പിണറായി:തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നു ബൈക്ക് മറിഞ്ഞു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വെണ്ടുട്ടായി മാണിക്കോത്തുവീട്ടിൽ എം.സുനിൽകുമാർ (48) ആണ് മരിച്ചത്.27നു രാവിലെ ഡ്യൂട്ടിക്ക് പോകാനായി ട്രെയിൻ കയറുന്നതിനു തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്കു ബൈക്കിൽ പോകവേ കായ്യത്ത് റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്.നായയുടെ ദേഹത്തു തട്ടി ബൈക്കിൽ നിന്നുംതെറിച്ചു വീണു സുനിൽകുമാറിന് തലയ്ക്കു ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: വിജിന. മക്കൾ: ഹൃദ്യ, ഹരിനന്ദ്.
ബോംബേറിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് പരിക്ക്
ചൊക്ലി: ഒളവിലം തൃക്കണ്ണാപുരത്ത് സിപിഎം പ്രകടനത്തിനു നേരെ നടന്ന ബോംബേറിൽ മൂന്നു സിപിഎം പ്രവർത്തകർക്കു പരുക്കേറ്റു. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. സിപിഎം പ്രവർത്തകരായ അമ്പാടിയിൽ രചസ് രാജ് (22),നെല്ലിയാട്ട് താഴെ കുനിയിൽ ആകാശ് (22) എന്നിവരെ സാരമായ പരുക്കുകളോടെ ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.നേരത്തെ സിപിഎം ചൊക്ലി സൗത്ത് ലോക്കലിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന തൃക്കണ്ണാപുരം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം പിഴുതെറിയുകയും പ്രചരണ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിപിഎം പ്രകടനം നടത്തിയത്. പ്രദേശത്തെ ചില ആർഎസ്എസ് പ്രവർത്തകർക്കെതിരെ ചൊക്ലി പോലീസിൽ പരാതി നൽകി.
വേങ്ങരയില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും
മലപ്പുറം:വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. എല്‍ഡിഎഫിന്‍റെ പഞ്ചായത്ത് റാലികള്‍ക്ക് സമാപനം കുറിച്ച് വേങ്ങരയില്‍ നടക്കുന്ന പൊതുസമ്മേളനത്തല്‍ വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കും.കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കളും സമ്മേളനത്തിനെത്തും. യുഡിഎഫിന്‍റെ പൊതുസമ്മേളനം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് എം എം ഹസ്സന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പി കെ കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ വേങ്ങര പഞ്ചായത്തില്‍ തുടരുകയാണ്. കുടുംബയോഗങ്ങളും നടക്കുന്നുണ്ട്.ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി കേന്ദ്രമന്ത്രിമാരും ഇന്ന് വേങ്ങരയിലെത്തും. നാളെയാണ് കൊട്ടിക്കലാശം. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക.
പരിയാരം മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു
പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് കാമ്പസില്‍ മെഡിക്കൽ വിദ്യാർഥിനിക്കു തെരുവ് നായയുടെ കടിയേറ്റു. രണ്ടാം വര്‍ഷ ബിഡിഎസ് വിദ്യാർഥിനി പി.കെ.ഫസാനയ്ക്കാണ് (21) കടിയേറ്റത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ കോളജിനു പുറകിലെ ഹോസ്റ്റലില്‍ നിന്നും ദന്തല്‍ കോളജിലേക്ക് നടന്നുവരുമ്പോഴാണ് നായ ആക്രമിച്ചത്.വിദ്യാര്‍ഥിനിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. കാലിന് മാരകമായ മുറിവേറ്റ ഫസാനയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാമ്പസില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് തെരുവു നായശല്യം വർധിക്കാനിടയാക്കുന്നുണ്ട്.
കണ്ണൂർ താലൂക്ക് ജനസമ്പർക്ക പരിപാടിയിലേക്കുള്ള പരാതികൾ 16 വരെ സ്വീകരിക്കും
കണ്ണൂർ: കണ്ണൂർ താലൂക്ക്തല ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി താലൂക്കിലും പരിധിയിലുള്ള വില്ലേജ് ഓഫീസുകളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഒഴിച്ചുള്ള റവന്യൂ വകുപ്പിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൻമേലുള്ള പരാതി 16 ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും.മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായോ അതാത് വകുപ്പ് മേലധികാരിക്കോ അതത് ഓഫീസിലോ നേരിട്ട് സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നവർ പരാതി കൈകാര്യം ചെയ്യുന്ന വകുപ്പ്, പരാതിക്കാരന്‍റെ പേരും വിലാസവും, ഫോണ്‍ നമ്പർ,വില്ലേജ്,ആധാർ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതും വിശദമായ അപേക്ഷ എഴുതി സമർപ്പിക്കേണ്ടതുമാണ്.19 ന് രാവിലെ 10 മുതൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഹാജരായി ജില്ലാ കളക്ടർക്കു നേരിട്ട് പരാതി സമർപ്പിക്കാനും അവസരം ഉണ്ടായിരിക്കും.പരാതിയിൻമേലുള്ള മറുപടി രേഖാമൂലം വകുപ്പ് മേലധികാരികൾ പരാതിക്കാരെ പിന്നീട് അറിയിക്കും. ചികിത്സാ സഹായത്തിനുള്ള അപേക്ഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട സൈറ്റിൽ ഓണ്‍ലൈനായി നൽകണം. അപേക്ഷയോടൊപ്പം ആറു മാസത്തിലധികം കാലപ്പഴക്കമില്ലാത്ത അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് സമർപ്പിക്കേണ്ടതാണെന്ന് തഹസിൽദാർ അറിയിച്ചു.
