വയനാട്:വയനാട് മാനത്താവടിയിൽ വൻ മയക്കുമരുന്ന് വേട്ട.സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയടക്കം അഞ്ചുപേർ പോലീസ് പിടിയിലായി.ഒരു കിലോ ഹെറോയിനാണ് പ്രതികളിൽ നിന്നും പിടികൂടിയത്.ഉത്തർപ്രദേശ് സ്വദേശി അജയ് സിങ്,പയ്യന്നൂർ പീടികത്താഴെ മധുസൂദനൻ,കാഞ്ഞങ്ങാട് ബേക്കൽ കുന്നുമ്മൽ വീട്ടിൽ അശോകൻ,കാസർകോഡ് ചീമേനി കനിയന്തോൾ ബാലകൃഷ്ണൻ,കണ്ണൂർ ചെറുപുഴ ഉപരിക്കൽ വീട്ടിൽ ഷൈജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.വയനാട് ജില്ലാ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടിയിലെ എരുമത്തടം ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി വിൽപ്പന സംഘം പിടിയിലായത്.ദിവസവും വൈകുന്നേരത്തോടെ ഇവിടെ വൻ മയക്കുമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് എരുമത്തടം ലോഡ്ജിനു സമീപം കെണിയൊരുക്കുകയും പ്രതികളെ തന്ത്രപരമായി പിടികൂടുകയുമായിരുന്നു.മാനന്തവാടിയിൽ നടന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൊന്നാണെന്നു പോലീസ് പറഞ്ഞു.
എയർ ഇന്ത്യയെ വിൽക്കാനൊരുങ്ങുന്നു
ന്യൂഡൽഹി:വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യയെ വിൽക്കാൻ സർക്കാർ തീരുമാനിച്ചതായി റിപോർട്ട്.കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ നടപ്പ് സാമ്പത്തിക വർഷത്തിൽ 72500 കോടി രൂപ കണ്ടെത്തുമെന്ന് നേരത്തെ ബജറ്റിൽ നിർദേശമുണ്ടായിരുന്നു.ഇതനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചത്.വൻ സാമ്പത്തിക ബാധ്യത നേരിടുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കഴിഞ്ഞ ജൂണിലാണ് സർക്കാർ തീരുമാനിച്ചത്.ബജറ്റ് നിർദേശാനുസരണം വിൽക്കേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽ എയർ ഇന്ത്യയെ ഉൾപ്പെടുത്താൻ ജൂൺ 28 നാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.
ഇരിട്ടി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്-കെ എസ് ആർ ടി സി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം
ഇരിട്ടി:ഇരിട്ടി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്-കെ എസ് ആർ ടി സി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം.സ്വകാര്യ ബസ് സ്ഥിരമായി സമയം തെറ്റിച്ചു ഓടുന്നത് ചോദ്യം ചെയ്ത് സ്വകാര്യബസിനു കുറുകെ കെ എസ് ആർ ടി സി ബസ് ഇട്ടതാണ് സംഘർഷത്തിന് കാരണമായത്.കഴിഞ്ഞ രാത്രി എട്ടേകാലോടെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം.അനുവദിച്ച സമയത്തിൽ നിന്നും കാൽമണിക്കൂറിലധികം വൈകി പുറപ്പെടാനൊരുങ്ങിയ സ്വകാര്യ ബസിനെ കെ എസ് ആർ ടി സി ജീവനക്കാർ ബസ് കുറുകെയിട്ട് തടയുകയായിരുന്നു.നാട്ടുകാർ കെ എസ് ആർ ടി സി ബസിന് അനുകൂലമായി സംസാരിച്ചെങ്കിലും പിന്നീട് പോലീസെത്തി യാത്രാതടസം സൃഷ്ട്ടിച്ചതിന് കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടി എടുക്കുകയായിരുന്നു.ഈ നടപടിക്കെതിരെ കടുത്ത ആക്ഷേപമുയർന്നു.ഇരു ബസുകളിലും യാത്രക്കാർ ഉണ്ടായിരുന്നതിനാൽ പിന്നീട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു ബസുകളെ വിട്ടയക്കുകയായിരുന്നു.ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് സ്വകാര്യ ബസ് പുറപ്പെടേണ്ട സമയം 7.55-8 മണി ആണ്.എന്നാൽ ഇവർ സ്ഥിരമായി 8.20 നാണ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടുകൊണ്ടിരുന്നത്.വീരാജ്പേട്ടയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ് 8.20 ന് സ്റ്റാൻഡിലെത്തി ഇരുപതു മിനിറ്റ് കഴിഞ്ഞാണ് കണ്ണൂരിലേക്ക് പുറപ്പെടുന്നത്.കെഎസ്ആർടിസി ബസ് ഇരിട്ടിയിൽ എത്തിയ ഉടൻ സ്വകാര്യ ബസ് സ്റ്റാൻഡ് വിട്ടിരിക്കും. ഇതേത്തുടർന്നു കെഎസ്ആർടിസി ബസിനു യാത്രക്കാർ കുറഞ്ഞിരുന്നു. ഇതു സ്ഥിരമായതോടെ കെഎസ്ആർടിസിക്കാർ പരാതിയുമായി പൊലീസിലും എത്തി. തെളിവു വേണമെന്നാണ് പൊലീസിൽ നിന്നു ചിലർ അറിയിച്ചതെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്.ഇതുപ്രകാരമാണ് സ്വകാര്യബസിനു കുറുകെയിട്ടു തങ്ങൾ തടഞ്ഞതെന്നും കെഎസ്ആർടിസി ജീവനക്കാർ അറിയിച്ചു.
