കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന നടൻ ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ വീഴ്ചകൊണ്ടല്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ.കേസിൽ കുറ്റപത്രം സമർപ്പിക്കാൻ നിയമപരമായി സമ്മർദ്ദമില്ലെന്നും അദ്ദേഹം വ്യകത്മാക്കി.കർശന ഉപാധികളോടെയാണ് ചൊവ്വാഴ്ച ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും ഗൂഢാലോചന കുറ്റം ആയതിനാൽ ഇനിയും ജയിലിൽ കഴിയേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.
പുതിയ 100 രൂപ നോട്ട് പുറത്തിറക്കും
ന്യൂഡൽഹി:പുതിയ 100 രൂപ നോട്ട് പുറത്തിറക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു.അടുത്ത വർഷം ഏപ്രിലിൽ അച്ചടി തുടങ്ങാനാണ് തീരുമാനം.എ ടി എമ്മിൽ ഉപയോഗിക്കാൻ പാകത്തിൽ പഴയ നൂറുരൂപയുടെ അതെ വലുപ്പത്തിലുള്ള നോട്ടുകളാണ് പുറത്തിറക്കുക എന്നാണ് സൂചന.ഈ കഴിഞ്ഞ ഓഗസ്റ്റിൽ 200 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയിരുന്നെങ്കിലും ഇത് ജനങ്ങളുടെ കയ്യിൽ ആവശ്യത്തിന് ഇനിയും എത്തി തുടങ്ങിയില്ല.
ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കണ്ണൂരിലെത്തും
കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കണ്ണൂരിലെത്തും.കീച്ചേരിയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയിൽ യോഗി പങ്കെടുക്കുമെന്ന് ബിജെപി കേരളം ട്വിറ്ററിലൂടെ അറിയിച്ചു.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ജനരക്ഷായാത്ര ഇന്ന് പയ്യന്നൂരിൽ ഉൽഘാടനം ചെയ്തത്.
ഗുർമീത് സിംഗിന്റെ വളർത്തുപുത്രി ഹണിപ്രീത് അറസ്റ്റിൽ
പഞ്ച്ഗുള:ബലാല്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് സിംഗിന്റെ വളർത്തുപുത്രി ഹണിപ്രീത് അറസ്റ്റിലായി.ചണ്ഡിഗഡ് ഹൈവേക്ക് സമീപത്തു നിന്നുമാണ് ഹരിയാന പോലീസ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്.ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.ബലാല്സംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഗുർമീത് സിങിനെ രക്ഷപ്പെടുത്താനാണയി ഗൂഢാലോചന നടത്തി എന്ന കേസാണ് ഹണിപ്രീതിനെതിരെ ചുമത്തിയിരിക്കുന്നത്.ഗുർമീത് സിംഗിനെ അറസ്റ്റ് ചെയ്തതിനു ശേഷം നടന്ന കലാപം ആസൂത്രണം ചെയ്തു എന്ന കുറ്റവും ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുണ്ട്.കലാപം നടന്നതിന് തൊട്ടു പിന്നാലെ ഹണിപ്രീത് ഒളിവിൽ പോയിരുന്നു.പിന്നീട് പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.ഇന്ന് രാവിലെ മുതൽ ചില ദേശീയ മാധ്യമങ്ങൾ ഹണി പ്രീതിന്റെ അഭിമുഖങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു.ഗുർമീത്‌മയുള്ള തന്റെ ബന്ധത്തെ മോശമായി ചിത്രീകരിക്കുന്നതിനെ ഹണി പ്രീത് രൂക്ഷമായി വിമശിച്ചിരുന്നു.
വിജയ് മല്ല്യ അറസ്റ്റിൽ
ലണ്ടൻ:മദ്യ വ്യവസായി വിജയ് മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ വീട്ടില്‍ വെച്ചാണ് മല്യയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കളളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്.ലണ്ടനില്‍ വെച്ച് ഇത് രണ്ടാം തവണയാണ് മല്യ അറസ്റ്റിലാകുന്നത്. നേരത്തെ അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.വായ്പാതിരച്ചടക്കാനാവാത്തതിനെ തുടർന്ന് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യ വര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ച് വരികയായിരുന്നു.അദ്ദേഹത്തെ വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.വിവിധ ബാങ്കുകളില്‍ നിന്നായി ഏകദേശം 9,000കോടിയുടെ വായ്പയാണ് അദ്ദേഹത്തിന്റെ പേരിലുളളത്.
കാസർകോഡ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം
കാസർകോഡ്:കാസർകോഡ് നീലേശ്വരത്ത് ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം.ഇന്നലെ രാത്രി നീലേശ്വരം ടൗണിലാണ് ആക്രമണം നടന്നത്.ജനരക്ഷായാത്രയ്ക്ക് മുന്നോടിയായി കോടി തോരണങ്ങളും അലങ്കാര പണികളും ചെയ്തുകൊണ്ടിരുന്ന പ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.പരിക്കേറ്റവരെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യാതൊരു പ്രകോപനവും കൂടാതെ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകരെ അക്രമിക്കുകയായിരുന്നുവെന്നു ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് പറഞ്ഞു. ലൈറ്റുകൾ,ഫ്ലസ്‌ബോർഡുകൾ,ബൈക്കുകൾ എന്നിവയും നശിപ്പിച്ചതായി ശ്രീകാന്ത് ആരോപിച്ചു.എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും എടുത്തിട്ടില്ല.
