അടിമാലി:അടിമാലിയിൽ സാമൂഹിക പ്രവർത്തകയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പതിനാലാം മൈൽ അബ്ദുൽ സിയാദിന്റെ ഭാര്യ സലീനയാണ്(41) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് വീടിന്റെ പിൻഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. മത്സ്യവ്യാപാരിയായ ഭർത്താവ് രാത്രി വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിരിക്കുന്നതും ലൈറ്റുകൾ തെളിക്കാത്തതും കണ്ട് അന്വേഷിച്ചപ്പോഴാണ് വീടിന്റെ പിൻഭാഗത്ത് സലീനയുടെ മൃതദേഹം വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.ഇയാളുടെ നിലവിളി കേട്ട് സമീപത്തുള്ള സ്ഥാപനത്തിൽ നിന്നുള്ളർ അടക്കം ഓടിയെത്തുകയായിരുന്നു.ഇടതു നെഞ്ചിനു സമീപം വെട്ടേറ്റു മാരകമായി മുറിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്.അടിമാലി സി.ഐ പി.കെ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എൽ എൽ ബി ബിരുദധാരിയായ സെലീന ചൈൽഡ് ലൈൻ പ്രവർത്തകയായിരുന്നു.പബ്ലിക് സോഷ്യൽ ജസ്റ്റിസ്,സൈക്കോളജിസ്റ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ വണ്ടമറ്റം പടിക്കുഴി റിജോഷിനെ പോലീസ് പിടികൂടിയിട്ടുണ്ട്.ഇന്ന് പുലർച്ചെ തൊടുപുഴയിലെ വീട്ടിൽ നിന്നാണ് റിജോഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി മേയറുടെ വാഹനത്തിനു നേർക്ക് ആക്രമണം
കൊച്ചി:കൊച്ചി മേയർ സൗമിനി ജെയിനിന്റെ വാഹനത്തിനു നേരെ ആക്രമണം.മേയറുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു.കല്ല് ഉപയോഗിച്ചാണ് ചില്ല് അടിച്ചു തകർത്തത്.കഴിഞ്ഞ രണ്ടു ദിവസമായി മേയർ സ്ഥലത്തുണ്ടായിരുന്നില്ല.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇന്ന്
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി.ആറ് പഞ്ചായത്തുകളിലായി 165 പോളിംഗ്സ്റ്റേഷനുകളാണ് ഉള്ളത്.രാവിലെ ഏഴുമണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.കെ.എൻ.എ ഖാദർ(യു.ഡി.എഫ്),പി.പി ബഷീർ(എൽ ഡി എഫ് ,കെ.ജനചന്ദ്രൻ(എൻ ഡി എ) തുടങ്ങിയവരാണ് പ്രധാന സ്ഥാനാർത്ഥികൾ. എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീൻ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.കനത്ത സുരക്ഷയാണ് മണ്ഡലത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ആകെ ഒരുലക്ഷത്തി എഴുപത്തിനായിരത്തി ആറ് വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.മുൻ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
യു.പി യിൽ വിഷവാതകം ശ്വസിച്ച് 300 കുട്ടികൾ ആശുപത്രിയിൽ
മീററ്റ്:ഉത്തർപ്രദേശിലെ ഷാമിലിയിൽ പഞ്ചസാര ഫാക്റ്ററിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് 300 കുട്ടികൾ ആശുപത്രിയിൽ.ഫാക്റ്ററിയുടെ സമീപത്തുള്ള സരസ്വതി ശിശുമന്ദിറിലെ വിദ്യാർത്ഥികളെയാണ് ശ്വാസതടസം,ഛർദി,തലകറക്കം തുടങ്ങിയ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മുപ്പതിലധികം വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. പഞ്ചസാര ഫാക്റ്ററിയിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ സ്കൂളിന് സമീപത്തു വെച്ചാണ് കത്തിക്കുന്നത്.ഇന്ന് സ്കൂളിൽ കുട്ടികൾ എത്തിയ സമയത്താണ് ജീവനക്കാർ മാലിന്യം കത്തിച്ചത്.ഇതിൽ നിന്നുള്ള പുക ശ്വസിച്ചാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥതയുണ്ടായത്.
പി.വി അൻവർ എംഎൽഎയുടെ പാർക്കിന് ഹൈക്കോടതി പ്രവർത്തനാനുമതി നൽകി
കോഴിക്കോട്:പി വി അന്‍വര്‍ എംഎല്‍യുടെ പാര്‍ക്കിന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. പാര്‍ക്ക് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രവര്‍ത്താനാനുമതി നല്‍കിയത്.
