥികളായിരുന്നു ബസ്സിൽ ഏറെയും.കോളേജിലെയും പോളിടെക്നിക്ക്,ഐ.ടി.ഐ എന്നിവിടങ്ങളിലെയും  വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്കാണ് പരിക്ക്.പരിക്കേറ്റ അക്ഷയയെ (20) തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബാക്കിയുള്ളവർ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.അപകടത്തിൽ രണ്ടു ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗതം സ്തംഭിച്ചു.

ഇരിട്ടി,പായത്ത് സിപിഎം-ആർഎസ്എസ് സംഘർഷം

keralanews cpm rss conflict in iritty payam

ഇരിട്ടി:പായം പഞ്ചായത്തിലെ മട്ടിണി,ഉദയഗിരി,കേളൻ പീടിക എന്നിവിടങ്ങളിൽ സിപിഎം-ആർഎസ്എസ് അക്രമം.കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്.പാർട്ടി ഓഫീസുകളും കൊടിമരവും തകർത്തു.ബോംബേറും ഉണ്ടായി.മട്ടിണിയിൽ ആർഎസ്എസ് കാര്യാലയത്തിന് തീയിട്ടു.ഓഫീസിനു മുൻപിലെ കൊടിമരവും നശിപ്പിച്ചു.കുന്നോത്ത് കേളൻപീടികയിൽ ബിജെപി പ്രവർത്തകൻ രാജേഷിന്റെ ഫർണിച്ചർ കടയ്ക്ക് നേരെയും അക്രമം ഉണ്ടായി.വിളമന ഉദയഗിരിയിൽ സിപിഎമ്മിന്റെ കൊടിമരം തകർക്കുകയും ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.ഈ പ്രദേശത്ത് മൂന്നു സ്ഥലങ്ങളിൽ ബോംബേറുണ്ടായി.ഉദയഗിരി റോഡിൽ റോഡിൽ ബോംബ് വീണുപൊട്ടി റോഡിൽ കുഴി രൂപം കൊണ്ടു.രാത്രി 10.30 ഓടെ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.അക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് വിഭാഗ് സമ്പർക്ക പ്രമുഖ സജീവൻ ആറളം പറഞ്ഞു.എന്നാൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ആർഎസ്എസ് അക്രമം അഴിച്ചു വിടുകയാണെന്ന് സിപിഎം ഇരിട്ടി ഏരിയ സെക്രെട്ടറി ബിനോയ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു.

പോലീസ് സ്റ്റേഷനിൽ കൊലക്കേസ് പ്രതിയുടെ അക്രമം

keralanews murder case accused violence in police station

പയ്യന്നൂർ:പോലീസ് സ്റ്റേഷനിൽ കൊലക്കേസ് പ്രതിയുടെ അക്രമം.പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ മാതമംഗലത്തെ സി.കെ ശ്രീധരനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി രാമന്തളിയിലെ നടവളപ്പിൽ ചന്ദ്രനാണ് ഇന്നലെ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചുവിട്ടത്.പോലീസ് സ്റ്റേഷനിൽ റൈറ്റർ ഇരിക്കുന്ന ക്യാമ്പിന്റെ ചില്ല് ഇയാൾ കൈകൊണ്ട് അടിച്ചു തകർത്തു.തുടർന്ന് ഇയാളെ സി.ഐ ഓഫീസിലെത്തിച്ചപ്പോൾ സിവിൽ പോലീസ് ഓഫീസറായ രാജേഷ് അരവഞ്ചാലിന്റെ പുതിയ സ്മാർട്ട് ഫോണും ഇയാൾ എറിഞ്ഞു തകർത്തു.ഓഗസ്റ്റ് 24 ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച്  കരിവെള്ളൂർ സ്വദേശിനിയും പാലക്കാട് ഗവ.ആശുപത്രിയിലെ ജീവനക്കാരിയുമായ രാധയുടെ പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലും ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.മുണ്ടക്കയത്ത് കഞ്ചാവ് കൈവശം വെച്ചതിന് റിമാൻഡിലായ ചന്ദ്രനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഇയാളെ ഇന്നലെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്‌ബിഐ മിനിമം ബാലൻസ് പിഴയും മിനിമം അക്കൗണ്ട് ബാലൻസും കുറച്ചു

