കൊച്ചി:കൊച്ചിയിൽ യുവതികളുടെ ആക്രമണത്തിന് ഇരയായ ഓൺലൈൻ ടാക്സി ഡ്രൈവർ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷഫീഖ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. ഷെഫീക്കിനെതിരെ സ്ത്രീ പീഡന വകുപ്പ് ചുമത്തിയതിനെ കോടതി ശക്തമായി വിമർശിക്കുകയും ചെയ്തു.യുവതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഒരു യുവതി ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് ഷെഫീക്കിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയത്. ഷെഫീക്കിന്റെ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.ഈ മാസം 20നാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ ഷഫീഖിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചത്. അക്രമത്തില്‍ ഷഫീഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു.എന്നാൽ നിസാര കുറ്റം ചുമത്തി യുവതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പോലീസ് ഷെഫീഖിനെതിരെ കേസെടുക്കുകയായിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ബാറ്ററി ചാർജറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തു
കോഴിക്കോട്:കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ബാറ്ററി ചാർജറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.ഒരുകോടിയിലേറെ രൂപ വിലമതിക്കുന്നതാണ് സ്വർണം.സംഭവത്തിൽ ഷാർജയിൽ നിന്നും കരിപ്പൂരിലെത്തിയ എയർ അറേബ്യാ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ തലശ്ശേരി പൊന്ന്യം വെസ്റ്റ് കണ്ണോത്ത് മുഹമ്മദ് നകാശിനെ(24) പോലീസ് അറസ്റ്റ് ചെയ്തു.പവർ സിസ്റ്റത്തിന്റെയും ബാറ്ററി ചാർജറിന്റെയും യഥാർത്ഥ പാനൽ മാറ്റിയ ശേഷം സ്വർണ്ണം കൊണ്ടുള്ള പാനൽ സ്ഥാപിച്ചാണ് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും
ന്യൂഡൽഹി:ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ7.30ന് വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദില്ലിയില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും. ബിഷപ് ഹൗസിലെത്തുന്ന ഉഴുന്നാലില്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അടക്കമുള്ള വൈദികരുമായി കൂടിക്കാഴ്ച നടത്തും.വൈകിട്ട് സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും..29ന് ബംഗളൂരുവിലെ സെലേഷ്യന്‍ ആസ്ഥാനത്തേക്ക് പോകും. രണ്ടു ദിവസത്തിന് ശേഷം കേരളത്തിലേക്ക് തിരിക്കും.
നടിയെ ആക്രമിച്ച കേസ്;റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗായിക റിമി ടോമിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.പോലീസ് അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കെയാണ് റിമിയെ ചോദ്യം ചെയ്യാൻ പോലീസ് കോടതിയുടെ അനുവാദം ചോദിച്ചിരിക്കുന്നത്. ഇതിനായുള്ള അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ചു. റിമി ടോമിയെക്കൂടാതെ മറ്റ് നാലുപേരുടെ മൊഴികൂടി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.ഇതിനുമുൻപ് റിമിയെ ഫോണിൽ വിളിച്ച് അന്വേഷണസംഘം വിവരങ്ങൾ ചോദിച്ചിരുന്നു.ഇതിൽ നിന്നും ലഭിച്ച വിവരങ്ങൾ കേസിന് സഹായകരമാകും എന്ന് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണ സംഘം റിമി ടോമിയുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.
ദിലീപിന്റെ ജാമ്യഹർജി വിധിപറയാനായി മാറ്റി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദവും പൂർത്തിയായി.കേസ് വിധിപറയാനായി മാറ്റിവെച്ചു.ദിലീപിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ നിരത്തി.ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും ജാമ്യം നൽകരുതെന്നും മുൻപത്തെ സ്ഥിതി മാറിയിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഒന്നരക്കോടി രൂപയ്ക്കാണ് ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത്. പോലീസ് പിടിച്ചാൽ ഇത് മൂന്ന് കോടി രൂപ നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതുവഴി ദിലീപിന് 65 കോടി രൂപയുടെ നേട്ടമുണ്ടാകുമായിരുന്നു. എന്നാൽ നേട്ടം എങ്ങനെയുണ്ടാകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയില്ല. പൾസർ സുനി തന്റെ സഹതടവുകാരായ വിപിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നതായാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.വിപിൻലാലിന്റെ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു.മാത്രമല്ല, കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ദിലീപിനെതിരേ മൊഴി നൽകിയിരിക്കുന്നയാളെ ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍റെ ഡ്രൈവർ സുധീർ നിരവധി തവണ ഫോണിൽ വിളിച്ചതിന്‍റെ രേഖയാണ് പോലീസിന്‍റെ കൈവശമുള്ളത്. സുധീർ നാൽപ്പതിലേറെ തവണ ഇയാളെ വിളിച്ചുവെന്നും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.അതേസമയം നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഫോൺ എവിടെ എന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.ഫോൺ കണ്ടെത്തിയിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.നേരത്തെ ഹൈക്കോടതി രണ്ടു തവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പരിയാരം ഖാദി സെന്ററിൽ നിന്നും ഒരുലക്ഷം രൂപയുടെ തുണി മോഷ്ടിച്ചു
പരിയാരം:പരിയാരം ചുടലയിലെ ഖാദി സെന്ററിൽ നിന്നും ഒരുലക്ഷം രൂപയുടെ തുണി മോഷ്ടിച്ചു.തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്.മുണ്ടുകളും സാരികളും ബെഡ്ഷീറ്റുകളുമടക്കം ഒരുലക്ഷം രൂപയുടെ തുണികൾ മോഷണം പോയി.കെട്ടിടത്തിന്റെ പിൻഭാഗത്തെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്.പരിയാരം മെഡിക്കൽ കോളേജ് പോലീസ് പരിശോധന നടത്തി.കൂടുതൽ അന്വേഷണത്തിനായി വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുത്തു.ഇത് മൂന്നാം തവണയാണ് ഇവിടെ കവർച്ച നടക്കുന്നത്.