ഉഴവൂർ വിജയൻറെ മരണവുമായി ബന്ധപ്പെട്ട് സുൾഫിക്കർ മയൂരിക്കെതിരെ കേസെടുക്കാൻ ശുപാർശ
തിരുവനന്തപുരം:എൻ സി പി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയൻറെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി നേതാവ് സുൾഫിക്കർ മയൂരിക്കെതിരെ കേസെടുക്കാൻ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തു.മരണത്തിനു തൊട്ടുമുന്പായി സുൾഫിക്കർ മയൂരി ഉഴവൂരിനോട് അതിരൂക്ഷ പരാമർശങ്ങൾ ഉന്നയിച്ചു നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ക്രൈം ബ്രാഞ്ച് കണ്ടെടുത്തിരുന്നു.പാർട്ടിയിലെ മറ്റൊരു നേതാവിനെ വിളിച്ചു ഉഴവൂരിനെ കുറിച്ച് മോശമായി സംസാരിച്ച സുൾഫിക്കർ ഉഴവൂരിനെ നേരിട്ട് വിളിച്ചും മോശമായി സംസാരിച്ചു. സുൽഫിക്കറിനെതിരെ വധഭീഷണി അടക്കമുള്ള കുറ്റങ്ങൾ ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട് ഉടൻ സർക്കാരിന് കൈമാറുമെന്നാണ് സൂചന.
സുബൈർ വധം;നാലുപേർ പോലീസ് പിടിയിൽ
തലശ്ശേരി:ബിജെപി ഉള്ളാൾ മണ്ഡലം കമ്മിറ്റി നിർവാഹക സമിതിയംഗം ഉള്ളാൾ സ്വദേശി സുബൈറിനെ(39) കൊലപ്പെടുത്തിയ കേസിൽ നാലുപേർ പോലീസ് പിടിയിലായി.ഇന്നലെ വൈകുന്നേരം തലശ്ശേരി നഗരമധ്യത്തിലുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.ഉള്ളാൾ തലപ്പാടി സ്വദേശികളായ നിസാമുദ്ധീൻ(23),മുഹമ്മദ് മുസ്തഫ(21),അബ്ദുൽ റഹ്മാൻ സുഹൈൽ(22),ഹസൻ താജുദ്ധീൻ(24) എന്നിവരാണ് പിടിയിലായത്.നേരത്തെ വധശ്രമക്കേസുകളിൽ പ്രതികളാണിവർ.ഒക്ടോബർ നാലിനാണ് സുബൈർ കൊല്ലപ്പെട്ടത്.നിസ്ക്കാരം കഴിഞ്ഞു പള്ളിയിൽ നിന്നും പുറത്തിറങ്ങിയ സുബൈറിനെ ഇവർ ആക്രമിക്കുകയായിരുന്നു.സുബൈറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇല്യാസിനു അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.ഈ പ്രദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നവർക്കെതിരെ സുബൈർ പോലീസിൽ പരാതി നൽകിയിരുന്നു.ഇതാകാം ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.
കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറ്;ഡ്രൈവർക്ക് പരിക്ക്
കാസർകോഡ്:മാവിനക്കട്ടയിൽ കെ എസ് ആർ ടി സി ബസിനു നേരെ ഉണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് ആക്രമണം നടന്നത്.കോഴിക്കോട് താമരശ്ശേരി സ്വദേശി ശശിധരനാണ് പരിക്കേറ്റത്.ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കല്ലേറിൽ തകർന്ന ബസിന്റെ മുൻ വശത്തെ ചില്ല് തുളച്ചു കയറിയാണ് ഇയാൾക്ക് പരിക്കേറ്റത്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.മാവിനക്കട്ടയിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
കണ്ണൂരും കാസർകോട്ടും തീവണ്ടികൾക്ക് നേരെ കല്ലേറ്
കണ്ണൂർ:കണ്ണൂരും കാസർകോട്ടും തീവണ്ടികൾക്ക് നേരെ വീണ്ടും കല്ലേറ്.മംഗലാപുരം-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്,ഗാന്ധിധാം എക്സ്പ്രസ് എന്നിവയ്ക്കുനേരെയാണ് കല്ലേറുണ്ടായത്.കല്ലേറിൽ രണ്ടു യാത്രക്കാർക്ക് പരിക്കേറ്റു.ഉച്ചയ്ക്ക് ഒന്നരമണിയോടെ കണ്ണപുരത്തിനും പാപ്പിനിശ്ശേരിക്കും ഇടയിലാണ് ഇന്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്.കല്ലേറിൽ നാമക്കൽ സ്വദേശി സുബ്രഹ്മണ്യന്(50) കണ്ണിനു പരിക്കേറ്റു.വൈകിട്ട് ഏഴുമണിയോടെ ചെറുവത്തൂരിനും നീലേശ്വരത്തിനും ഇടയിലാണ് ഗാന്ധിധാം എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്.വാഷ് ബേസിനിൽ മുഖം കഴുകിക്കൊണ്ടിരിക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശി സുജാറാമിനാണ് കാലിനെ പരിക്കേറ്റത്.രണ്ടു സംഭവങ്ങളിലും റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം:രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും.കൊല്ലത്ത് അമൃതാനന്ദമയിയുടെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായാണ് രാഷ്‌ട്രപതി കേരളത്തിലെത്തുന്നത്.രാവിലെ 9.30 ഓടെ തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും.തുടർന്ന് ഹെലികോപ്റ്ററിൽ കായംകുളം എൻ ടി പി സി ഹെലിപാഡിലെത്തി അവിടെ നിന്നും റോഡ് മാർഗം അമൃതാനന്ദമയി മഠത്തിലെത്തും.രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്.