മുംബൈ:മുംബൈ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 27 പേർ മരിച്ചു.30 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്.രാവിലെ 10.45 ഓടെയായിരുന്നു അപകടം.രാവിലെ മുംബൈയിൽ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകൾ കൂട്ടമായി പാലത്തിൽ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. കനത്ത മഴ പെയ്തതോടെ ലോക്കൽ ട്രെയിനുകളിൽ ചിലത് വൈകിയാണ് എത്തിയത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ നാല് ട്രെയിൻ സ്റ്റേഷനിൽ എത്തിയതോടെ ആളുകൾ സ്റ്റേഷനിൽ നിറഞ്ഞു. മഴ കാരണം പലരും പോകാൻ മടിച്ച് മേൽപ്പാലത്തിൽ നിന്നതോടെയാണ് തിരക്ക് അനിയന്ത്രിതമായതും ദുരന്തം സംഭവിച്ചതും.തിരക്കിനിടെ പലരും നിലത്തു വീണു. ചവിട്ടേറ്റാണ് പലരും മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
കൂത്തുപറമ്പ്: പാട്യം കൊങ്ങാറ്റയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.കോങ്ങാറ്റയിലെ മിനി നിവാസിൽ മലപ്പിലായി മുകുന്ദന്‍റെ ഭാര്യ പനയാട ലീല(60)യാണു മരിച്ചത്.ഇവരെ രക്ഷിക്കാൻ ശ്രമിച്ച മകനും ഷോക്കേറ്റു.ഇന്നലെ രാവിലെ ആറേകാലോടെയായിരുന്നു സംഭവം.വീട്ടുപറമ്പിലെ മുരിക്കു മരത്തിന്‍റെ കൊമ്പ് വൈദ്യുത ലൈനിനു മുകളിൽ വീണതിനെത്തുടർന്ന് ലൈൻ പൊട്ടി പറമ്പിലേക്ക് വീഴുകയായിരുന്നു.ഇക്കാര്യമറിയാതെ വാഴത്തോട്ടത്തിലേക്ക് ഇറങ്ങിയ ലീലയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ മകൻ മിനീഷ്(39) ലീലയെ പിടിച്ചുമാറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾക്കും ഷോക്കേറ്റു. ഉടൻ ഓടിയെത്തിയ ലീലയുടെ ഭർത്താവ് മരവടിയെടുത്ത് മിനീഷിന്‍റെ ദേഹത്ത് അടിച്ച് വൈദ്യുതിബന്ധം വേർപെടുത്തി.ഷോക്കേറ്റ് പൊള്ളലേറ്റ മിനീഷിന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നല്കി. ഈസമയം ഇതുവഴി കടന്നുപോയ ബൈക്ക് യാത്രികനാണ് പൊട്ടിയ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
ഫാ.ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി
ന്യൂഡൽഹി: യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി.റോമിൽ നിന്നും എയർഇന്ത്യ വിമാനത്തിലാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ നേതൃത്വത്തിൽ എംപിമാരായ കെ.സി വേണുഗോപാൽ, ജോസ് കെ. മാണി, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവർ ചേർന്നു അദ്ദേഹത്തെ സ്വീകരിച്ചു.രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫാ.ടോം ഉഴുന്നാലിൽ കൂടിക്കാഴ്ച നടത്തി.പിന്നീട് 11.30ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.വെള്ളിയാഴ്ച ബംഗളൂരുവിൽ എത്തുന്ന ഫാ. ടോം സെന്‍റ് ജോണ്‍സ് മെഡിക്കൽ കോളേജിൽ കർദിനാൾമാരുമായും സിബിസിഐ നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. ഒക്ടോബർ ഒന്നിനു കേരളത്തിലെത്തും.മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ സന്ദർശിക്കും.