നടുവിൽ മൈലംപെട്ടി കൂളിപ്പുനത്ത് ഉരുൾപൊട്ടൽ
നടുവിൽ:നടുവിൽ മൈലംപെട്ടി കൂളിപ്പുനത്ത് ഉരുൾപൊട്ടൽ.ഇന്നലെ പെയ്ത കനത്ത മഴയിലാണ് ഉരുൾപൊട്ടലുണ്ടായത്.നിരവധി കൃഷിയിടങ്ങൾ നശിച്ചു.കൂളിപ്പുനത്ത് നിന്നും മൈലംപെട്ടിയിലേക്കുള്ള റോഡ് പൂർണ്ണമായും തകർന്നു.ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.ഉരുൾ പൊട്ടിയുണ്ടായ മലവെള്ളത്തിന്റെ ഒരുഭാഗം മൈലംപെട്ടി സ്കൂളിന്റെ മുറ്റത്തുകൂടിയാണ് ഒഴുകിയത്.സ്കൂളിന്റെ മതിൽ തകർന്നിട്ടുണ്ട്.റോഡ് തകർന്നതിനാൽ വാഹങ്ങൾക്ക് പോകാൻ സാധിക്കുന്നില്ല.അതുകൊണ്ടു തന്നെ കൃത്യമായ നാശനഷ്ടങ്ങൾ വിലയിരുത്താൻ സാധിച്ചിട്ടില്ല.
വേങ്ങര ഉപതിരഞ്ഞെടുപ്പിൽ രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിൽ രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു.ഇതോടെ മത്സരരംഗത്തുള്ളവരുടെ എണ്ണം ആറായി.സ്വതന്ത്ര സ്ഥാനാർഥികളായി അബ്ദുൽ മജീദ്,ഇബ്രാഹിം എം.വി എന്നിവരാണ് പത്രിക പിൻവലിച്ചത്.അടുത്ത മാസം 11 നാണ് തിരഞ്ഞെടുപ്പ്.
നടിയെ ആക്രമിച്ച കേസ്;ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പോലീസ്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പോലീസ്.കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇതിന് തെളിവുകളുണ്ടെന്നും പോലീസ് പറഞ്ഞു.ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകരുതെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.പ്രോസിക്യൂഷൻ വാദം ഇന്ന് നടക്കാനിരിക്കെയാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന വിവരം പൊലീസിന് ലഭിച്ചിരിക്കുന്നത്.ഇവയെല്ലാം കണക്കിലെടുത്ത് ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുമെന്നാണ് റിപ്പോർട്.
പാകിസ്ഥാനിൽ തക്കാളിക്ക് റെക്കോർഡ് വില
ഇസ്ലാമാബാദ്:പാകിസ്ഥാനിൽ തക്കാളിക്ക് റെക്കോർഡ് വില.ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി നിലച്ചതോടെയാണ് ഇതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം 300 രൂപയായിരുന്നു ഒരു കിലോ തക്കാളിയുടെ വില. ആഭ്യന്തര വിപണിയിൽ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്.ഇന്ത്യയിൽ നിന്ന് എല്ലാവർഷവും തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്.എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ അതിർത്തിയിൽ കണ്ടയ്നറുകൾ കടത്തി വിടുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് വിതരണം നിലയ്ക്കാൻ ഇടയാക്കിയത്.ബലൂചിസ്ഥാനിൽ നിന്നും സിന്ധ് പ്രവിശ്യയിൽ നിന്നുമാണ് ഇപ്പോൾ തക്കാളിയും ഉള്ളിയും രാജ്യത്തെത്തുന്നത്.ഇന്ത്യയിൽ നിന്നും ഇനി പച്ചക്കറികൾ ഇറക്കുമതി ചെയ്യില്ലെന്നും വ്യാപാരികൾ പറയുന്നു.