keralanews sbi cuts minimum balance fine and minimum account balance

മുംബൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലൻസ് പിഴയും മിനിമം അക്കൗണ്ട് ബാലൻസും കുറച്ചു.20 മുതൽ 80 ശതമാനം വരെയാണ് എസ്‌ബിഐ മിനിമം ബാലൻസ് പിഴ കുറച്ചത്.മിനിമം അക്കൗണ്ട് ബാലൻസ് സംബന്ധിച്ച് മെട്രോ-നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സേവിങ്സ് അക്കൗണ്ടുകളിൽ വേണ്ട മിനിമം ബാലൻസ് മെട്രോകളിൽ 5000 ഇൽ നിന്നും 3000 ആയി കുറച്ചു.നഗരങ്ങളിൽ 3000 ആയി തുടരും.ഗ്രാമങ്ങളിലെയും അർദ്ധ നഗര പ്രദേശങ്ങളിലെയും കുറഞ്ഞ അക്കൗണ്ട് ബാലൻസ് യഥാക്രമം 1000,2000 തന്നെ ആയിരിക്കും.ജൻധൻ,ബേസിക് സേവിങ്സ്,സ്‌മോൾ,ഫെലകദം, ഫേലിഉദാൻ തുടങ്ങിയ അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ബാധകമല്ല.പുതിയ നിരക്ക് അനുസരിച്ച് ഗ്രാമങ്ങളിലും അർദ്ധനഗര പ്രദേശങ്ങളിലും 20 രൂപ മുതൽ 40 രൂപ വരെയും മെട്രോ,നഗര പ്രദേശങ്ങളിൽ 30 രൂപ മുതൽ 50 രൂപ വരെയുമാണ് സർവീസ് ചാർജ് ഈടാക്കുക.പ്രായപൂർത്തിയാകാത്തവരെയും പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെയും മിനിമം ബാലൻസ് സൂക്ഷിക്കേണ്ടവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ബാങ്ക് ഗ്യാരന്റി നൽകാത്ത 33 വിദ്യാർത്ഥികളെ പുറത്താക്കി

keralanews malabar medical college expelled 33students

കോഴിക്കോട്:കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ബാങ്ക് ഗ്യാരന്റി നൽകാത്ത 33 വിദ്യാർത്ഥികളെ പുറത്താക്കി.രണ്ടാഴ്ച മുൻപ് പ്രവേശനം നേടിയ വിദ്യാർത്ഥികളെയാണ് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നൽകാത്തതിനെ തുടർന്ന് പുറത്താക്കിയത്.ബാങ്ക് ഗ്യാരന്റി നൽകിയതിന് ശേഷം മാത്രമേ വിദ്യാർത്ഥികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കൂ എന്നാണ് മാനേജ്മെന്റിന്റെ നിലപാട്.സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്നും ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി ഈടാക്കാൻ സുപ്രീം കോടതി അനുവാദം നൽകിയിരുന്നു.ഇതിനെ തുടർന്ന് പല വിദ്യാർത്ഥികൾക്കും പ്രവേശനം നേടാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപടുകയും സർക്കാർ തലത്തിൽ ബാങ്ക് ഗ്യാരന്റി ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുകയാണ്.കുട്ടികളോട് ബാങ്ക് ഗ്യാരന്റി  ആവശ്യപ്പെടരുത് എന്ന് സർക്കാർ നിദേശിച്ചിരുന്നു.ഈ നിർദേശം നിലനിൽക്കെയാണ് മലബാർ മെഡിക്കൽ കോളേജ് അധികൃതരുടെ നടപടി.മെഡിക്കൽ പ്രവേശനത്തിന് പതിനൊന്നുലക്ഷം രൂപ ഫീസ് നിശ്ചയിച്ചതിൽ ആറുലക്ഷം രൂപയാണ് കുട്ടികൾ ബാങ്ക് ഗ്യാരന്റി നൽകേണ്ടത്.എന്നാൽ മലബാർ മെഡിക്കൽ കോളേജ് അഞ്ചുലക്ഷത്തിനു പകരം ഏഴുലക്ഷം രൂപ തങ്ങളോട് പ്രവേശന സമയത്ത് ഈടാക്കിയതായും വിദ്യാർഥികൾ പറയുന്നു.രണ്ടു കോളേജുകൾക്ക് പതിനൊന്നു ലക്ഷം രൂപ ഫീസ് വാങ്ങാനുള്ള അനുമതി നൽകിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് മുഴുവൻ കോളേജുകൾക്കും പതിനൊന്നു ലക്ഷം രൂപ ഫീസ് വാങ്ങാനുള്ള അനുമതി സുപ്രീം കോടതി നൽകിയത്.

