ഗോരഖ്പൂർ:ഗോരഖ്പൂർ ബി ആർ ഡി മെഡിക്കൽ കോളേജിൽ വീണ്ടും ശിശുമരണം.24 മണിക്കൂറിനിടെ 16 കുട്ടികളാണ് ഇവിടെ മരണപ്പെട്ടത്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമാണ് ഗോരഖ്പൂർ.പത്തു നവജാത ശിശുക്കൾ ഉൾപ്പെടെയുള്ളവരാണ് മരണപ്പെട്ടത്.ജപ്പാൻജ്വരം മൂലമാണ് മരണം സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇതേ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാത്ത ഒരാഴ്ചക്കിടെ 63 കുട്ടികൾ മരണപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ കുട്ടികൾ മരിച്ചത് ഓസ്ക്സിജൻ ലഭിക്കാത്തതിനാലോ ചികിത്സ ലഭിക്കാത്തതിനാലോ അല്ല എന്ന് അധികൃതർ വ്യക്തമാക്കി.രോഗം മൂർച്ഛിച്ചതിനു ശേഷമാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു അതിനാലാണ് മരണം സംഭവിച്ചതെന്നും അധികൃതർ പ്രതികരിച്ചു.
കണ്ണൂരിലെ അക്രമം;12 ബിജെപി പ്രവർത്തകരുടെ പേരിൽ നരഹത്യ കുറ്റത്തിന് കേസ്
കണ്ണൂർ:കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം ബിജെപി പ്രവർത്തകരുടെ പേരിൽ പോലീസ് നരഹത്യകുറ്റത്തിന് കേസെടുത്തു.പാനൂരിൽ ഇന്നലെ നടന്ന അക്രമത്തിൽ പതിനെട്ടോളം പേർക്ക് പരിക്കേറ്റിരുന്നു.ഇതിൽ പതിമൂന്നുപേരും സിപിഎം പ്രവർത്തകരാണ്.ഒരു ബിജെപി പ്രവർത്തകനും പോലീസുകാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പാനൂരിൽ പുരോഗമിക്കുകയാണ്.രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ നടക്കുന്ന ഹർത്താലിൽ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.സ്ഥലത്തു പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കലാമണ്ഡലത്തിൽ വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂർ:കലാമണ്ഡലത്തിൽ വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.ഹോസ്റ്റലിൽ വെച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്.ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മന്ത്രി എംഎം മണിയുടെ സഹോദരൻ മരണപ്പെട്ടു
കോട്ടയം:മന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം സനകൻ(56) അന്തരിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.രണ്ടു ദിവസം മുൻപ് പത്താംമൈലിൽ നിന്നും കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയിൽ ഒരു ചായക്കടയിൽ കയറി ചായകുടിച്ചിരുന്നു. ചായക്കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതായി. തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാത്രി വെള്ളത്തൂവലിനു സമീപം വഴിയരുകിൽ സനകനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.വിവരം അറിഞ്ഞെത്തിയ പോലീസ് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അലവിലിൽ സിപിഎം ഓഫീസിനു നേരെ കരിഓയിൽ പ്രയോഗം
കണ്ണൂർ:അലവിലിൽ സിപിഎം ഓഫീസിനു നേരെ കരിഓയിൽ പ്രയോഗം.ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന പാട്യം സ്മാരക മന്ദിരത്തിന്റെ ചുമരിലും ജനാലകളിലുമാണ് കരിഓയിൽ ഒഴിച്ചത്.സംഭവത്തിൽ വളപട്ടണം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് അലവിൽ ടൗണിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തി.
കടമ്പൂരിൽ കോൺഗ്രസ് ഓഫീസിനു നേരെ അക്രമം;പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
കണ്ണൂർ:കടമ്പൂരിൽ കോൺഗ്രസ് ഓഫീസായ രാജീവ്ജി കൾച്ചറൽ സെന്ററിന് നേരെ ആക്രമണം.ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകയും കടമ്പൂർ പഞ്ചായത്ത് അംഗവുമായ പി.വി പ്രേമവല്ലിക്ക് പരിക്കേറ്റു.ഇവരെ അക്രമികൾ നിലത്തു തള്ളിയിട്ടു.ഇവരുടെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തു.പരിക്കേറ്റ പ്രേമവല്ലിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 8.45 ഓടെ ആയിരുന്നു സംഭവം.മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകളാണ് ഓഫീസിനു നേരെ അക്രമം നടത്തിയത്.നിരവധി ബൈക്കുകളും അക്രമി സംഘം അടിച്ചു തകർത്തു. പ്രദേശത്തെ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് കടമ്പൂർ പഞ്ചായത്തിൽ യുഡിഎഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.
അഖിലേന്ത്യ മോട്ടോർ വാഹനപണിമുടക്ക് തുടങ്ങി
ന്യൂഡൽഹി:ജി എസ് ടി യിലെ അപാകതകൾ.ഇന്ധന വില വർധന തുടങ്ങിയവയിൽ പ്രതിഷേധിച്ച് അഖിലേന്ത്യ മോട്ടോർ ട്രാൻസ്‌പോർട് കോൺഗ്രസ് ആഹ്വാനം നൽകിയ മോട്ടോർ വാഹന പണിമുടക്ക് ആരംഭിച്ചു.രാവിലെ എട്ടുമണിക്ക് തുടങ്ങിയ പണിമുടക്ക് നാളെ രാത്രി എട്ടു മണിക്ക് അവസാനിക്കും.ഏകദേശം 90 ലക്ഷം ട്രക്കുകളും 50 ലക്ഷം ബസുകളും പണിമുടക്കിൽ പങ്കെടുക്കും.എന്നാൽ കേരളത്തെ പണിമുടക്ക് കാര്യമായി ബാധിക്കില്ല.സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂണിയനുകളും ടാങ്കറുകളും പണിമുടക്കുമായി സഹകരിക്കുന്നില്ല.പൊതു ഗതാഗതത്തെയും പണിമുടക്ക് ബാധിച്ചിട്ടില്ല.
പാനൂരിൽ ഇന്ന് ഹർത്താൽ
കണ്ണൂർ:ഇന്നലെ പാനൂർ കൈവേലിക്കലിൽ നടന്ന സിപിഎം പ്രകടനത്തിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് സിപിഎം പാനൂരിൽ ഹർത്താൽ നടത്തുന്നു.രാവിലെ ആറു മണിമുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.ഇന്നലെ നടന്ന ബോംബേറിൽ സിപിഎം പ്രവർത്തകരും പോലീസുകാരും ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റിരുന്നു.
കണ്ണൂരിൽ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്
കണ്ണൂർ:കണ്ണൂർ പാനൂരിൽ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പാനൂർ കൈവേലിക്കലിൽ നടന്ന സിപിഎം പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്.സംഭവത്തിൽ പോലീസുകാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു.ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിപിഎം പുത്തൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അശോകൻ,ഭാസ്കരൻ,മോഹനൻ,ചന്ദ്രൻ,ബാലൻ എന്നിവർക്കും പാനൂർ സി ഐ ഉൾപ്പെടെ മൂന്നു പോലീസുകാർക്കും പരിക്കേറ്റു.സിപിഎം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയ കൊടികളും ബോർഡുകളും കഴിഞ്ഞ ദിവസം അജ്ഞാതർ നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിപിഎം പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചത്.ഈ പ്രകടനത്തിനെതിരെയാണ് ബോംബേറുണ്ടായത്.ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു.
വാഹനങ്ങൾ തടഞ്ഞ് സിപിഎം പ്രവർത്തകരെ ആക്രമിച്ചു
തലശ്ശേരി:ജോലികഴിഞ്ഞ് വാഹനങ്ങളില്‍ മടങ്ങുകയായിരുന്ന സി.പി.എം. പ്രവര്‍ത്തകരെ ഒരുസംഘം ആക്രമിച്ചു.ശനിയാഴ്ച രാത്രി ഏഴേകാലോടെ കക്കറയ്ക്കും ഡൈമണ്‍മുക്കിനുമിടയിലാണ് സംഭവം.ആക്രമണത്തിൽ പരിക്കേറ്റ ചുണ്ടങ്ങാപ്പൊയില്‍ ബിജിന്‍ഭവനില്‍ ബബിത്ത് (28), എരുവട്ടി പെനാങ്കിമൊട്ടയിലെ കാട്ടില്‍പറമ്പില്‍ സുജിത്ത് (36), തില്ലങ്കേരി പുതിയപുരയില്‍ ഹൗസില്‍ ബിജു (31), എരുവട്ടി കാപ്പുമ്മല്‍ പവിത്രത്തില്‍ ശ്യാംരൂപ് (24) എന്നിവരെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കാറില്‍ വരുമ്പോഴാണ് ബിജുവിന് നേരെ ആക്രമണമുണ്ടായത്.കണ്ണിനും തലയ്ക്കും മുഖത്തുമാണ് പരിക്ക്.കാറും അക്രമികൾ തകര്‍ത്തു.ബബിത്തിനെ ബൈക്ക് തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.തലയ്ക്ക് ആഴത്തില്‍ മുറിവുണ്ട്.ഒന്നിച്ച് ബൈക്കില്‍ വരികയായിരുന്നു സുജിത്തും ശ്യാംരൂപും. ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന സുജിത്തിന്റെ കാലിന് വെട്ടേറ്റു.ഇരുമ്പുവടികൊണ്ടുള്ള അടിയില്‍ കൈയെല്ല് പൊട്ടി. ശ്യാംരൂപിനും ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റാണ് പരിക്ക്.തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സി.പി.എം. നേതൃത്വം ആരോപിച്ചു.