കീഴാറ്റൂർ സമരം താൽക്കാലികമായി അവസാനിപ്പിച്ചു
കണ്ണൂർ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കീഴാറ്റൂരിലൂടെ വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെ വയൽക്കിളികൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തി വന്ന പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബദൽ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. ഇക്കാര്യത്തിൽ സമവായം ഉണ്ടാകുന്നതുവരെ വിജ്ഞാപനം പുറത്തിറക്കില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം സമരം താത്കാലികമായി അവസാനിപ്പിക്കുന്നതായി സമരസമിതി അറിയിച്ചു. സുധാകരന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കു ശേഷമാണ് സമരം പിൻവലിക്കുന്നതായി സമരാനുകൂലികൾ അറിയിച്ചത്.
കെ.എസ്.ആർ.ടി.സിയിൽ ഇനി മുതൽ ഡ്രൈവർ കം കണ്ടക്റ്റർ രീതി നിലവിൽ വരും
തിരുവനതപുരം:കെ.എസ്.ആർ.ടി.സിയിൽ ഇനി മുതൽ ഡ്രൈവർ കം കണ്ടക്റ്റർ രീതി നിലവിൽ വരും.തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുക,സാമ്പത്തിക ലാഭം എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.ദീർഘദൂര സർവീസുകളിലാണ് പദ്ധതി നടപ്പിലാക്കുക.ദീർഘദൂര ബസുകൾ അപകടത്തിൽ പെടുന്നതിന്റെ പ്രധാന കാരണം ഡ്രൈവർമാർക്ക് ആവശ്യത്തിന് വിശമം ലഭിക്കാത്തതാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നടപടി.ഒക്ടോബർ അഞ്ചുമുതലാണ് പദ്ധതി നടപ്പിലാക്കുക.പുതിയ സംവിധാനം നിലവിൽ വന്നാൽ യാത്രയുടെ പകുതി ദൂരം ഡ്രൈവറും കണ്ടക്റ്ററും ജോലികൾ പരസ്പ്പരം കൈമാറും.ഇതോടെ ഡ്രൈവർക്ക് അമിത ജോലി ഭാരം ഒഴിവാകുകയും ചെയ്യും.സംസ്ഥാനത്തെ ദീർഘദൂര ബസുകളിലടക്കം 42 സർവീസുകളിലാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുക.ഈ റൂട്ടുകളിൽ വോൾവോ,സ്‌കാനിയ,സിൽവർ ജെറ്റ്,മിന്നൽ,ഡീലക്സ് എന്നീ സർവീസുകളിൽ ഇനി മുതൽ ഈ പരിഷ്‌ക്കാരം നിലവിൽ വരും.
ആറളം പന്നിമൂലയിൽ സിപിഎം ഓഫീസിനു നേരെ കരിഓയിൽ പ്രയോഗം
ഇരിട്ടി:ആറളം പന്നിമൂലയിൽ സിപിഎം ഓഫീസിനു നേരെ കരിഓയിൽ പ്രയോഗം.സിപിഎം പന്നിമൂല ബ്രാഞ്ച് കമ്മിറ്റി ഓഫീസായ അനന്തൻ സ്മാരക മന്ദിരത്തിനു നേരെയാണ് കരിഓയിൽ പ്രയോഗമുണ്ടായത്.ഒടാക്കലില്‍ സിപിഎം പ്രചാരണ ബോര്‍ഡുകളും കൊടിയും തോരണവും നശിപ്പിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ ആറളം പഞ്ചായത്തിലെ ചെടിക്കുളം, കീഴ്പ്പള്ളി, വെളിമാനം തുടങ്ങിയ പ്രദേശങ്ങളിലെ ബിജെപി, ലീഗ്, കോണ്‍ഗ്രസ് എന്നിവരുടെ കൊടിയും കൊടിമരങ്ങളും നശിപ്പിച്ചിരുന്നു.ആറളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.നാട്ടിൽ ക്രമസമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി ‘ചങ്ങാതി’ ഈ മാസം മുപ്പതിന് ഉൽഘാടനം ചെയ്യും