….
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധമാക്കി
ന്യൂഡൽഹി:പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധമാക്കി.കേന്ദ്ര ധനകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളായ പി പി എഫ്,നാഷണൽ സേവിങ്സ് സ്കീം,കിസാൻ വികാസപത്ര തുടങ്ങിയ എല്ലാത്തരം നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്.നിലവിൽ പോസ്റ്റ് ഓഫീസിൽ നിക്ഷേപമുള്ളവർക്ക് ആധാർ നമ്പർ നല്കാൻ ഡിസംബർ 31 വരെ സമയം നൽകിയിട്ടുണ്ട്.
അനധികൃത നിർമാണം പരിശോധിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ
കണ്ണൂർ:അനധികൃത നിർമാണം പരിശോധിച്ച കണ്ണൂർ കോർപറേഷനിലെ ഓവര്സിയർക്ക് ഡെപ്യൂട്ടി മേയറുടെ വക ശകാരവും പിന്നീട് സസ്പെൻഷനും.പയ്യാമ്പലത്തെ നിർമാണം പരിശോധിച്ച ഓവർസിയർ രാജനെയാണ് മേയർ ഇ.പി ലത സസ്‌പെൻഡ് ചെയ്തത്.അവധി ദിവസങ്ങളിൽ വ്യാപകമായി അനധികൃത നിർമാണം നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ഇത്തരം ദിവസങ്ങളിൽ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ രണ്ടിന് രാജനാണ് കോർപറേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇത്തരത്തിൽ പയ്യാമ്പലത്ത് ഒരു കെട്ടിടം റോഡ് കയ്യേറി നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.ഇതനുസരിച്ച് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.പിന്നീട് ഗാന്ധിജയന്തി ദിനത്തിൽ ഇവിടെ പരിശോധനയ്‌ക്കെത്തിയ രാജൻ നാളെ ഇത് പൊളിച്ചുമാറ്റുമെന്നു പണിക്കാർക്ക് മുന്നറിയിപ്പും നൽകി.ഇതേത്തുടർന്നാണ് ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് സംഭവത്തിൽ ഇടപെട്ടത്. നോട്ടീസ് കൊടുത്താൽ പൊളിച്ചുമാറ്റുന്നതിനു സമയമുണ്ടെന്നു പിന്നെയെന്തിനാണ് നാളെ തന്നെ പൊളിച്ചുമാറ്റുമെന്നു പറയുന്നത് എന്ന് ചോദിച്ചായിരുന്നു പി.കെ രാഗേഷ് സംഭാഷണം തുടങ്ങിയത്.നാളെ പൊളിക്കുമെന്നത് അടുത്ത ദിവസം തന്നെ പൊളിച്ചു മാറ്റുമെന്നുള്ള അർഥത്തിലല്ലെന്നും പൊളിച്ചു മാറ്റുന്നതിന് മുൻപുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും രാജൻ മറുപടി പറയുന്നുണ്ട്.ഈ സംഭാഷണമാണ് പിന്നീട് ശകാരത്തിലേക്ക് വഴിമാറുന്നത്.ഡെപ്യൂട്ടി മേയറുടെ ഇടപെടലിനെതിരെ രാജൻ മേയർക്ക് പരാതി നൽകി.രാജൻ അപമര്യാദയായി പെരുമാറി എന്ന് ഡെപ്യൂട്ടി മേയറും മേയർക്ക് പരാതി നൽകി.ഇതിനെ തുടർന്നാണ് മേയർ രാജനെ സസ്‌പെൻഡ് ചെയ്തത്.