ദിലീപിന്റെ ജാമ്യം; ആലുവ സബ്ജയിൽ പരിസരത്ത് ആരാധക പ്രവാഹം
ആലുവ: ദിലീപിന് ജാമ്യം ലഭിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ആലുവ സബ് ജയിലിന് മുന്നിലേക്ക് ആരാധകരുടെ പ്രവാഹം.സ്ത്രീകളും കുട്ടികളും അടക്കമുള്ള ആരാധകരും ജയിലിനു മുൻപിൽ തടിച്ചു കൂടിയിട്ടുണ്ട്. ദിലീപിന് ജാമ്യം ലഭിച്ചതിലുള്ള സന്തോഷമാണ് ഏവരും പ്രകടിപ്പിക്കുന്നത്. ദിലീപിന്റെ ആരാധകർ ജയിലിനു മുൻപിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.സിനിമ രംഗത്തെ പ്രമുഖരും ദിലീപിനെ സ്വീകരിക്കാനായി ജയിലിനു മുൻപിൽ എത്തിയിട്ടുണ്ട്.നടൻ ധർമജൻ,ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായുടെ സഹോദരൻ,ദിലീപിന്റെ സഹോദരൻ തുടങ്ങിയവർ ആലുവ സബ്ജയിലിനു മുൻപിൽ എത്തിയിട്ടുണ്ട്.കർശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ ജയിലിനു പുറത്തു ആരാധകർ നടത്തുന്ന ആഘോഷം ദിലീപിന് പ്രതികൂലമാകുമോ എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്.
ദിലീപിന് ജാമ്യം
കൊച്ചി:നടിയെ അക്രമിച്ചകേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് കോടതി ജാമ്യം അനുവദിച്ചു.ദിലീപ് സമർപ്പിച്ച ജാമ്യഹർജിയിൽ കഴിഞ്ഞ ആഴ്ച വാദം പൂർത്തിയായിരുന്നു.കേസ് വിധിപറയാനായി ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടുതവണയും ഹൈക്കോടതി രണ്ടു തവണയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.86 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങുന്നത്.ജയിലിൽ നിന്നിറങ്ങുന്ന ദിലീപിന് വമ്പൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്.കർശന ഉപാധികളോടെയാണ് ദിലീപിന് ഇത്തവണ ജാമ്യം അനുവദിച്ചിരിക്കുന്നത്.പാസ്പോർട്ട് കെട്ടിവെയ്ക്കണം,ഒരുലക്ഷം രൂപ ബോണ്ട് കെട്ടിവെയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിക്കുമ്പോൾ ഹാജരാകണം,തെളിവ് നശിപ്പിക്കരുത് എന്നിവയാണ് ഉപാധികൾ.
നാലുലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമുട്ടിയുമായി രണ്ടുപേർ പിടിയിൽ
കാസർകോഡ്:നാലുലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമുട്ടിയുമായി രണ്ടുപേർ പിടിയിൽ.ബേഡഡുക്ക പന്നിയാടിയിലെ ഹംസ,കുണ്ടംകുഴി കാരക്കാട്ടെ കൃഷ്‌ണൻ എന്നിവരെയാണ് 20 കിലോഗ്രാം ചന്ദനമുട്ടിയുമായി പോലീസ് പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന മുഹമ്മദ് എന്നയാൾ ഓടി രക്ഷപ്പെട്ടു.ഇന്നലെ ഉച്ചയോടെ ഹംസയുടെ വീട്ടിൽ നിന്നാണ് കാസർകോഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ.അനിൽ കുമാറും സംഘവും ചന്ദനമുട്ടി പിടികൂടിയത്.സ്വകാര്യ ഭൂമിയിൽ നിന്നും മുറിച്ച ചന്ദനം വീട്ടിനുള്ളിൽ വെച്ച് വൃത്തിയാക്കുന്നതിനിടെയാണ് ഇവരെ ഫോറെസ്റ്റ് അധികൃതർ വളഞ്ഞത്.രണ്ടു കിലോഗ്രാം ചന്ദന ചീളുകളും പിടിച്ചെടുത്തിട്ടുണ്ട്.വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.രക്ഷപ്പെട്ടയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.പ്രതികളെ ഇന്ന് രാവിലെ കാസർകോഡ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
തലശ്ശേരി ജനറൽ ആശുപത്രിയിൽ യൂറോളജി സെന്റർ ഇന്ന് പ്രവർത്തനം ആരംഭിക്കും
തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ യൂറോളജി സെന്റർ ഇന്ന് പ്രവർത്തനം ആരംഭിക്കും.ഇന്ന് നടക്കേണ്ടിയിരുന്ന ഉൽഘാടന ചടങ്ങ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.പീയുഷ് നമ്പൂതിരിപ്പാട് അറിയിച്ചു.പ്രൊഫ.റിച്ചാർഡ് ഹേ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് യൂറോളജി തീയേറ്റർ നിർമിച്ചിരിക്കുന്നത്.ഡോ.രമേശ് ബാബുവിന്റെ നേതൃത്വത്തിലാണ് യൂറോളജി വിഭാഗം പ്രവർത്തിക്കുക.മൂത്രനാളിയിൽ ഉപകരണം നടത്തിയുള്ള ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവ ഇനി ജനറൽ ആശുപത്രിയിൽ ചെയ്യാം.വൃക്ക-മൂത്രാശയ രോഗ ചികിത്സ വിഭാഗമാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.ഇതോടെ വടക്കേ മലബാറിൽ സൂപ്പർ സ്പെഷ്യലിറ്റി ചികിത്സ വിഭാഗമുള്ള ആദ്യ സർക്കാർ ആശുപത്രിയായി തലശ്ശേരി ജനറൽ ആശുപത്രി മാറി.ഡയാലിസിസ് സംവിധാനവും അടുത്തുതന്നെ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങും.