തിരുവനന്തപുരം:സർക്കാർ ഓഫീസുകളിലെ പാർട്ട് ടൈം,താൽക്കാലിക ജീവനക്കാർക്കും ഇനി മുതൽ സൗജന്യ റേഷൻ നല്കാൻ തീരുമാനം.ഒരു ലക്ഷത്തോളം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ഇതിൽ ഏറെപ്പേരും നേരത്തെ ബിപിഎൽ പട്ടികയിൽ ഉണ്ടായിരുന്നവരാണ്. മാസവരുമാനം 25000 രൂപയിൽ താഴെ ഉള്ളവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇവർക്ക് നാലുചക്ര വാഹനമോ ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഉണ്ടാകാൻ പാടില്ല.ക്ലാസ് ഫോർ തസ്തികയിൽ നിന്ന് വിരമിച്ച പെൻഷൻ വാങ്ങുന്നവരെയും 5000 രൂപയ്ക്ക് താഴെ പെൻഷൻ വാങ്ങുന്നവരെയും 10000 രൂപയ്ക്ക് താഴെ സ്വാതന്ത്യ പെൻഷൻ വാങ്ങുന്നവരെയുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക.
കൊച്ചി മെട്രോ ചൊവ്വാഴ്ച്ച മുതൽ മഹാരാജാസ് വരെ ഓടി തുടങ്ങും
കൊച്ചി:കൊച്ചി മെട്രോ ചൊവ്വാഴ്ച്ച മുതൽ മഹാരാജാസ് വരെ ഓടി തുടങ്ങും.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് പുരിയും ചേര്‍ന്നാവും ഉദ്ഘാടനം നിര്‍വഹിക്കുക. ഇരുവരും ചേർന്ന് പുതിയ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തിന് ശേഷം പുതിയ പാതയിലൂടെ യാത്ര ചെയ്ത ചെയ്യും. തുടര്‍ന്ന് ടൗൺ ഹാളിൽ ഉദ്ഘാടനച്ചടങ്ങും നടക്കും.അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 18 കിലോമീറ്ററാവും.നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്ക് കൂടി മെട്രോ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ.അഞ്ച് സ്റ്റേഷനുകളാണ് കലൂര്‍ മുതല്‍ മഹാരാജാസ് വരെയുള്ള ഭാഗത്ത് ഉള്ളത്. നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി, എംജി റോഡ്, മഹാരാജാസ് എന്നിവയാണ് സ്റ്റേഷനുകള്‍.വ്യത്യസ്തവും ആകര്‍ഷകവുമായ തീമുകളും ഡിസൈനുകളുമാണ് ഉപയോഗിച്ചാണ് അഞ്ച് സ്റ്റേഷനുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്
കാസർകോഡ് കാനറാ ബാങ്ക് എ ടി എമ്മിൽ വൻ കവർച്ച ശ്രമം
കാസർകോഡ്:കാസർകോഡ് പെരിയയിൽ കാനറാ ബാങ്ക് എ ടി എമ്മിൽ വൻ കവർച്ച ശ്രമം.16 ലക്ഷത്തോളം രൂപ കവർച്ച ചെയ്യപ്പെട്ടതായാണ് ബാങ്ക് അധികൃതർ പറയുന്നത്.എന്നാൽ പണം നഷ്ട്ടപ്പെട്ടിട്ടില്ല എന്നാണ് പോലീസിന്റെ വാദം.ബാങ്ക് രേഖകൾ പ്രകാരം 20 ലക്ഷം രൂപ എ ടി എമ്മിൽ നിറച്ചിരുന്നു.ഇതിൽ നാലു ലക്ഷം രൂപ ഉപഭോക്താക്കൾ പിൻവലിച്ചിരുന്നു.ബാക്കി പണം ക്യാഷ് ബോക്സിൽ ഉണ്ടെന്നാണ് കരുതുന്നത്.വിദഗ്ദ്ധ സംഘം പരിശോധന നടത്തിയാൽ മാത്രമേ പണം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാവുകയുള്ളൂ.മോഷ്ട്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി യിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.മുഖംമൂടി ധരിച്ച രണ്ടുപേരാണ് ദൃശ്യങ്ങളിൽ ഉള്ളത്.സംഭവസ്ഥലത്തു വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി വരികയാണ്.