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews high court will consider dileeps bail plea today

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇതിനു മുൻപ് രണ്ടു തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.നേരത്തെ ദിലീപിന് ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ച് തന്നെയാകും ഇത്തവണയും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. അതേസമയം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നലെ തീർപ്പു കല്പിച്ചിരുന്നു.കേസിൽ കാവ്യയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയതോടെയാണിത്.കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ ഒക്ടോബർ നാലിലേക്ക് കോടതി മാറ്റിവെയ്ക്കുകയും ചെയ്തു.

കോട്ടയം ഭാരത് ആശുപത്രിയിൽ സമരം ചെയ്ത 60 നഴ്സുമാരെ പിരിച്ചുവിട്ടു

keralanews sixty nurses are dismissed from kottayam bharath hospital

കോട്ടയം:കോട്ടയം ഭാരത് ആശുപത്രിയിൽ സമരം ചെയ്ത 60 നഴ്സുമാരെ പിരിച്ചുവിട്ടു.കഴിഞ്ഞ അമ്പതു ദിവസമായി ഇവർ സമരം ചെയ്യുകയായിരുന്നു.കരാർ അവസാനിച്ചു എന്ന കത്ത് നൽകിയാണ് വർഷങ്ങളായി ആശുപത്രിയിൽ ജോലി ചെയ്തിരുന്നവരെപോലും പിരിച്ചു വിട്ടത്.കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടിട്ടുള്ള നഴ്സുമാരുടെ കാലാവധി കഴിഞ്ഞതിനാലാണ് പിരിച്ചു വിട്ടതെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വിശദീകരണം.എന്നാൽ മാനേജ്മെന്റിന്റെ നടപടി അന്യായമാണെന്നും അത്തരത്തിലൊരു കരാർ നിലവിലുണ്ടോ എന്ന് അറിയില്ലെന്നും സമരക്കാർ പറയുന്നു.ഒരു വർഷം മുതൽ അഞ്ചു വർഷം വരെ സർവീസുള്ളവരെയാണ് മാനേജ്‌മന്റ് പിരിച്ചുവിട്ടിരിക്കുന്നത്.

കാവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് ഹൈക്കോടതി

keralanews kavyas anticipatory bail application is not relevant

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീർപ്പാക്കി.കാവ്യയുടെ അറസ്റ്റിനു സാധ്യതയില്ലാത്തതിനാൽ മുൻ‌കൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി.കേസിൽ കാവ്യയെ പ്രതി ചേർത്തിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.അതേസമയം നാദിർഷായുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബർ നാലിലേക്ക് മാറ്റി.കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപിനെതിരെ മൊഴി നല്കാൻ അന്വേഷണ സംഘം  സമ്മർദ്ദം ചെലുത്തുന്നുവെന്നും തന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നു എന്നുമുള്ള വാദവുമായാണ് നാദിർഷ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ  ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ചു കാവ്യാമാധവനും മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.എന്നാൽ നിലവിൽ ഇരുവരെയും പ്രതിചേർക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കുകയായിരുന്നു.

