കണ്ണൂർ: കണ്ണൂരിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം.കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം. ബിഎ ഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയായ ചെക്കിക്കുളം സ്വദേശി അൻഷാദിനാണ് മർദനമേറ്റത്. സീനിയറായ 15ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കോളജിലെ ശുചിമുറിയില്‍ കയറ്റി മര്‍ദിക്കുകയായിരുന്നുവെന്ന് അന്‍ഷാദ് പറഞ്ഞു. മര്‍ദനമേറ്റ അന്‍ഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു. പെണ്‍കുട്ടികളോട് സംസാരിക്കരുതെന്നും കയ്യില്‍ പൈസയുണ്ടെങ്കില്‍ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. സിസിടിവി ക്യാമറയിൽ ഉൾപ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മർദിച്ച എല്ലാവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അൻഷാദ് കൂട്ടിച്ചേർത്തു.സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് കോളജ് മാനേജ്‌മെന്റ് പ്രതികരിച്ചു.കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ഒന്നരയാഴ്ച മുമ്പായിരുന്നു കോളജ് പുനരാരംഭിച്ചത്.
സംസ്ഥാനത്ത് കെഎസ്ആർടിസി പണിമുടക്ക് രണ്ടാം ദിനം;പങ്കെടുക്കാത്തവരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ് നടത്താൻ നിർദേശം
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു.കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്കാണ് ഇന്ന് തുടരുന്നത്. സിഐടിയുവും ബിഎംഎസും 24 മണിക്കൂർ പണിമുടക്ക് അവസാനിപ്പിച്ചിരുന്നു.സമരം നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ പൂർണമായും തള്ളിയാണ് ടിഡിഎഫിന്റെ ഇന്നത്തെ പണിമുടക്ക്. സമരം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. വിവധ സംഘടനകളുടെ സമരത്തെ തുടർന്ന് വെള്ളിയാഴ്ച കെഎസ്ആർടിസി സർവീസ് പൂർണമായി തടസപ്പെട്ടിരുന്നു. അതിനാൽ ഇന്ന് പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം. യാത്രക്ക് കെഎസ്ആർടിസിയെ മാത്രം ആശ്രയിക്കുന്ന മേഖലകൾ സമരത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഏറെ വലഞ്ഞിരുന്നു.വെള്ളിയാഴ്ച എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കിയതോടെ വരുമാനത്തിൽ വലിയ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. ഇത് മറികടക്കാനാണ് ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി സർവീസുകൾ നടത്താനുള്ള നീക്കം.
സംസ്ഥാനത്ത് ഇന്ന് 6580 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;46 മരണം;7085 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6580 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂർ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂർ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസർകോട് 125 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 111 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 157 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,048 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 22 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6167 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 352 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7085 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1202, കൊല്ലം 626, പത്തനംതിട്ട 180, ആലപ്പുഴ 214, കോട്ടയം 255, ഇടുക്കി 502, എറണാകുളം 1345, തൃശൂർ 27, പാലക്കാട് 369, മലപ്പുറം 402, കോഴിക്കോട് 1147, വയനാട് 204, കണ്ണൂർ 420, കാസർകോട് 192 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
കേന്ദ്രസര്‍ക്കാര്‍ വില കുറച്ചതിന് പിന്നാലെ പെട്രോള്‍-ഡീസല്‍ വിലയില്‍ ഇളവ് വരുത്തി വിവിധ സംസ്ഥാനങ്ങൾ;ഡീസലിന് 19 രൂപയും പെട്രോളിന് 13 രൂപയും കുറച്ച് കർണാടക; മാഹിയിലും 80 രൂപയ്ക്ക് ഡീസല്‍ ലഭിക്കും