തലശ്ശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
തലശ്ശേരി:തലശ്ശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശി കെ.എം സുധീഷിനാണ് വെട്ടേറ്റത്.ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സുധീഷിനെ ഓട്ടോയിൽ നിന്നും പിടിച്ചിറക്കി ഇരുകാലുകളും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
നാറാത്ത് ആയുധ പരിശീലന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
കണ്ണൂർ:നാറാത്ത് ആയുധ പരിശീലന കേസിലെ മുഖ്യപ്രതി അസ്ഹറുദ്ധീൻ അറസ്റ്റിൽ. കാൺപൂരിൽ ഒളിവിൽ കഴിയുകയായിരുന്ന അസ്ഹറുദീനെ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.ഇതോടെ കേസിൽ എല്ലാ പ്രതികളും പിടിയിലായി.കേസിൽ നേരത്തെ ഇരുപതുപേർ അറസ്റ്റിലായിരുന്നു.2013 ഏപ്രിലിലാണ് നാറാത്തെ അടച്ചിട്ട വീട്ടിൽ ആയുധ പരിശീലന കേന്ദ്രം പോലീസ് കണ്ടെത്തിയത്.തീവ്രവാദ പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുക,ആയുധ പരിശീലനം നൽകുക തുടങ്ങിയ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.അസ്ഹറുദീന്റെ മയ്യിൽ ടൗണിനടുത്തുള്ള ബാങ്ക് വഴിയാണ് ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമുള്ള പണം എത്തുന്നതെന്ന് എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു.അതേസമയം കേസിൽ കഴിഞ്ഞ ജനുവരിയിൽ വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞിരുന്നു.ഒന്നാം പ്രതിക്ക് ഏഴു വർഷം തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.മറ്റു പ്രതികൾക്ക് അഞ്ചു വർഷം തടവും 5000 രൂപ പിഴയും കോടതി വിധിച്ചിരുന്നു.പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേരളാ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വേങ്ങര സ്വദേശികളിൽ നിന്നും 79 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
കുറ്റിപ്പുറം:കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും 79 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.വേങ്ങര സ്വദേശികളായ രണ്ടുപേരിൽ നിന്നാണ് പണം പിടികൂടിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്നു പണമെന്നു പോലീസ് പറഞ്ഞു.പണം കൈവശം വെച്ച വേങ്ങര സ്വദേശികളായ അബ്ദുൽ റഹ്മാൻ,സിദ്ധിക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും പണം കാർ മാർഗം വേങ്ങരയിലെത്തിക്കാനാണ് ഇവർ ശ്രമിച്ചത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനയിലാണ് പണം പിടികൂടിയത്.കഴിഞ്ഞ ദിവസം 9 ലക്ഷം രൂപയും പോലീസ് പിടികൂടിയിരുന്നു.പരിശോധനകൾ ഇനിയും തുടരുമെന്ന് പോലീസ് അറിയിച്ചു.
വയനാട്ടിൽ വൻ സ്വർണവേട്ട;30 കിലോ സ്വർണം പിടികൂടി
മാനന്തവാടി:വയനാട്ടിൽ വൻ സ്വർണവേട്ട.അനധികൃതമായി കടത്താൻ ശ്രമിച്ച മുപ്പതു കിലോ സ്വർണമാണ് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെച്ച് എക്‌സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചെ ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് സ്വർണം പിടികൂടിയത്.നാല് ബാഗുകളിലായി ബസിന്റെ പുറകിലെ സീറ്റിനടിയിലാണ് സ്വർണ്ണം ഒളിപ്പിച്ചുവെച്ചിരുന്നത്.കോഴിക്കോടുള്ള പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്വർണമെന്നാണ് പ്രാഥമിക വിവരം.നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
കണ്ണൂരിൽ ബിജെപി ഓഫീസിന് സമീപത്തു നിന്നും ആയുധങ്ങൾ കണ്ടെടുത്തു
കണ്ണൂർ:കണ്ണൂർ കവിത തീയേറ്ററിന് സമീപം പ്രവർത്തിക്കുന്ന ബിജെപി ഓഫീസിനു സമീപത്തു നിന്നും ആയുധങ്ങൾ കണ്ടെത്തി.രണ്ട് വടിവാളുകളും ആറ് ഇരുമ്പ് ദണ്ഡുകളുമാണ് കണ്ടെത്തിയത്. ശുചീകരണം നടത്തുന്നതിനിടെ കോർപറേഷൻ തൊഴിലാളികളാണ് ആയുധങ്ങൾ കണ്ടെത്തിയത്.ഇവർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരിക്കുകയാണ്.