ചിറയിൻകീഴിൽ യുവാവിന് ക്രൂര മർദനം;മുഖ്യപ്രതി പിടിയിൽ

keralanews young man brutally assaulted in chirayinkeezhu one arrested

തിരുവനന്തപുരം:ചിറയിൻകീഴിൽ യുവാവിന് ക്രൂര മർദനം.ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാവിന് മർദനമേറ്റത്.ചിറയിൻകീഴ് കിഴുവിലം കൊച്ചാലുംമൂട് അബൂബക്കറിന്റെ മകൻ സുധീറിനാണ് മർദനമേറ്റത്.അക്രമ  ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.മുടപുരം എസ്.എൻ ജംഗ്ഷന് സമീപം ഈച്ചരൻവിളാകത് താമസിക്കുന്ന അനന്തു,ശ്രീക്കുട്ടൻ എന്നിവരാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഇതിൽ അനന്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാൾ പല ക്രിമിനൽ കേസുകളിലും പ്രതിയാണ്.രണ്ടാമത്തെ പ്രതി ശ്രീക്കുട്ടന് വേണ്ടി പോലീസ് തിരച്ചിൽ നടത്തുകയാണ്. അതേസമയം സംഭവത്തിൽ ആരും പരാതി നൽകാത്തതിനെ തുടർന്ന് സിസിടിവി  ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഭ്യാസപ്രകടനം ചോദ്യം ചെയ്ത യുവാവിനെ രണ്ടംഗസംഘം ക്രൂരമായി മർദിച്ച്‌ അവശനാക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.നിലത്തു വീണ ഇയാളെ ചവിട്ടുകയും ചെയ്യുന്നുണ്ട്.സ്ഥലത്ത് ആളുകൾ കൂടിയെങ്കിലും ആരും സംഭവത്തിൽ ഇടപെടുന്നില്ല.

കണ്ണൂരിൽ സി ജി എച് എസ് ഡിസ്‌പെൻസറി സ്ഥാപിക്കുന്നതിനെതിരെ തിരുവനന്തപുരം ലോബി

keralanews thiruvananthapuram lobby is against establishing cghs dispensary at kannur

കണ്ണൂർ:കണ്ണൂരിൽ സി ജി എച് എസ് ഡിസ്‌പെൻസറി സ്ഥാപിക്കുന്നതിനെതിരെ തിരുവനന്തപുരം ലോബി.തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മൂന്നു ഡിസ്പെൻസറികളിലൊന്ന് കണ്ണൂരിലേക്ക് മാറ്റാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് തിരുവനന്തപുരത്തു നിന്നും സമ്മർദ്ദമുണ്ടായത്.കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്നവയാണ് സി ജി എച് എസ് ഡിസ്‌പെൻസറി.ഇവിടെ മരുന്നുകളും സൗജന്യമായിരിക്കും. കേരളത്തിൽ അനുവദിച്ചിട്ടുള്ള മൂന്നു ഡിസ്പെൻസറികളും തിരുവനന്തപുരത്താണ് ഉള്ളത്.ഇതിലൊന്ന് കണ്ണൂരിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് കെ.കെ രാഗേഷ് എം.പി നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തിരുന്നു.ഈ നീക്കത്തിനെതിരെയാണ് തിരുവനന്തപുരത്ത്  നിന്നും എതിർപ്പുണ്ടായിരിക്കുന്നത്.ഡിസ്‌പെൻസറി കണ്ണൂരിൽ നിലവിൽ വന്നാൽ കണ്ണൂർ,കോഴിക്കോട്,കാസർകോഡ് എന്നിവിടങ്ങളിലുള്ള കേന്ദ്ര ഗവ.ജീവനക്കാർക്കും പെൻഷൻകാർക്കും ദീർഘയാത്ര ഒഴിവാക്കാനുള്ള അവസരം ലഭിക്കും.സൗജന്യ ചികിത്സ,മരുന്ന്,മൂന്നു കിലോമീറ്ററിനുള്ളിൽ വീട്ടിലെത്തിയുള്ള ചികിത്സ എന്നിവയും ഡിസ്‌പെൻസറി നിലവിൽ വന്നാൽ ലഭ്യമാകും.