ന്യൂഡൽഹി:കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ വാറ്റ് നികുതി കുറച്ച് വിവിധ സംസ്ഥാനങ്ങളും.ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, കർണാടക, മണിപ്പൂർ, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്.ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു.ഗുജറാത്ത്, അസം, ത്രിപുര, സിക്കിം, ഗോവ, കർണാടക, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതമാണ് കുറച്ചത്.ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസൽ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. ഉത്തരാഖണ്ഡിൽ പെട്രോളിന്റെ വാറ്റ് രണ്ട് രൂപയാണ് കുറച്ചത്. അതേസമയം കേരളത്തിൽ വാറ്റ് കുറയ്‌ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതോടെ പെട്രോളിന് 6 രൂപ 57 പൈസയും, ഡീസലിന് 12.33 രൂപയുടെ കുറവുമാണ് കേരളത്തിൽ ഉണ്ടായത്. കേരളത്തിന്റെ അയൽസംസ്ഥാനമായ കര്‍ണാടകയില്‍ ഒരു ലിറ്റര്‍ ഡീസലിന് 85.03 രൂപയും പെട്രോളിന് 100.63 രൂപയുമാണ് നിലവിലെ വില.മാഹിയിൽ ഒരു ലിറ്റർ ഡീസലിന് 80 രൂപയായി കുറഞ്ഞു.കണ്ണൂര്‍ ജില്ലയെക്കാള്‍ മാഹിയില്‍ ഇന്ധന വില കുറഞ്ഞത് തലശ്ശേരി, പാനൂര്‍, പെരിങ്ങത്തൂര്‍ മേഖലകളിലുള്ളവര്‍ക്ക് ആശ്വാസകരമായിരിക്കുകയാണ്.വടകരയില്‍ നിന്നും കൂത്തുപറമ്പിൽ നിന്നും വാഹനയാത്രക്കാര്‍ മാഹിയിലെ പെട്രോള്‍ പമ്പുകളിലേക്ക് കുറഞ്ഞവിലയിലുള്ള എണ്ണയടിക്കാന്‍ എത്തുന്നുണ്ട്.കേന്ദ്രസര്‍ക്കാരിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മയ്യഴി മേഖലയില്‍ ഇന്ധനവില കുറഞ്ഞത്. ഇതുകാരണം കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയി വരുന്ന സ്വകാര്യബസുകളും മാഹിയില്‍ നിര്‍ത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്.പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയുമാണ് മാഹിയില്‍ വ്യാഴാഴ്ച്ചത്തെ വില.അതേ സമയം മാഹിക്ക് തൊട്ടടുത്ത് കിടക്കുന്ന തലശേരി നഗരത്തില്‍ ഇപ്പോഴും പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണ്.
കെ.എസ്.ആര്‍.ടി.സി പണിമുടക്ക് പൂര്‍ണം;വലഞ്ഞ് ദീര്‍ഘദൂര യാത്രക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ഭരണ – പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് പൂർണം.ഇന്നലെ അർധരാത്രി മുതലാണ് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള പണിമുടക്ക് തുടങ്ങിയത്.ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പണിമുടക്കിയതോടെ യാത്രക്കാർ വലഞ്ഞു. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആർ.ടി.എ തുടങ്ങിയ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.എ.ഐ.ടി.യു.സിയും പണിമുടക്ക് 48 മണിക്കൂറാക്കിയിട്ടുണ്ട്. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് യൂണിയനുകൾ അറിയിച്ചു. തൊഴിലാളി യൂണിയനുകളുടേത് കടുംപിടുത്തമാണെന്നാണ് സർക്കാരിന്റെയും, മാനേജ്മെന്റിന്റെയും നിലപാട്. പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്നാട്
ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകൻ. തമിഴ്‌നാട് സംഘത്തോടൊപ്പം അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേബി ഡാം ബലപ്പെടുത്തിയ ശേഷമായിരിക്കും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുക. ബേബി ഡാമിൽ നിർദേശിച്ച ബലപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കൂടുതൽ ബലപ്പെടുത്തലിന് അണക്കെട്ടിനു താഴെയുള്ള മൂന്നു മരങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് കേരളത്തിന്റെ അനുമതി വേണമെന്നും മന്ത്രി പറഞ്ഞു. റൂൾ കർവ് പ്രകാരം ഈ മാസം 10 വരെ 139.50 അടി വരെ ജലനിരപ്പ് ക്രമീകരിക്കാം. റൂൾ കർവ് പ്രകാരമാണ് സ്പിൽ വേ തുറന്നത്. മുല്ലപ്പെരിയാർ നീണ്ട നാളത്തെ പ്രശ്‌നമാണ്. വകുപ്പു മന്ത്രി എന്ന നിലയിലാണ് അണക്കെട്ടിലെത്തിയത്. എല്ലാ ഡാമുകളും സന്ദർശിക്കുന്നതിന്റെ ഭാഗമാണിത്. വർഷങ്ങളായി ഇത്തരത്തിൽ ഡാമുകൾ സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
തീരുമാനം മാറ്റി; സംസ്ഥാനത്തെ സ്‌കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും.നവംബർ 15 മുതൽ ക്ലാസുകൾ തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്ലാസുകൾ നേരത്തെ തുറക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് ശുപാർശ നൽകി. 19 മാസത്തെ ഇടവേളയ്‌ക്ക് ശേഷം നവംബർ ഒന്നിനാണ് സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറന്നത്. 1-7, 10, 12 ക്ലാസുകളാണ് അന്നേദിവസം തുടങ്ങിയത്.നാഷണൽ അച്ചീവ്‌മെന്റ് സർവ്വേ ഈ മാസം പന്ത്രണ്ടിന് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മുൻ തീരുമാനം തിരുത്താൻ വിദ്യാഭ്യാസ ഡയറക്ടര് ശുപാർശ നൽകിയത്. വിദ്യാർത്ഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്തുന്നതിനാണ് നാഷണൽ അച്ചീവ്‌മെന്റ് സർവ്വേ നടത്തുന്നത്. 3,5,8 ക്ലാസുകൾ കേന്ദ്രീകരിച്ചാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സർവ്വേ നടത്തുന്നത്. അതേസമയം ഒൻപതാം ക്ലാസും പന്ത്രണ്ടാം ക്ലാസും മുൻ നിശ്ചയിച്ച പ്രകാരം പതിനഞ്ചിന് തന്നെയായിരിക്കും തുടങ്ങുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും
ഇടുക്കി: തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണമന്ത്രി ഐ പെരിയസ്വാമി, രജിസ്ട്രേഷൻ വകുപ്പ് മന്തി പി മൂർത്തി എന്നിവരാണ് സംഘത്തിലുണ്ടാവുക. പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറി, കാവേരി സെൽ ചെയർമാൻ, ഏഴ് എം.എൽ.എമാർ എന്നിവരും സംഘത്തിലുണ്ട്.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം തുറന്നുവിട്ടതിനെ കുറിച്ച് തമിഴ്‌നാട്ടിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉയർന്നിരുന്നു. കൂടാതെ ഇത്തരം പ്രശ്‌നം നേരിട്ട് ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് തമിഴ്‌നാട്ടിലെ മന്ത്രിമാർ അണക്കെട്ട് സന്ദർശിക്കുന്നത്.തേക്കടിയിൽ നിന്ന് ബോട്ട് മർഗമാണ് മന്ത്രിമാർ മുല്ലപ്പെരിയാറിലേക്ക് പോവുക.അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴയ്‌ക്ക് ശമനമുണ്ടായെങ്കിലും ജലനിരപ്പിൽ നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. നിലവിൽ 138.5 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ എട്ട് സ്പിൽവേ ഷട്ടറുകളിലൂടെയായി 3,800 ഘനയടി ജലമാണ് പുറത്തേയ്‌ക്ക് ഒഴുക്കി വിടുന്നത്.
സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം:ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും കോൺഗ്രസ് അനുകൂല യൂണിയൻ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദീർഘദൂര സർവീസുകൾ അടക്കം മുടങ്ങും. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്.ശമ്പള പരിഷ്‌കരണത്തിന് കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം ചോദിച്ചതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനിച്ചത്. സമരത്തിൽ നിന്ന് പിന്മാറണമെന്ന സർക്കാരിന്റെ ആവശ്യം മൂന്ന് യൂണിയനുകളും തള്ളുകയായിരുന്നു. കെഎസ്ആർടിസിയിൽ കഴിഞ്ഞ ഒൻപത് വർഷമായി ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടില്ല.ജൂൺ മാസത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് സംഘടനകൾ ആരോപിച്ചു. എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങൾ തള്ളിയിട്ടില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പരിഷ്‌കരണം സർക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം തേടിയപ്പോൾ പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. അതേസമയം കെഎസ്ആർടിസി പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ജോലിക്ക് വരാത്തവരുടെ ശമ്പളം പിടിക്കും.
കേരളത്തിൽ ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം:കേന്ദ്ര സർക്കാർ ഇന്ധനവില കുറച്ചെങ്കിലും കേരളത്തിൽ ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്.സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ പാർട്ടി നേതൃത്വം ചുമതലപ്പെടുത്തി. ഇന്ധനവില വര്‍ധനവിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് ജനങ്ങളെ ധരിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. കേന്ദ്രസർക്കാർ വര്‍ധിപ്പിച്ച അധിക നികുതി പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് രാവിലെ പറഞ്ഞിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വർഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ രീതിയാണെന്നും മന്ത്രി പറഞ്ഞു.പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് 10 രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്. എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത്. ഇതിനു പിന്നാലെ ഗോവ, അസം, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് , കർണാടക എന്നീ സംസ്ഥാനങ്ങളും ഇന്ധനവില കുറയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വില്‍പന നികുതി കുറയ്‌ക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്.