കണ്ണൂർ:പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി ‘ചങ്ങാതി’ ഈ മാസം മുപ്പതിന് ഉൽഘാടനം ചെയ്യും.വൈകുന്നേരം 2.30 ന് ചിറക്കൽ ഇന്ദുലേഖ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം നിർവഹിക്കും.ചടങ്ങിൽ മറുനാടൻ തൊഴിലാളികളെ എഴുത്തിനിരുത്തുകയും ചെയ്യും.ചിറയ്ക്കൽ പഞ്ചായത്തിനെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.പിന്നീട് ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ സർവ്വേ നടത്തും.ഇതിനായി വോളന്റിയർമാർക്കുള്ള പരിശീലനവും മുപ്പതാം തീയതി നൽകും.തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും ജോലിചെയ്യുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് സർവ്വേ നടത്തുക.ഓരോവാർഡിലും വാർഡ് അംഗം ചെയർമാനായ കമ്മിറ്റിയാണ് സർവ്വേ നടത്തുക.സർവ്വേ വിവരങ്ങൾ ശേഖരിച്ച ശേഷം നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങും.ആദ്യഘട്ടത്തിൽ ഇവരെ മലയാളം പഠിപ്പിക്കുന്നതിനോടൊപ്പം അവരുടെ ശുചിത്വം,ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനുള്ള ക്യാമ്പുകളും സംഘടിപ്പിക്കും.
കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം:കൊല്ലം ഏരൂരിൽ നിന്നും ഇന്നലെ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.ഏരൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ മൃതദേഹമാണ് കുളത്തൂപുഴയിലെ റബ്ബർ എസ്റ്റേറ്റ് ഷെഡിൽ നിന്നും കണ്ടെത്തിയത്.സംഭവത്തിൽ കുട്ടിയുടെ ചിറ്റപ്പൻ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ് പോലീസിനോട് പറഞ്ഞു.ശ്രീലക്ഷ്മിയുടെ അമ്മയുടെ സഹോദരീഭർത്താവാണ് രാജേഷ്.രാജേഷിനൊപ്പം സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു പെൺകുട്ടി.എന്നാൽ കുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധികൃതർ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു.പിന്നീട് നടത്തിയ തിരച്ചിലിലാണ് റബ്ബർ എസ്റ്റേറ്റ് ഷെഡിൽ മരിച്ചനിലയിൽ കുട്ടിയെ കണ്ടെത്തിയത്.സ്കൂളിന് സമീപത്തുളള സിസിടിവിയിൽ നിന്നും കുട്ടി രാജേഷിനോടൊപ്പം നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ഒക്ടോബർ അഞ്ചു മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു.സ്വകാര്യ ബസ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയതിനെ തുടർന്നാണ് ബസ് സമരം മാറ്റിവെച്ചത്.
കോഴിക്കോട് ആപ്പിൾ സ്മാർട്ട് ഐഫോൺ 6 എക്സ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
കോഴിക്കോട്:കോഴിക്കോട് ആപ്പിൾ സ്മാർട്ട് ഐഫോൺ 6 എക്സ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്.നന്മണ്ട കുറൂളിപ്പറമ്പത്ത് ഇസ്മയിലിന്റെ മകൻ പി.കെ ജാഷിദിനാണ് പരിക്കേറ്റത്. ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.ഇന്നലെ രാവിലെ കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ജീൻസിന്റെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഫോൺ പൂർണ്ണമായും കത്തി നശിച്ചു.ജീൻസിന്റെ പോക്കറ്റും കത്തി.അപകടത്തിൽ പരിക്കേറ്റ ജാഷിദ് കോഴിക്കോട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.ആപ്പിൾ കമ്പനിക്കും പരാതി നൽകുമെന്ന് ജാഷിദ് പറഞ്ഞു.