സ്വകാര്യ ബസ് ഉടമകളായ കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടിയെടുക്കും
തിരുവനന്തപുരം:സ്വകാര്യ ബസ് ഉടമകളായ കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി മാനേജ്‌മന്റ്.ഇതിന്റെ ഭാഗമായി സ്വകാര്യ ബസ് ഉടമകളായ 17 കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഇപ്പോൾ ജോലി ചെയ്യുന്ന ഡിപ്പോകളിൽ നിന്നും ദൂര സ്ഥലത്തേക്ക് സ്ഥലം മാറ്റി.ജീവനക്കാർ സ്വന്തം ഉടമസ്ഥതയിലുള്ള ബസുകൾക്ക് വേണ്ടി കെ എസ് ആർ ടി സി ഷെഡ്യുളുകൾ അട്ടിമറിക്കുന്നു എന്ന ആക്ഷേപത്തെ തുടർന്നാണിത്.കെ എസ് ആർ ടി സി യിലെ ചില ജീവനക്കാർ സ്വന്തം ഉടമസ്ഥതയിലുള്ള ബസുകൾക്കും മറ്റു സമാന്തര സർവീസുകൾക്കുമായി കെ എസ് ആർ ടി സി സർവീസുകൾ അട്ടിമറിക്കുന്നു എന്ന ഏകക്ഷേപം ഉണ്ടായതിനെ തുടർന്ന് ഇതിനെ കുറിച്ച് അന്വേഷിക്കാൻ എം.ഡി രാജമാണിക്യം തന്നെ നേരിട്ട് രഹസ്യാന്വേഷണം നടത്തി.അന്വേഷണത്തിൽ ആരോപണം ശരിയാണെന്നു കണ്ടതിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി ഉണ്ടായിരിക്കുന്നത്.കെ എസ് ആർ ടി സി യെ ലാഭത്തിലാക്കാൻ പൂർണ്ണമായും സഹകരിക്കണമെന്ന് ആവശ്യപ്പെടുന്ന രാജമാണിക്യം കെ എസ് ആർ ടി സി യെ തകർക്കാൻ ശ്രമിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.
സൗദിയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ കൊല്ലപ്പെട്ടു
റിയാദ്:സൗദിയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ കൊല്ലപ്പെട്ടു.മലപ്പുറം മങ്കട സ്വദേശി അജിത്,കണ്ണൂർ പയ്യന്നൂർ സ്വദേശി അജിത് എന്നിവരാണ് മരിച്ചത്.വെളളിയാഴ്ച പുലർച്ചെ സൗദി-ദുബായ് അതിർത്തിയിലെ സാൽവയിലാണ് അപകടമുണ്ടായത്.നാലു മലയാളി യുവാക്കൾ സഞ്ചരിച്ച കാർ ട്രെയിലറിന് പിന്നിൽ ഇടിക്കുകയായിരുന്നു.രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇവരെ സൗദിയിലെ അൽ അഹ്‌സ,സൽവ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബഹ്‌റിനിൽ നിന്നും യുഎഇ യിലേക്ക് പോവുകയായിരുന്നു ഇവർ.മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കൊല്ലത്ത് എഴ് വയസ്സുകാരി പീഡനത്തിനിരയായി മരിച്ച സംഭവം; പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച
കൊല്ലം:കൊല്ലം ഏരൂരിൽ രണ്ടാം ക്ലാസുകാരി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച. മൃതദേഹം കണ്ടെത്തിയ ആർപിഎൽ എസ്റ്റേറ്റിൽ രാത്രി വരേയും പൊലീസ് തെരച്ചില്‍ നടത്തിയില്ല എന്നാണ് പരാതി.. കുട്ടിയുമായി പ്രതി ഇവിടേക്ക് ബസ് കയറിയെന്ന് രാവിലെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഏരൂർ എസ്.ഐ ലിസിക്കെതിരെ നടപടിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി.ലിസിയെ ചുമതലകളിൽ നിന്നും മാറ്റി നിർത്താനാണ് നിർദേശം.പീഡനത്തിനിരയായി മരിച്ച രണ്ടാം ക്ലാസ് വിദ്യാർഥിനി ശ്രീലക്ഷ്മിയുമായി പ്രതി രാജേഷ് കുളത്തൂപ്പുഴക്ക് ബസ് കയറി എന്ന വിവരം കുട്ടിയെ കാണാതായ ആദ്യ മണിക്കൂറിൽ തന്നെ ഏരൂർ പൊലീസിന് ലഭിച്ചിരുന്നു. കുളത്തൂപ്പുഴക്ക് സമീപത്തായാണ് രാജേഷിന്റെ വസതി. ഇതിനടുത്തുള്ള പൊതുമേഖല സ്ഥാപനമായ ആർപിഎൽ എസ്റ്റേറ്റിനുള്ളിലാണ് തൊട്ടടുത്ത ദിവസം ശ്രീലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടിയെ കാണാതായ ബുധനാഴ്ച രാത്രി വരെ പൊലീസ് ഇവിടെ യാതൊരു അനേഷണത്തിനും എത്തിയില്ലെന്ന് എസ്റ്റേറ്റ് ചെക്ക് പോസ്റ്റിലെ വാച്ച് മാൻ പറയുന്നു.കുട്ടിയെ കാണാതായ വിവരം അറിയിച്ചിട്ടും എസ്.ഐ ലിസി പരാതിയെ ഗൗരവമായി കണ്ടില്ലെന്നും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.മാത്രമല്ല സംഭവ ദിവസം ലിസി അന്വേഷണത്തിൽ സഹകരിക്കാതെ ലീവെടുത്ത് വീട്ടിൽ പോയെന്നും ആരോപണമുണ്ട്.
മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് പരാതി. മരഞ്ചാട്ടി സ്വദേശി പുതിയാട്ടുകുണ്ടില്‍ ബഷീറിനെയാണ് ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മരഞ്ചാട്ടിയിലെ അംഗന്‍വാടിക്ക് മുന്നില്‍ വെച്ചാണ് ബഷീറിനെ ടിപ്പര്‍ ഇടിപ്പിച്ച് പരിക്കേല്‍പിച്ചത്.ഓടികൊണ്ടിരുന്ന ടിപ്പറിന്‍റെ വാതില്‍ തുറന്ന് നടന്ന് പോവുകയായിരുന്ന ബഷീറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.റോഡില്‍ വീണ ബഷീറിനെ പിന്നില്‍ വന്ന ടിപ്പര്‍ ലോറിയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.ഇയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.അപകടത്തിൽ ബഷീറിന്‍റെ നാലുപല്ലുകള്‍ നഷ്ടപ്പെട്ടു.മുക്കം മേഖലയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ നിരന്തരം സമരരംഗത്തുള്ള പരിസ്ഥിതി പ്രവര്‍ത്തകനാണ് ബഷീര്‍.ക്വാറികള്‍ക്കെതിരെ സമരം നടത്തിയാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ബഷീറിന്‍റെ സുഹൃത്തുക്കള്‍ പറയുന്നു.
മട്ടന്നൂർ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലേക്ക് സ്ഥിരം സമിതിയധ്യക്ഷന്മാരെ തിരഞ്ഞെടുത്തു.എം.റോജ (ആരോഗ്യം),പി.പി ഷാഹിനാ (വികസനം),വി.പി ഇസ്മായിൽ(ക്ഷേമകാര്യം),കെ.സുരേഷ് കുമാർ (പൊതുമരാമത്ത്),പി.പ്രസീന(വിദ്യാഭ്യാസം) എന്നിവരാണ് സ്ഥിരം സമിതി അധ്യക്ഷന്മാർ.വരണാധികാരി ഡി.എഫ്.ഓ സുനിൽ പാമിഡി,നഗരസഭാ സെക്രെട്ടറി എം.സുരേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
കേരളത്തിൽ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിക്കുന്നു
തിരുവനന്തപുരം:50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കേരളത്തിൽ നിരോധിക്കുന്നു.സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയിട്ടുണ്ട്.ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിരോധനം പ്രാബല്യത്തിൽ വരുത്തുക.മുന്നറിയിപ്പില്ലാതെ മുഴുവൻ പ്ലാസ്റ്റിക് ക്യാരി ബാഗുകളും നിരോധിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകും എന്നതിനാലാണ് തുടക്കത്തിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധനവുമായി മുന്നോട്ട് പോകുന്നത്.
ഇന്ന് വിജയദശമി;ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് അറിവിന്റെ ആദ്യാക്ഷരം നുണയുന്നു
തിരുവനന്തപുരം:ഇന്ന് വിജയദശമി.അറിവിന്റെ ആദ്യാക്ഷരം നുണഞ്ഞ് ആയിരക്കണക്കിന് കുരുന്നുകൾ അക്ഷമുറ്റത്തേക്ക് പിച്ചവെച്ചു കയറുന്ന ദിനം.കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് കുരുന്നുകൾ വിവിധ സ്ഥലങ്ങളിലായി ഹരിശ്രീ കുറിക്കും.സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരാണ് അക്ഷര വെളിച്ചം പകർന്നു കൊടുക്കുന്നത്.കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും തിരൂർ തുഞ്ചൻ പറമ്പിലുമെല്ലാം നിരവധി കുട്ടികളാണ് ഹരിശ്രീ കുറിക്കാനായി എത്തുന്നത്.നാവിൽ സ്വർണ്ണമോതിരം കൊണ്ടും അരിയിൽ ചൂണ്ടുവിരൽ കൊണ്ടും ഹരിശ്രീ ഗണപതയെ നമ: എന്നെഴുതി കുട്ടികൾ അക്ഷര ലോകത്തേക്ക് ചുവടുവെയ്ക്കും.