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് കമ്മീഷണർ സന്ദർശനം നടത്തി
മട്ടന്നൂർ:കൊച്ചി കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് കമ്മീഷണർ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം കണ്ണൂർ വിമാനത്താവളം സന്ദർശിച്ചു.വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനാണ് സംഘം എത്തിയത്.തുടക്കത്തിൽ 20 കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയമിക്കുകയെന്ന് കസ്റ്റംസ് കമ്മീഷണർ പറഞ്ഞു. പാസഞ്ചർ ടെർമിനൽ കെട്ടിടം,റൺവേ,സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും സംഘം പരിശോധിച്ചു.മാസംതോറും പ്രവർത്തനം വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എടാട്ട് ദേശീയപാതയിൽ ആംബുലൻസ് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു
പയ്യന്നൂർ:എടാട്ട് ദേശീയപാതയിൽ ആംബുലൻസ് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു.കുഞ്ഞിമംഗലം പഞ്ചായത്ത് മുൻഅംഗവും സിപിഎം പ്രവർത്തകനുമായ എടാട്ടെ എം.പി നാരായണനാണ്(82) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്.ഇയാളെ കണ്ട് ആംബുലൻസ് വെട്ടിക്കാൻ ശ്രമിച്ചപ്പോൾ എതിർദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.ഓട്ടോ ഡ്രൈവർ പിലാത്തറയിലെ എം.കെ സുരേഷാണ് പരിക്കുകളോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‍ബോളിന് ഇന്ന് ഡൽഹിയിൽ തുടക്കം
ന്യൂഡൽഹി:ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്നതും ആദ്യമായി പങ്കെടുക്കുന്നതുമായ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‍ബോളിന് ഇന്ന് ഡൽഹിയിൽ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉൽഘാടന മത്സരത്തിൽ കൊളംബിയ ഘാനയെ നേരിടും.രാത്രി എട്ടുമണിക്ക് ഇന്ത്യയുടെ ആദ്യമത്സരം ഇതേ സ്റ്റേഡിയത്തിൽ തന്നെ അമേരിക്കയുമായി നടക്കും.കൊച്ചിയിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാകും.നാളെ വൈകിട്ട് അഞ്ചുമണിക്ക് ബ്രസീൽ-സ്പെയിൻ പോരാട്ടത്തോടെയാണ് കൊച്ചിയിലെ മത്സരങ്ങൾക്ക് തുടക്കമാകുന്നത്.ആറ് കോൺഫെഡറേഷനുകളിൽ നിന്നായി യോഗ്യത റൌണ്ട് കളിച്ചെത്തിയ 23 ടീമുകളും ആതിഥേയർ എന്ന നിലയിൽ നേരിട്ട് യോഗ്യത ലഭിച്ച ഇന്ത്യയുമടക്കം 24 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ഉത്തർപ്രദേശിലെ ആശുപത്രിയിൽ അനസ്‌ത്യേഷ്യക്ക് വിഷവാതകം ഉപയോഗിച്ച സംഭവത്തിൽ 14 രോഗികൾ മരിച്ചു
വാരാണസി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ സുന്ദർലാൽ ആശുപത്രിയിൽ അനസ്‌ത്യേഷ്യക്കായി വ്യാവസായിക ആവശ്യത്തിനുള്ള നൈട്രസ് ഓക്‌സൈഡ് ഉപയോഗിച്ചതിനെ തുടർന്ന് 14 രോഗികൾ മരിച്ചു.സംഭവത്തിൽ അലഹബാദ് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചു.ജൂൺ 6,7,8 തീയതികളിലാണ് ആശുപത്രിയിൽ 14 രോഗികൾ കൊല്ലപ്പെട്ടത്.ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ജൂലൈ 18 ന് തയ്യാറാക്കിയ റിപ്പോർട് ഇപ്പോഴാണ് പുറത്തു വന്നത്.ബിജെപി എംഎൽഎയായ ഹർഷവർധൻ ബാജ്‌പേയുടെ അച്ഛൻ അശോക്‌കുമാർ ബാജ്പേയ് ഡയറക്റ്ററായ പരേർഹത് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ആണ് വിഷവാതകം വിതരണം ചെയ്തത്.ഈ കമ്പനിക്ക് ചികിത്സ ആവശ്യത്തിനുള്ള വാതകങ്ങൾ നിർമിക്കാനോ വിതരണം ചെയ്യാനോ ഉള്ള ലൈസൻസില്ല. അതേസമയം മരണത്തിന് ഇടയാക്കിയത് നൈട്രസ് ഓക്‌സൈഡ് ആണെന്നത് ഹർഷവർധൻ ബാജ്പേയ് നിഷേധിച്ചു.ഇതേ വാതകം തന്നെയാണ് ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിലും അലഹബാദിലെ മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളേജിലും വിതരണം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ജനരക്ഷായാത്രയുടെ കണ്ണൂരിലെ പര്യടനം ഇന്ന് അവസാനിക്കും
കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ കണ്ണൂർ ജില്ലയിലെ പര്യടനം ഇന്ന് കൂത്തുപറമ്പിൽ അവസാനിക്കും.പാനൂർ മുതൽ കൂത്തുപറമ്പ് വരെയാണ് ഇന്നത്തെ പര്യടനം.ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ഇന്ന് യാത്രയിൽ പങ്കെടുക്കും.രാവിലെ പതിനൊന്നുമണിക്ക് പാനൂരിൽ നിന്നും യാത്ര ആരംഭിക്കും.കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ ഇന്നത്തെ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.നാലു ദിവസത്തെ കണ്ണൂർ ജില്ലയിലെ പര്യടനമാണ് ഇന്ന് അവസാനിക്കുന്നത്.അതിനിടെ ഇന്നലെ നടന്ന പദയാത്രയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെകിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയിലൂടെയായിരുന്നു ഇന്നലെ യാത്ര കടന്നു പോയത്.പ്രധാനമന്ത്രി വിളിച്ചുചേർത്ത അടിയന്തിര യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയായണ് അമിത് ഷാ യാത്രയിൽ നിന്നും പിന്മാറിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.